കൊക്കകോ.. കോ

കാഞ്ഞ വയറിന്റെ പൊളളിപ്പിടച്ചിലില്‍ നിന്നോ
കിനാവിന്റെ ശമിക്കുന്ന തുടര്‍ വിശപ്പിന്റെ
ആലസ്യത്തില്‍ നിന്നോ, ഒരമ്മ
മഴനനഞ്ഞിറങ്ങുന്നു.
ഇടവും വലവും ഓരോ കുരുന്നുകള്‍
കീറസഞ്ചിയും രണ്ടു രൂപ നാണയവും
മുറുകെതന്നെ പിടിച്ചിരിക്കുന്നു.
ക്യൂവില്‍ അറ്റത്തു തന്നെ നിന്നു.
കുഞ്ഞുങ്ങളുടെ വിളറിയ മുഖത്തു നിന്നും
മഴത്തുള്ളികള്‍ ഒലിച്ചിറങ്ങി.
ക്യൂവില്‍ പിന്നിലേക്ക്… പിന്നിലേക്ക്..
ഗന്ധമില്ലാത്ത മഴയ്ക്കിപ്പോള്‍
റേഷനരിയും മണ്ണെണ്ണയും കുഴഞ്ഞ
കെട്ട മണം.
ഊഴമെത്തിയപ്പോള്‍ കടക്കാരന്‍
ചോദിച്ചു.
റേഷന്‍ കാര്‍ഡ്?
കിടക്കാന്‍ കൂരയില്ലാത്തവര്‍ക്കെന്തു
റേഷന്‍ കാര്‍ഡ്.
തിരിഞ്ഞു നടക്കുമ്പോള്‍ രണ്ടു രൂപ നാണയം
മുറുകെ തന്നെ പിടിച്ചിരുന്നു.
തളര്‍ന്നു തുടങ്ങിയ കുഞ്ഞുങ്ങളെ
ചേര്‍ത്തു നടക്കുമ്പോള്‍
പൂഴ്ത്തിവച്ച അരി തുരന്നെടുക്കുന്ന ശബ്ദം
കുഴിച്ചിട്ട അരികളില്‍
ഒന്നു പോലും മുളച്ചില്ല.
ഇരുമ്പു ഗെയ്റ്റിനകത്തു നിന്നും
റേഷനരി തിന്നു കൊഴുത്ത കോഴികള്‍
അവരെ നോക്കി
കൊ്ക്കകോ… കോ..

Generated from archived content: poem1_june25_13.html Author: sreedevi-k-lal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here