കശുമാവിൻ തോട്ടത്തിനപ്പുറത്തെ ഭഗവതിക്കുന്നു കയറുമ്പോൾ ഈശ്വരിയോടു പറഞ്ഞു.
“ഹായ്.. എന്താ ഒരു സുഗന്ധം…?
”എന്താ സുഗന്ധം?“
”എന്തു സുഗന്ധം?“
അവൾക്കു മനസ്സിലായില്ല. അവൾ തിരിഞ്ഞുനിന്ന് നോക്കി. വായുവിൽ നിന്ന്, ചുറ്റുപാടുകളിൽ നിന്ന്… ബാല്യം പേരറിയാത്തൊരു സുഗന്ധം പരമാവധി വലിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.
അവളും കുഞ്ഞുമൂക്കു വിടർത്തി പരീക്ഷിച്ചു.
”കശുമാങ്ങേടെ മണംണ്ടോ?“
”ങും…“ അവൾ പാവയെപ്പോലെ തലകുലുക്കി.
”പിന്നെ… കാച്ചിയ എണ്ണേടെ മണംണ്ടോ?“
”ങും… ങും… “ നിഷേധം
”എന്നാ.. ണ്ട്. “ തറപ്പിച്ചു പറഞ്ഞു.
”എവ്‌ടന്ന്….?“ ചുവന്ന മൂക്കുത്തിക്കല്ല് വെയിലേറ്റ് തിളങ്ങി.
”അതാ ഞാനും നോക്കണത്.“
ഒടുവിൽ കണ്ടുപിടിച്ചു. അതവളുടെ മണമായിരുന്നു. കശുമാങ്ങയുടെ കറ പുരണ്ട കവിൾത്തടങ്ങളുടെയും അഴിഞ്ഞുവീണ കറുകറുത്ത മുടിച്ചുരുളുകളുടേയും ഗന്ധം. ഈശ്വരിയുടെ ഗന്ധം.
”ഈ ചെക്കനു വട്ടാ.“
തന്നെ മണത്തുകൊണ്ടിരുന്ന ആ കുഞ്ഞുമുഖം അന്നവൾ തട്ടിയകറ്റി. അപ്പോഴണറിഞ്ഞത്.. കൈ വെളളകൾക്ക് തെക്കുവശത്തെ പാലപ്പൂവിന്റെ മണം..
ഒരു ദിവസം അവൾക്കു പനിപിടിച്ചു. അറിഞ്ഞപാടെ ആരും കാണാതെ അവളുടെ വീട്ടിലേയ്‌ക്കോടിയെത്തി. തഴപ്പായയിൽ കഷായക്കുപ്പികൾക്കു ചാരെ അവൾ തളർന്നു കിടന്നു.
”ഞാൻ ചത്തുപോയാൽ ശിവകൃഷ്‌ണൻ എന്നെയോർക്ക്വോ?“
ഈശ്വരിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. മറുപടി പറഞ്ഞില്ല. പകരം അവളുടെ നനഞ്ഞ കവിളത്ത് അമർത്തി ഉമ്മവച്ചു. അവൾ തളർന്ന കൈകൾകൊണ്ട് കെട്ടിപ്പിടിച്ച് തേങ്ങിത്തേങ്ങിക്കരഞ്ഞു. അവളെന്തിന് ഇത്രയും കരഞ്ഞുവെന്ന് അക്കാലത്തും പിന്നീടും പലപ്പോഴും ചിന്തിച്ചിരുന്നു. പനി വിട്ടുമാറി അവൾ എഴുന്നേൽക്കും മുന്നേയാണ് മടങ്ങേണ്ടി വന്നത്. അച്ഛനോടൊപ്പം മടങ്ങിപ്പോകവേ.. അവളോടൊന്ന് യാത്രപറയാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖവും, ഒരിക്കലും നനയില്ലെന്ന് കരുതിയ ചിന്നമ്മുവമ്മയുടെ വെളളാരംകണ്ണുകളിലെ ഈറനും മനസ്സിൽ കിടന്നു മഥിച്ചിരുന്നു. അച്ഛൻ വീടെത്തുംവരെ സിഗററ്റ് പുകച്ചു. രാത്രി മിന്നാമിന്നികൾ ബംഗ്ലാവിന്റെ മുറ്റത്ത് തന്നെ തിരഞ്ഞ് നടന്നതായും ഭഗവതിക്കുന്നു കേറി പാലപ്പൂവിന്റെ ഗന്ധവുംകൊണ്ട് ഒരു കാറ്റ് കടന്നുപോയതായും ഒരു സ്വപ്നം കാണാൻ അക്കാലത്ത് കൊതിച്ചിരുന്നു. പക്ഷേ….
(തുടരും)
Generated from archived content: novelponnan4.html Author: sree_ponnan