പോരാട്ടത്തിനൊടുവില്‍ വിജയം കൈവരിച്ച യോദ്ധാവിന്റെ തളര്‍ച്ചയെന്നോണം അയാള്‍ തിരിഞ്ഞ് കിടന്നുറങ്ങാന്‍ തുടങ്ങി.
അപ്പോഴേക്കും ഒരു അന്യഥാബോധം അവളെ കീഴടക്കിക്കൊണ്ടിരിക്കെ അവള്‍ക്കവളോടുതന്നെ സഹതാപം തോന്നിത്തുടങ്ങി. എന്നന്നേക്കുമായി തളര്‍ന്നു തോറ്റ ശരീരത്തില്‍ പരമാണു കൊണ്ടു പോലും ത്രിലോകങ്ങളെയറിഞ്ഞ് ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു മസ്തിഷ്ക്കം വഹിക്കുന്നവളോടെന്ന പോലെ.
അയാളില്‍ നിന്ന് അടര്‍ന്നു വീണ ബീജങ്ങള്‍ ജീവന്റെ പച്ചപ്പു തേടി അവളുടെ രഹസ്യങ്ങളിലേക്ക് ആഴ്ന്നാഴ്ന്നിറങ്ങുന്നതറിഞ്ഞപ്പോള്‍ അവള്‍ക്ക് ഓക്കാനം വന്നു.
ഒരു പാട് കറുത്ത ഇരുട്ട് നീട്ടിക്കൊടുത്ത്, ദീര്‍ഘനിശ്വാസമിട്ട രാത്രി. അതിന്റെ പതിവു നിര്‍വികാരത യോടെ അവളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങിയപ്പോള്‍ തന്റെ അനാഥത്വത്തില്‍ നിന്നൊരഭയം വേണമെന്നവള്‍ക്കു തോന്നി. അവള്‍ അയാളിലേക്ക് ചരിഞ്ഞു കിടന്നു.
കൂര്‍ക്കം വലിയുടെ ക്രമാനുഗതമായ താളം എന്നത്തേയും പോലെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അയാളോട് കുറച്ചു മുന്‍പ് ചോദിച്ചതോര്‍ത്തു.
നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുണ്ടോ?
സുഖത്തിന്റെ പടവുകള്‍ താണ്ടി അതിവേഗം ലക്ഷ്യത്തിലെത്താന്‍ കുതിച്ചുകൊണ്ടിരിക്കെ തന്റെ ചോദ്യം അര്‍ത്ഥമില്ലാതാകുന്നതും അതൊരു ചോദ്യമല്ലാതാകുന്നതും അവള്‍ അറിഞ്ഞതാണ്.
എന്നിട്ടും തന്നിലെ സ്ത്രീത്വം നാണമില്ലാതെ ആ ചോദ്യത്തിനു പിറകെ ചുറ്റിത്തിരിയുന്നതെന്തിനാണ്?
ചോദ്യമില്ലാതെ തന്നെ ഉത്തരം വന്ന ദിക്കിലേക്ക് നോക്കിപോയതും അതുകൊണ്ടാകാം.
മുറിയില്‍ നല്ല ഇരുട്ടായിരുന്നിട്ടും കാഴ്ചകള്‍ക്കൊട്ടും തന്നെ ലുബ്ധതയനുഭവപ്പെട്ടില്ല.
അതുകൊണ്ടു തന്നെ ഉത്തരം വന്ന ദിക്കിലേക്കു ധൈര്യത്തോടെയവള്‍ക്ക് നോക്കുവാനായി.
ഒരു പാട് മടുപ്പുകള്‍ മാത്രം ബാക്കിയാക്കി നേരം ഇരുട്ടിയും വെളുത്തും കടന്നു പോകുമ്പോള്‍ എവിടെ വെച്ചാണ് ഉണര്‍വും ഉന്മേഷവും നിറച്ച് കൂടെയൊഴുകാന്‍ നീ വന്നെത്തിയത്?
അവന്റെ പേര് കണ്ണനെന്നു വെളിപ്പെടുത്തുന്നതിനു മുന്‍പായി അവന്റെ പേര് കണ്ണനായിരിക്കുമെന്ന് ഞാനെങ്ങനെയൂഹിച്ചുവെന്നോര്‍ത്തപ്പോള്‍ ഇരുട്ടിലേക്കു കണ്ണുതുറന്നുവച്ചു കിടക്കുമ്പോഴും അവള്‍ക്കതിശയം തോന്നി.
അല്‍പ്പജ്ഞാനികളായ ഇന്റെര്‍വ്യൂ ബോര്‍ഡിന്റെ മുന്നിലേക്ക് പേരു വിളിച്ചു കടത്തി വിടാന്‍ മാത്രം ചുമതലയുള്ള ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റില്‍ കണ്ണനെന്ന പേരുകാണാതെ അസ്വസ്ഥയായതെന്തിനെന്നറിയില്ല.
പിന്നീട് ഓഫീസില്‍ ചുറ്റും പരക്കുന്ന ഏകാന്തതയോട് താദാത്മ്യം പ്രാപിച്ചിരിക്കുമ്പോള്‍ ഒറ്റപ്പെട്ട ക്യാമ്പിനകത്തേക്കു വന്നെത്താറുള്ള നിന്റെ ഫോണ്‍ കോളുകളില്‍ ഇടയിലെ ദൂരം കുറഞ്ഞു വരുന്നതും ദൂരമേയില്ലാതാകുന്നതും അറിഞ്ഞിരുന്നു.
എങ്കിലും കാമാതുരമായ കണ്ണുകളോടെ ഒരു പുതിയ ചരക്കിനെ വളച്ചെടുക്കുന്ന ഒരു കോമാളിപ്പയ്യന്റെ മുഖച്ഛായയാണോ നിനക്കെന്ന് ഒരു സംശയം തോന്നാതിരുന്നില്ല.
ഇപ്പോള്‍ ന്യായീകരണമില്ലാത്ത ഒരു ബന്ധത്തിന്റെ കെട്ടുപാടുകളുടെ ചുഴിയിലേക്ക് വട്ടം കറക്കി ആഴ്ത്തിക്കൊണ്ടുപോകുന്നതെവിടെക്കെന്നറിയാതെ , ഇനിയും പോകാതെ വയ്യെന്നായപ്പോള്‍ പൊയ്ക്കോളുവെന്നനുവാദവും കൊടുത്ത് ഒരുപാടിഷ്ടത്തോടെ തിന്നാനായ് ചുണ്ടോടടുപ്പിച്ച അപ്പക്കഷണം കാക്ക റാഞ്ചികൊണ്ടു പോയ ഒരു കുട്ടിയുടെ അമ്പരപ്പോടെ ഞാനെന്റെ ദിനങ്ങളിലേക്കു നോക്കി പകച്ചിരിക്കുന്നു.
വന്നു നിറയുന്ന ആകുലതകളില്‍ ഞാനൊറ്റക്കാണ്. കണ്ണുകള്‍ക്കു ചുറ്റും കറുപ്പ് ബാധിച്ച് ഉറക്കക്കുറവിന്റെ പാതിവഴിയിലൂടെ പോകുമ്പോള്‍, നീ പോകാതിരുന്നെങ്കില്‍ എന്നാശിച്ചാലും ആ സാന്നിധ്യം എപ്പോഴും മനസ്സമാധാനമില്ലായ്മയില്‍ നിലനിര്‍ത്തുന്നതായിരിക്കും.
അമ്മ , സഹോദരി , ഭാര്യ, സുഹൃത്ത്, കാമുകി ഏതുവച്ചളന്നു നോക്കിയാലും ശിഷ്ടങ്ങള്‍ മാത്രം ബാക്കിയാവുന്ന പേരോ സ്ഥാനമോയില്ലാത്ത ബന്ധങ്ങളും മനുഷ്യര്‍ക്കിടയിലുണ്ടെന്ന് നാം തൊട്ടറിഞ്ഞതല്ലേ?
നിനക്കാവശ്യമായ അഭയത്തിനായി എന്റെ മടിയില്‍ തലചയ്ച്ചു കിടന്നപ്പോഴും,എല്ലാം ഇറക്കിവച്ച് നിന്റെ ചുമലില്‍ ചാരി ഞാനിരുന്നപ്പോഴും നമുക്കിടയിലേക്ക് കാമം കടന്നുവരാതിരിക്കാന്‍ അതിനുള്ള വാതിലുകളെല്ലാം നീ തന്നെ ഭദ്രമായി പൂട്ടിയിരുന്നല്ലോ!
നീയൊരിക്കല്‍ പരഞ്ഞിരുന്നുവല്ലോ! നമുക്ക് ചന്ദ്രനിലേക്കു പോകാം. അവിടെ കാലവും ദേശവും ഭാഷയുമൊന്നുമില്ലാതെ നാം തിരിക്കുന്ന ഘടികാരത്തിന്റെ മണിക്കൂര്‍ സൂചി നീ പിടിക്കാം. മിനിറ്റു സൂചി ഞാന്‍ പിടിക്കണമെന്ന്.
എപ്പോഴും തിരിച്ചുവരവിന്റെ അനിവാര്യത എന്നെ തേടിയെത്തുമെന്ന് നീ ഭയന്നിരുന്നു.
നിനക്കുള്ള കേസിന്റെ വിധിയടുത്തു വരികയാണെന്നും ജയിലഴികളില്‍ നിന്റെ നാളുകള്‍ തളക്കപ്പെടുമെന്നും അറിഞ്ഞ ദിവസം എനിക്കും നിന്നോട് ഒരു കാര്യം പറയുവാനുണ്ടായിരുന്നു.
എന്റെ ജീവിതത്തിലെ സന്തോഷമുള്ള ദിനങ്ങളും എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും ഓപ്പറേഷന്‍ തിയറ്ററിന്റെ വെളുത്ത ചുമരുകളില്‍ നിന്നും തിരിച്ചു വരുമ്പോള്‍ മുറിച്ചു മാറ്റപ്പെട്ട അവയവങ്ങള്‍ക്കൊപ്പം ഞാന്‍ നിന്നെയും ഉപേക്ഷിക്കുമെന്ന്.
എന്റെ ക്ഷീണിച്ച മുഖവും തളര്‍ന്ന മനസും തിളക്കമറ്റ നോട്ടവും നിന്നില്‍ നിന്നും എന്നന്നേക്കുമായി ഞാന്‍ മറച്ചുവെയ്ക്കുമെന്നും.
എന്റെ മുറ്റത്തു നിന്നും നിന്റെ വെയില്‍ മാഞ്ഞുപോയാലും കത്തുന്ന സൂര്യനായി നീയെന്റെയുള്ളില്‍ ജ്വലിച്ചു നില്‍ക്കും. എങ്കിലും നിന്റെ നമ്പര്‍ എന്റെ ഫോണില്‍ നിന്നും ഞാന്‍ ഡിലെറ്റ് ചെയ്യുന്നു. ഇനി നിന്റെതായ ഒരു ഫോണ്‍കോള്‍ എന്നെ തേടിയെത്താതിരിക്കാനായി എന്റെ ഫോണ്‍ എന്നന്നേക്കുമായി ഞാന്‍ സ്വിച്ച് ഓഫ് ചെയ്യുന്നു.
ഒരു കൊച്ചുകുട്ടിയുടെ നിഷ്ക്കളങ്കതയോടെ എന്നില്‍ നിറഞ്ഞു നിന്നിരുന്ന നീ ചെയ്ത തെറ്റെന്താണെന്ന് ഞാന്‍ തിരക്കുന്നില്ല.
നീ ഒരു കുറ്റവാളിയെന്ന് അംഗീകരിക്കാന്‍ ഞാന്‍ ഒരുക്കമല്ല.
ഒരു അവസാന യാത്രയുടെ തീരാസങ്കടങ്ങള്‍ ഉള്ളിലൊളിപ്പിച്ച് ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടു വഴികളിലൂടെ നാം നടക്കാന്‍ തുടങ്ങുകയാണ്.
ഇപ്പോള്‍ ഉറക്കം സ്വപ്നം കണ്ടു കിടക്കുമ്പോള്‍ കാഴ്ചള്‍ക്കപ്പുറം കറുപ്പു നിറമാണ്.
ചേക്കേറാനെത്തുന്ന പക്ഷികള്‍ക്കും പൂഴിയില്‍ ആഴ്ന്നിറങ്ങുന്ന കുഴിയാനകള്‍ക്കും ഒരേ നിറം.
കണ്ണാ… ചിറകു തളര്‍ന്നെങ്കിലും പറക്കാനുള്ള എന്റെ മോഹത്തെ നോക്കി നീ ചിരിക്കുന്നുവോ?
ഒരിക്കല്‍ എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരുമെന്നറിഞ്ഞിട്ടും ഒരു പാട് പറന്നു തളര്‍ന്ന് കൊക്കൊതുക്കിയിരുന്ന എന്നെ എന്തിനു കൂടെ പറക്കാന്‍ ക്ഷണിച്ചു. പറക്കണമെന്നുണ്ടായിരുന്നുവെങ്കിലും ചിറകുകള്‍ തളര്‍ന്നു പോയിരുന്നല്ലോ.
ഒരു പാട് പറന്നിറങ്ങാന്‍ കൊതിച്ചയിടങ്ങളിലേക്കാണ് നീയെന്നെ ക്ഷണിച്ചത്.
എന്റെയിണപക്ഷീ ഒരിക്കലും കൊണ്ടുപോകാത്തയിടങ്ങളിലേക്ക്.
ബാക്കിയാവലുകളുടെ കൂമ്പാരങ്ങള്‍ എനിക്കു ചുറ്റും വാത്മീകം തീര്‍ക്കുന്നു.
അതിനു മുകളില്‍ ഇപ്പോള്‍ പറന്നുയരലുകളുടെ ചിറകടിയൊച്ചകള്‍ മാത്രം.
കിനാവു കാണാനാകാതെ എന്റെ ബോധ മണ്ഡലങ്ങളില്‍ കാഴ്ചക്കുറവിന്റെ കാണാപ്പുറങ്ങള്‍.
‘ആമരമീമര’ മെന്ന മന്ത്രധ്വനി നിന്റെ ചെവികളില്‍ എപ്പോഴെങ്കിലും എത്തിയേക്കാം മോക്ഷപ്രാപ്തിയ്ക്കായി എന്റെ കണ്ണാ ..രാമരൂപത്തില്‍ നീയെത്തുമോ? അതിനായി എനിക്കൊരു ജന്‍മം കൂടി കാത്തിരിക്കേണ്ടി വരില്ലേ?
Generated from archived content: story1_dec20_12.html Author: sreedevi