സംക്രമസന്ധ്യ കൈത്തിരിയുമായി പടിഞ്ഞാറെത്തുമ്പോഴേക്കും നമുക്ക് വിഷുവാഘോഷത്തിനായി ഒരുങ്ങാം. കൊന്നപ്പൂക്കളും ചെമ്പഴുക്കാകുലകളും കണിവെളളരിക്കയുമെല്ലാം തുടങ്ങി പുത്തൻകലങ്ങളും കുറിതൊടുവിച്ച് വാൽക്കണ്ണാടിയും കോടിമുണ്ടും എടുത്തുവയ്‌ക്കാം.
ഉറങ്ങിയുണരുമ്പോൾ ഇന്നത്തെ ഇളംതലമുറകൾക്ക് കണികാണാനായി കണിയൊരുക്കിവയ്‌ക്കാം. അരിമാവുകൊണ്ടെഴുതിയ കളത്തിൽ, നെല്ല്, അരി, കശുമാങ്ങ, മാമ്പഴം, വാഴപ്പഴം, വെളളരിക്ക, ചക്ക എന്നീ മധുരക്കനികൾ നിറച്ച ഫലസമൃദ്ധമായ ഉരുളിവയ്‌ക്കാം. അതിന്റെ ഒരു ഭാഗത്തായി വാൽക്കണ്ണാടി, ചന്ദനം, ചാന്തുകൺമഷി, ഒരു സദ്‌ഗ്രന്ഥം, അഷ്‌ടമംഗല്യം, സ്വർണ്ണാഭരണം, വെളളക്കോടിവസ്‌ത്രം, കൊന്നപ്പൂക്കൾ എന്നിവയും വെയ്‌ക്കാം. അതിനുപുറമെ തേങ്ങാമുറിയും അഞ്ചുതിരിയിട്ട നിലവിളക്കും ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണന്റെ പടവുംകൂടിയായാൽ കണി പൂർത്തിയായി.
കണിദർശനം വരാനിരിക്കുന്ന ഒരു വർഷത്തെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായിട്ടാണ് പരിഗണിച്ചുപോരുന്നത്. സാഹോദര്യത്തിന്റെയും സുഹൃദ്‌ബന്ധത്തിന്റെയും പവിത്രത പ്രതിഫലിപ്പിക്കുന്ന ഒരു വർഷക്കാലം സൂക്ഷിച്ചുവെയ്‌ക്കേണ്ട വിഷുക്കൈനീട്ടം. കണിവസ്‌തുവായ വാൽക്കണ്ണാടിക്ക് വളരെ വലിയ മാഹാത്മ്യം കല്‌പിക്കപ്പെട്ടിട്ടുണ്ട്. നമ്മിൽത്തന്നെയുളള ഈശ്വരരൂപത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരണനൽകുകയാണ് കണ്ണാടി. പലതരം ലോഹങ്ങൾകൊണ്ടുണ്ടാക്കിയ കണിയുരുളി അതിശക്‌തമായ ആധാരശിലയുളള സസ്‌കാരസമ്പന്നമായ രാഷ്‌ട്രത്തെ പ്രതിനിധീകരിക്കുന്നു. അഞ്ചുതിരിയിട്ട നിലവിളക്ക് അജ്‌ഞ്ഞതയുടെ അന്ധകാരത്തിൽനിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് മനുഷ്യനെ നയിക്കാൻ പ്രചോദനം നൽകുന്നു. തന്നെപ്പോലെ മറ്റുജീവജാലങ്ങളെയും കാണാനുളള കഴിവ് വളർത്തിയെടുക്കാൻ കഴിയുമെങ്കിൽ അതു വലിയ അനുഗ്രഹമായിരിക്കും. വിഷു സമ്മാനിക്കുന്ന ഉദാത്തസന്ദേശം ഈ സമഭാവനയത്രെ!
Generated from archived content: essay2_apr10_08.html Author: sreedevi-k-lal