പരേതർക്കു പറയുവാനുളളത്‌

മരിച്ചവരുടെ ആത്മാക്കൾ ഒന്നിച്ചുകൂടി ഗംഭീരമായൊരു പ്രതിജ്ഞയെടുത്തു.

“ഇനി ഇത്‌ തുടർന്നുപോകാൻ അനുവദിക്കരുത്‌. നമുക്ക്‌ ശരീരം നഷ്‌ടപ്പെട്ടതുകൊണ്ടാണ്‌ നമ്മെ ആർക്കും ഒരു വിലയുമില്ലാത്തത്‌. മാത്രമല്ല; ആത്മാക്കളെ നേരിൽ കാണാൻ സൗകര്യമില്ലാത്തതും ഭൂമിയിൽ ജീവിച്ചിരിക്കുന്നവർക്ക്‌ മരിച്ചവരെ മറന്നു പ്രവർത്തിക്കാൻ സഹായകമാവുന്നുണ്ട്‌.

ഒരാൾ മരിച്ചു കഴിഞ്ഞാൽ എല്ലാവരും ഓടിക്കൂടും. പക്ഷേ അന്ത്യകർമ്മങ്ങൾക്ക്‌ ഒരല്പം താമസം നേരിട്ടാലോ, അടുത്ത ബന്ധുക്കളെത്താൻ ഒന്നോ രണ്ടോ മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങൾ തന്നെ വൈകുമെന്നു വന്നാലോ; അവഗണനകൾ തുടങ്ങുകയായി. നീരസം ഉളളിലൊതുക്കി ചരമ ശുശ്രൂഷാദികൾ കഴിയുംവരെ എല്ലാവരും നിന്നേക്കും. പിന്നീട്‌ ഇല്ലാത്ത സൗഹൃദവും ബന്ധുത്വവും പരേതനുമായി ദീർഘകാലത്തെ പ്രവർത്തന പങ്കാളിത്തവും തമ്മിൽത്തമ്മിൽ പൊടിപ്പും തൊങ്ങലും വച്ച്‌ പറഞ്ഞ്‌ കുറെ മുതലക്കണ്ണീൽ വാർത്ത്‌ പിരിഞ്ഞുപോകും. അതിനിടയിൽ പുതിയൊരു ചരമം കിട്ടുന്നതോടെ ആദ്യം മരിച്ചയാളെ ‘കഥാവശേഷനാ’ക്കുകയായി; മറക്കുകയായി.

പക്ഷേ ആണ്ടുതോറും സ്മരണപുതുക്കയും ബലിയർപ്പിക്കലും പ്രാർത്ഥനാചടങ്ങുകളും ആചരിക്കും. സത്യത്തിൽ ആചരിക്കലല്ല; ആഘോഷിക്കൽ തന്നെയാണ്‌ നടക്കുന്നത്‌. അതിൽ സൂക്ഷ്‌മമായി ശ്രദ്ധിച്ചാൽ കുറെ സ്വാർത്ഥത കൂടിയുണ്ട്‌. നേരു പറഞ്ഞാൽ ഈ ബലിയർപ്പിക്കലും പ്രാർത്ഥനകളും മറ്റും മരിച്ചവരോടുളള കടപ്പാടു തീർക്കലിനേക്കാൾ, സ്വന്തം സ്വസ്ഥതയ്‌ക്കുളള വഴി കണ്ടെത്തലോ ഗുണപരമായ ഭാവിക്കുവേണ്ടി, ഏതെങ്കിലും ജോത്സ്യന്മാരും പ്രവാചകപാരമ്പര്യം അവകാശപ്പെടുന്ന മതപുരോഹിതരും നിർബന്ധിച്ച്‌ ചെയ്യിക്കുന്ന ഒരുതരം കാണിച്ചുകൂട്ടലുകളോ മുൻകരുതൻ നടപടികളോ ഒക്കെ ആയി മാറാറുണ്ട്‌.

അങ്ങനെ ചിന്തിക്കുമ്പോൾ ജീവിച്ചിരിക്കുന്നവർക്ക്‌ മരിച്ചവരോട്‌ ഒരുതരം വെറുപ്പും അറപ്പും മാത്രമാണ്‌ മനസ്സിലുളളതെന്ന്‌ തിരിച്ചറിയാനാകും. പരേതർക്കുളള പാഥേയം സ്വാദിഷ്‌ടമാകാത്തതിന്റെ പ്രധാന കാരണം ഇതുതന്നെയാണ്‌.

പരേതസ്‌മൃതിയെന്നത്‌ അവനവന്റെ സ്വസ്ഥതയ്‌ക്കുളള ഒരു ഉപാധിയായി ജീവിച്ചിരിക്കുന്നവൻ കാണുന്നു. മരിച്ചവർക്കുളളത്‌ വീതം വച്ചില്ലെങ്കിൽ ആത്മാക്കൾ അലഞ്ഞുനടന്ന്‌ മരിക്കാത്തവരെ ആക്രമിക്കുമെന്നും കുടുംബം കുളംതോണ്ടുമെന്നും പറയുന്ന കഥകളും നാടകങ്ങളും സിനിമകളും ഭൂമിയിൽ ഏറെ പ്രചാരത്തിൽ വന്നിരിക്കുന്നു. പരേതർക്ക്‌ യൂണിഫോം വരെ അവർ നിശ്ചയിച്ചു കഴിഞ്ഞു. വെളുത്ത വസ്‌ത്രം. തരക്കേടില്ല. പക്ഷേ; അതേക്കുറിച്ചും ഒരല്പം ചിന്തിക്കേണ്ടതുണ്ട്‌. ജീവിച്ചിരിക്കുന്നവരിൽ, നിറങ്ങളുടെ അടിസ്ഥാനത്തിൽ ചില തൊഴിലുകളും സ്ഥാനമാനങ്ങളും കല്പിക്കപ്പെട്ടിട്ടുണ്ട്‌. പക്ഷേ സേവനമെന്നത്‌ തൊഴിലല്ലാത്ത നിലയ്‌ക്ക്‌ സേവന മാതൃകയിലുളള ജോലിക്കാണ്‌ കൂടുതലായും വെളുത്ത വസ്‌ത്രം ഉപയോഗിക്കപ്പെടുന്നത്‌. എത്ര ഉന്നതമായ ചിന്തയാണത്‌.

ഡോക്‌ടറും അധ്യാപകനും സന്യാസിയും മാന്യനും വെളുത്ത വസ്‌ത്രക്കാരനാണ്‌. ശുഭ്ര വസ്‌ത്രക്കാരനു കിട്ടുന്ന മാന്യതയോ മഹോന്നതം. നിറങ്ങളുടെ തമ്പുരാനാണ്‌ വെളുപ്പ്‌. എല്ലാ നിറങ്ങളും അലിയിച്ചു തീർത്ത്‌ പ്രപഞ്ചാധിനാഥൻ മെനഞ്ഞെടുത്ത സാംസ്‌ക്കാരിക പദവിയുളള നിറം. ആ നിറമാണ്‌ പരേതർക്ക്‌ നിശ്ചയിച്ചിട്ടുളളതെന്നതിനാൽ മനുഷ്യന്റെ ഭീതിയുടെ അളവ്‌ വ്യക്തമാവുന്നുണ്ടല്ലോ. ഏതായാലും അക്കാര്യത്തിൽ പരേതർ, ഭൂമിയിൽ ജീവിച്ചിരിക്കുന്നവരോട്‌ കുറെയധികം നന്ദി മനസ്സിൽ സൂക്ഷിക്കുന്നുണ്ട്‌.

മരിച്ചവന്റെ അവസ്ഥ ഒരു തരത്തിലും മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാനാവാത്തത്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌. അത്‌ അനുഭവിച്ചറിയേണ്ടതുതന്നെ. ജീവിച്ചിരിക്കുന്നവർ എന്താണീ ചിന്തിക്കുന്നത്‌? മരിച്ചവർക്ക്‌, മരിക്കുന്നതോടെ തങ്ങളുടെ മാനാഭിമാനങ്ങൾ ഇല്ലാതാവുമെന്നോ? മരിച്ചവന്‌ മരിച്ചശേഷവും അവന്റേതായ അഭിപ്രായങ്ങളും ഇഷ്‌ടാനിഷ്‌ടങ്ങളുമുണ്ട്‌. ഭാവന നിറഞ്ഞ മനസ്സും സ്വപ്‌നം കാണാനുളള കഴിവും കൈമോശം വന്നിട്ടില്ല. ചലനം നിലക്കുന്നതോടെ പ്രപഞ്ചത്തിൽ നിന്നവൻ അപ്രത്യക്ഷമാവുന്നില്ലല്ലോ. ഭൂമിയിൽ അവന്റെ ദിനങ്ങളും നിമിഷങ്ങളും അവസാനിക്കുന്നുവെന്നതു നേര്‌. ഒരു യന്ത്രം കേടാവുന്നതു കണക്കേ അവന്റെ ചലനം നിലച്ചുപോകുന്നു.

കൃത്യസമയത്തിനുളളിൽ മുറിച്ചെടുത്ത്‌ മാറ്റി സൂക്ഷിച്ചില്ലെങ്കിൽ അവന്റെ ശരീരത്തിൽ നിന്നും ഒന്നും തന്നെ ബാക്കിയില്ലാതെ എല്ലാം ചീത്തയായി അഴുകി പുഴുവരിച്ചു പോകും. പക്ഷേ അപ്പോഴും ആത്മാവിനുളളിലെ നേര്‌ ഉണർന്നിരിപ്പുണ്ട്‌. വരും തലമുറയ്‌ക്ക്‌ പകർന്നു കൊടുക്കേണ്ട അനുഭവങ്ങളുടെ നേര്‌! അതുപറയാൻ പരേതരുടെ ചുണ്ടും നാവും വെമ്പി.

അത്‌ ‘ജീവനുളള മഠയന്മാർ’ ഇനി എന്നാണ്‌ തിരിച്ചറിയുക? ആ മനഃക്കണ്ണിനുമുന്നിൽ, മനുഷ്യൻ ടി.വി. സ്‌ക്രീനിനു മുന്നിലെന്നപോലെ പരേതൻ ഉണർന്നിരിക്കുന്നു. മരിച്ചിട്ടും എല്ലാം കാണുന്നു. എല്ലാവിധ പൊളളത്തരങ്ങളും നിന്ദകളും അതുവരെ തന്റെ മുന്നിൽ കണ്ട മുഖംമൂടികളും തിരിച്ചറിയുന്നു. സകല അവഗണനകളുടെയും ഗർവ്വുകളുടെയും ഘോഷയാത്രകൾ കണ്ട്‌ പരേതൻ മരിക്കാതെ മരിക്കുന്നു. അതോടെയാണ്‌ ഒരുവന്റെ മരണം യഥാർത്ഥത്തിൽ നടക്കുന്നത്‌ അഥവാ ഒരുവൻ മരിക്കുന്നത്‌ അപ്പോൾ മാത്രമാണ്‌; മരണത്തിന്റെ രണ്ടാംഘട്ടത്തിൽ.

ഈ അവഗണനകളും പൊളളത്തരങ്ങളും തങ്ങളറിയുന്നുണ്ട്‌ എന്നൊരു താക്കീതു കൊടുക്കാൻ പോലും കഴിയാത്തത്ര നിസ്സഹായവസ്ഥയിലാണ്‌ പരേതർ എന്നും. എന്താണിതിനൊരു നിവൃത്തിമാർഗ്ഗം? അതേക്കുറിച്ച്‌ യുഗങ്ങളായി പരേതർ ഒറ്റയ്‌ക്കും കൂട്ടായും ചിന്തിക്കുന്നു. പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ; ഒരു മാർഗ്ഗവും ഒരാശയവും മുന്നിൽ തെളിയാറില്ല. എന്നാൽ ചിലനേരത്ത്‌ ഒരാശ്വാസവും ഉൻമേഷവുമൊക്കെ തോന്നാറുണ്ട്‌. അതാകട്ടെ ചില പ്രേത സീരിയലും ഭീകരസിനിമകളുമൊക്കെ കാണുമ്പോഴാണു താനും. പരേതർക്കു പറയുവാനുളള ചില വിഷമങ്ങളും വ്യസനങ്ങളും അത്തരം കഥകളിൽ ചില ഭൂതകഥാപാത്രങ്ങൾ വന്ന്‌ പറയാറുണ്ട്‌. പക്ഷെ അതുവല്ലതും വാസ്‌തവമാണോ എന്നാരെങ്കിലും ചിന്തിക്കാറുണ്ടോ? ഇല്ല.

അടുത്തയിടയ്‌ക്ക്‌ ഭൂമിയിൽ ഒരു കാലത്ത്‌ ദൈവത്തിന്റെ തറവാട്ടു സ്വത്ത്‌ ആയിരുന്ന ഒരു പ്രദേശത്ത്‌, ഇപ്പോഴും ഒരുപാട്‌ ബുദ്ധിമാൻമാരും ബുദ്ധിമാന്ദ്യമുളളവരും തിങ്ങിപ്പാർക്കുന്ന ഒരിടത്ത്‌, ഒരു തമാശയുണ്ടായി. മരിച്ചവളുടെ ആത്മാവ്‌ ജീവിച്ചിരിക്കുന്നവരോട്‌ പ്രതികാരം ചെയ്യുന്ന കഥ പറയുന്ന ഒരു സിനിമയ്‌ക്ക്‌ വൻ കളക്ഷൻ! സംഗതിയെന്താ! ഭീകരചിത്രമെന്ന്‌ ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന പടത്തിൽ മുഴുവനും കോമഡിയാ. പരേതയെ ആർക്കും ഭീതിയില്ല. ഇടനീളം തമാശകൾ ചെയ്യുന്ന ഒരു യക്ഷി. അതുകൊണ്ടാ ചിത്രം നന്നായി ഓടിയത്രെ. മറ്റൊന്നു കേൾക്കണോ?

പല പ്രദേശങ്ങളിലും മരിച്ചുകിടക്കുന്നയാളെ ‘ശവം’ എന്നു പൊതുവെ പറയാറുണ്ട്‌. എവിടന്നു കണ്ടുപിടിച്ചൂ മനുഷ്യനീ വാക്ക്‌? മൃതദേഹമെന്നോ മൃതശരീരമെന്നോ പറഞ്ഞൂടേ? അതു പത്രക്കാർ മാത്രം മിക്കപ്പോഴും പാലിക്കും. അപ്പന്റെ ശരീരം നിശ്ചലമായാൽ പോലും പ്രിയപ്പെട്ട മക്കൾ പറയും; ശവത്തെ കുളിപ്പിക്കാനെടുക്കൂ, ശവത്തെ പുതപ്പിക്കൂ, ശവദാഹം നടത്തൂ എന്നൊക്കെ. എത്ര നന്ദികെട്ട സംസ്‌കാരം. ഈ വാക്കുകൾ പരേതന്റെ ആത്മാവിൽ എത്ര വ്യസനമുണ്ടാക്കും എന്ന്‌ സ്വപുത്രൻമാർ വരെ മറന്നുപോകുന്നല്ലോ! കഷ്‌ടം! ഇപ്പോളിതാ, മനുഷ്യനേക്കാൾ ഈശ്വരനു വിലയുളള ഒരു നാട്ടിൽ; ദേവപ്രീതിക്കായി എക്കാലവും വെടിക്കെട്ടും പൂരവും കൊണ്ടാടുന്ന ഒരു നാട്ടിൽ ഒരു കൂട്ടർ ‘ശവ’ത്തെ അവഹേളിക്കുംവിധം ആ പദത്തിന്‌ സ്‌ത്രീലിംഗമെന്ന കണക്ക്‌ മറ്റൊരു പദം കൂടി കണ്ടെടുത്തിരിക്കുന്നു. ‘ശവി’. അവർ സ്‌നേഹിതരെപ്പോലും അഭിസംബോധന ചെയ്യുവാൻ ഇപ്പോൾ ഈ പദമാണത്രെ ഉപയോഗിക്കുന്നത്‌. ഈ നിലപാടുകൾ ചരിത്രത്തിനും മനുഷ്യസംസ്‌കാരത്തിനും ഭാഷാസാഹിത്യത്തിനും നിരക്കാത്തതല്ലേ. ഇതു മാറണം. മാറിയേ തീരൂ. അതിനുളള പോംവഴികൾ തേടി പരേതർ കൂട്ടയോട്ടം വരെ സംഘടിപ്പിച്ചു. മരണത്തിന്റെ കവാടത്തിനപ്പുറത്തെ സ്വാതന്ത്ര്യത്തിന്റെ ലോകത്തിരുന്ന്‌ അവർ കൂലങ്കഷമായി ചിന്തിച്ചു. കൂടിയാലോചനകൾ നടത്തി.

തർക്കവിതർക്കങ്ങൾക്കും ശീതസമരങ്ങൾക്കും ശേഷം അഭിപ്രായ വോട്ടെടുപ്പും നടത്തി. ഒടുവിൽ അവർ ഒരു പ്രതിജ്ഞയെടുത്തു. പരലോകത്തെ രഹസ്യങ്ങൾ കൂടി ഓരോന്നായി മനുഷ്യനു ചോർത്തിക്കൊടുക്കുക. നിഗൂഢതയുടെ കലവറയിലെ അവസാനമുത്തുകളും അവൻ പെറുക്കിയെടുക്കട്ടെ. അന്വേഷണത്തിന്റെ അവസാനത്തെ വിശപ്പും തീരട്ടെ. നിരീക്ഷണ പരീക്ഷണങ്ങളും നിതാന്ത പരിശ്രമങ്ങളും കൊണ്ട്‌ മനുഷ്യൻ പ്രപഞ്ച രഹസ്യങ്ങളുടെ ഒടുക്കത്തെ പടവുകൾ ചവിട്ടിക്കയറുകയാണിപ്പോൾ. മന്വന്തരങ്ങളെ മറികടന്ന്‌ പായുന്ന വേഗതയുടെ കുതിരലായവും മനുഷ്യൻ കണ്ടെത്തിക്കഴിഞ്ഞു.

നക്ഷത്രരഹസ്യങ്ങളുടെ പഴയഗ്രന്ഥം, അവൻ ഏതോ പുരാതനനിൽ നിന്നും ശേഖരിച്ചു കഴിഞ്ഞു. ഹിമാലയസാനുക്കളിൽ, കടലിന്നഗാധതയിൽ, മനുഷ്യശരീരത്തിന്റെ സൂക്ഷ്‌മാണുവിന്റെ ആഴങ്ങളിൽ മുങ്ങിത്തപ്പിയും കാൽക്കീഴിലെ മണ്ണ്‌, മണ്ണിരയേക്കാൾ സൂക്ഷ്‌മതയോടെ തുരന്നും അവൻ ജനിമൃതി രഹസ്യങ്ങളുടെ താക്കോൽക്കൂട്ടം, ഏതാണ്ട്‌ സ്വന്തമാക്കി കഴിഞ്ഞു. കോടിക്കണക്കിനു താക്കോലുകളുളെളാരു താക്കോൽക്കൂട്ടം!

പ്രപഞ്ചരഹസ്യങ്ങളുടെ കനത്ത വാതായനങ്ങളിൽ കോടാനുകോടി താക്കോൽദ്വാരങ്ങളാണ്‌. ഓരോ ദ്വാരവും ഓരോ താക്കോൽ ഉപയോഗിച്ച്‌ പരീക്ഷിച്ചു നോക്കണം. സമയമെടുക്കും. കാലങ്ങൾ മാറി യുഗങ്ങൾ കടന്നു പോയിട്ടും പക്ഷേ ജിജ്ഞാസുവായ മനുഷ്യൻ തളർന്നിട്ടില്ല. എങ്ങനെ തളരും?

”തന്തയുടെയല്ലേ സന്തതി.“

പഴമക്കാർ പറയുമായിരുന്നു. ഈശ്വരന്റെ സ്വന്തം പുത്രനാണവൻ. ഈശ്വരൻ ഇണ ചേരാതെ ജന്മം കൊടുത്തവനാണ്‌ മനുഷ്യൻ. തന്റെ തന്നെ രൂപത്തിൽ തന്റെ തന്നെ ഭാവത്തിൽ തന്റെ തന്നെ ബുദ്ധിയിൽ അദ്ദേഹം അവനെ മെനഞ്ഞെടുക്കുകയായിരുന്നു.

ഹൃദയത്തിൽനിന്നും നിഷ്‌ഠൂരതയുടെ നിറം മാറ്റിയെടുക്കുമ്പോഴേയ്‌ക്കും കുസൃതികാട്ടി അവൻ എഴുന്നേറ്റ്‌ ഓടിക്കളഞ്ഞു. നിസ്സംഗതയ്‌ക്കും നിർവ്വികാരതയ്‌ക്കുമൊപ്പം നിഷ്‌ഠൂരതയും അവനിൽ മറുകുപോലെയുറച്ചു. നിർദ്ദാക്ഷിണ്യവും നിർദ്ദയവും ചിന്തകളുടെ ചില്ലകളിൽ നിന്നും തീർത്തും തുടച്ചുമാറ്റപ്പെട്ടിട്ടില്ലായിരുന്നു. കുശാഗ്രബുദ്ധിക്കൊപ്പം കൗശലവും ക്രൂരതയും കാപട്യവും അലങ്കാരമായി പ്രദർശിപ്പിച്ചുകൊണ്ട്‌ അവൻ കാടേറി. വനാന്തരങ്ങൾ അവന്റെ ഗർജ്ജനം കേട്ട്‌ നടുങ്ങി വിറച്ചു. പ്രതികാരചിന്തകൾ അനുനിമിഷം മുളച്ചുകൊണ്ടിരുന്ന ഒരിന്ദ്രിയം പൂർണ്ണമായും അവനിൽ നിന്നും ഒടിച്ചെടുക്കാൻ ഈശ്വരനു സമയം കിട്ടിയില്ല. ഗണപതിക്കൊമ്പു പോലുളള ആ ഇന്ദ്രിയക്കുറ്റിയുമായി അവൻ പക്ഷികളേയും മൃഗങ്ങളേയും ഒടുവിൽ അവന്റെ തന്നെ സ്വസ്ഥതയേയും വേട്ടയാടി. അവനു മദമിളകി. അവനെ തളയ്‌ക്കാൻ നിർവ്വാഹമില്ലാതെ ഈശ്വരൻ കുഴങ്ങി.

തന്റെ സ്വകാര്യതകളുടെ ലോകത്ത്‌ വിഷാദവാനായി മൗനം പൂണ്ടിരുന്ന ദൈവം യുഗങ്ങൾക്കുശേഷം മന്ദസ്‌മിതത്തോടെ എഴുന്നേറ്റ്‌ നട്ടെല്ലു നിവർത്തിനിന്നു. മേഘങ്ങളിൽ അദ്ദേഹത്തിന്റെ മന്ദഹാസം ‘മഴവില്ല്‌’ എന്നൊരു പ്രതിഭാസം ഉണ്ടാക്കിത്തീർത്തത്‌ അങ്ങനെയാണ്‌. അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു; തന്റെ പുതിയ തന്ത്രത്തിൽ മനുഷ്യനെ തളയ്‌ക്കാനാവും. ദൈവം ഉറങ്ങിക്കിടന്ന മനുഷ്യനെ സമീപിച്ചു. ആദ്യത്തെ ശസ്‌ത്രക്രിയ ആരംഭിക്കുകയായിരുന്നു.

ഉറങ്ങുന്ന മനുഷ്യനറിയാതെ ഈശ്വരൻ അവന്റെയൊരു വാരിയെല്ലൂരിയെടുത്തു. മൃദുവായ പശിമയുളള കളിമണ്ണിൽ തീർത്ത അവന്റെ തന്നെ മറ്റൊരു രൂപത്തിലേക്ക്‌ ആ വാരിയെല്ല്‌ തുളച്ചുകയറ്റി. ആ മൺമയരൂപം പുളഞ്ഞു. അതിന്റെ നാസാദ്വാരങ്ങളിലൂടെ ദൈവം ജീവശ്വാസത്തിന്റെ ഇളംകാറ്റുകൊണ്ട്‌ ഒരു പൊന്നൂഞ്ഞാലുകെട്ടിയാട്ടി വിട്ടു. അത്‌ ദീർഘനിദ്രയിൽ നിന്ന്‌ ഉണർന്നു.

ആർദ്രമായ നയനങ്ങൾ കൊണ്ട്‌ ഈശ്വരനെത്തേടി മനുഷ്യനുണരുമ്പോൾ അവനെ മോഹിപ്പിക്കാൻ പാകത്തിൽ ഈശ്വരൻ അവളുടെ കണ്ണുകളിൽ കാമത്തിന്റെ കരിമഷിയെഴുതി. മാറിൽ നഗ്നതയുടെ ഇളംമൊട്ടുകൾ മുളപ്പിച്ചു. സൃഷ്‌ടിയുടെ രഹസ്യം; തലയണക്കീഴിൽ താക്കോൽ ഒളിപ്പിക്കുംപോലെ അവളുടെ സ്നിഗ്‌ദ്ധതയാർന്ന അടിവയറ്റിൽത്തന്നെ ഒളിപ്പിച്ചു. മാതൃത്വത്തിന്റെ പാലുറവ കൊണ്ട്‌ അവളുടെ മുലക്കണ്ണുകളെ തളിർപ്പിച്ചു. ഉടൽ മറയ്‌ക്കാൻ നീണ്ട കാർക്കൂന്തലേകി. എന്നിട്ട്‌ ഉളളിലെ ആകാംക്ഷയുടെ പറവകളെ നെഞ്ചോടു ചേർത്തുപിടിച്ച്‌ ഈശ്വരൻ ഒളിച്ചുനിന്നു. ഒളിഞ്ഞുനിന്ന്‌ അവളിലെ സ്ര്തൈണതയുടെ മുന്നേറ്റം കണ്ടു.

ഉറക്കമുണർന്ന മനുഷ്യൻ തനിക്ക്‌ മുന്നിൽ തന്നെത്തന്നെ ഉറ്റുനോക്കിയിരുന്ന സ്‌ത്രീയെന്ന പ്രതിഭാസത്തെക്കണ്ട്‌ അത്ഭുതപ്പെട്ടു. അവളുടെ മായികമായ ചിരിയിൽ അവന്റെ പ്രജ്ഞയുടെ അടിക്കല്ലുകൾ ഇളകി. അവൻ അവൾക്കുനേരെ കൈനീട്ടി. അവൾ അവനെ ഈശ്വരനെന്നു തെറ്റിദ്ധരിച്ച്‌ മോഹിക്കാൻ തുടങ്ങി. ആർത്തിരമ്പുന്ന കടലലപോലെ സ്‌നേഹം കൊണ്ട്‌ അവൾ അവനെ ഒഴുക്കിക്കൊണ്ടുപോയി. പതഞ്ഞുണർന്ന്‌ പാൽത്തിരകളിൽ മുങ്ങിപ്പൊങ്ങി അവൻ അടിയറവിന്റെ അവസാനത്തെ ചില്ലയുമൊടിഞ്ഞ്‌ അവളുടെ കാൽക്കീഴിൽ വന്നുവീണു. അവന്റെ അഹങ്കാരത്തിന്റെ ജ്വാലകൾ അണഞ്ഞിരുന്നു. പുലർവേളകളിലെ നേർത്ത കുളിരുപോലെ വിവേകവും പരിസരബോധവും അവനെ പൊതിഞ്ഞു. അവളില്ലെങ്കിൽ താനപൂർണ്ണനാണെന്ന്‌ അവൻ തിരിച്ചറിഞ്ഞു. അവൾ മദ്യംപോലെ അവനെ അടിമയാക്കി മുന്നേറിക്കൊണ്ടിരുന്നു.

ലക്ഷ്യം തെറ്റിയ അമ്പിന്റെ പ്രയാണംപോലെ ആവനാഴികൾ തിരഞ്ഞ്‌ മനുഷ്യൻ മടക്കയാത്ര തുടരുന്നത്‌; ഉളളിലൂറിയ പുഞ്ചിരിയോടെ ഈശ്വരൻ കണ്ടുനിന്നു. ഒരു മത്സരവിജയിയുടെ ഹരം കേറിയ മനസ്സോടെ ആകാശത്താഴ്‌വരകളിൽ കാലത്തിന്റെ അതിർവരമ്പുകൾ വരച്ചിട്ട കണക്കിന്റെ ചങ്ങലകൾ തകർത്തെറിഞ്ഞ്‌ ദൈവം തന്റെ ലക്ഷ്യം സാധിച്ചതിന്റെ സന്തോഷം ആഘോഷിക്കുകയായിരുന്നു ഇത്രനാളും.

സ്വന്തം പരീക്ഷണശാലകളിൽ, പ്രകൃതിശക്തിയുടെ രസതന്ത്രക്കൂട്ടുകളുടെ സമവാക്യങ്ങൾ പിടികിട്ടാതെ ആധുനികതയുടെ ചുഴലിക്കാറ്റേറ്റ്‌ മനുഷ്യൻ ഉഴറി. മനസ്സറിഞ്ഞ്‌ പ്രാകികൊണ്ട്‌ തന്നെ; നഷ്‌ടപ്പെട്ടതെന്തെന്നറിയാത്ത തിരച്ചിലുപോലെ അവൻ തന്റെ ഇണയെ വീണ്ടും വീണ്ടും പ്രാപിച്ചു. അവളുടെ ഉളളിൽ നിന്നുളവായ തന്റെ പ്രതിഛായകൾ തന്നോളം വളരുന്നതുകണ്ട്‌ മനുഷ്യൻ തളർന്നു. പണ്ട്‌, തന്റെ സൃഷ്‌ടിയായ കേവലനായ മനുഷ്യൻ തന്നോളം വളരുന്ന ഭീകരക്കാഴ്‌ച കണ്ട്‌, ദൈവം നടുങ്ങിയതെങ്ങനെയെന്ന്‌ മനുഷ്യൻ തിരിച്ചറിഞ്ഞു. അവന്റെ ആധി അവനെ നരപ്പിച്ചു. മുഖത്ത്‌ വെളുത്ത മീശയും താടിയും വളർന്നുനീണ്ടു. വിരലുകളിൽ വിറയലു കുടിയേറി. പാദങ്ങളിൽ ഇടർച്ച ഇരിപ്പുറപ്പിച്ചു. തൊണ്ടക്കുഴിയിൽനിന്നും ശബ്‌ദം ഓടിയൊളിച്ചു. നാവിനും കാതിനും അവശതയുടെ ചങ്ങല വീണു. കണ്ണുകളിൽ വാർദ്ധക്യത്തിന്റെ മഞ്ഞുമൂടി. ഗന്ധമറിയാനുളള ശക്തിമാത്രം കുറെയൊക്കെ നിലനിന്നു. ഒടുവിൽ ശ്വാസത്തിന്റെ കടിഞ്ഞാൺ വിരലുകളിൽ നിന്നൂരി പോകുന്നത്‌ അറിഞ്ഞുകിടന്ന്‌ മനുഷ്യൻ ഒരിക്കൽ മൃതനായി. അവൻ മരണത്തിന്റെ തേരിൽ മഹാകവാടത്തിനപ്പുറത്ത്‌ എത്തിപ്പെട്ടു.

ജനിമൃതിരഹസ്യങ്ങളുടെ സൂത്രവാക്യങ്ങൾ നിറയെ എഴുതപ്പെട്ട വലിയ ആകാശച്ചുമരുകളുളള പരലോകം. അവിടെ അവന്റെ പേര്‌ പരേതൻ എന്നു രജിസ്‌ട്രർ ചെയ്‌തു. കാണാത്ത ചങ്ങലകൾ വരിഞ്ഞുമുറുക്കിയ ഹൃദയം ഊരിയെടുത്ത്‌ പകരം സ്വാതന്ത്ര്യത്തിന്റെ നവഹൃദയം തുന്നിക്കൊടുത്ത്‌ മാലാഖമാർ അവനുചുറ്റും പാട്ടുപാടി നടന്നു. ചക്രവാളഭിത്തികളിൽ ആ ഗാനം മാറ്റൊലിക്കൊണ്ടു. നേർത്തത്തൂവൽച്ചിറകുളള മാലാഖമാരെ കണ്ടപ്പോൾ ഭൂമിയിൽ ജീവന്റെ കാഞ്ചനനൂലിൽ കെട്ടപ്പെട്ട്‌ നഗ്നരായിക്കഴിയുന്ന തന്റെ കുഞ്ഞുങ്ങളെയോർത്ത്‌ പരേതൻ ശബ്‌ദമില്ലാതെ കരഞ്ഞു. പക്ഷേ അറിവില്ലായ്‌മകളിൽനിന്ന്‌ പടുവിഡ്‌ഢിത്തങ്ങളിലേക്ക്‌ പടർന്നേറി വഴതെറ്റി, മനുഷ്യക്കുഞ്ഞുങ്ങൾ പ്രപഞ്ചരഹസ്യം തിരഞ്ഞ്‌ മദ്യപിച്ചവരെപ്പോലെ ഉഴറി നടന്നു.

‘ജീവനുളള മഠയൻമാർ’ ഭൂമിയിൽ പെരുകുകയായിരുന്നു. തിന്നും മദിച്ചും തങ്ങളിലിണചേർന്ന്‌ സന്തതികളെ ഉളവാക്കിയും ലക്ഷ്യം തെറ്റി അവർ പെരുകി. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകർത്ത്‌, ഇഷ്‌ടപ്പെട്ട കളിപ്പാട്ടം എറിഞ്ഞുടക്കുന്ന വിഡ്‌ഢിക്കുട്ടിയെപ്പോലെ.. അവർ സ്വയം നഷ്‌ടപ്പെടാൻ തയ്യാറെടുക്കുന്നത്‌ പരലോകത്തിരുന്ന്‌ പരേതർ കണ്ടു.

അവർ ആരുമറിയാതെ മനുഷ്യനുവേണ്ടി അഹോരാത്രം പ്രാർത്ഥിച്ചു. അവന്റെ പ്രജ്ഞയിലേക്ക്‌ ഭാവനയുടെ, സ്വപ്‌നങ്ങളുടെ, ചെറിയ ചെറിയ കനൽമുത്തുകൾ പരലോകത്തുനിന്ന്‌ എറിഞ്ഞിട്ടു കൊടുത്തു. അങ്ങനെ ഓരോ ഉറക്കത്തിനും ശേഷം മനുഷ്യർ പൂർവ്വാധികം ഭാവനാശാലികളായി.

സ്വപ്‌നങ്ങളുടെ മുത്തുകൾ കൂട്ടിവെച്ച്‌, വിവേകത്തിന്റെയും വിജ്ഞാനത്തിന്റേയും ഇഴപിരിച്ച നൂലുകളിൽ ആ സ്വപ്നമുത്തുകൾ കോർത്ത്‌ മനസ്സിൽ യുക്തിയുടെ കടുംകെട്ടാൽ അത്‌ ബന്ധിച്ച്‌ അവൻ വീണ്ടും ഭൗതിക നിഗൂഢതകളെ മോഹിച്ചു തുടങ്ങി.

ഒരിക്കൽ ആദിപിതാക്കൻമാർക്ക്‌ കൈയ്യെത്തിപ്പിടിക്കാൻ കഴിയാതെ കാലിടറിയ പടവുകൾ ഒന്നൊന്നായി പിന്തളളി മനുഷ്യക്കുട്ടികൾ കയറിവരുന്നത്‌ പരേതർ ഉദ്വേഗത്തോടെ കണ്ടുനിന്നു. ഇന്നലെയുടെ കന്യകകൾ-ഭൂമിയിലെ അമ്മമാർ, ഭർത്താക്കൻമാർക്കു പറ്റിയ പരാജയം മക്കൾക്ക്‌ ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുടെ ദേവതയെ നിരന്തരം ധ്യാനിച്ചുകൊണ്ടേയിരുന്നു. ലക്ഷ്യം തേടി മുന്നേറിവരുന്ന ആ കുഞ്ഞുങ്ങളോട്‌ പറയാൻ പരേതർക്ക്‌ മനസ്സുനിറയെ ഒരായിരം കഥകളുണ്ടായിരുന്നു. പ്രപഞ്ച നിഗൂഢതകളുടെ… ഒരായിരം നക്ഷത്രക്കഥകൾ! കല്ലുവെച്ച നുണകളെന്ന്‌ ആരും കേട്ടാൽ പറഞ്ഞുപോകുന്നത്ര വിസ്‌മയിപ്പിക്കുന്ന കഥകൾ…

പരലോകത്തിന്റെ ചിരന്തനകഥകൾ!

Generated from archived content: story1_aug25_06.html Author: sree_ponnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English