രണ്ട് കവിതകള്‍

ഒറ്റക്ക്

ഒടുക്കത്തെ തുള്ളി വെള്ളവുമിറ്റിച്ച്
അരികിലുണ്ടാകുമെന്നു കൊതിച്ചൊരാള്‍
കതിരു കൊയ്യുവാന്‍ കാക്കാതെ കാറ്റിലൂ-
ടലറിടാതങ്ങുപോകുന്നു മൗനമായ്.
ചിറകു നീര്‍ത്തി തിടുക്കപ്പെടും കാല-
മുടലില്‍ അമ്പിന്റെ തീമുന തീണ്ടാതെ
മിഴി വിരിക്കാതിരിക്കെ യീപാട്ടിന്റെ
മറയൊരുക്കി കിതച്ചതിന്നെന്തിനായ്.
പകരുവാനുണ്ട് ശേഷപത്രത്തിലീ-
കവിത കോറിച്ച ജീവന്റെ നേരുകള്‍
കരുണയിറ്റാത്ത കാലത്തിലേക്കുള്ള –
കനവു ചൂടുന്ന വാക്കിന്റെ വീറുകള്‍
പകുതി പോലും പകര്‍ന്നില്ല ജന്മമേ
പലവഴിക്കു വിതയ്ക്കുന്ന സ്വപ്നമേ
അരികിലുണ്ടായിരുന്നല്ലോ ജീവിത-
ജ്വലിത സൗഭഗം ചൂടിയ സത്യമേ!

മഴവഴികള്‍

ഒതുങ്ങിയൊതുങ്ങി,
താഴ്ചനോക്കി ഒഴുകുകയാണ്
ഈ മഴവഴികള്‍
പെയ്തു വീഴുന്ന മഴത്തുള്ളീ
ആഘാതമറിയിച്ച്
മഴവഴികളില്‍ വൃത്തം വരയ്ക്കുന്നു.
അപ്പോള്‍ ഒതുക്കം മറന്ന്
വിരിഞ്ഞ് വിരിഞ്ഞ്,
വീട്ടുമുറ്റങ്ങള്‍ക്കരികിലൂടെ,
പുല്‍മേടുകള്‍ കടന്ന്,
തിരിച്ചൊഴുകുവാനുള്ള വഴികള്‍ മറന്ന്
പുഴയുടെ ആഴപ്പരപ്പ് തേടി
എത്ര ദൂരമെന്നറിയാതെ….
കൂട്ടിനെത്തുന്ന മഴവഴികള്‍
ദൂരങ്ങളുടെ കഥപറഞ്ഞ്
കൂടെ കൂടുന്നു.
പീന്നില്‍ മാഞ്ഞുപോകുന്ന
മഴവഴികളില്‍, കുറച്ചിടം മാത്രം
ഒഴുകിയെത്തി ഇടക്കു തങ്ങിപോയ
കൊഴിഞ്ഞയിലകള്‍ മാത്രം.

Generated from archived content: poem1_aug23_11.html Author: sreedevi-k-lal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here