വിശപ്പ് ആദ്യം തിന്നത് അവന്‍റെ ചിരിയായിരുന്നു. അമ്മയോടൊപ്പം തെരുവോരങ്ങളിലൂടെ പഴയ പാട്ടകള്‍ പെറുക്കി നടക്കുമ്പോള്‍, അതിലൊന്ന് നൂലില്‍ കെട്ടി കടകട ശബ്ദത്തില്‍ വലിക്കുമ്പോഴുള്ള കൗതുകവും, രാത്രിയില്‍ തിരിച്ചു ചേരിയിലേക്ക് പോകുമ്പോള്‍ കയ്യില്‍കിട്ടുന്ന ഐസ്മിഠായിയുടെ മധുരത്തണുപ്പും അവന്‍റെ മുഖത്ത് ഒരു ചെറിയ മന്ദഹാസമായി മായാതെ കിടക്കാറുള്ളതാണ്…
ഇന്നു കഠിനമായ വിശപ്പാണ് എല്ലാത്തിനും മുകളില്‍….അമ്മയുടെ ഓര്‍മ്മകള്‍ക്കും തെരുവുകാഴ്ച്ചകള്‍ക്കും മീതെ അത് കനല്‍മഴപോലെ പെയ്യുകയാണ്..കടവരാന്തയില്‍ കിടന്നെങ്കിലും വയറിന്‍റെ പൊരിച്ചിലിലും കരളിന്‍റെ കിടുകിടുപ്പിലും ഉറക്കം പോലും അവനെ ഉപേക്ഷിച്ചു….അവനും അമ്മയും ഷീറ്റ് മറച്ചുകെട്ടി കഴിഞ്ഞിരുന്ന ചേരിയിലേക്ക് ടാറിട്ട നിരത്തിലൂടെ നഗ്നപാദനായി നടക്കുമ്പോള്‍ അവന്റെ ഉള്ളില്‍ ഭയം ഒരു താക്കീതു പോലെ ഉയരുന്നുണ്ടായിരുന്നു.
ഇന്നലെ പൊതുശ്മശാനത്തില്‍ അമ്മയെ ദഹിപ്പിച്ച് തിരിച്ചുപോയ ചേരിയിലെ ആളുകള്‍ അവനെ അവിടേയ്ക്ക് കൂടെക്കൂട്ടിയില്ല…ഇനി അവിടെയെങ്ങും കണ്ടുപോകരുതെന്ന താക്കീതോടെ പോയ അവരുടെ മുറുമുറുപ്പുകള്‍ക്കിടയില്‍ പലപ്രാവശ്യം ഒരേ പദം ആവര്‍ത്തിച്ചത് അവന്‍ കേട്ടു.. ഏയിഡ്സ്…അവനതാദ്യമായി കേള്‍ക്കുകയായിരുന്നു… കത്തിക്കാളുന്ന വിശപ്പ് ചാട്ടവാറടി കൊണ്ടെന്ന പോലെ ആ മെലിഞ്ഞ കാലുകളെ വേഗത്തില്‍ മുന്നോട്ട് ചലിപ്പിച്ചു. ചേരി ഉറങ്ങിക്കഴിഞ്ഞിരുന്നു.. …ചേരിയെ രണ്ടായി മുറിച്ചു ഒരു ഇടുങ്ങിയ വഴി നീണ്ടുകിടക്കുന്നു …അതിന്‍റെ ഒരറ്റം ചെളിയും അഴുക്കും കുമിഞ്ഞു കൂടിയ ഒരു കുളമാണ്. മറ്റേ അറ്റം നഗരത്തിലേക്കുള്ള മെയിന്‍ റോഡിലേക്ക് അപകര്‍ഷതയോടെ കണ്ണും നട്ടു നില്‍ക്കുന്നൂ..
അവന്റെയും അമ്മയുടെയും താമസം റോഡിന് ഏറ്റവും അറ്റത്തായി, കുളത്തോട് ചേര്‍ന്നാണ്. വഴിയിലുള്ള വീടുകളിനൊന്നിനു മുന്നില്‍ നടു കുഴിഞ്ഞ ഒരു കയറ്റുകട്ടിലില്‍ ആരോ കിടന്നുറങ്ങുന്നുണ്ട്.. ഇടയ്ക്കെപ്പോഴോ അയാള്‍ അസ്വസ്ഥതയൊടെ തിരിഞ്ഞു കിടന്നപ്പോള്‍, ആ തിരിച്ചിലില്‍ കയറ്റുകട്ടില്‍ ഏറു കിട്ടിയ തെണ്ടിപ്പട്ടിയെപ്പോലെ ഒന്നു മോങ്ങി….
അടിമുടി നടുങ്ങിക്കൊണ്ട് അവന്‍ ഭയന്ന് ഇരുളില്‍ ചൂളിനിന്നു.. കഴിച്ച ചാരായത്തിനു മുകളിലെക്കു പുളിച്ചു കെട്ടി വന്ന ഏതോ വാക്ക് അന്തരീക്ഷത്തില്‍ ലയിച്ചു…വീണ്ടും നിശ്ശബ്ദത…ഇരുളിലൂടെ തപ്പിത്തടഞ്ഞ് അവന്‍ അമ്മയോടൊത്ത് താമസിച്ചിരുന്ന സ്ഥലത്തെത്തി..അമ്മയുടെ മുഷിഞ്ഞ തുണികള്‍ നിറഞ്ഞ ഭാണ്ഡവും ഒഴിഞ്ഞ കലവും കണ്ട് ജീവിതത്തിലാദ്യമായി അവനെ കടുത്ത ഏകാന്തത പിടികൂടി.
ആകാശത്ത് മിന്നി നില്‍ക്കുന്ന കോടാനുകോടി നക്ഷത്രങ്ങള്‍ക്ക് കീഴെ കട്ടപിടിച്ച് കിടക്കുന്ന നിശ്ശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ദൂരെയെവിടെയോ തെരുവുനായ്ക്കള്‍ കടികൂടുന്ന ശബ്ദം… …
അവന്‍ തിരിഞ്ഞു നടന്നു..
ചേരിയിലൂടെയുള്ള ചെമ്മണ്‍പാതയ്ക്കും മെയിന്‍ റോഡിനും ഇടയില്‍ നിറയെ മുള്‍ക്കാടുകളുടെ പടര്‍പ്പുകളാണ്…ചുറ്റുമുള്ള കട്ടപിടിച്ച ഇരുട്ടിനു നടുവില്‍ തെരുവുവിളക്കിന്‍റെ മഞ്ഞവെളിച്ചം സെന്സറിങ്ങില്ലാത്ത ജീവിതത്തിന്‍റെ തിരശ്ശീലയായി നിന്നു..
അവന്‍ മുള്‍പ്പടര്‍പ്പുകള്‍ക്കിടയിലേക്ക് കയറിയതേ ഉള്ളൂ..പെട്ടെന്ന് അവിടേക്ക് ഒരു കാര്‍ വന്നുനില്‍ക്കുകയും ഒരു സ്ത്രീശരീരത്തെ പുറത്തേക്ക് തള്ളിവീഴ്ത്തുകയും ചെയ്യുന്ന കാഴ്ച്ച, അവന്‍റെ വിവശമായിരുന്ന പ്രജ്ഞ പൂര്‍ണ്ണമായും സ്വീകരിക്കുന്നതിനു മുന്പേ കാര്‍ അതിവേഗം മുന്നോട്ടെടുത്തു പോയി… അബോധാവസ്ഥയില്‍ കിടന്നിരുന്ന യുവതിക്ക്. അല്‍പ്പം ദൂരെയായി മുള്‍പ്പടര്‍പ്പുകള്‍ക്കരികില്‍ പഴകി പിഞ്ചിയ ഒരു ബാഗ്.. വസ്ത്രങ്ങള്‍ സ്ഥാനം തെറ്റിയും ചോരയൊലിപ്പിച്ചും കിടന്നിരുന്ന യുവതിക്കരുകിലിരുന്ന്, ബാഗില്‍ നിന്ന് കിട്ടിയ ഒരു കൂട് ബിസ്കറ്റ് വിറയ്ക്കുന്ന കൈകളോടെ കഴിക്കവെ, അമ്മ മരിച്ചതിനു ശേഷം ആദ്യമായി അവന്‍ വിതുമ്പാന്‍ തുടങ്ങി.
Generated from archived content: story2_april19_16.html Author: sreedevi_prabin