പുലർവാനിൽ തെളിയുന്ന നക്ഷത്രം

എഴുതി മുഴുമിപ്പിച്ച വരികൾക്ക്‌ ഇപ്പോൾ ഏറെ ശക്തിയുണ്ടെന്ന്‌ അയാൾക്കു തോന്നി. ഒരുപക്ഷെ പൂർവ്വാധികം ശക്തി പ്രാപിച്ചിരിക്കുന്നു. ഈ നേട്ടം, ഈ ഊർജ്ജം ഒക്കെ നഷ്‌ടപ്പെട്ടെന്നു കരുതിയതാണ്‌. എല്ലാം പാകം ചേർത്ത്‌, ഒന്നും ചെയ്യുവാനില്ലാതെ മരവിച്ചിരുന്ന നാളുകൾ ഏറെ വിദൂരമല്ല. ഇപ്പോൾ എല്ലാം കൈപ്പിടിയിൽ ഒതുക്കാൻ കഴിയുന്നു. ഈ ഊർജ്ജ സ്രോതസ്സ്‌ ഇനിയൊരിക്കലും വറ്റില്ലെന്ന്‌ അവളിന്നലെയാണ്‌ ആണയിട്ടു പറഞ്ഞത്‌. വെറുതെയാണെങ്കിൽപോലും അപ്പോഴത്‌ വിശ്വസിക്കാനാണ്‌ അയാൾക്ക്‌ തോന്നിയത്‌.

വേണമെങ്കിൽ ചുണ്ടൊന്നു വക്രിച്ച്‌ ചിരിച്ചുതളളാമായിരുന്നു. അല്ലെങ്കിൽ അരുതെന്ന്‌ വിലക്കാമായിരുന്നു. എങ്കിലും ഒരുപാടാവേശത്തോടെ നെഞ്ചിലേറ്റുകയാണ്‌ ചെയ്‌തത്‌. ഒപ്പം ഇനിയൊരിക്കലുമിത്‌ നിഷേധിക്കരുതെന്ന്‌ കെഞ്ചുകകൂടി ചെയ്‌തു. അതിനുളള അർഹതയോ, അതിന്റെ സാധ്യതകളോ, ആരാഞ്ഞതുമില്ല. ആവോളം അത്‌ തന്നിലേക്ക്‌ ആവേശിപ്പിക്കുകയായിരുന്നു.

കണ്ണാടിയിൽ നോക്കുകയും ജീവിതനാളുകൾ തുടക്കം മുതൽ ഒടുക്കംവരെ എണ്ണുകയും ചെയ്തതാണ്‌. അപ്പോഴൊക്കെ അതിന്റെ നിരർത്ഥകമായ സാധ്യതകളിലേക്ക്‌ മനസ്സ്‌ ചെന്നെത്തുകയും ചെയ്‌തു. എങ്കിലും അരുതെന്നു പറയുവാനോ വിലക്കുവാനോ കഴിഞ്ഞില്ല. ആ സ്‌നേഹം, അതിപ്പോഴത്തെ ഊർജ്ജമായി മാറുകയാണ്‌. ഒരു നേർത്ത ശബ്‌ദമായോ, നിശ്ശബ്‌ദമായ സാന്നിദ്ധ്യമായോ അത്‌ തനിക്കുവേണ്ടതെല്ലാം നല്‌കുന്നു.

ആവർത്തനങ്ങളുടെ വിരസതയിൽ അരിച്ചെത്തുന്ന മരവിപ്പ്‌ ഉടലാകെ പടർന്ന്‌ കണ്ണുകളിൽ അന്ധതയായും കാതുകളിൽ ബധിരതയായും ചുണ്ടുകളിൽ മൂകതയായും അലിഞ്ഞില്ലാതായ നാളുകളിൽ- ഇതൊന്ന്‌ അവസാനിച്ചു കിട്ടിയിരുന്നെങ്കിൽ! അതിനൊരു മാർഗ്ഗം ആരായാഞ്ഞതല്ല. അതിനുപോലുമാകാത്തതിലുളള സങ്കടം കൂടി ഉളളിൽ തടഞ്ഞിരുന്നു. എങ്കിലും ഔദ്യോഗികജീവിതത്തിൽ ഗുഡ്‌ സർവ്വീസിനുളള അംഗീകാരം നിലനിർത്താൻ കഴിഞ്ഞതിൽ അത്ഭുതമുണ്ട്‌. പിന്നീട്‌ അതിലും വീഴ്‌ച വന്നുതുടങ്ങിയിട്ട്‌ അധികനാളായില്ല. പിന്നെ എപ്പോഴാണ്‌ വഴിതെറ്റിവന്ന ആ ശബ്‌ദം തന്റെ ഊർജ്ജമായതും ശേഷിക്കുന്ന ജീവിതത്തിന്റെ പ്രാണവായുവുമായി തീർന്നത്‌? മുമ്പെഴുതിയ വരികളിലെ നിസ്സംഗതയോ ജീവിതം വഴിമുട്ടിനില്‌ക്കുന്ന നിശ്ശബ്‌ദതയോ ഇന്നില്ല. പകരം ആർദ്രമാകുന്ന വരികളിൽ ജീവിതത്തിന്റെ പച്ചപ്പ്‌ കണ്ടെത്തിയതിലുളള ആശ്വാസം. ഇനിയും ഒരുപാടുകാലം ജീവിക്കേണ്ടുന്നതിന്റെ, രുചിയും മണവും നിറഞ്ഞ ആസ്വാദ്യതകൾ.

എല്ലാത്തിനും പിന്നിൽ അവളാണെന്ന്‌, പുതിയ വരികൾക്കിടയിലെ അർത്ഥം തേടിയ സുഹൃത്തുക്കളോട്‌ അയാൾക്ക്‌ പറയണമെന്നുണ്ടായിരുന്നു. എങ്കിലും തന്റെ നരച്ച മുടിയിഴകളിലേക്കുളള നോട്ടവും പ്രായപൂർത്തിയായ തന്റെ മക്കളുടെ അമ്മയുടെ ദുർവിധിയിൽ പരിതപിച്ചുളള അവരുടെ നിശ്വാസവും അയാൾക്ക്‌ ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുളളൂ. എങ്കിലും അയാൾ പറഞ്ഞുഃ നീയെന്റെ ജീവനാണ്‌, ജീവിതമാണ്‌. അവളുടെ സാന്നിധ്യത്തിൽ അയാൾക്കെപ്പോഴും അങ്ങനെ പറയുവാനാണ്‌ തോന്നിയത്‌.

അവളുടെ സാന്നിധ്യം ഒരുപാടാവശ്യമാണെന്നു തോന്നിയ ദിവസമാണ്‌ അവളെ ഒരു യാത്രയ്‌ക്ക്‌ ക്ഷണിച്ചത്‌. കാറിന്റെ ഗ്ലാസുകൾ പരമാവധി ഉയർത്തിവെച്ച്‌ വളരെ സാവധാനമാണയാൾ കാറോടിച്ചത്‌. ഇനിയും കിട്ടേണ്ടുന്ന സ്‌നേഹത്തെപ്പറ്റിയും നിഷേധിച്ചാലുണ്ടാകുന്ന അപകടസാധ്യതകളെയും പറ്റി അയാൾ അവളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. അവളുടെ തിളക്കമാർന്ന കണ്ണുകളിൽ ചുവന്നു തുടുത്ത ചുണ്ടുകളിൽ യൗവനത്തിന്റെ പ്രസരിപ്പ്‌ അയാൾ കാണുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ തന്റെ പരിമിതികളെപ്പറ്റി പറയണമെന്നുണ്ടായിരുന്നു. എങ്കിലും നരച്ച കുറ്റിരോമങ്ങളുളള ആ കവിളിൽ ചുംബിക്കുകയാണവൾ ചെയ്‌തത്‌. പകരം സ്‌നേഹവാത്സല്യങ്ങളോടെ അയാൾ അവളുടെ നിറുകയിൽ ചുംബിക്കുകയും, ഇടതുകൈകൊണ്ട്‌ അവളെ അയാളിലേക്ക്‌ ചേർത്തുപിടിക്കുകയും ചെയ്‌തു. കരയിൽ പിടിച്ചിട്ട മീനിന്റെ പിടച്ചിലിൽനിന്നും തിരികെ കുളത്തിലെത്തിയപോലെ അയാൾ ജീവിതത്തിലേക്ക്‌ ഊളിയിട്ടു.

കടൽത്തീരം ഏറെ വിജനമായിരുന്നു. രാക്ഷസത്തിരമാലകൾ ബാക്കിവെച്ച, ടൂറിസം മേളയുടെ അവശിഷ്‌ടങ്ങൾ അവിടവിടെ ചിതറിക്കിടപ്പുണ്ടായിരുന്നു. എങ്ങും മൗനമുഖങ്ങൾ. എങ്കിലും അസ്‌തമയ സൂര്യന്റെ അവസാന കിരണങ്ങൾ ഏറെ വർണാഭമായിരുന്നു. അതവളുടെ കവിളിൽത്തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു.

അപ്പോളയാൾ തന്റെ പുതിയ കഥയുടെ പ്രധാനഭാഗം വായിക്കാൻ തുടങ്ങിയിരുന്നു. അവൾ വിടർന്ന കണ്ണുകളോടെ അയാളെ നോക്കി കാതുകൂർപ്പിച്ചിരുന്നു. കഥയുടെ അവസാനഭാഗമായപ്പോൾ അയാൾക്ക്‌ ശ്വാസതടസ്സം അനുഭവപ്പെട്ടു. ഒരുപക്ഷെ, അയാളിൽ ഉണ്ടായിരുന്ന വികാരം പരിധി കടന്നതിലുളള ക്രമക്കേടാകാം.

വായിച്ചു തീരുമ്പോൾ നഷ്‌ടപ്പെട്ടതെന്തൊക്കെയോ കൈയിൽ തടഞ്ഞതായി അവളറിഞ്ഞു. വരികൾക്കിടയിലെ ജീവിതത്തുടിപ്പുകളുടെ നാനാർത്ഥം അവൾക്കേറെ വ്യക്തമായിരുന്നു. അവൾ അയാളുടെ മുഖത്തേക്ക്‌ നോക്കി. മഴയ്‌ക്കുമുൻപുളള ഈറൻ നിശ്ശബ്‌ദതപോലെ ഇരുണ്ടുകൂടിയ മുഖം! ഒക്കെ ശരിയാകുമെന്ന്‌, വേണമെങ്കിൽ അവൾക്ക്‌ പറയാമായിരുന്നു. എങ്കിലും എങ്ങനെയെന്നുളള ചോദ്യത്തിനുത്തരം അവൾക്കറിയില്ലായിരുന്നു.

അന്നത്തെ സൂര്യന്റെ അവസാന കിരണവും നഷ്‌ടമായിരിക്കുന്നു. പറക്കുന്ന ഇരുട്ടിൽ കാഴ്‌ചകൾ ഇരുണ്ട നിഴലുകൾ മാത്രം. അനിവാര്യമാകുന്ന മടക്കയാത്രയിൽ അയാൾക്കവളെയൊന്ന്‌ ചുറ്റിപ്പിടിക്കണമെന്നു തോന്നി. എന്നാൽ അപ്പോൾ അവളിലുണ്ടായ നിർവികാരതയിൽ അയാളതു നിയന്ത്രിച്ചു.

മടക്കയാത്രയിൽ അയാൾ പറഞ്ഞത്‌ ഭാര്യയെക്കുറിച്ചു മാത്രമാണ്‌. അവരുടെ ആഗ്രഹങ്ങൾക്കപ്പുറത്തേക്ക്‌ എത്തിനോക്കാൻപോലും ആകാത്ത ഒരു ഭർത്താവും ഉപരിപഠനശേഷം വിദേശങ്ങളിൽ ജോലിചെയ്യുന്ന രണ്ടാൺമക്കളുമുളള അവരുടെ മുഖത്തെ പ്രശ്‌നമില്ലായ്‌മയാണ്‌ അയാളുടെ പ്രശ്‌നമെന്ന്‌ ഇതിനുമുൻപും അയാൾ പറഞ്ഞിട്ടുളളത്‌ അവളോർത്തു.

അവരുടെ സ്വപ്‌നങ്ങളിപ്പോൾ ആൺമക്കളുടെ നവവധുക്കളും അവർക്ക്‌ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളും. അവരെ താലോലിക്കാൻ അവർ കൈകളെ ഇപ്പോഴേ സജ്ജമാക്കിയിരിക്കുന്നു. അവർക്കായി കരുതുന്ന തൊട്ടിലു മനസ്സുകൊണ്ട്‌ ആട്ടിയാട്ടി അവർ നിമിഷങ്ങളെ ധന്യമാക്കുന്നു. അപ്പോഴൊക്കെ ഇളംമോണ കാട്ടി ചിരിക്കുകയും കരയുകയും ചെയ്യുന്ന ഒരു കുഞ്ഞായി മാറണമെന്നയാൾക്കു തോന്നിയിട്ടുണ്ട്‌. ആ ആഗ്രഹത്തിന്റെ വ്യർത്ഥതയിൽ അയാൾ കൂടുതൽ മൗനിയാവുകയാണ്‌ ചെയ്തത്‌.

അപ്പോൾ അവർ അയാളിൽ നിന്നാവശ്യപ്പെട്ടത്‌ ഒരുകാര്യം മാത്രമാണ്‌-ഇനി ഒന്നും എഴുതരുത്‌. അതാണ്‌ അയാളുടെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നവർ കരുതുന്നു.

എഴുതാൻ കഴിയുന്നതുകൊണ്ടുമാത്രം ജീവിച്ചിരിക്കുന്ന ഒരാളാണ്‌ താനെന്ന്‌ അവർക്കെന്തുകൊണ്ട്‌ മനസ്സിലാക്കാൻ കഴിയുന്നില്ല? അതവരെ ബോധ്യപ്പെടുത്തേണ്ടത്‌ തന്റെ കടമയല്ലെന്ന്‌ അയാൾ വിശ്വസിച്ചു.

കാർ തന്റെ വീടിനുമുന്നിൽ വന്നുനില്‌ക്കുമ്പോൾ ഇന്നയാളെ വീട്ടിലേക്ക്‌ ക്ഷണിക്കണമെന്നവൾ നേരത്തെ കരുതിയിരുന്നതാണ്‌. എങ്കിലും അപ്പോൾ തീരുമാനിച്ചതുപോലെയാണവൾ അയാളെ വീട്ടിലേക്ക്‌ ക്ഷണിച്ചത്‌.

അയാൾ ആദ്യമായി അവിടേയ്‌ക്ക്‌ വരികയായിരുന്നു. സ്വീകരണമുറിയിലെ അവളുടെ വിവാഹഫോട്ടോയിൽ അയാളുടെ കണ്ണുകൾ ഉടക്കിനിന്നു. സാജുവെന്ന അവളുടെ ഭർത്താവിനെപ്പറ്റി അയാൾക്ക്‌ കേട്ടറിവേ ഉണ്ടായിരുന്നുളളൂ. ആണ്ടിൽ ഒരിക്കൽ മാത്രം വീട്ടിലെത്തുന്ന സുമുഖനായ അവളുടെ ഭർത്താവ്‌. അയാളുടെ മുഖം ംലാനമായി.

അവൾ ഷെൽഫിൽനിന്നും സാജുവിന്റെ ഇന്നലെവന്ന കത്തെടുത്തു. അതിലെ വരികൾ ഇത്രമാത്രമെ ഉണ്ടായിരുന്നുളളൂഃ നീ സുഖമായിരിക്കുക, ഞാനെപ്പോഴും അതിനായി ശ്രമിക്കാം. പിന്നെ എന്തെഴുതിയാലും അധികമാകുമെന്നയാൾ കരുതിയിരിക്കാം. എങ്ങിനെയാണ്‌ സുഖമായിരിക്കേണ്ടത്‌ എന്നുമാത്രം പറഞ്ഞിട്ടില്ല.

അവൾക്കു ചുറ്റുമെപ്പോഴും ആടുന്നത്‌ ഒഴിഞ്ഞ തൊട്ടിലുകളാണ്‌. മുമ്പ്‌, അതിൽ അമ്മിഞ്ഞ നുണഞ്ഞ്‌ സുഖമായുറങ്ങുന്ന കുഞ്ഞുമുഖങ്ങളെ സ്വപം കണ്ടിരുന്നു. രണ്ടുപ്രാവശ്യം മിഷൻ ഹോസ്പിറ്റലിന്റെ ഓപ്പറേഷൻ തിയേറ്ററിൽ കയറിയിറങ്ങിയതാണ്‌. ഓർമ്മ വരുമ്പോൾ കട്ടിലിന്നരുകിൽ ഒഴിഞ്ഞ തൊട്ടിലുകൾ. ശേഷിച്ചത്‌ അടിവയറ്റിൽ നേർരേഖപോലെയുളള പാടുകൾ മാത്രം. ഒക്കെ നേടിയിട്ടും ഒന്നും നേടാത്തവനെപോലെ അരുകിൽ ഭർത്താവും! പരസ്പരം ആശ്വസിപ്പിക്കാനാവാതെ, ആശ്വാസത്തിന്റെ പച്ചപ്പു തേടി അവർ ഇരുന്നു.

ചുവന്നു കലങ്ങിയ കണ്ണുകളിലേക്കുറ്റു നോക്കി അയാൾ വെറുതെയിരുന്നു. പിന്നെ സെറ്റിയിൽനിന്നും എഴുന്നേറ്റ്‌ അവളുടെ മടിയിൽ തലചായ്‌ച്ച്‌, അവളുടെ കാൽചുവട്ടിൽ ഇരുന്നു. അപ്പോളവൾ തന്റെ മുന്നിലാടുന്ന ഒരു തൊട്ടിൽ കണ്ടു. അതിൽ നരച്ച കുറ്റിരോമങ്ങളുളള ഒരു ഓമനമുഖം! അതവൾ വാരിയെടുത്ത്‌ നെഞ്ചോടു ചേർത്തു. അവളുടെ മാറുകൾ പാൽചുരത്തി നനയാൻ തുടങ്ങി.

അയാളപ്പോൾ അമ്മിഞ്ഞകൊണ്ട്‌ ചുണ്ടുകൾ നനയ്‌ക്കുകയും ഇളം മോണകാട്ടി ചിരിക്കുകയും കരയുകയും ചെയ്‌തു.

Generated from archived content: story1_june23_05.html Author: sreedevi-k-lal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here