നല്ല മഴപെയ്യാൻ തുടങ്ങുമ്പോളാണ് അയാൾ ട്രെയിനിൽ കയറിയത്. ആഗ്രഹം പോലെതന്നെ ജനാലയ്‌ക്കരികിലുള്ള ഇരിപ്പിടവും അയാൾക്കു ലഭിച്ചു. ട്രെയിൻ നീങ്ങാൻ തുടങ്ങുമ്പോളേയ്‌ക്ക് മഴയും തുടങ്ങി. അയാൾ ജനാലയടയ്‌ക്കാതെ നനഞ്ഞ ആകാശവും നോക്കിയിരുന്നു. ഇടക്കിടെ ജനാലക്കമ്പികളിൽ തട്ടി മഴത്തുള്ളികൾ അയാളെ തണുപ്പിച്ചു. മഴയിൽ കുളിർത്തു നിൽക്കുന്ന മരങ്ങളും അവ പിന്നോട്ടോടിമറയുന്ന കാഴ്‌ചയും ബാല്യകാലസ്‌മരണകൾ ഉണർത്തി. എന്തോ….. ഇന്നു മനസ്സിനു പുതിയൊരുന്മേഷം തോന്നുന്നു. അയാളോർത്തു.
തീവണ്ടി അയാൾക്കിറങ്ങാനുള്ള സ്‌റ്റേഷനടുക്കാറായെന്നു സൂചന നൽകി. യാത്രക്കാരുടെ തട്ടലും മുട്ടലും ബദ്ധപ്പെട്ടിറങ്ങാനുള്ള ധൃതിയും ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ആ നഗരത്തിൽ തന്നെയാണ് ട്രെയിനും തന്റെ യാത്ര അവസാനിപ്പിക്കുന്നത്. അയാൾ വാച്ചു നോക്കി. മാനസി കാത്തു നിൽപ്പുണ്ടാകും…… കുറച്ചു മുൻപേ അവൾ വിളിച്ചിരുന്നു. പ്രധാന ഗേറ്റിൽ കാത്തു നിൽപ്പുണ്ടെന്ന്. അയാൾക്കു പറഞ്ഞറിയിക്കാൻ പറ്റാത്ത ആകാംക്ഷ തോന്നി.
വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം അപ്രതീക്ഷിതമായി രണ്ടുമാസങ്ങൾക്കു മുൻപാണ് മാനസിയുടെ ഫോൺ വന്നതെന്ന് അയാൾ ഓർത്തു. ശോഭ ഷോപ്പിംഗിനായി പുറത്തു പോയ ഒരു വൈകുന്നേരമായിരുന്നു അത്. മുറ്റത്തെ പുൽത്തകിടിയിൽ കസേരവലിച്ചിട്ട് തന്റെ പ്രിയപ്പെട്ട ബ്രാന്റ് ഒരു പെഗ്‌ഗും ഒഴിച്ച് സന്ധ്യാകാശവും നോക്കി അലസനായിരിയ്‌ക്കുകയായിരുന്നു അയാൾ. പരിചയമില്ലാത്ത നമ്പർ കണ്ടു ഒന്നു സംശയിച്ചു. അധികമാർക്കും തന്റെ നമ്പർ അറിയുകയുമില്ല. ഏതോ റോങ്ങ് നമ്പർ ആയിരിക്കും എന്നുറപ്പിച്ചു തന്നെ ഫോൺ എടുത്തത്.
കാൻ ഐ സ്‌പീക് റ്റു മേജർ മഹീന്ദ്രൻ പ്ലീസ്?
വിസ്‌മൃതിയുടെ നിഴലുകളിൽ പെട്ടെന്നു തെളിഞ്ഞ പ്രകാശനാളം പോലെ ആ ശബ്‌ദം. അയാൾ പെട്ടെന്നു പറഞ്ഞു പോയി.
‘മാനസി’
‘അതെ മേജർസാബ് ഞാൻ തന്നെ’
ശോഭ പുറത്തുപോയിരുന്ന സമയമായതു നന്നായി എന്ന് തോന്നി. ആ ആശ്വാസത്തിലും തികഞ്ഞ അൽഭുതത്തിലും ചോദിച്ചു. ‘എന്റെ നമ്പർ എവിടെന്നു കിട്ടി?’
പഴയ സുഹൃത്തു സൈമണെ കണ്ടതും നമ്പർ ലഭിച്ചതുമെല്ലാം മാനസി പറഞ്ഞു.
എത്രനാളായി കണ്ടിട്ട്. ഇങ്ങനെ സംസാരിക്കാൻ പറ്റുമെന്നു കൂടി തീരെ പ്രതീക്ഷിച്ചില്ല കേട്ടോ. ശോഭാജിയ്‌ക്കും മകൾക്കും സുഖമല്ലെ? മകൾക്കു ജോലി ആയോ? അവളുടെ ചിത്രരചനയൊക്കെ ഇപ്പോളുമുണ്ടോ? മാനസി ചോദിച്ചതിനൊന്നും ഉത്തരം അയാൾ പറഞ്ഞില്ല. കയ്യിലെ ചില്ലു ഗ്ലാസ്സിൽ വെറുതെ തെരുപ്പിടിച്ചു കൊണ്ടിരുന്നു. അയാൾക്കു നേരിയ ജാള്യത തോന്നി.
ദില്ലിയിൽ വച്ചു നടന്ന ഒരു പുസ്‌തകമേളയിലാണു മാനസിയെ അവസാനം കണ്ടതെന്നോർക്കാൻ ചില നിമിഷങ്ങളെടുത്തു. യാത്രപോലും പറയാതെ പിരിഞ്ഞതും. കടന്നു പോയ വർഷങ്ങളിലൊന്നും ഓർമയുടെ ഒരേടുകളിലും പുഞ്ചിരിച്ചു സൗഹൃദം പുതുക്കുവാനോ കുട്ടിക്കാലത്തെ കളികൂട്ടുകാരെപ്പോലെ ഒരു മയിൽപ്പീലിത്തുണ്ടായൊ വളപ്പൊട്ടായോ കടന്നുവരികയും ചെയ്‌തിട്ടില്ല അവൾ. മറന്നതാണൊ മനഃപൂർവ്വം ഓർക്കാതിരുന്നതാണോ എന്നു തിരിച്ചറിയാൻ വയ്യാതെ അയാൾ കുഴങ്ങി.
അയാളുടെ ചിന്തകൾ കേട്ടറിഞ്ഞ പോലെ അവൾ പറഞ്ഞു……….‘മറന്നു അല്ലെ?’
അവളുടെ നിറഞ്ഞ ചിരിയും കണ്ണുകളിലെ ജ്വാലയും ഒരു പഴയകാല ആൽബത്തിലെ ഫോട്ടോയിലെന്നപോലെ അയാൾ മനസ്സിൽ കണ്ടു. ഒരു ദീർഘനിശ്വാസം കാതിലെത്തിയോ? ഒരുപാടുനാളുകളായി മറന്നു കിടന്ന തന്റെ കാമറയെയും ഉറ്റുസുഹൃത്തുക്കളെപ്പോലെ കരുതിയിരുന്ന ഫോട്ടോകളെയും കുറിച്ചുകൂടി ഓർത്തു പോയി.
ജീവിതത്തിന്റെ ഒരു അനിവാര്യമുഹൂർത്തത്തിൽ ഒറ്റയ്‌ക്കായിപ്പോയതും അതിന്റെ നടുക്കവും നിരാശയും ഇപ്പോൾ നിർവികാരതയിലൊളിപ്പിച്ചു മനസ്സിനെ അടക്കിയതും മാനസി പറഞ്ഞു. മക്കൾ ചിറകുവരിച്ചു പറന്നകന്നിരിക്കുന്നു. സ്വന്തം മേച്ചിൽപ്പുറങ്ങളിൽ അവൾ പുതിയ കൂടുകൾ കെട്ടി ജീവിത സ്വപ്‌നങ്ങൾ സാർഥകമാക്കുന്നു. നിറങ്ങൾ നഷ്‌ടപ്പെട്ട ഏകാന്തതയുടെ ഇരുണ്ട ഇടനാഴികകളിൽ ഏകയായി ഇപ്പോൾ ഈ നഗരത്തിൽ. അയാൾ മൂളികേൾക്കുക മാത്രം ചെയ്‌തു.
യമുനയുടെ തീരത്തെ പാറക്കെട്ടുകളിൽ ഇരുന്ന് വർഷങ്ങൾക്കുമുൻപേ ഇതു പോലെ മാനസി പറയുകയും അയാൾ മൂളിക്കേൾക്കുകയും ചെയ്‌തിരുന്നതും ഓർത്തു എത്രകാര്യങ്ങൾ വേണമെങ്കിലും ഒറ്റശ്വാസത്തിൽ പറയാനുള്ള അവളുടെ കഴിവിനെ പലപ്പോഴും ആദരിച്ചു പോയിട്ടുണ്ട്. പുറമേ അംഗീകരിച്ചില്ലെങ്കിലും. ചിലപ്പോൾ അവളെ ദേഷ്യം പിടിപ്പിക്കാൻ മനപൂർവ്വം മൂളുകയില്ല. പിണങ്ങി യമുനയിലേക്കു ഉരുളങ്കല്ലുകളും എറിഞ്ഞു അവൾ ഇരിക്കും. അപ്പോളാണു തെൻ വക പെർഫോമൻസ് തുടങ്ങുക. പാറക്കെട്ടിൽ ചമ്രം പടഞ്ഞിരുന്നു പാടാൻ തുടങ്ങും.
ചുപ്‌കേ ചുപ്‌കേ രാത് ദിൻ………….
ഉരുളങ്കല്ലുകൾ എറിയുന്ന ആൾക്കു അനക്കമില്ല…..
തേരെ ദുപ്പട്ടേ സെ മുഹ്‌ചുപാനായാദ് ഹേ…….
തിരിഞ്ഞു നിന്നൊരു ചോദ്യമാണ്. ‘ഗുലാം അലിയെ കൊല്ലാൻ പോകുവാണോ?’
താൻ ഉറക്കെ ചിരിയ്‌ക്കും, എന്നാൽ തന്റെ വധം തുടരും. ഇല്ലെങ്കിൽ ഞാൻ ഒരുപാടു പേരെ ഇനിയും കൊല്ലേണ്ടിവരും.
‘വധമാണെങ്കിൽ ഞാനങ്ങു പോയേക്കാം’ രണ്ടു കുട്ടികളുടെ അമ്മ അതിലും ചെറിയ കുട്ടിയാകും. അങ്ങനെ എത്ര സൗഹൃദ സായാഹ്നങ്ങൾ അയാൾക്കു വളരെക്കാലങ്ങൾക്കുശേഷം വല്ലാത്ത നഷ്‌ടബോധം തോന്നി.
‘എന്താണോർക്കുന്നതെന്നു ഞാൻ പറയട്ടെ മന്ദാരപ്പൂവിതൾ കാറ്റിലനങ്ങിയ പോലെ ഫോണിൽ വീണ്ടും ശബ്‌ദം കേട്ടപ്പോൾ അയാൾ ഓർമകളെ വിട്ടുതിരിച്ചു വന്നു.
പക്ഷേ അവൾ പറഞ്ഞില്ല. പറയാതെ തന്നെ മനസ്സുകൾ വായിക്കുവാൻ ഇരുവർക്കും കഴിയുമായിരുന്നല്ലൊ. വീണ്ടും ഒരു നിശ്വാസത്തിന്റെ തിര മനസ്സിന്റെ തീരത്തണഞ്ഞു പിന്നെ നിശ്ശബ്‌ദമായി.
വീണ്ടും വിളിക്കാമെന്നു പറഞ്ഞു മാനസി ഫോൺ പെട്ടന്നു വയ്‌ക്കുമ്പോൾ അയാൾ തന്റെ പരുക്കൻ മുഖപടത്തിനുള്ളിലെ മറന്നുവച്ച മൃദുല വികാരങ്ങൾ തിരയുകയായിരുന്നു. അപ്രാപ്യമെന്നു തോന്നുന്നതെല്ലാം തനിക്കു പറഞ്ഞിട്ടുള്ളതെല്ലന്നു സമാധാനിക്കാൻ ചെറുപ്പത്തിലെ തന്നെ ശീലിച്ചിരുന്നു. ലഭിക്കുന്ന സന്തോഷങ്ങളിൽ തൃപ്‌തനാകാനും. മോഹഭംഗങ്ങൾ ജീവിതത്തിന്റെ അനിവാര്യതകളാണെന്നു സ്വയം വ്യാഖ്യാനിച്ചു. പ്രായോഗികജീവിതത്തിൽ വിജയിക്കുവാനുള്ള കൗശലങ്ങൾ പോലെ.
ശോഭയുമായുള്ള വിവാഹവും അങ്ങനെ തന്നെയായിരുന്നു. ഉന്നതകുലജാതയും ഉയർന്നവിദ്യാഭ്യാസമുള്ളവളുമായിരുന്നു അവൾ. അതിന്റെ ജാടകളിൽ എന്നും അവൾ സ്വയമണിഞ്ഞൊരുങ്ങി. പാർട്ടികളും ട്രിപ്പുകളും അവൾക്ക് ഒഴിച്ചുകൂടാനാകാത്ത ശീലങ്ങളായിരുന്നു. എങ്കിലും തന്റെ കാര്യങ്ങളിലെല്ലാം അതീവ ശ്രദ്ധ പുലർത്തിയിരുന്നു. പലപ്പോളും വീമ്പിളക്കാനുള്ള വിഷയം കൂടിയല്ലേ അത് എന്നു ശോഭയുടെ ശ്രദ്ധ കാണുമ്പോൾ തോന്നിയിട്ടുണ്ട്. ഡിസൈനർ വസ്‌ത്രങ്ങളും ഏറ്റവും പുതിയ ഫാഷൻ രത്നാഭരണങ്ങളുടെ ശേഖരവും. ഓഫീസേഴ്‌സ് പാർട്ടികളിൽ മിസ്സിസ് മഹീന്ദ്രൻ ഒരു സുവർണ്ണ നക്ഷത്രമായി മിന്നി. കപടമായ കൗതുകത്തോടെ അവളെ നോക്കി നിന്നു. ഒരു കാര്യത്തിലും അവളോടെതിരു പറഞ്ഞിട്ടില്ല. ഒരു കാര്യത്തിലും തന്റെ വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങൾ പുറത്തു കാട്ടിയിട്ടില്ല. ഒരു മകൾ ജനിച്ചു കഴിഞ്ഞ് ഇനി കുട്ടികൾ വേണ്ടാ എന്നതും അവളുടെ ഇഷ്‌ടമായിരുന്നു. ഒരു ഭാര്യയെന്ന നിലയിലും കുടുംബനിയെന്ന നിലയിലും അവളെ വെല്ലാനും ആരുമില്ല. സംതൃപ്‌തിയുമടെ മുഖം മൂടിക്കുള്ളിൽ താൻ എത്ര ഒരു ഗൃഹനാഥനായിരുന്നു!
പക്ഷേ…… എല്ലായ്‌പോളുമെന്ന പോലെ പക്ഷേ…………… മനസ്സിന്റെ ഏതൊക്കെയോ കോണുകൾ നീറുന്നുണ്ടായിരുന്നു. പരുക്കനോ ക്രൂരമോ ആകാൻ പാകപ്പെടുത്തി വെച്ച മനസ്സ് പല രാത്രികളിലും നിശ്ശബ്‌ദമായി കണ്ണീരൊഴുക്കി. ഇനിയും കണ്ടെത്താനാകാത്ത ഏതോ സ്‌നേഹസ്‌പർശം മോഹിച്ച പോലെ. ശോഭക്കെന്തായിരുന്നു ഒരു കുറവ്? ഒരു ഭാര്യയെന്ന നിലയിലല്ലാതെ അവളെ എന്നെങ്കിലും ഹൃദയംകൊണ്ടോ മനസ്സുകൊണ്ടോ സ്‌നേഹിച്ചിട്ടുണ്ടോ? സ്വയം തുന്നിയിട്ട എല്ലാ മൂടുപടങ്ങളും ആ ചോദ്യത്തിനു മുന്നിൽ തന്നെ എന്നെങ്കിലും വെളിവാക്കുമെന്നു ഭയന്നിരുന്നൊ? ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണത്. വായനയിലുും കാമറയിൽ തെളിയുന്ന ചിത്രങ്ങളിലും മനസ്സു വരിഞ്ഞു മുറുക്കി മുഖം രക്ഷിച്ചു. പുസ്‌തകശാലകളിൽ നിത്യ സന്ദർശകനായി. ജോലിത്തിരക്കിൽ സ്വയം നഷ്‌ടപ്പെടുത്തി. നഷ്‌ടപ്പെട്ട സ്വപ്‌നങ്ങളും വിഫലമായ മോഹങ്ങളും കയ്യെത്താപൊക്കത്തിൽ പൂത്തുനിൽക്കുന്ന മന്ദാരമായി. സ്വപ്‌നങ്ങളിൽ മന്ദാരം പൂപൊഴിച്ചു. കയ്യെത്തിയെടുക്കുമ്പോളേക്ക് ഇതളുകൾ പൊഴിഞ്ഞു മണ്ണിലലിഞ്ഞു. എന്താണ് ഹൃദയം തേടിയലഞ്ഞിരുന്നത്? നിർവ്വചിയ്‌ക്കാൻ കഴിഞ്ഞിരുന്നില്ല. മാനസിയെ കണ്ടുമുട്ടുംവരെ.
മഞ്ഞുറഞ്ഞ ഹിമാലയസാനുക്കളിൽ നിന്നും മാറ്റം കിട്ടി ആഗ്രയിലെത്തിയപ്പോൾ ഒട്ടാശ്വാസവും ആഹ്ലാദവും തോന്നിയിരുന്നു. ഉറഞ്ഞ കണ്ണുനീർത്തുള്ളിപോലെ നിലാവുള്ള രാത്രികളിൽ താജ്‌മെഹൽ….. വിതുമ്പുന്ന ഏതോ ഹൃദയത്തിന്റെ വറ്റാത്ത കണ്ണീരുപോലെ യമുനാ നദി….. വായനയും ചിത്രമെടുപ്പും ജോലിത്തിരക്കിലും കൈവിടാതെ കൊണ്ടു നടന്നു…. മനസ്സിൽ പതിഞ്ഞ ചിത്രങ്ങൾ കാമറക്കണ്ണുകളിലേക്കും ആവേശിപ്പിക്കാതെ ഉറക്കം വരാറില്ലായിരുന്നു. ആഗ്രാനഗരം ഒരു സൗന്ദര്യാസ്വാദകന്റെ സ്വപ്‌നം തന്നെ. കറുപ്പും വെള്ളയും ഇടകലർന്ന ചിത്രങ്ങളിൽ ആ സ്വപ്‌നങ്ങൾ രൂപം പൂണ്ടു മയങ്ങി.
ചിത്രമെടുപ്പിനെപ്പറ്റി പുതുതായി ഇറങ്ങിയ ഏതോ റഫറൻസ് ഗ്രന്ഥം തിരഞ്ഞാണ് വളരെനാൾ കൂടി അന്നു നഗരത്തിലെ പുസ്‌തകശാലയിലെത്തിയതെന്നോർക്കുന്നു. മാനേജർ മലയാളിയായ സൈമൺ നല്ല ഒരു സുഹൃത്തും കൂടിയായിരുന്നു. വരണം മേജർ സാബ് വരണം സൈമൺ സന്തതസഹചാരിയായ പാല്‌പുഞ്ചിരി തൂകി ക്ഷണിച്ചു. ’പുതിയപുസ്‌തകത്തിന്റെ ആദ്യ കോപ്പി സാബിനു തന്നെ. പിന്നെ പുസ്‌തകറാക്കുകൾക്കിടയിലേക്കു നോക്കി വിളിച്ചു. ‘മാനസീജീ ഒന്നു വരു.’ പുതിയ പേരുകേട്ട സംശയത്തിൽ സൈമണെ നോക്കുമ്പോളേയ്‌ക്കും പേരിന്റെ ഉടമസ്‌ഥ മുന്നിലെത്തിയിരുന്നു. അപ്പോൾ സാബ്, ഇനി സാബിന്റെ കാര്യമെല്ലാം മാനസീജി നോക്കിക്കൊള്ളും. ഞാൻ സ്‌ഥലം വിടുകയാണ്. നാളെ വൈകിട്ടത്തെ ട്രെയിനിൽ ഞാൻ നാടുപിടിക്കും.
ജോലിത്തിരക്കിനിടയിലുള്ള ഒന്നുരണ്ടാഴ്‌ചകളിൽ ഇത്രയുമൊക്കെ സംഭവിച്ചോ? സൈമൺന്റെ സ്വരത്തിലെ ആഹ്ലാദം സാധാരണഗതിയിൽ അയാളെ ശുണ്‌ഠി പിടിപ്പിച്ചേനെ. പലകാലങ്ങളായി ആഗ്രഹിച്ചുകിട്ടിയ നാട്ടിലേക്കുള്ള മാറ്റത്തിന്റെ സന്തോഷത്തിലായിരുന്നു സൈമൺ. വല്ലാത്ത നിരാശ തോന്നി. നല്ല സുഹൃത്തുക്കളെ നഷ്‌ടപ്പെടാൻ അയാൾ തീരെ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ പുതിയ കഥാപാത്രത്തിന്റെ ആഗമനം ആദ്യകാഴ്‌ചയിൽ തന്നെ വല്ലത്തൊരു വികാരം ഉണർത്തിയപോലെ. കൈക്കുടന്നയിൽ വന്നുവീണ മന്ദാരപ്പൂവ്. ഇതളുകളിൽ പുലരിയണിയിച്ച മഞ്ഞുതുള്ളികൾ………. ഉള്ളിന്റെയുള്ളു കാണുന്നതുപോലെ സുവർണ്ണ കേസരങ്ങൾ…… ഹൃദയം പെട്ടന്നു തരളിതമായോ? ഇത്രയും കാലം സ്വപ്‌നങ്ങളിൽ തിരഞ്ഞത്…………
സൈമൺ ചുരുക്കത്തിൽ മാനസിയുടെ ബയോഡാറ്റ പറഞ്ഞു. മാനസി നായർ ആംഗലെയ സാഹിത്യത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം. ലൈബ്രറി സയൻസിൽ പോസ്‌റ്റ്‌ഗ്രഡ്വേറ്റ് ഡിപ്ലൊമ. ഭർത്താവ് പ്രേം നായർ ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ്. രണ്ടു കുട്ടികൾ മകനും മകളും. ദില്ലിയിലെ പ്രശസ്‌തമായ കോൺവെന്റ് സ്‌കൂളിൽ പഠിയ്‌ക്കുന്നു.
ജ്വലിക്കുന്ന കണ്ണുകളും നിറഞ്ഞ ചിരിയും മുഖമുദ്രയായിരുന്നു മാനസിയ്‌ക്ക്. പുസ്‌തകങ്ങളെക്കുറിച്ചുള്ള അവളുടെ അറിവിൽ അയാൾ വിസ്‌മയം കൊണ്ടു. ഒരു സൗഹൃദം ഉടലെടുക്കുകയായിരുന്നു.
പുസ്‌തകശാലയിലേ റീഡേഴ്‌സ് കോർണറിലും യമുനാതീരത്തെ പാറക്കെട്ടുകളിലും സാഹിത്യ സംവാദങ്ങൾ കെട്ടഴിഞ്ഞു. പലപ്പോഴും ക്ലാസ്സിക്കുകളെക്കുറിച്ചുള്ള സംവാദങ്ങൾ ശബ്‌ദായമാനമായ രംഗങ്ങൾ സൃഷ്‌ടിച്ചു. ഒരു തികഞ്ഞ ക്ലാസ്സിക് സ്‌നേഹിയായിരുന്നു മാനസി. തന്റെ വാദമുഖങ്ങളിലൂടെ കത്തിക്കയറുമ്പോൾ പലപ്പോളും അവൾ സ്വയം മറന്നിരുന്നു. അവൾ ജയിക്കാൻ വേണ്ടി താൻ തന്റെ പ്രിയപ്പെട്ട മോഡേൺ ഫിക്ഷനെക്കുറിച്ചു വികലമായ വിഡ്‌ഡിത്തം നിറഞ്ഞ വാദങ്ങൾ നടത്തി. കേൾവിക്കാരുടെ മുന്നിൽ വച്ചു അവയെ ഖണ്ഡിച്ചു അവൾ വീണ്ടും പൊട്ടിത്തെറിച്ചു. ക്ലാസ്സിക്കുകളിൽ നിന്നും ആധുനികസാഹിത്യത്തിൽ നിന്നും അനർഗ്ഗമായി ഉദ്ധരണികൾ ഒഴുകി. റീഡേഴ്‌സ് കോർണ്ണറിലെ സംവാദങ്ങൾക്കു ശരിക്കും തീപിടിപ്പിച്ചു മാനസി നായർ. ആ സമയങ്ങളിൽ ചെമ്പരത്തിയുടെ നിറം കടം കൊണ്ട പോലെ ചുവന്നു തുടുത്തു ശുഭ്രമന്ദാരം.
യമുനയുടെ സംഗീതം കെട്ടുകൊണ്ട് പാറക്കെട്ടുകളിലേക്കു നടക്കുമ്പോൾ അവൾ ചോദിക്കും. ‘എന്തിനാണിന്നെനിക്കു തോറ്റു തന്നത്? എനിക്കു മനസ്സിലായില്ലെന്നാണോ കരുതിയത്?’
ചെമ്പരത്തിയുടെ ചുകപ്പ് ഇനിയും മാഞ്ഞിട്ടില്ല.
പകരമുള്ള മറുപടി മനസ്സിൽ തന്നെ ഒതുക്കും. ‘അത്രമേലിഷ്‌ടമായതുകൊണ്ട്……… ഒരിക്കലുമതു പറഞ്ഞില്ല. ക്യാമറയെടുത്ത് യമുനയിലേക്കു ചാഞ്ഞു നിൽക്കുന്ന പൂമരത്തിന്റെ നിഴൽ രൂപമെടുക്കാൻ ശ്രമിയ്‌ക്കും. അസ്‌തമയം ഇരുൾ പടർത്താൻ തുടങ്ങുമ്പോൾ അവൾ സാന്ധ്യാകാശം നോക്കി നിൽക്കും. നിശ്ശബ്‌ദയാകും. അനന്തതയിൽ താൻ മാത്രമെന്നപോലെ ചുറ്റുപാടുകൾ മറന്നു നിഴലുറഞ്ഞ ശിൽപ്പം പോലെ. കാറ്റിൽ മുടിയിഴകൾ പറന്നു കളിക്കും മാനത്തു ചന്ദ്രക്കലയും ആദ്യനക്ഷത്രവുമുദിച്ചാൽ യാത്ര പറയും.
കയ്യെത്തും ദൂരത്തു നിന്നു രണ്ടു മനസ്സുകൾ കഥകൾ പറഞ്ഞു. വാക്കോ നോട്ടമോ ഇടറിയിട്ടില്ല. പിഴച്ചിട്ടുമില്ല. കാതോർക്കാൻ പാകത്തിൽ രണ്ടു ഹൃദയങ്ങൾ ഗസലുകൾ പാടി. താജിന്റെ നിഴൽ വീണ യമുന തരളിതയായി. അനശ്വരപ്രണയത്തിന്റെ ഒടുങ്ങാത്ത സ്‌മൃതിയിൽ മുഴുകി വീണ്ടുമൊഴുകി. തൊട്ടെടുക്കാൻ കഴിയാത്ത കുളിരുമായി ഇതളുകളിൽ ഹിമകണമണിഞ്ഞ തന്റെ മന്ദാരപ്പൂവ്. ആത്മാവിൽ ആവേശിക്കുന്ന ലോകത്തിനന്യമായ സ്വർഗ്ഗസുഗന്ധം.
ഒരിക്കൽ അവൾ പറഞ്ഞു; ’ഈ തോക്കും ബറ്റാലിയനുമൊക്കെ കളഞ്ഞു വരൂ പുസ്‌തകങ്ങളുടെ ലോകത്തേക്ക് വെറുതെയെന്തിനാണ് ആൾക്കാരെ കൊല്ലാൻ നടക്കുന്നത്?‘
സ്വയം ചോദിച്ചു മടുത്ത ചോദ്യങ്ങൾ കേട്ടു വെറുതെ ചിരിച്ചു. മനസ്സിൽ ഒരു മുറിമീശക്കാരൻ പയ്യൻ ഇരുന്നു പറഞ്ഞു. ’പെണ്ണേ നീയുണ്ടെങ്കിൽ ഞാൻ ഏതു നരകത്തിലേക്കും വരാൻ തയ്യാറാണ്.‘
പിരിയാൻ നേരത്ത് എന്നും പറയും. ’അപ്പൊ നമുക്കു നമ്മുടെ കുടുംബങ്ങളിലേക്കു തിരിച്ചു പോകാം അല്ലെ?‘
യമുനാതീരത്തെ വിശേഷങ്ങൾ എങ്ങനെയാണ് ആർമി ഓഫീസേഴ്‌സ് പരിസരങ്ങളിലും എത്തിപ്പെട്ടതെന്നറിയില്ല. ഒരു സന്ധ്യക്ക് ശോഭ കയ്യോടെ പിടിച്ചു. ഓരേ ഒരു ചോദ്യം. ’ആരാണീ മാനസി‘? എവിടെയാണ് കറങ്ങി നടക്കുന്നത്?’ അടുത്ത ക്വാർട്ടേഴ്‌സുകളിലെ കർട്ടനുകൾക്ക് പിന്നിൽ ചിരിയടക്കുന്ന നിഴലുകൾ. മറുപടി പറയാൻ നിൽക്കാതെ അകത്തേക്കു നടന്നു. ശോഭ ഉറഞ്ഞു തുള്ളി. പൊട്ടിത്തെറിച്ചു. അവൾക്കു തീർച്ചയായും അതിനുള്ള അവകാശമുണ്ട്. ഭർത്താവിന്റെ പെൺസൗഹൃദങ്ങൾ എത്ര വിശാലമനസ്‌കയായ ഭാര്യയും അംഗീകരിച്ചെന്നു വരില്ല. അതിന്റെ ആവശ്യവുമില്ല. ജീവിതപങ്കാളിക്കൊരിക്കലും മനസ്സിലെ മന്ദാരപൂവാകാൻ കിഴയാത്തതെന്തെ?
എല്ലായ്‌പ്പോഴുമെന്നപോലെ ശോഭ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. ഇനിയാ ഷൃദം വേണ്ട. വിട്ടുകളയുക. മേലാൽ അവരെ കാണുന്നത് കണ്ടാൽ……….
കണ്ടാൽ എന്താ എന്താണെന്നു നന്നായി അറിയുന്നതുകൊണ്ട് മനസ്സു വീണ്ടു അടച്ചുപൂട്ടി. ടെലഫോൺ വിളികൾ ശോഭ കർക്കശമാക്കി. പുസ്‌തകശാലയെയും യമുനാതീരത്തെ സായാഹ്നങ്ങളേയും നിർവ്വികാരതയുടെ കല്ലുകെട്ടി മറവിയുടെ കയത്തിൽ താഴ്‌ത്തി. എത്ര എളുപ്പം തനിക്കതു ചെയ്യാൻ കഴിഞ്ഞു! അതോ അതത്ര എളുപ്പമായിരുന്നോ? രക്തം കിനിയുന്ന ഹൃദയം പൊത്തിപ്പിടിച്ച് ഞെട്ടിയെണീറ്റ എത്ര ദുസ്വപ്‌ന രാത്രികൾ! ഒഴുകിയിറങ്ങിയ രക്തത്തുള്ളികൾ യമുനയിൽ വിലയം പ്രാപിക്കുന്നു. ചുവന്ന യമുന! താനതിലേക്കു അടിതെറ്റി വീഴുകയാണ്! കറുത്ത പാറക്കെട്ടുകളിൽ നിഴലുറഞ്ഞുപോലെ ഒരു സ്‌ത്രീരൂപം! പേരോർക്കാൻ കഴിയുന്നില്ല…….. ശബ്‌ദമുയർത്തി വിളിക്കാനും കഴിയുന്നില്ല. ആ രൂപം സന്ധ്യാനക്ഷത്രത്തെ നോക്കി നിശ്ചലം നിൽക്കുകയാണ്. തന്നെ കാണുന്നില്ല! നിണം പുരണ്ട ഇതളുകളുമായി എണ്ണമില്ലാത്ത മന്ദാരപ്പൂക്കൾ ചുറ്റും വന്നു നിറയുന്നു. ചുവന്ന യമുനയിലേക്കു താണുതാണ്………
ഞെട്ടിയുണരുമ്പോൾ ജഗ്ഗിൽ നിറച്ച വെള്ളം ശക്തിയായി മുഖത്തേക്കൊഴിക്കുകയാണ് ശോഭ. ‘വാട്ട്‌സ് ഹാപ്പെനിങ്ങ് റ്റുയു മഹീ?
ദില്ലി വിട്ടു പോരുന്നതിനു മുൻപുള്ള ഷോപ്പിംഗിനിടയിൽ പ്രഗതി മൈതാനത്തെ പ്രദർശന പന്തലിൽ വച്ച് ഒരു നോക്കു കണ്ടത്…….. പുസ്‌തകൂമ്പാരങ്ങൾക്കിടയിൽ തിക്കിത്തിരക്കുന്ന ആൾക്കൂട്ടത്തിനിടയിൽ അവൾ. മൈതാനം ചുറ്റിവന്ന കാറ്റിൽ മുടിയിഴകൾ പറക്കുന്നു. ശോഭ എന്തൊക്കെയോ ബുക്ക് തിരഞ്ഞെടുത്ത് ഏൽപ്പിക്കുകയാണ്. അവൾ നിർവികാരയായി ബിൽ കൊടുത്തു പൈസ മേടിക്കുന്നു. ഹൃദയത്തിലൊരു കൊള്ളിയാൻ മിന്നി. ഇടയ്‌ക്കു തന്റെ മുഖത്തേക്കൊന്നു നോക്കിയോ? യാതൊരു ഭാവഭേദവുമില്ല ആ മുഖത്ത്. ഞാൻ എന്റെ കുടുംബത്ത്…. സാബ് സാബിന്റെ കുടുംബത്ത്…..’ കനത്ത നിസ്സംഗത. ശോഭക്ക് ആളെ മനസ്സിലായില്ലെന്നു വ്യക്തം ‘ലൂക് ലേഡി, ഡോണ്ട് പ്ലേ വിത് മൈ ഫാമിലി, യൂ അണ്ടർസ്‌റ്റാന്റ്? എന്നൊരിക്കൽ ആദ്യവും അവസാനവുമായി ടെലഫോണിലൂടെ അലറിയത് മുന്നിൽ നിൽക്കുന്ന ഈ സ്‌ത്രീരൂപത്തിനോടായിരുന്നെന്നറിഞ്ഞാൽ…..
തിരിഞ്ഞു നോക്കാതെ നടന്നു കാറിൽ കയറി. വിയർത്തൊലിക്കുന്നു. മുടിയിഴകൾ പറത്തി ചിരിച്ചു നിന്ന കാറ്റ് കാറിനുള്ളിൽ കടന്നിരിക്കുന്നു. ’മേജർ മഹീന്ദ്രൻ, നിങ്ങളൊരു ഭീരുവാണ‘്. ഉള്ളിലിരുന്നു പഴയ കൗമാരക്കാരൻ ചിരിക്കുന്നു.
അങ്ങനെതന്നെ ജീവിച്ചു. അതോ ജീവിപ്പിച്ചോ? അറിയില്ല. കമ്മീഷൻ കാലാവധി കഴിഞ്ഞ് ജനിച്ച നാട്ടിലെ ചെറുപട്ടണത്തിൽ സുഖജീവിതം വായന. വൈകുന്നേരങ്ങളിൽ ചില്ലുഗ്ലാസ്സിലൊഴിച്ച റമ്മിന്റെ ലഹരിയിൽ ജീവിതം പരമസുഖം. ശോഭ പതിവുപോലെ സാമൂഹ്യ സേവനവും വീടുഭരണവും. ദില്ലിയിൽ റിസർച്ച് ചെയ്യുന്ന മകൾ. സൈമൺ ഉൾപ്പടെ അപൂർവ്വം സുഹൃത്തുക്കളുമായി മാത്രം ടെലഫോണിൽ വല്ലപ്പോളും സ്‌നേഹം പുതുക്കൽ.
സായം സന്ധ്യകളിൽ ഗുലാം അലി വീണ്ടും പുത്തൻ മെഹ്‌ഫിലുകൾ തീർത്തു. അതിന്റെ അവസാനത്തിൽ വീണ്ടുമൊരു കണ്ടുമുട്ടലിന്റെ പ്രതീക്ഷയിൽ ഈ യാത്ര.
അയാൾക്കു ആ നഗരം അത്ര പരിചിതമല്ലായിരുന്നു. തീരെ പരിചയമില്ല എന്നു പറഞ്ഞു കൂടാ കൗമാരത്തിന്റെ അവസാനദശയിലെ മൂന്നുനാലു പകലുകളുടെ പൊടിയും ചൂടും, രാവുകളിലെ മഞ്ഞും കുളിരും ദശാബ്‌ദങ്ങൾക്കപ്പുറം നിന്നു പോലും ഇന്നും അയാളെ മോഹിപ്പിക്കാറുണ്ട്.
യൗവനാവസാനത്തിലാണല്ലോ വീണ്ടും ഇവിടെ വണ്ടിയിറങ്ങേണ്ടി വന്നതെന്നും അയാൾ ഓർത്തു. മുടിയിഴകൾ വെള്ളികെട്ടിത്തുടങ്ങി. നഗരങ്ങളും യാത്രകളും അയാൾക്കു പുതുമയല്ല. ബാരക്കുകളിൽ നിന്നു ബാരക്കുകളിലേക്കുള്ള യാത്രകൾ എത്ര പുതിയ നഗരമുഖങ്ങളാണ് പരിചയപ്പെടുത്തിയിട്ടുള്ളത്. അനുഭവങ്ങളുടെ പുതു പുതു ഫ്രെയിമുകളിലാക്കി ഓരോ നഗരത്തേയും അയാൾ മനസ്സിൽ ആണിയടിച്ചുതൂക്കിയിട്ടുണ്ട്.
എന്തൊക്കെയാണു താൻ ചിന്തിച്ചു കൂട്ടിയതെന്നോർത്ത് അയാൾ അൽഭുതപ്പെട്ടു. ചരിത്രം തിരിഞ്ഞു ഭൂതകാലത്തിന്റെ പടികളിറങ്ങിപ്പോകുന്ന അന്വേഷിയൊ? തീവണ്ടിമുറിയിൽ താൻ മാത്രമെയുള്ളു.
തിടുക്കത്തിലിറങ്ങി പ്ലാറ്റുഫോമിൽ നിന്നു പ്രധാനകവാടത്തിലേക്കുള്ള വിശാലമായ ഇടനാഴി കടക്കുമ്പോൾ അയാൾ ദൂരെനിന്നേ അവളെക്കണ്ടു.
മാനസി! അവൾ നിറഞ്ഞ ചിരി ചിരിച്ചു. കണ്ണുകളിൽ ജ്വാല തെളിയിച്ചു. മുടിയിൽ വെള്ളി പാകിയിട്ടുണ്ടോ?
തീവണ്ടികളിൽ വന്നവരുടെയും പോകനുള്ളവരുടേയും നിരന്തരമായ ഒഴുക്ക്, നനഞ്ഞു കുതിർന്ന് നവവധുവിനേപ്പോലെ മയങ്ങുന്ന നഗരത്തിന്റെ മാറിൽ കാൽപ്പാടുകൾ പതിപ്പിച്ചു മറയുന്നവർ.
അയാൾ അവളുടെ മുന്നിൽ നിന്നു.
ജന്മാന്തരങ്ങൾക്കപ്പുറത്തു നിന്നും യമുനാനദി അവരുടെ അരികിൽ ഒഴുകിയെത്തി. അസ്‌തമയം പടർത്തിയ ഇരുളിൽ സാന്ധ്യനക്ഷത്രം തെളിഞ്ഞു ചന്ദ്രലേഖ ചിരിച്ചു ഉള്ളിലുറഞ്ഞ് ഉറങ്ങിക്കിടന്ന എല്ലാ കാമനകളും ഉരുകിയൊഴുകി. അയാൾ അവളെ തന്നോടു ചേർത്തു പിടിച്ച് മെല്ലെ ചുംബിക്കാൻ മോഹിച്ചുപോയി….
മാനസി വീണ്ടും ഒരു വെളുത്ത മന്ദാരപ്പൂവായി അയാൾക്കുമുന്നിൽ വിരിഞ്ഞു നിന്നു.
മഴ വീണ്ടും പെയ്‌തു തുടങ്ങിയിരുന്നു.
Generated from archived content: story1_july11_09.html Author: sreedevi_pillai
Click this button or press Ctrl+G to toggle between Malayalam and English