മകന്‍ പുറപ്പെട്ടുപോയ
ഒരമ്മയെ എനിക്കറിയാം
പുകമറയ്ക്കുള്ളില്‍ നിന്നൊരാള്‍ രൂപം
കടന്നു വന്ന്-
സ്നേഹമുറഞ്ഞ മനസ്സില്‍
തൊട്ടുവിളിക്കുന്നതും
അടുക്കളപ്പുറത്ത് കമഴ്ത്തി വച്ച
പിഞ്ഞാണിയില്‍
കാത്തുവച്ച അത്താഴം വിളമ്പുന്നതും
ദൂരക്കാഴ്ചയെത്താത്ത വഴിയുടെ
അറ്റത്തിനുമപ്പുറത്തേക്കൊരു
കണ്ണുതുറന്നു വച്ച്
ഉമ്മറപ്പടിയില്‍ കാത്തിരിപ്പിന്റെ
തിരിനാളം തെളിയിച്ച്…
ഒരു ജന്മം.
നോവാലിത്തിരി ബലിച്ചോറു കൊത്താന്‍
നനഞ്ഞ കൈകാട്ടിവിളികാത്തൊരു
ബലിക്കാക്ക അച്ഛന്റെ കുഴിമാടത്തിനരികില്‍
എപ്പോഴും ചുറ്റിപ്പറ്റി നടപ്പുണ്ട്
ടാര്‍ റോഡുപോലുള്ള നേര്‍രേഖയിലും
ഭൂപടത്തില്‍ ചില അടയാളപ്പെടുത്തലുകളുമുള്ള
കടലാസു തുണ്ടുകള്‍ മേശയ്ക്കുള്ളില്‍ നിന്ന്
പോലീസ് കണ്ടെടുത്ത കൂട്ടത്തിലുണ്ട്
ഒരു നാക്കിലയില്‍ എള്ളും …പൂവും
നനഞ്ഞ കൈകാട്ടി വിളി കാത്തൊരു
ബലികാക്ക
അച്ഛന്റെ കുഴിമാടത്തിനരികിലുള്ള
അമ്മയുടെ കുഴുമാടത്തെകൂടി
ഇപ്പോള്‍ ചുറ്റിപ്പറ്റി നടപ്പുണ്ട്.
Generated from archived content: poem2_feb16_13.html Author: sreedevi-k-lal