നീണ്ടുനിന്ന ഒരു തലവേദനയിൽനിന്നും രക്ഷപ്പെട്ടപോലെ ഏതാണ്ട് എട്ടുദിവസങ്ങൾക്കുശേഷം റോമൻ മജിസ്‌ട്രേറ്റിന്റെ പത്നി തന്റെ കിടക്കയിൽ നിന്നുമെഴുന്നേറ്റു. വിശാലമായ കിടക്കമുറിയുടെ ജനാലകൾക്കരികെ ചെന്നുനിന്നു. പുറത്ത് പകലിന്റെ നാഥന്റെ ചരമം കണ്ടു. കണ്ണുകളിൽ അപ്പോഴും ഭീതി വിട്ടകന്നിരുന്നില്ല. ചുണ്ടുകളിൽ ഏതോ നാമം ഉച്ചരിക്കപ്പെടാൻ അറച്ച് വിതുമ്പിനിന്നു. അകലെ ആകാശത്താഴ്‌വരകളിൽ ഒരു വലിയ യുദ്ധാവസാനമെന്ന കണക്കേ അപ്പോഴും രക്തമൊലിപ്പിച്ച് മേഘക്കുഞ്ഞുങ്ങൾ മരിച്ചുകിടന്നു.
മരണത്തെയോർക്കവെ ക്ലോഡിയയുടെ കണ്ണുകൾ നിറഞ്ഞു. പീലാത്തോസിന്റെ ചുമ അപ്പുറത്തെ മുറിയിൽനിന്നും കേൾക്കാം. കഴിഞ്ഞ കുറേ ദിവസങ്ങളായി ആ ഭരണാധിപൻ ഉറങ്ങിയിട്ടില്ലെന്ന് വ്യക്തം. ഈയിടെയായി ഉറക്കമൊഴിച്ചാൽ പിന്നീട് കുറേ ദിവസത്തേക്ക് ചുമയും തുമ്മലും പതിവാണ്.
“ക്ലോഡിയാ…!”
ശബ്‌ദം താഴ്‌ത്തി വിളിച്ചുകൊണ്ട് വൃദ്ധയായ പരിചാരിക പുറകിലെത്തി. ചിലമ്പിച്ച ശബ്‌ദമുളള അവർ പരിചാരിക മാത്രമല്ല. ചെറിയ തോതിൽ വൈദ്യവും വശമുണ്ട്. കൊട്ടാരവൈദ്യൻമാരോട് സ്വതവേ തോന്നിയിരുന്ന വിദ്വേഷം ഇവരോടൊരിക്കലും തോന്നിയിട്ടില്ല. എന്നിട്ടും അവരുടെ സാമീപ്യം തന്നെ അസ്വസ്ഥയാക്കുന്നു. ഒറ്റയ്‌ക്കിരിക്കാൻ മാത്രമാണ് താനിപ്പോളിഷ്‌ടപ്പെടുന്നതെന്ന് ക്ലോഡിയ തിരിച്ചറിഞ്ഞു. പക്ഷേ…മൂന്നാം ദിവസം അയാൾ ഉയിർത്തെഴുന്നെറ്റുവോ? ക്ലോഡിയയ്‌ക്ക് ഉടനെ അറിയേണ്ടത് അക്കാര്യമായിരുന്നു.
ചെമ്പിച്ച താടിരോമങ്ങളിലൂടെ നെറ്റിയിൽനിന്ന് രക്തവും വിയർപ്പും കൂടിക്കലർന്ന് ഒലിച്ചിറങ്ങിയത് ഇപ്പോഴും കണ്ണിൽനിന്ന് മായുന്നില്ല. പ്രിത്തോറിയത്തിലെ വിചാരണ സമയത്ത് മിഴിയടച്ചുനിന്ന ആ നിസ്സഹായന്റെ മുഖം ഒരിക്കൽ ഉയർന്നുവന്ന് ചോര ചത്തു കിടന്ന കണ്ണുകളാൽ തന്നെ അനുതാപപൂർവ്വം നോക്കിയതും ക്ലോഡിയയ്‌ക്ക് മറക്കാൻ കഴിഞ്ഞില്ല. സത്യത്തിൽ ആ മനുഷ്യൻ തനിക്ക് ആരാണ്? ഗുരുവോ സഹോദരനോ…അതോ കാമുകനോ?
ഒരുവേള കാമുകനാകാൻ അയാൾ തയ്യാറായിരുന്നെങ്കിലോ; തന്റെയീ മനസ്സ് ഒരു ജാരസംഗമത്തിനുവരെ ഒരുങ്ങുമായിരുന്നില്ലേ? അയാളുടെ ചുണ്ടുകളിലെ മന്ദഹാസം ഏതു സ്‌ത്രീയെയാണ് അയാളെ കാമിക്കാൻ പ്രേരിപ്പിക്കാത്തത്! പക്ഷേ അയാളുടെ കണ്ണുകൾ തന്റെ നേർക്കു വന്നിട്ടുളളപ്പോഴൊക്കെ ഒരു കാമുകന്റെയോ ജാരന്റെയോ അർത്ഥനകളായിരുന്നില്ല തനിക്കു നേരെ നീണ്ടത്. ആ മിഴികളിൽ തന്നോടുളള സഹതാപമോ കരുണയോ വാത്സല്യമോ ആയിരുന്നു. എന്നിട്ടും അയാൾ മരണത്തിലേക്ക് നടന്നടുക്കുന്നുവെന്ന് അറിഞ്ഞപ്പോൾ ഒരു അയൽക്കാരിയേക്കാൾ ഒരു കാമുകിയേക്കാൾ എന്തിന് ഒരമ്മയേക്കാൾ ഹൃദയവൃഥയോടെ താൻ കരഞ്ഞുപോയി.
പീലാത്തോസിന്റെ മടിയിൽ ആ കരുത്തുളള വിരലുകളുടെ തലോടലിൽ നിർവൃതി നുകർന്നു കിടക്കുമ്പോഴും തന്റെ പാവം മനസ്സ് ഏതോ താഴ്‌വാരങ്ങളിലെ കൊടുംമഞ്ഞിലേയ്‌ക്ക്, തീ കായുന്ന ശിഷ്യഗണങ്ങൾക്കു നടുവിലിരുന്ന് വിരലുകളിൽ ഒരു സൈന്യത്തെ മുഴുവൻ ആവാഹിക്കുന്ന ആ ചെറുപ്പക്കാരന്റെ ചടുല ചലനങ്ങളിലേയ്‌ക്ക് പലപ്പോഴും തുളളിത്തെറിച്ചുപോയതെങ്ങനെയാണ്? യാദൃശ്ചികമായി കേട്ട അവന്റെ ചുരുക്കം ചില വാചകങ്ങൾപോലും എങ്ങനെയാണ് തനിക്ക് മധുരിക്കുന്ന വീഞ്ഞായത്?
ഭർത്താവിനേക്കാൾ തനിക്കു പ്രിയപ്പെട്ടവനോ ആ നസ്രേയനായ യുവാവ്? ദൈവമേ….അവനെക്കുറിച്ചു ചിന്തിക്കുമ്പോൾ പോലും തന്റെ ഓരോ രോമക്കൂപവും ഇനിയും വിജൃംഭിക്കുന്നതെന്തേ?
ആ വിശാലമായ നെറ്റിത്തടവും തോളറ്റംവരെ നീണ്ടുചുരുണ്ട ചെമ്പൻമുടിയും തന്റെ ഹൃദയത്തിലേക്ക് ഏതു കുളിരാണ് ഇന്നും കോരിയിട്ടുതരുന്നത്?
കഴിഞ്ഞ കുറെ ദിവസങ്ങൾക്കുമുമ്പാണ് അവൻ വിറയാർന്ന ചോരച്ചുവടുകളുമായി പ്രിത്തോറിയത്തിൽ നിന്നും പരിഹസിക്കുന്ന ജനപ്രതിനിധികളുടെയും ആക്രോശിക്കുന്ന ജനങ്ങളുടെയും മദ്ധ്യത്തിലേയ്‌ക്ക് നീങ്ങിപ്പോയത്.
അവർ അവനെ ക്രൂശിലേറ്റിയത്രെ! നേരിട്ട് കീഴടക്കിയും ചതിച്ചു തോല്‌പിച്ചും റോമൻ ഭരണകൂടം ഇതിനോടകം കുരിശിൽ തറച്ച് കൊന്നൊടുക്കിയ യൗവ്വനങ്ങളിൽ ഇവന്റെ സ്ഥാനം എത്രാമത്തേതാണ്? റോമിന്റെ മണ്ണേ നീയിത്ര രക്തദാഹിയോ?
അവൻ മരിച്ചയുടനെയാണ് കനത്ത മഴയും ദേവാലയത്തിന്റെ തിരശ്ശീലപോലും കീറിയകറ്റിയ കാറ്റും ജറുസലേമിലെങ്ങും അലയടിച്ചത്. അവൻ സത്യത്തിൽ നിഷ്‌ക്കളങ്കനും നീതിമാനുമായിരുന്നുവെന്ന് പട്ടണവാസികൾ തിരിച്ചറിഞ്ഞത്; ആ മഴയിലൂടെ ഭൂമിയിലേക്കിറങ്ങി വന്ന വെളളിടികളുടെ നടുക്കത്താലാണ്. ആ വിവരമറിഞ്ഞാണ് തനിക്ക് ബോധം മറഞ്ഞുപോയത്.
നീണ്ട എത്രയോ ദിനരാത്രങ്ങൾ….!
“ക്ലോഡിയ ഇതു കുടിക്കൂ…”
പച്ചിലച്ചാറിന്റെ മണം മുറിയിലെമ്പാടും വീശി. പരിചാരിക നീട്ടിയ വെളളിപ്പാത്രത്തിലെ മരുന്ന് കുടിച്ചിറക്കുമ്പോഴും നീതിമാന്റെ മരണത്തിനുശേഷം എന്തു സംഭവിച്ചു എന്നറിയാനുളള തിടുക്കത്തിലായിരുന്നു ക്ലോഡിയയുടെ ചിന്തകൾ…
അപ്പുറത്ത് പീലാത്തോസ് വീണ്ടും ചുമച്ചു. അദ്ദേഹമൊന്നുറങ്ങിയിരുന്നെങ്കിൽ…! എങ്ങനെ ഉറങ്ങും? അറിഞ്ഞുകൊണ്ട് ഒരു തെറ്റു ചെയ്‌ത മനസ്സിന് ഉറക്കം വിധിച്ചിട്ടില്ല. പക്ഷേ പീലാത്തോസ് ആ ചെറുപ്പക്കാരന്റെ രക്ഷ ആഗ്രഹിച്ചിരുന്നു എന്ന് സ്പഷ്‌ടം.
വാക്കുകളിൽ ധ്വനിപ്പിച്ചും അവസരങ്ങളെ ബോധപൂർവ്വം മുന്നിലേയ്‌ക്ക് വലിച്ചെറിഞ്ഞും പീലാത്തോസ് ആ ചെറുപ്പക്കാരന് രക്ഷപ്പെടലിന്റെ പഴുതുകൾ സൃഷ്‌ടിച്ചുകൊടുത്തത് താനും കേട്ടുനിന്നതാണ്. പക്ഷേ അയാൾ ഒരിക്കൽപോലും ആ പഴുതുകളെ കണ്ടതായി നടിച്ചില്ല. ഭടൻമാരുടെ ആക്രമണത്തിൽ കലങ്ങിയ കണ്ണും കരളുമായി, നീരുവന്നു വീർത്ത മുഖവും മുറിഞ്ഞു ചോരയുണങ്ങിയ വരണ്ടചുണ്ടുകളുമായി, അയാൾ തന്റെ വിധിക്കുവേണ്ടി കാത്തുനിൽക്കുകയായിരുന്നു.
പാവം, തന്റെ ഭർത്താവ്; ഒരുപക്ഷേ അയാളേക്കാൾ നിസ്സഹായനാണെന്ന് തോന്നിപ്പോയ നിമിഷങ്ങൾ! സ്വയം രാജാവാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് അയാളെക്കൊണ്ട് പറയിക്കാൻ പീലാത്തോസ് ചാഞ്ഞും ചരിഞ്ഞും നടത്തിയ സംസാരങ്ങളും ചോദ്യം ചെയ്യലുകളും അയാൾ തിരിച്ചറിയുന്നുണ്ടായിരുന്നില്ലേ? ഒരു രാജ്യത്തെ മുഴുവൻ തന്റെ കാലടികളിലേക്കാവാഹിച്ച ശക്തനായ വിപ്ലവകാരി ഇത്രയ്‌ക്ക് മഠയനായിരുന്നോ? ആർക്കുവേണ്ടിയാണ് അവൻ സ്വയം ബലിയാടായത്? ക്ലോഡിയയ്‌ക്കൊന്നിനും ഉത്തരം കിട്ടിയിരുന്നില്ല; അന്നും ഇപ്പോഴും.
രാജ്യം മുഴുവൻ വെറുക്കുന്ന ബറാബാസ് പോലും തന്നെ സ്വതന്ത്രനാക്കിയെന്നറിഞ്ഞപ്പോൾ ആർത്തുചിരിക്കാൻ മറന്നു. വിസ്‌മയവും അമ്പരപ്പുമായി ബറാബാസ് എന്ന ഭീകരൻ ആ ചെറുപ്പക്കാരെനേയും പീലാത്തോസിനേയും മാറിമാറി തുറിച്ചുനോക്കിയതും ക്ലോഡിയ ഓർത്തു.
ആ നിമിഷങ്ങളിൽ ആ നസ്രേയന്റെ മനസ്സിലെന്തായിരുന്നു? “അവനെ ക്രൂശിക്കുക!”എന്നാർത്തു വിളിക്കുന്ന ജനങ്ങൾക്കിടയിൽ അവന്റെയമ്മ നിന്നു വിതുമ്പുന്നുണ്ടായിരുന്നത്രേ! എത്ര നാണംകെട്ട വിധിയായിരുന്നു അവന്റേത്! എത്ര അവിശുദ്ധമായ ‘വിധി’യായിരുന്നു പീലാത്തോസിന് നടപ്പാക്കേണ്ടി വന്നത്?
സത്യത്തിൽ പീലാത്തോസ് സീസറെ ഭയന്നിരുന്നോ? ഇനി എത്ര ജന്മങ്ങൾ കൈകൾ ചേർത്തുരച്ചു കഴുകിയാലും ഈ കറകൾ അദ്ദേഹത്തിൽനിന്നും മാഞ്ഞുപോവുമോ?
ചരിത്രത്തിന്റെ താളുകളിലേയ്‌ക്ക് മായാത്ത വടുക്കളായി ഈ പാപക്കറകൾ കയറിക്കൂടുന്നത് ക്ലോഡിയ ഖേദത്തോടെയറിഞ്ഞു. എല്ലാം മുൻകൂട്ടിയറിഞ്ഞിട്ടും അയാളെന്തിനീ വിധിക്കു കീഴടങ്ങി? ഒരുപക്ഷെ അയാളുടെ ആ തീരുമാനം മൂലം നാളെ ചരിത്രകാരൻമാർ മറ്റു രണ്ടുപേരെക്കൂടി കുറ്റവാളികളായി വിധിക്കും.
ഒന്ന് റോമൻ മജിസ്‌ട്രേറ്റായ പീലാത്തോസ് എന്ന തന്റെ ഭർത്താവിനെ. രണ്ട് പ്രതിയുടെ പന്ത്രണ്ടു ശിഷ്യരിൽ പ്രമുഖനായ യൂദാസ് ഇസ്‌ക്കാരിയോത്തിനെ.
നാട്ടിലെ ഏറ്റവും വിശിഷ്‌ട വ്യക്തിത്വത്തിനു കൊടുക്കുന്ന സ്ഥാനപ്പേരാണ് യൂദാസ്. ഇനിമുതൽ ആ നാമം കുറ്റവാളിയുടെയും വഞ്ചകന്റെയും നാമവിശേഷണമായി മാറും. സാൻഹൈദ്രീൻ സംഘത്തിന്റെ ദുർവാശികൾക്കു മുന്നിൽ റോമൻ ന്യായാധിപൻ പതറിപ്പോകരുതായിരുന്നു.
കഴിഞ്ഞകാല ചിത്രങ്ങൾ ഓരോന്നോരോന്നായി ഓർമ്മയിലെത്തിക്കൊണ്ടിരിക്കേ ക്ലോഡിയയ്‌ക്ക് കരയാൻ കണ്ണീരില്ലായിരുന്നു. അവൾ വാഗ്‌ദത്ത രാജാവിനെ ഒരിക്കൽക്കൂടി ഓർത്തു.
തോഴിമാരോടൊത്ത് ജറുസലേമിനു പുറത്ത് ഏതോ തോട്ടത്തിൽ വച്ചാണ് അവനെ ആദ്യമായി കണ്ടത്. താനവനെ കണ്ട അതേ നിമിഷം തന്നെയാണ് അവൻ തന്നെക്കണ്ടതും.
ഒരു വലിയ നിമിഷം! അതു നിലത്തു വീണുടയാതെ തങ്ങളുടെ കണ്ണുകളിൽ തൂങ്ങിപ്പിടിച്ചുനിന്നു. ദൈവം കൊളുത്തിയ ദീപനാളങ്ങൾ ആ കണ്ണുകളിൽ എരിഞ്ഞിരുന്നു. അവയുടെ നറുംവെളിച്ചത്തിൽ ഒരു പിതാവും പുത്രനും ഉടപ്പിറപ്പും വിശ്വാസഗോപുരം പോലെ തിളങ്ങിനിന്നു.
ഒരു നിത്യവിസ്‌മയം; ഗലീലിയുടെ കുന്നുകളിലും പുൽമേടുകളിലും യൂദിയായിലെ തെരുവോരങ്ങളിലും വാണിഭസ്ഥലത്തുമായി, അവനു ചുറ്റും കൂടിനിന്നവരുടെ മുഖങ്ങളിൽ എക്കാലത്തും കാണപ്പെട്ടു. അവന്റെ പരിപൂർണ്ണ ദയയും സ്‌നേഹവായ്‌പും സ്‌ത്രീകളിൽ വേശ്യകളെത്തേടി നടന്നു.
അവന്റെ ദർശനത്തിനുശേഷം അവർക്ക് മുഖം താഴ്‌ത്തേണ്ടി വന്നിട്ടേയില്ല. അവൻ തൊട്ടശേഷം അടിമകൾ ചിന്താധീനരും ധീരരുമായി. അവർ ദാവീദിന്റെ പുരാതന സ്പർശമേറ്റ ജറുസലേമിനെ ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കി. അവന്റെ വാക്കുകളിലും പ്രവൃത്തികളിലും അപകടം മണത്ത റോമൻ പട്ടാളം ജാഗരൂകരായി.
വിശുദ്ധ പുരോഹിതരായ കയ്യഫാസും അന്നാസും വെറിപിടിച്ച പട്ടികളെപ്പോലെ രാത്രികളിൽ സഭാമദ്ധ്യത്തിൽ നീട്ടിനീട്ടിയോരിയിടാൻ തുടങ്ങി….
ക്ലോഡിയ, പാദരക്ഷകൾപോലും ധരിക്കാനില്ലാതിരുന്ന നിർഭയനും ധനികനുമായ രാജാവിനെക്കുറിച്ച് വൃഥാ ആശ്വസിക്കാൻ ശ്രമിച്ചു. അവന്റെ കടാക്ഷത്താൽ ആത്മാവിനുളളിൽ പണ്ടേ താനറിഞ്ഞ സ്വാതന്ത്ര്യവും സന്തോഷവും ക്ലോഡിയ ഒരിക്കൽകൂടി നുണഞ്ഞെടുക്കാൻ ശ്രമിച്ചു.
അവളെ കട്ടിലിലേയ്‌ക്ക് കിടത്തി ഹിമംപോലെ വെളുത്ത പുതപ്പെടുത്തു പുതപ്പിച്ചിട്ട് പരിചാരിക ചെവിയിൽ മന്ത്രിച്ചു.
“അവൻ ഉയിർത്തെഴുന്നേറ്റൂ ക്ലോഡിയ. മൂന്നാംനാൾ തന്നെ.”
“ങേ?”
ക്ലോഡിയയ്‌ക്ക് ഒരു ശൈത്യമല ഒന്നാകെ വിഴുങ്ങിയപോലെ ശരീരം കിടുകിടുത്തു. അവൾ പിടഞ്ഞെണീറ്റു.
“നേരോ?”
അത്രയേ ചോദിക്കാനായുളളൂ. പരിചാരിക വിശദീകരിച്ചു.
“നേരാണ്. പക്ഷേ യൂദാസ് ഇസ്‌ക്കാരിയോത്ത് ഏവരാലും വെറുക്കപ്പെട്ട്, കല്ലെറിയപ്പെട്ട് പട്ടണത്തിൽ നിന്ന് ഒളിച്ചോടി. അകലെ; തെരുവുകൾക്കകലെയെങ്ങോ ഒരിരുണ്ട മലയുടെ അപ്പുറത്തെ വൃക്ഷക്കൊമ്പിൽ അവൻ തൂങ്ങി മരിച്ചെന്നോ, ഉയർന്ന പാറക്കെട്ടുകളിൽ നിന്നും താഴേക്കു ചാടിച്ചത്തെന്നോ പട്ടാളം പറഞ്ഞു നടക്കുന്നു. പക്ഷേ…
പരിചാരിക നിറുത്തി.
”പക്ഷേ…?“
ക്ലോഡിയയ്‌ക്ക് ഭ്രാന്തു പിടിച്ചപോലെയായി.
”പക്ഷേ…?“
പരിചാരിക ഒന്നു ചിന്തിച്ചുനിന്നു. പറയണോ വേണ്ടയോ എന്ന് തീരുമാനമാകാതെ ആ വൃദ്ധ വിഷമിച്ചപോലെ. ക്ലോഡിയ കട്ടിലിൽ നിന്നും ചാടിയിറങ്ങി. അവളുടെ വന്യഭാവം കണ്ട് പരിഭ്രമിച്ച് ധൃതിയിൽ പരിചാരിക പറഞ്ഞു.
”സാൻ ഹൈദ്രീൻ സംഘം കുറ്റമാരോപിച്ച രാഷ്‌ട്രീയ കുറ്റവാളി വാസ്‌തവത്തിൽ രക്ഷപ്പെടുകയായിരുന്നു മകളെ. കുരിശിലേറ്റപ്പെട്ടത് യൂദാസായിരുന്നു. കുറ്റവാളിയായി ഇപ്പോൾ ചരിത്രം പഴിക്കുന്നത് നിന്റെ ഭർത്താവിനെയും.“
”അപ്പോൾ അവൻ?“
വൃദ്ധ ചിന്തയോടെ പറഞ്ഞു. ”അവൻ…അവൻ ദൈവമായിരുന്നില്ല. നന്മ നിറഞ്ഞ മനുഷ്യപുത്രൻ മാത്രം. അവനെയാരും പിന്നീട് ഈ പട്ടണത്തിൽ കണ്ടില്ല. കൊടുങ്കാറ്റിനും പേമാരിക്കുമൊപ്പം അവൻ കടന്നുപോയി. ശവക്കച്ചകൾക്കും കല്ലറകൾക്കും അതീതനായി. അവനെ പിന്നീട് കണ്ടുവെന്നവകാശപ്പെട്ടത് അവനെയോർത്ത് ഖേദിച്ചവർ മാത്രം. അവനാദ്യം പ്രത്യക്ഷപ്പെട്ടുവെന്ന് പറയപ്പെടുന്നത് പതിതയായ ആ മറിയത്തിന്റെ മുന്നിലും.“
പരിചാരിക പിന്നീട് നഷ്‌ടബോധത്തോടെ എന്തോ ഓർത്തിരുന്നു. അവരുടെ കണ്ണുകൾ വിദൂരതയിലായിരുന്നു.
അപ്പുറത്ത് പൊന്റിയസ് പീലാത്തോസ് ചുമയ്‌ക്കുന്നുണ്ടായിരുന്നു. യുഗങ്ങൾക്കുശേഷവും ആ ചുമ അലയടിച്ചേക്കുമെന്ന് ക്ലോഡിയയ്‌ക്ക് തോന്നി.
അവൾ പരിചാരികയോടു പറഞ്ഞു.
”എനിക്കൊന്നു പ്രാർത്ഥിക്കണം. അവനോടൊത്ത് പാടുംപോലെ മധുരമായിരിക്കും അത്.“
ക്ലോഡിയയുടെ മനസ്സിൽ മഗ്‌ദലന മറിയത്തിന്റെ ഭാഗ്യത്തെക്കുറിച്ച് ഒരു പാട്ടുയർന്നു.
———
Generated from archived content: story1_dec17.html Author: sree_ponnan