സമാന്തരങ്ങള്‍

എണ്ണവറ്റിക്കരിഞ്ഞു തുടങ്ങി നാം
തുള്ളിയെണ്ണ പകരുവാനാളില്ല
നെഞ്ചുവിങ്ങിക്കരയുന്നതെന്തിനായ്
പോകയാണു നാം കൈപിടിച്ചീടുക
ചുറ്റുമുണ്ടല്ലോ നമ്മള്‍ നിറച്ചൊരാ-
നന്മ തിങ്ങുന്ന നല്ലതാമോര്‍മ്മകള്‍
എന്തിനായ് , തിരഞ്ഞെത്തണം നമ്മള്‍ –
ക്കന്യമായ് തീര്‍ത്ത നല്ല ദിനങ്ങളെ
വിട്ടുപോരുക വേരുകള്‍ തേടി നാം.
പൂത്തമാമ്പൂ കൊഴിഞ്ഞൊരീമുറ്റത്ത്
വൃദ്ധയായി നീയെങ്കിലുമോമലേ
എന്തിനായ്; നീ ചുരത്തുന്നു മാറിടം
എപ്പോഴോ വഴി മാറിനടന്നൊരാ-
മക്കള്‍ക്കന്യരായ് തീര്‍ന്നവരാണു നാം
ചേര്‍ത്തുവച്ചൊരാസ്നേഹവാത്സല്യമായ്
ഇന്നും പൊട്ടിയൊലിക്കാത്ത മണ്‍കുടം
പോകുമാവഴി താണ്ടും കുളിര്‍മയായ്
കൂട്ടിനുണ്ടാവുമെങ്കിലോ നല്ലതായ്
യാത്ര പോവുകയാണു നാമെങ്കിലാ-
വാതിലൊന്നു വലിച്ചടച്ചേക്കുക
ആരൊരാളിനിയെത്തുവാനില്ലല്ലോ
നമ്മള്‍ക്കു നമ്മളുള്ളൂ പരസ്പരം
ഏറെയൊന്നും നടക്കുവാനില്ലാതെ
ദൂരമെത്തിക്കഴിഞ്ഞുവെന്നാകിലോ!
തീര്‍ക്കണം വിധി തീര്‍ത്ത പകലുകള്‍ ,
താണ്ടുവാനുള്ള നാലു ചുവരുകള്‍ ,
കാത്തിരിക്കും വിരസം, നിറച്ചുകൊണ്ട –
ങ്ങു കാണുമാ വൃദ്ധസധനത്തില്‍

Generated from archived content: poem2_july14_12.html Author: sreedevi_k_lal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English