മൂര്‍ത്തമാണതിന്‍ ഭാവമെന്നോര്‍ത്തു ഞാന്‍
കാഴ്ച കണ്‍തുറക്കാതെയാണെങ്കിലും
ഭാവമെങ്ങോ കലമ്പിപ്പരക്കുന്നു
നേര്‍ത്തപാളിതന്‍ നീര്‍ക്കുമിളകള്‍ പോല്‍
ചേര്‍ത്തുനിര്‍ത്തിയാ നേര്‍ത്ത സങ്കീര്‍ത്തനം
പാട്ടുപോല്‍ പടുപാട്ടായതോര്‍ക്കാതെ
കെട്ടടങ്ങിയൊതുങ്ങിക്കിടക്കുന്നു
വിട്ടുപോയൊരു വാക്കുപോലെന്തിയേ
രുധിരവേഗമാം കാലമേ നിന്റെ
ചടുലനര്‍ത്തനം കാതോര്‍ത്തിരിക്കവേ
ഇനി വരാനില്ല കരുണകാത്തൊന്നിനി
മിഴികള്‍ കൂര്‍പ്പിച്ചു നേരം ഗണിക്കേണ്ട
ഉണരുമോര്‍മ്മയില്‍ ഏതോ വസന്തങ്ങള്‍
കാറ്റടര്‍ത്തി കൊഴിച്ചുപോയെങ്കിലും
കനവു കാണട്ടെ നിന്നെ,യീ ജീവനില്‍
കനിയുമൂര്‍ജ്ജം പ്രകാശമാക്കിടുവാന്‍
ചിറകുനീര്‍ത്തി തിടുക്കപ്പെടും കാല-
മുടലിലമ്പിന്റെ തീമുന തീണ്ടാതെ
മിഴിവിരിക്കാതിരിക്കെ,യീ പാട്ടിന്റെ
മനമുരുകി കിതച്ചിതിന്നെന്തിനായ്
പകരുവാനുണ്ട് ശേഷപത്രത്തിലീ
കവിത കോറിച്ച ജീവന്റെ നേരുകള്‍
കരുണയിറ്റാത്ത കാലത്തിലേക്കുള്ള
കനവു ചൂടുന്ന വാക്കിന്റെ വീറുകള്‍
പകുതിപോലും പകര്‍ന്നില്ല ജനമേ
ഇരുവഴിക്കു പിരിഞ്ഞൊരു സ്വപ്നമേ
അരികിലുണ്ടായിരുന്നല്ലോ ജീവിത-
ജ്വലിതസൗഭഗം ചൂടിയ സത്യമേ!
സന്ധ്യമായുന്നു പാതകള്‍ നീളൂന്നു
എത്ര ദൂരങ്ങള്‍ ബാക്കിയാകുന്നുവോ
കെട്ടനേരത്ത് വാക്കിന്റെ വക്കിലായ്
നില്‍ക്കുമേതോ വിതുമ്പലായ് ജീവിതം
Generated from archived content: poem4_may16_14.html Author: sreedevi-k-lal