പുഴുക്കളരിക്കുന്ന തന്റെ കാലുകൾ വലിച്ചുവച്ച് വൃദ്ധ ചുരുണ്ടുകിടന്നു. മുഖത്ത് വന്നിരിക്കുന്ന വലിയ ഈച്ചകളെ ആട്ടിയോടിക്കുവാനുളള ശേഷം അവർക്കു നഷ്‌ടപ്പെട്ടിരുന്നു. കിടക്കുന്ന പായിലും ചുമരിൽപ്പോലും അളളിപ്പിടിച്ചുകയറുന്ന സൂക്ഷ്മജീവികൾ തന്റെ ശരീരത്തിൽ നിന്നുണ്ടായതാണെന്ന ഞെട്ടിപ്പിക്കുന്ന ബോധം അവരെയിപ്പോൾ വിട്ടുപോയിരുന്നു. ചുറ്റും ചൂഴ്‌ന്നുനിൽക്കുന്ന ഓക്കാനമുണ്ടാക്കുന്ന ദുർഗന്ധം അവരെയിപ്പോൾ അലട്ടിയിരുന്നുമില്ല. ചൊറിഞ്ഞുപൊട്ടി പൊറ്റകെട്ടിയ മുടികൊഴിഞ്ഞ തലയിൽ അരിച്ചുകുമിയുന്ന പുഴുക്കളുടെ ചലനവും അവർ അറിഞ്ഞില്ല.
ഇരുണ്ട വെളിച്ചം മാത്രം കൂട്ടിനുളള ആ ഇടുങ്ങിയ മുറിയുടെ ഒരു മൂലയിൽ അറപ്പുളവാക്കും മട്ടിൽ വിസർജ്ജ്യാവശിഷ്‌ടങ്ങളിൽ പുരണ്ട് തളർന്നു കിടന്ന ആ നിസ്സഹായ ജന്മം പ്രജ്ഞയുടെ അവസാനക്കച്ചിത്തുരുമ്പിൽ കടിച്ചു തൂങ്ങിക്കൊണ്ട് എന്തിനോവേണ്ടി കാതോർത്തു.
അടഞ്ഞ വാതിലുകൾക്കപ്പുറത്തു നിന്ന് ഉയർന്ന നേർത്ത തേങ്ങലുകളും ഞരക്കങ്ങളും അവരുടെ വൃത്തിയുളള മനസ്സിനെ പിടിച്ചുലച്ചുകൊണ്ടിരുന്നു. കഴിഞ്ഞ ഒന്നുരണ്ടു ദിവസമായി അവർ മുഴുപ്പട്ടിണിയിലാണ്. സംസാരിക്കാനാവാതെ നാവുതളർന്ന അവരുടെ തൊണ്ടക്കുഴിയിൽ നിന്ന് ഇനിയൊരിക്കലും തിരിച്ചുവരാത്തവണ്ണം ശബ്‌ദം ഒളിച്ചോടിയിരുന്നു.
ആ വീട്ടിൽ അവരെ കൂടാതെ രണ്ടു പേരുകൂടിയുണ്ട്. അവരുടെ മകളും മകളുടെ മകളും. മരുമകൻ ആ മൂന്നു സ്‌ത്രീകളേയും ഉപേക്ഷിച്ച് എന്നോ നാടുവിട്ടിരുന്നു. സുന്ദരിയായ പുതിയൊരു ഭാര്യയുടെ രഹസ്യഗന്ധങ്ങളിൽ അയാൾ ആ മൂന്നുസ്‌ത്രീകളേയും പാടേ മറന്നുപോയിരുന്നു.
ഭർത്താവ് ഒളിച്ചോടുമ്പോൾ ഗർഭിണിയായിരുന്ന, വൃദ്ധയുടെ മകൾ സഹായത്തിനാരുമില്ലാത്ത അനാഥാവസ്ഥയിൽ ഒരു പെൺകുഞ്ഞിനു ജന്മം കൊടുക്കുകയും പ്രസവം കഴിഞ്ഞ് എഴുന്നേറ്റതോടെ, ആരോടും പകയോടെ പെരുമാറുന്ന ഒരു ശീലത്തിന്റെ ഉടമയാവുകയും ചെയ്‌തു.
തൊട്ടതിനും പിടിച്ചതിനും അവർ വൃദ്ധയെ കുറ്റപ്പെടുത്തുകയും ചില നേരങ്ങളിൽ പട്ടിണിക്കിടുകയും പലപ്പോഴും ദേഹോപദ്രവമേൽപ്പിക്കുകപോലും ചെയ്‌തു. കുഞ്ഞുനാളിൽ കഥ പറഞ്ഞുകൊടുക്കുമ്പോൾ ഒരുപാടു സംശയങ്ങളുണ്ടായിരുന്ന അവൾ എത്ര ശാന്തശീലയായിരുന്നെന്നും ഇനിയൊരിക്കലും സൗമ്യമായി പ്രവർത്തിക്കുന്ന ഒരു മനസ്സ് അവൾക്കു കൈവരികയില്ലെന്നും വൃദ്ധ അപ്പോഴൊക്കെ വേദനയോടെ ഓർത്തിരുന്നു. ആയിടക്കാണ് വൃദ്ധയ്‌ക്ക് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. അല്പംപോലും വേദനയില്ലാത്ത വൃണങ്ങളിൽ ഏതോ മാറാരോഗത്തിന്റെ പൊറ്റ കെട്ടിത്തുടങ്ങിയത്, ആദ്യം മനസ്സിലാക്കിയതും മകളായിരുന്നു.
അവൾ വൃദ്ധയെ കൂടുതൽ വെറുത്തു. ഒറ്റയ്‌ക്ക് ഒരിടുങ്ങിയ മുറിയിൽ പൂട്ടിയിട്ടു. സൗമ്യമായ മനസ്സ് ഒരു വെളിപാടുപോലെ തിരിച്ചുകിട്ടുന്ന ചെറിയ ഇടവേളകളിൽ മാത്രം അവൾ അമ്മയുടെ അവസ്ഥയെക്കുറിച്ചോർത്ത് ആരുമറിയാതെ കരഞ്ഞിരുന്നു. അപ്പോഴൊക്കെ വലിയ അലൂമിനിയപ്പാത്രത്തിൽ ചെറിയ ചോറുരുളകൾ ഉപ്പു പുരട്ടിവച്ച് അവൾ മുറിക്കുളളിലേയ്‌ക്ക് നീക്കിവച്ചുകൊടുത്തു. ദാഹം തീരാൻ ചിരട്ടയിൽ തണുത്ത വെളളവും. ജീവിച്ചിരിക്കേ മകൾ തനിക്കു നീട്ടുന്ന ബലിച്ചോറുരുളകളിൽ നോക്കി വികൃതമായ മന്ദഹാസത്തോടെ സ്വാദറിയാതെ അവരത് ആഹരിച്ചിരുന്നു. ഇടയ്‌ക്ക് പാദസരത്തിന്റെ നനുത്ത കിലുക്കത്തോടൊപ്പം വാതിൽപ്പാളികൾ പാതി തുറക്കുകയും മൂക്കുപൊത്തിയ ഒരു ചെറിയ മുഖം നീങ്ങിവന്ന് നീൾമിഴികളാൽ തന്റെ രോഗാവസ്ഥയന്വേഷിക്കുകയും ചെയ്യുന്നത് അവർ കാണാറുണ്ടായിരുന്നു. കൈ കാട്ടി അടുത്തേയ്‌ക്ക് വിളിക്കുമ്പോൾ അവൾ മുഖം വലിച്ച് രക്ഷപ്പെടും. പക്ഷേ ആ കുഞ്ഞിന് തന്നോടുളള സ്‌നേഹത്തിന്റെ ആഴത്തേക്കുറിച്ച് വൃദ്ധ ബോധവതിയായിരുന്നു എന്നും.
ഒരിക്കൽപ്പോലും തന്നെ ‘മുത്തശ്ശീ’ എന്നു വിളിച്ചിട്ടില്ലെങ്കിലും ആ പെൺകുട്ടിയുടെ നീൾമിഴികളിൽ ആദ്യകാലത്തു പുരണ്ടിരുന്ന ജിജ്ഞാസയുടേയും അമ്പരപ്പിന്റേയും നീലം അവരെ വല്ലാതെ നീറ്റിയിരുന്നു. പിന്നീട് വളരുന്തോറും ആ നീൾമിഴികളിൽ വ്യാകുലതയും കഠിനവ്യഥയും ഒടുവിൽ നിസ്സഹായതയും ക്രമമായി കയറിയിറങ്ങുന്നതും വൃദ്ധയറിഞ്ഞു.
അവൾ സുന്ദരിയായി വളർന്നു. ഉളളിലെ സ്‌നേഹം മറച്ചുപിടിക്കാനറിയാത്ത കൗമാരത്തിന്റെ പൂപ്പൽപിടിച്ച വഴുവഴുപ്പുളള നടകളിൽ അവൾ കാലിടറി വീണിരിക്കാമെന്നും അവളെ വിശ്വസിപ്പിച്ച് ആ സൗന്ദര്യം മൊത്തിക്കുടിച്ചശേഷം അവളുടെ കാമുകൻ എല്ലാം മറന്ന് നടന്നു നീങ്ങിയിരിക്കാമെന്നും പാരമ്പര്യസ്മൃതികളോടൊത്തു നോക്കി വൃദ്ധ മനസ്സിലാക്കിയെടുത്തു.
സർപ്പക്കാവിനുളളിൽ വച്ച് വെളളിക്കൊലുസ്സുകാണിച്ച് മോഹിപ്പിച്ച് പതിനേഴുതികയാത്ത ഒരു പെൺകിടാവിന്റെ സ്വപ്നങ്ങളെ ചതച്ചരച്ച് കടന്നുപോയ കരുത്തുളള മാംസപേശികളെക്കുറിച്ച് വൃദ്ധ ഒരു നടുക്കത്തോടെ ഓർത്തുപോയി. വൃണങ്ങൾ മൂടിയ ഈച്ചയാർക്കുന്ന തൊണ്ണൂറുകഴിഞ്ഞ ശരീരത്തിനുളളിൽ ഒരു പതിനേഴു തികയാത്ത പെൺകുട്ടി അന്നും തേങ്ങി. നിശ്വാസങ്ങൾക്ക് വിഷസർപ്പത്തിന്റെ ശീൽക്കാരവും ഹോമകുണ്ഡത്തിന്റെ ചൂടുമുണ്ടായിരുന്നു. അടഞ്ഞ വാതിലിനപ്പുറത്തുനിന്നും വീണ്ടും ഞരക്കങ്ങളും തേങ്ങലുകളും! വൃദ്ധ ഒന്നുകൂടി ചുരുണ്ടുകൂടി. പെൺകുട്ടിയെച്ചൊല്ലി വിലപിച്ച് ശാപവാക്കുകൾ ചൊരിയുന്ന തന്റെ മകളുടെ ചിന്താശൂന്യതയെക്കുറിച്ച് ആ അബോധാവസ്ഥയിലും വൃദ്ധ ചിന്തിച്ചുകൊണ്ടിരുന്നു.
അപ്പുറത്ത്, അടഞ്ഞ വാതിലുകൾക്കപ്പുറത്ത് ഒരു ജന്മത്തിന്റെ മുഴുവൻ വേദനയും കടിച്ചിറക്കുന്ന പെൺകിടാവിനെയോർത്ത് വൃദ്ധ സഹതപിച്ചു.
പ്രാർത്ഥന, വൃദ്ധയ്‌ക്ക് ഏതോ സർപ്പക്കാവിൽ കളഞ്ഞുപോയ വെളളിക്കൊലുസ്സായിരുന്നു. എന്നിട്ടും.. “ജപാ കുസുമ സങ്കാശം…കാശിപേയം.” അവരുടെ നാവിൽ വൃണംപോലെ കുരുത്തുപൊങ്ങി.
അവർ ഈച്ചയാർക്കുന്ന പീള കെട്ടിയ കണ്ണുകൾ അമർത്തിത്തുടച്ചു.
തന്റെ മുന്നിലിപ്പോൾ ആരോ നിൽക്കുന്നുണ്ടല്ലോ… ആരാണ്?
ഒരു മൃഗത്തിന്റെ പുറത്തേറി കയ്യിൽ ചുറ്റിപ്പിടിച്ച കയറിന്റെയറ്റത്തെ കുരുക്ക് നീട്ടിയെറിയുന്ന ഈ വിരുതനെക്കുറിച്ച് എവിടെയോ കേട്ടിട്ടുണ്ടല്ലോ.. ഓ മൃത്യുദേവൻ!
വരാൻ കണ്ട സമയം കൊളളാം..!
അപ്പുറത്തെ പെണ്ണിന്റെ പേറ്റുനോവ് പശ്ചാത്തല സംഗീതമായി.
നീൾമിഴിയിലൂറിയ കണ്ണീര് പ്രളയകാലത്തെ ധ്വനിപ്പിച്ചു.
“ഒടുവിൽ പ്രളയജലത്തിനു മുകളിൽ കൃഷ്‌ണചൈതന്യം ആലിലയിൽ ഒഴുകി നടക്കില്ലേ അമ്മേ?”
“ഉം..” കഥയുടെ പരിസമാപ്‌തി.
അവളുറങ്ങിപ്പോയോ?
തേങ്ങലുകളും ഞരക്കങ്ങളും നിലച്ചല്ലോ! കുടിലിനു പുറത്ത് മുറ്റത്ത് നീട്ടിയ കയർക്കുരുക്കുമായി നിന്ന ‘മൃഗവാഹനൻ’ അക്ഷമനാകുന്നു.
“ഇതാ വരുന്നു. അതിനുമുമ്പ് ആ കുഞ്ഞുകരച്ചിൽ ഞാനൊന്നു കാതോർക്കട്ടെ.”
ജനിമൃതിയുടെ താളലയങ്ങളിൽ പശ്ചാത്തലസംഗീതം മുങ്ങിപ്പോയതാണോ?
ഒരു വാതിലിനപ്പുറത്തും ഇപ്പുറത്തുമായി ഇങ്ങനെ…
“അമ്മി കൊത്താനുണ്ടോ കല്ലുകൊത്താനുണ്ടോ…?”
ഇടവഴിയിലൂടെ വന്ന വെളളക്കൽ മൂക്കുത്തിയിട്ട കറുത്തപ്പെണ്ണ് വിളിച്ചു ചോദിച്ചു.
Generated from archived content: story_vellikulusinte.html Author: sree_ponnan
Click this button or press Ctrl+G to toggle between Malayalam and English