പുലി

നേരുപറയട്ടെ, കുറെ ദിവസങ്ങളായി ഞാനുറങ്ങിയിട്ട്‌. മിഴിയടച്ചാൽ മനക്കണ്ണാടിയിൽ തെളിയുന്നത്‌ ദംഷ്‌ട്രകളും ചോരക്കണ്ണുകളുമാണ്‌. ഏതു നിമിഷവും ആക്രമിക്കാൻ വെമ്പി നിൽക്കുന്നമട്ടിൽ നേരിയ വിറയലോടെ, കണ്ണിമയ്‌ക്കാതെ, മുരൾച്ചയടക്കി മീശ മെല്ലെ വിറപ്പിച്ച്‌…

ഉറക്കെ നിലവിളിച്ച്‌ ഞെട്ടിയുണരുമ്പോൾ ചുറ്റും പരിഹസിക്കുന്ന ഇരുട്ട്‌; ഭയപ്പെടുത്തുന്ന കറുപ്പ്‌! ലോറൻസിതറിഞ്ഞപ്പോൾ ആദ്യം കുറേയേറെ നേരം എന്റെ മുഖത്തുനോക്കി എന്തോ ചിന്തിച്ചിരുന്നു. അതിനുശേഷം പൊട്ടിച്ചിരിച്ചു. എനിക്കതിഷ്‌ടമായില്ല. പക്ഷേ അതറിയാതെ ലോറൻസ്‌ പറഞ്ഞു.

“മണ്ടീ.. എല്ലാ ഗർഭിണികൾക്കും പൊതുവെ തോന്നുന്ന പേടിമാത്രമാണിതൊക്കെ. ഇതിനൊക്കെ ഇങ്ങനെ ടെൻഷനടിച്ചാലോ! എന്റെ പൊന്നുംകുരിശിന്‌ ഒരു കുഴപ്പോം വരികേലാ..”

തനി കോട്ടയത്തുകാരൻ അച്ചായന്റെ സ്റ്റലിൽ ലോറൻസ്‌ വീണ്ടും ചിരിച്ചു. സ്‌നേഹം കൂടുമ്പോൾ ലോറൻസ്‌ എന്നെ വിളിക്കുന്നതങ്ങനെയാണ്‌, “പൊന്നും കുരിശേ”ന്ന്‌. അതിനവന്‌ വിശദീകരണവുമുണ്ട്‌. അപ്പനും വീട്ടുകാരും കൂടി അവനെ പിടിച്ചു പെണ്ണുകെട്ടിച്ചതോടെ ഒരു കുരിശ്‌ തോളത്തേറ്റിയപോലെയായത്രെ. പിന്നെ അതൊരു പൊന്നിന്റെ കുരിശാണല്ലോ എന്ന സമാധാനമേയുളളൂ എന്ന്‌. അതൊക്കെപ്പറഞ്ഞ്‌ ചിരിച്ച്‌ ചിരിച്ച്‌ ചിരിച്ച്‌ ഞങ്ങളന്ന്‌…

പക്ഷേ ഈ ഹോസ്‌പിറ്റലിൽ വന്നശേഷം ലോറൻസിന്റെ സാന്ത്വനങ്ങൾക്ക്‌ ഒരു പ്രതികരണവും എന്നിലുളവാക്കാൻ ആവുന്നില്ല. പ്രാർത്ഥയെത്തിക്കലുപോലും വെറുമൊരു ‘കടത്തു കഴിക്കൽ’ മാത്രമായിരിക്കുന്നു. “കർത്താവേ… ഈ പാപിയോട്‌ പൊറുക്കണേ.. എന്റെ ഉദരത്തിലെ തുടിപ്പിന്‌ സംരക്ഷണം നൽകണേ”.

കുറേ ദിവസംമുമ്പ്‌ ഒരു രാത്രി, കുഞ്ഞിന്റെ നേർത്ത ചലനങ്ങൾ ആസ്വദിച്ചുകൊണ്ട്‌ ലോറൻസ്‌ എന്റെ വീർത്തുരുണ്ട അടിവയറ്റിൽ ചെവിചേർത്ത്‌ കിടക്കുകയായിരുന്നു.

ഞാനവന്റെ ചുരുണ്ട തലമുടിയിഴകളിൽ നിന്ന്‌ ആദ്യസുരതത്തിന്റെ ഓർമ്മകൾ വിരലുകൊണ്ട്‌ ചികഞ്ഞെടുക്കുകയും ചെയ്‌തുകൊണ്ടിരുന്നു. പെട്ടെന്ന്‌ കുഞ്ഞൊന്ന്‌ പിടഞ്ഞത്‌ ഞാനറിഞ്ഞു. വയറിനുളളിൽ എന്തോ വലിച്ചുകീറിയപോലെ ഒരു വേദനയുണ്ടായി. ഞാൻ അറിയാതെ മെല്ലെ ഒച്ചവച്ചുപോയി. ലോറൻസ്‌ തലയുയർത്തിയിട്ട്‌ പറഞ്ഞു.

“നിന്റെ പുത്രൻ നിസ്സാരക്കാരനല്ല. അവനവന്റെ അപ്പനെ ജനിച്ചു വീഴുംമുമ്പേ ചവിട്ടിത്തുടങ്ങി.”

ഞാൻ ലോറൻസിന്റെ മുഖത്തുതന്നെനോക്കി. അവന്റെ കണ്ണുകളിൽ ആത്മസംതൃപ്തിയുടെ കോടിനക്ഷത്രങ്ങൾ തിളങ്ങിയിരുന്നു. പക്ഷേ പിറ്റേന്നു രാത്രി ഉറങ്ങുംമുമ്പ്‌ പതിവുളള ഉമ്മ തരാൻ അവന്റെ മുഖം എന്റെ ചുണ്ടുകൾ തേടി വന്നപ്പോഴാണ്‌ ഞാനവന്റെ കവിളിൽ ആ ‘കല’ കണ്ടത്‌. നഖംകൊണ്ട്‌ പോറിയതുപോലെ.. ഒന്നുരണ്ടുവരകൾ.

ആ രാത്രി അവനുറങ്ങിക്കഴിഞ്ഞ്‌ ബെഡ്‌റൂം ലൈറ്റിന്റെ സത്യസന്ധതയിൽ ഞാനവന്റെ മുഖത്തുളള ആ പാടുകൾ തുടരെത്തുടരെ പരിശോധിച്ചുകൊണ്ടിരുന്നു. എനിക്ക്‌ കരച്ചിൽ വന്നു. എന്റെ തേങ്ങൽ കേട്ട്‌ അവനുണർന്നു. തുളുമ്പുന്ന മിഴികളിൽ ഉമ്മകൾ തന്ന്‌ എന്നെ സമാധാനിപ്പിച്ചു. പക്ഷേ അവന്റെ മുഖത്തു കാണപ്പെട്ട ആ മുറിവടയാളങ്ങൾ എന്റെയുളളിലും ആഴത്തിൽ പോറലു വീഴ്‌ത്തി. ഏതോ തിരുമുറിവിന്റെ വേദനകൾ എന്റെയുളളിൽ നിറഞ്ഞുവിങ്ങി.

“കുളിച്ചപ്പോൾ ചകിരിയുരഞ്ഞതാവും”, എന്നായിരുന്നു അവന്റെ പ്രതികരണം. മൂന്നുനാലു ദിവസം കഴിഞ്ഞ്‌ ഞാനവനെപ്പരിശോധിച്ചപ്പോൾ അവ കരിഞ്ഞിരുന്നു. ഏതോ ദുഷ്‌ടമൃഗത്തിന്റെ കൂർത്ത നഖങ്ങൾ ഓർത്ത്‌ ഞാൻ ലോറൻസറിയാതെ കരഞ്ഞു.

അടുത്തദിവസം രാവിലെ പത്രത്തിൽക്കണ്ട വാർത്തയാണ്‌ എന്നെ നടുക്കിക്കളഞ്ഞത്‌. രാത്രി നഗരത്തിൽ എവിടന്നോ വന്നുപെട്ട ഒരു പുലി. അത്‌ നഗരത്തിന്റെ ശാന്തത തകർക്കുന്ന ഗർജ്ജനവുമായി അലഞ്ഞു തിരിയുന്നത്രെ. പോലീസും നഗരവാസികളും നിറതോക്കും മറ്റ്‌ ആയുധങ്ങളുമായി പുറകെയുണ്ടായിരുന്നെങ്കിലും രാത്രിയുടെ ഏതോ ഒരു ഇരുട്ടു പാളിക്കടിയിലേക്ക്‌ അവരുടെ കണ്ണുവെട്ടിച്ച്‌ അതോടി മറഞ്ഞു. പോലീസ്‌ നഗരവാസികളോട്‌ ജാഗ്രത പുലർത്താൻ പറഞ്ഞു. എല്ലാ വീടിന്റെയും ഫ്ലാറ്റുകളുടേയും ജനാലകളും വാതിലുകളും അലസമായി തുറന്നിടരുതെന്നും പുറമേയുളള കക്കൂസും കുളിമുറിയും കാർഷെഡ്‌ഡുംവരെ ആവശ്യം കഴിഞ്ഞാൽ അടച്ചിട്ടില്ലേയെന്ന്‌ പരിശോധിക്കണമെന്നും കുട്ടികളെ വാഹനങ്ങളിലല്ലാതെ സ്‌കൂളുകളിലയയ്‌ക്കരുതെന്നും സൈക്കിൾ യാത്രയും ഒറ്റയ്‌ക്കുളള നടത്തവും ഒഴിവാക്കണമെന്നും മറ്റും നിർദ്ദേശങ്ങൾ വന്നു. പബ്ലിക്‌ പാർക്കും വൈകുന്നേരങ്ങളിൽ തുറക്കാറുളള ബിയർ പാർലറുകളും അടച്ചുപൂട്ടി. പുലി നഗരവാസികളുടെ ഉളളിന്റെയുളളിൽ മറഞ്ഞിരുന്ന്‌ നഖംകൊണ്ട്‌ പോറിത്തുടങ്ങിയിരുന്നു.

ഒരു ദിവസത്തെ കഠിനപ്രയത്നത്തിനുശേഷം മുനിസിപ്പാലിറ്റി ഓഫീസിനടുത്തുളള ഗവൺമെന്റ്‌ ഹോസ്‌പിറ്റലിന്റെ വൃത്തിഹീനമായ പിന്നാമ്പുറത്തു വച്ച്‌ സമർത്ഥരായ പോലീസുകാർ പുലിയെ വെടിവച്ചുകൊന്നു. പക്ഷേ മരിച്ച പുലിയുടെ വായ്‌ക്കുളളിൽ ഒരു പിഞ്ചു മനുഷ്യക്കുഞ്ഞിന്റെ പകുതി തിന്നു തീർത്ത ശരീരഭാഗങ്ങളുണ്ടായിരുന്നത്രേ. ഗവൺമെന്റ്‌ ഹോസ്‌പിറ്റലിലെ ഏതോ നേഴ്‌സിംഗ്‌ സ്‌റ്റുഡന്റ്‌ ആ വാർത്തകേട്ട്‌ ഹോസ്‌റ്റൽമുറിയിൽ തല കറങ്ങിവീണതും പത്രത്തിൽ ‘സെൻസേഷണൽ ന്യൂസാ’യിരുന്നു. അതൊക്കെ മനസ്സിൽകിടന്ന്‌ മഥിച്ചിട്ടാവും എനിക്കിപ്പോൾ ഉറങ്ങാനാവുന്നില്ല. മാത്രമല്ല, വീട്ടിലെ ഓരോ മുറിയും തുറക്കുമ്പോൾ ജിജ്ഞാസ എന്നെ വീർപ്പുമുട്ടിയ്‌ക്കും. എവിടെ നിന്നോ എത്തിപ്പെട്ട ഒരു പുലി ഗത്യന്തരമില്ലാതെ പുറത്തേയ്‌ക്ക്‌ കണ്ണുനട്ട്‌ മുറിക്കുളളിൽ പതുങ്ങിയിരിപ്പുണ്ടാവും എന്ന തോന്നൽ എന്നെ നിഷ്‌ക്രിയയാക്കി. ചിലപ്പോഴൊക്കെ അടച്ചിട്ട മുറികളിൽ നിന്ന്‌ പുലിയുടെ മുരൾച്ചയും രൂക്ഷഗന്ധവും പുറത്തേയ്‌ക്കു വരുന്നുണ്ടെന്നുവരെ എനിക്ക്‌ തോന്നിയിരുന്നു. ആഹാരം കഴിയ്‌ക്കാനിരുന്നാൽ പുലിയുടെ വായ്‌ക്കുളളിലെ ആ ചോരക്കുഞ്ഞിന്റെ ശരീരഭാഗങ്ങൾ എനിക്കോർമ്മവരാൻ തുടങ്ങി. ഞാൻ പാലും പഴങ്ങളും മാത്രമാക്കി ആഹാരം ചുരുക്കി. രാത്രി ബഡ്‌റൂമിനോടു ചേർന്ന ടോയ്‌ലറ്റിൽ പോകാൻപോലും എനിയ്‌ക്ക്‌ ലോറൻസിനെ ഉണർത്തി സഹായം തേടേണ്ടിവന്നു. ലോറൻസ്‌ എത്ര നിർബന്ധിച്ചിട്ടും ഒരു സൈക്യാട്രിസ്‌റ്റിനെക്കാണാൻ ഞാൻ തയ്യാറായില്ല. അതിന്റെ ആവശ്യമില്ലല്ലോ. ‘എനിക്ക്‌ തലയ്‌ക്ക്‌ വട്ടൊന്നുമില്ല’ ഞാൻ പറഞ്ഞു. എന്റെ ആ പ്രസ്‌താവം ലോറൻസിന്റെ കണ്ണുകളെ നനച്ചു. ഞങ്ങൾ പരസ്‌പരം കെട്ടിപ്പിടിച്ചിരുന്ന്‌ തെല്ലുറക്കെത്തന്നെ കരഞ്ഞു. വീട്ടുജോലിക്കാരിയായ സ്‌ത്രീ വന്നുവിളിച്ചില്ലായിരുന്നെങ്കിൽ അന്നത്താഴം കഴിക്കാൻവരെ മറന്ന്‌ ഞങ്ങൾ ഉറങ്ങിക്കിടന്നേനേ.

പതിനെട്ടാം തീയതിയാണ്‌ ഞാൻ പ്രസവിക്കാനിടയുളളതെന്ന്‌ ഡോക്‌ടർ പ്രസ്‌താവിച്ചിരുന്ന കാര്യം ഞാൻ മുമ്പ്‌ പറഞ്ഞോ? ആവോ? ഒന്നിനും ഒരു ക്രമംകിട്ടുന്നില്ല. എന്തായാലും അതറിഞ്ഞ ദിവസംതൊട്ട്‌ ലോറൻസ്‌ ഓഫീസിൽ പോകാറില്ലായിരുന്നു. ഇനി ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ച്‌, പഴയപോലെ വീട്ടമ്മയാകുംവരെ അവൻ എന്റെടുത്ത്‌ തന്നെയുണ്ടാകുമത്രേ. സത്യത്തിൽ ആഹ്ലാദം തോന്നി. ലോറൻസ്‌ അടുത്തുളളപ്പോൾ എനിക്കെന്റെ ബാല്യവും കൗമാരവും തിരികെ കിട്ടുമ്പോലെ തോന്നും.

അവന്റെ വാക്കുകളുടെ ചെറിയ സൂചിക്കുത്തിൽ, അവന്റെ വിരലുകളുടെ ആർത്തിപൂണ്ട പാച്ചിലിൽ, അവന്റെ ചുണ്ടുകളുടെ കുഞ്ഞുകുസൃതികളിൽ.. ഞാൻ എന്നേത്തന്നെ നേടിയെടുക്കുമായിരുന്നു. മഞ്ചാടിക്കുരുവും മുത്തുമണികളും കൊണ്ട്‌ മാലകോർക്കുമായിരുന്ന ഞാൻ. പച്ചിലത്തുമ്പിലെ ഉടയാത്ത മഞ്ഞുതുളളികൊണ്ട്‌ കണ്ണെഴുതിത്തണുക്കാറുളള ഞാൻ. കുമ്പസാരക്കൂട്ടിൽ ഒരിയ്‌ക്കലും കയറില്ലെന്ന വാശിയോടെ പളളീലച്ചനെ തോൽപ്പിച്ചു നടന്ന ഞാൻ. കൂടെ പഠിച്ച ആൺകുട്ടികളുടെ കൂടെ ഒരു ബഞ്ചിലിരിയ്‌ക്കാനും അവരുടെ രഹസ്യപ്പോക്കറ്റുകളിൽ കൈയ്യിട്ട്‌ ദിനേശ്‌ബീഡിയും തീപ്പെട്ടിയും കണ്ടെടുക്കാനും ധൈര്യപ്പെട്ട ഞാൻ.

ലോറൻസിനെ കിട്ടിയത്‌ എന്റെ പുണ്യം. എന്റെയപ്പനമ്മമാർ ചെയ്‌ത പുണ്യം. പിന്നെയെനിക്കെന്തിനാണിത്ര ഭയം? ഇത്ര സംശയം? ഇത്ര പരിഭ്രമം? ഇത്ര…? ഇത്ര..?

“നിങ്ങളുടെ വസ്‌ത്രങ്ങൾ മാറിയിട്ട്‌ പകരം ഇത്‌ ധരിച്ചോളൂ”.

ഓപ്പറേഷൻ തീയറ്ററിലേക്ക്‌ എന്നെ കയറ്റി വിടാൻ തിടുക്കപ്പെട്ട്‌ നേഴ്‌സ്‌ പറഞ്ഞു. അവരുടെ കൈയ്യിൽ ഓപ്പറേഷനു വിധേയരാകേണ്ട രോഗികൾ അണിയേണ്ട ഒരു പ്രത്യേകതരം വസ്‌ത്രമുണ്ടായിരുന്നു. അതിന്റെ കളർ എനിക്ക്‌ കൃത്യമായി പറയാനാവുന്നില്ല. പക്ഷേ അതിന്റെ ഡിസൈനായി പുളളിക്കുത്തുകൾ ഉണ്ടായിരുന്നില്ലെന്ന്‌ എന്തിനോ ഞാനാശ്വസിച്ചു.

തീയറ്ററിലേയ്‌ക്ക്‌ എന്നെ യാത്രയാക്കുമ്പോൾ ലോറൻസിന്റെ കൈകളിൽ ഇറുക്കിപ്പിടിച്ച്‌ ഞാൻ ഉറക്കെക്കരഞ്ഞു. ലോറൻസ്‌ ഒന്നും കാണുന്നില്ലേ… എന്നുവരെ ഞാൻ സംശയിച്ചു. അവന്റെ കണ്ണുകൾ ചത്തമത്സ്യത്തിന്റെ കണ്ണുകൾ പോലെ എന്നെത്തുറിച്ചുനോക്കി. ഇടയ്‌ക്ക്‌ പറയട്ടെ ഇന്ന്‌ പതിനെട്ടാം തീയതിയാണ്‌. ഞാൻ പ്രസവിയ്‌ക്കുമെന്ന്‌ ഡോക്‌ടർ പ്രവചിച്ച ദിനം.

തീയറ്ററിന്റെ മരവിപ്പിലേയ്‌ക്ക്‌ ആരൊക്കെയോ ചേർന്നെന്നെ കിടത്തി. ഞാൻ വാവിട്ടു കരുയുന്നുണ്ടായിരുന്നു.

ഡോക്‌ടർ ഒരു മുഖംമൂടിക്കാരനെപ്പോലെ മുന്നിൽവന്നു പറഞ്ഞു. “എന്താ കുട്ടീ? നീയെന്താ ഇങ്ങനെ വെറും നാലാംക്ലാസ്സ്‌ വിദ്യാർത്ഥിനിയെപ്പോലെ…?”

അയാൾ ഇംഗ്ലീഷിലാണതു പറഞ്ഞത്‌. പക്ഷേ നാലാംക്ലാസ്സ്‌ എന്നുകേട്ടപ്പോൾ ഞാനെന്റെ കരച്ചിൽ അറിയാതെ നിർത്തിപ്പോയി.

“നാലാംക്ലാസ്സ്‌!” ഞാനോർമ്മകളുടെ താഴ്‌വരയിലേയ്‌ക്ക്‌ കാല്‌തെറ്റിവീണു.

കുരിശുകൾ വരിതെറ്റാതെ ആകാശത്തേയ്‌ക്ക്‌ തലയുയർത്തി നിശബ്‌ദം നിൽക്കുന്ന വിജനമായ സെമിത്തേരിപ്പറമ്പിനരികിലൂടെ ഒറ്റയ്‌ക്ക്‌ നടക്കുന്ന നാലാംക്ലാസ്സുകാരി. ഒരേ ക്ലാസ്സിലുളള മറ്റുകുട്ടികൾ ചെയ്യാൻ ഭയപ്പെടുന്നതും പറയാൻ മടിക്കുന്നതുമായ കാര്യങ്ങൾ ചെയ്‌തും പറഞ്ഞും കാഴ്‌ചക്കാരുടെ ഉളളിൽ നിന്ന്‌ ആദരവുകലർന്ന ശ്രദ്ധപിടിച്ചു വാങ്ങുന്നതിൽ സമർത്ഥയായ നാലാം ക്ലാസ്സുകാരി. സെമിത്തേരിപ്പറമ്പിന്റെയപ്പുറത്തെ നീണ്ടു പരന്നുകിടക്കുന്ന ഇഞ്ചിപ്പുൽക്കാട്‌. ആരുടേയോ അമർത്തിയ കരച്ചിൽ. ശ്വാസം മുട്ടിപ്പിടയുന്നതിന്റെ ഇലയനക്കങ്ങൾ. കരുത്തുറ്റ കൈകളുടെ ധൃതിപൂണ്ട ചലനങ്ങൾ.

“അടങ്ങിക്കിടക്കെടീ..” അമർത്തിയ സ്‌ത്രീശബ്‌ദം. സ്ലേറ്റും പുസ്‌തകവും നിലത്തുവച്ച്‌ ഇഞ്ചിപ്പുല്ലിന്റെ സമൃദ്ധിയിലേയ്‌ക്ക്‌ മുട്ടിലിഴഞ്ഞുചെന്നു. നടുക്കുന്ന കാഴ്‌ചകണ്ട്‌ തൊണ്ടവരണ്ടു. അവർ മൂന്നുപേരുണ്ട്‌. ഒരു സ്‌ത്രീയും പുരുഷനും ചേർന്ന്‌ ഒരു യുവതിയെ നിലത്തു മലർത്തിക്കിടത്തിയിരിയ്‌ക്കുന്നു.

പുരുഷനെ തിരിച്ചറിഞ്ഞു. ആ വിയർപ്പ്‌ ഇറ്റുവീഴുന്ന കൊന്തയും പുലിത്തോലുപോലെ തോന്നുന്ന പുളളിക്കുത്തുളള ലുങ്കിയും കരുത്തുറ്റ കൈകളും കണ്ട്‌ ഞെട്ടി. കപ്യാര്‌ അന്തോണി..!

കിടക്കുന്ന യുവതിയെ അനങ്ങാൻ വയ്യാത്തവിധം തറയിലേയ്‌ക്ക്‌ അമർത്തിപ്പിടിച്ചിരിക്കുകയാണയാൾ. അവർ അരയ്‌ക്കുകീഴ്പോട്ട്‌ നഗ്നയാക്കപ്പെട്ടിരിയ്‌ക്കുന്നു. യുവതിയുടെ മുന്നിൽ കുന്തിച്ചിരിയ്‌ക്കുന്ന വയസിത്തളള ഏതോ തീവ്രമായ അദ്ധ്വാനത്തിലാണ്‌. അല്പം കഴിഞ്ഞ്‌ യുവതി ബോധംകെട്ടപോലെ അമർത്തിയ ഞരക്കത്തോടെ നിശ്ചലയായി.

തളള തലയുയർത്തിപ്പറഞ്ഞു. “രക്ഷപ്പെട്ടു. സംഗതി ഒഴിഞ്ഞു.”

അവർ പന്തുപോലെ ചുരുട്ടിയ രക്തംകൊണ്ടു നനഞ്ഞ തുണിക്കെട്ട്‌ കാണിച്ചു. കൈകളിൽ ചോരയുടെ നനഞ്ഞ തിളക്കം. തറയിൽ തളംകെട്ടി നിൽക്കുന്ന ചോരയും ചോരതുടച്ച പഴന്തുണികഷ്‌ടങ്ങളും. എന്താണ്‌ അവിടെ നടക്കുന്നതെന്ന്‌ തിരിച്ചറിയാതെ തന്നെ സ്ലേറ്റുമുപേക്ഷിച്ച്‌ തിരിഞ്ഞോടി.

ആ സംഭവം വർഷങ്ങളോളം ഉറക്കം കെടുത്തിക്കൊണ്ടിരുന്നു എങ്കിലും ആരോടും അതേക്കുറിച്ച്‌ പറയാൻ ധൈര്യപ്പെട്ടില്ല ഞാൻ. ഒരിയ്‌ക്കൽ കപ്യാരന്തോണി സെമിത്തേരിപ്പറമ്പിനടുത്ത്‌ ഇടിവാളേറ്റ്‌ മരിച്ചുവീണതറിഞ്ഞപ്പോഴും മറ്റൊരിക്കൽ കാല്‌ തെറ്റി കിണറ്റിൽ വീണു മരിച്ച വയറ്റാട്ടിത്തളളയുടെ വിറങ്ങലിച്ച ശരീരം പോലീസും നാട്ടുകാരും ചേർന്ന്‌ പുറത്തെടുത്ത ദിവസവും എന്റെയുളളിൽ ഏതോ ഇഞ്ചിപ്പുൽക്കാടിന്റെ ഇലയനക്കങ്ങളുണ്ടായി.

“കുട്ടീ..നിന്നെയിനി ഞങ്ങൾ ഉറക്കാൻ പോവുകയാണ്‌.” മുഖംമൂടിക്കാരൻ ഡോക്‌ടർ പറഞ്ഞു.

കർത്താവേ..! ഞാൻ ചുറ്റുംനോക്കി. ഇപ്പോൾ എന്റെ ചുറ്റും മുഖംമൂടികൾ മാത്രമേ ഉളളല്ലോ..! അവരുടെ കണ്ണുകൾ എന്നെ….

പറഞ്ഞു നിൽക്കേ അവരെന്നെ…. ഒരുപക്ഷെ അവരെന്നെ ഉറക്കിയിട്ടുണ്ടാവും. എന്നിട്ട്‌ എന്റെ വയർ പിളർന്ന്‌ അവരെന്തോ പുറത്തെടുത്തു. ഉറക്കത്തിലാവും, പക്ഷേ ഞാൻ വ്യക്തമായിക്കണ്ടു. ഒരു പുലിക്കുഞ്ഞ്‌. അതിന്റെ നീണ്ടവാൽ നനഞ്ഞ്‌ മെലിഞ്ഞ്‌ തളർന്നുകിടന്നു. മുഖം കാണാനൊത്തില്ല. എനിക്കറപ്പും വെറുപ്പും തോന്നി.

എന്തായാലും അവർ ഉറക്കിക്കിടത്തിയിട്ടും അതീവരഹസ്യമായി ഞാനറിഞ്ഞ ഈ വസ്‌തുത ഉണർന്നാൽ ലോറൻസിനോട്‌ പറയണമെന്ന്‌ ഞാൻ തീർച്ചപ്പെടുത്തി. മുഖംമൂടികൾ സംതൃപ്തിയുളള നോട്ടത്തോടെ എന്റെ അടിവയർ തുന്നിക്കെട്ടുകയായിരുന്നു അപ്പോൾ.

(തൃശൂർ ‘റോഡ്‌ ആന്റ്‌ കൺസ്‌ട്രക്ഷൻ ലേബർ കോൺഗ്രസ്സ്‌’ സംഘടിപ്പിച്ച അഖില കേരള ചെറുകഥാ മത്സരത്തിൽ ‘തോപ്പിൽ രവി സ്‌മാരക ചെറുകഥാ അവാർഡ്‌’ ലഭിച്ചതാണ്‌ ‘ പുലി’ എന്ന കഥയ്‌ക്ക്‌.)

Generated from archived content: puli.html Author: sree_ponnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here