ഞാന്‍ പുഴയാണ്
ഇടക്കു മെലിഞ്ഞും ചിലപ്പോള്‍
നിന്റെ സ്നേഹത്താല്‍
കര കവിഞ്ഞും ഒഴുകുന്ന പുഴ
തീരങ്ങളില്‍ വന്ന് തലതല്ലി കരഞ്ഞിട്ടുണ്ട്
ചിലപ്പോള്‍ എല്ലാം ഒളിപ്പിച്ച്
ശാന്തമായി ഒഴുകിക്കൊണ്ടിരിക്കും
അടിയില്‍ നിന്റെ ഓര്‍മ്മകളില്‍ തടയുന്ന
വെള്ളാരങ്കല്ലുകളുണ്ട്
ഉരഞ്ഞുരഞ്ഞ് വെള്ളാരങ്കല്ലുകള്‍ക്കിപ്പോള്‍
ഏറെ മിനുസം വന്നിരിക്കുന്നു
ഗതിവിഗതികള്‍ക്കൊപ്പം
ഏറ്റത്തിങ്ങോട്ടും ഇറക്കത്തങ്ങോട്ടും
ഒഴുകേണ്ടതിന്റെ കാല നീതി
ഇപ്പോള്‍ വെയിലില്‍ പുറം പൊള്ളിച്ച്
നഗ്നയായി ഉണങ്ങാന്‍
ഒരലക്കുകാരന്‍ വിരിച്ചിട്ട തുണി പോലെ
നീണ്ടൂ നിവര്‍ന്നു കിടക്കുന്നു
ചുറ്റും ചിതറിക്കിടക്കുന്ന വെള്ളാരങ്കല്ലുകളുണ്ട്
അതു പെറുക്കാന്‍ വരുന്ന കുട്ടികളുണ്ട്
അവര്‍ക്കറിയില്ലല്ലോ!നിന്റെയോര്‍മ്മകളില്‍
തടഞ്ഞാണിതിനിത്ര മിനുസം വന്നതെന്ന്
എനിക്കു മുകളില്‍ ആകാശത്ത് കനം വയ്ക്കുന്ന
മഴമേഘത്തുണ്ടുകളുണ്ട്
അവയെ പറത്തിക്കൊണ്ടു പോകുവാന്‍
കാറ്റും വരുന്നുണ്ട്
അവ എന്നില്‍ തുള്ളി തുള്ളികളായി
വന്നു നിറയുന്നുണ്ട്
നിന്നിലേക്ക് വീണ്ടുമൊന്നൊഴുകാന്‍ മാത്രമെങ്കിലും
ഞാന്‍ കിനാവു കാണുന്നുണ്ട്
Generated from archived content: poem1_agu25_13.html Author: sreedevi-k-lal