രാത്രി ഉറക്കം വന്നില്ല. കിഴക്കേ ജനാല തുറന്നു വെച്ചു. ഇരുട്ടിൽ മിന്നാമിനുങ്ങുകൾ, മദ്യപിച്ചവരെപ്പോലെ കാലിടറി നടന്നു. കാറ്റിന് കശുമാങ്ങയുടേയും പാലപ്പൂവിന്റേയും മണം. ഈശ്വരിയുടെ കൈവെളളകൾക്ക് പാലപ്പൂവിന്റെ മണമായിരുന്നു. മുറിയ്‌ക്കകത്തേയ്‌ക്ക് നിർത്താതെ വീശിയ കാറ്റിന് നല്ലൊരു മൂഡ് തരാൻ കഴിഞ്ഞു. ഇരുന്നെഴുതി. വെട്ടിയും തിരുത്തിയും ഒരാറ് സീൻ കറതീർത്തു വച്ചു. പിന്നെ വലതുകൈയ്‌ക്ക് വല്ലാത്ത വേദനയായി. നേരിയ മരവിപ്പുണ്ടോ?
“വയസ്സ് അമ്പത്തിയഞ്ചു കഴിഞ്ഞൂട്ടോ. ഇനി ശരീരം നോക്കാതെയുളള ഉറക്കമിളപ്പും യാത്രകളും സൂക്ഷിക്കണം. ഞാൻ പറയാനുളളതു പറഞ്ഞു…”
ഒരു ലേഡി ഡോക്‌ടറുടെ ഗൗരവം ചോർന്നു പോകാതെ ഒരു ഭാര്യയുടെ അധികാരം പിടിച്ചു വാങ്ങിക്കൊണ്ട് മാലിനി പലപ്പോഴും പറഞ്ഞിട്ടുളളതാണ്.
എന്ത് ശ്രദ്ധിക്കാൻ.. ചരടു പൊട്ടിയ പട്ടംപോലെ ഇങ്ങനെ പറന്നു നടക്കാനല്ലാതെ ഞാനൊന്നും ശീലിച്ചിട്ടില്ല.
“അതിനാ എന്നെ വിവാഹം കഴിക്കാൻ പറഞ്ഞത്…” മാലിനി മുഖം കറുപ്പിച്ചു.
“എന്തിന്?”
“എന്തിനെന്നോ.. ഇയാൾക്ക് എല്ലാ ദുഃഖങ്ങളും ഇറക്കിവയ്‌ക്കാൻ ഞാൻ വേണം. എല്ലാ സന്തോഷങ്ങൾ പങ്കുവയ്‌ക്കാനും ഞാൻ വേണം. ഒരു ഭാര്യ ചെയ്യേണ്ടതെല്ലാം ഒരു മടിയും കൂടാതെ ചെയ്തുതരണം. വർഷങ്ങളായി ഞാനിതൊക്കെ എതിർപ്പില്ലാതെ അനുസരിക്കുന്നു. എന്നിട്ടും ലോകത്തിനുമുന്നിൽ ഒരു തവണ എനിക്കൊന്നു ജയിക്കാൻ… ഒരു താലി…”
ഒരു ലേഡി ഡോക്‌ടർക്കു നിരക്കാത്തവണ്ണം അവൾ കരഞ്ഞിട്ടുണ്ട്. മാലിനിയുടെ കണ്ണുനീർ കരളുപൊളളിച്ചിട്ടുമുണ്ട്. ശരിയാണ്. സ്‌നേഹം തോന്നുമ്പോൾ അതു പകർന്നു വയ്‌ക്കാൻ എനിക്ക് മാലിനിയുടെ നനഞ്ഞ ചുണ്ടുകൾ വേണം. ദുഃഖം വരുമ്പോൾ ഓടിയൊളിക്കാൻ അവളുടെ നിറഞ്ഞ മാറിടം വേണം. കരുത്തു പരീക്ഷിച്ച് സ്വയം ആശ്വസിക്കാൻ വിജയഭാവത്തിൽ തളർന്നുറങ്ങാൻ ആ വെളുത്ത ശരീരം വേണം. പക്ഷേ… മാലിനിയെ ഒരു ഭാര്യയായി കാണാൻ കഴിയുന്നില്ല. ഇത്രയും മാത്രമാണോ ഭാര്യ? മാത്രമല്ല; ആ സ്ഥാനത്ത് അറിയാതെ തന്നെ മറ്റേതോ മുഖം എന്നോ പ്രതീക്ഷിച്ചു പോയിരുന്നു… അതല്ലേ ശരി? അതല്ലേ മുഖ്യപ്രശ്‌നം? ഈശ്വരിയുടെ മുഖം?
പഞ്ഞിപോലെ വെളുത്ത മുടിയഴിച്ചിട്ട് മുറുക്കിച്ചുവന്ന ചുണ്ടുകളും വെളളാരം കണ്ണുകളുമായി ബംഗ്ലാവിൽ പണിയെടുത്തിരുന്ന ചിന്നമ്മുവമ്മയെന്ന തമിഴ്‌നാട്ടുകാരി സ്‌ത്രീയുടെ മരിച്ചുപോയ മകളായിരുന്നു ഈശ്വരിയുടെ അമ്മ. ചിന്നമ്മുവമ്മയുടെ വിരലിൽത്തൂങ്ങിയാണ് ഈശ്വരിയെ ആദ്യം കാണുന്നത്. ചുവന്ന കല്ലിന്റെ കുഞ്ഞു മൂക്കുത്തിയിട്ട ഈശ്വരിക്കുട്ടിയെ. ചിന്നമ്മുവമ്മ ബംഗ്ലാവിന്റെ തെക്കേമുറ്റത്തു നിർത്തി അവളെ എനിക്ക് പരിചയപ്പെടുത്തി. രണ്ടുപേർക്കും കവിളിൽ ഓരോ ഉമ്മത്തന്നു. ചിന്നമ്മുവമ്മയുടെ ഉമ്മകൾക്ക് എന്നും തണുപ്പായിരുന്നു. ഈർപ്പം നിറഞ്ഞ ഉമ്മകൾ….
സുഗന്ധപാക്കിന്റെ മണമുളള ഉമ്മകൾ…
അച്ഛനുമമ്മയും ഇല്ലാത്ത ഈശ്വരിയ്‌ക്ക് എല്ലാമായിരുന്നു ചിന്നമ്മുവമ്മ. പ്രായത്തിൽ കവിഞ്ഞ ആരോഗ്യം കാത്തു സൂക്ഷിച്ച അവർ ബംഗ്ലാവിലെ സൗന്ദര്യമുളള വസ്‌തുക്കളിൽ ഒന്നായിരുന്നു അന്നെനിക്ക്. ബംഗ്ലാവിലെ സകലജോലികളും അവർ എടുത്തിരുന്നു. മുത്തശ്ശിയുടെ ചുണ്ടുകൾ മുറുക്കാതെയും ചുവന്നാണിരുന്നതെന്ന് ഈശ്വരി രഹസ്യമായി പറഞ്ഞത് കേട്ട് ഞാനന്ന് അത്ഭുതപ്പെട്ടിരുന്നു.
ചിന്നമ്മുവമ്മ അച്ഛനോട് പുലർത്തിയിരുന്ന വിധേയത്വവും ഒതുക്കവും അത്ഭുതകരമായിട്ടാണെനിക്ക് തോന്നിയിരുന്നത്. മറ്റുളളവരുടെ മുന്നിൽ അവർ തന്റേടിയാവുന്നതും അച്ഛന്റെ നിഴൽ കണ്ടാൽ പൂച്ചയെപോലെ സൗമ്യയാകുന്നതും ആ വെളളാരം കണ്ണുകൾ മിന്നാമിന്നികളാകുന്നതും കാണാൻ ചന്തമുളള കാര്യങ്ങളായിരുന്നു. അച്ഛനും സദാനേരവും അവരുടെ സേവനം ആവശ്യമായിരുന്നെന്ന് അക്കാലത്തേ ഞാൻ മനസ്സിലാക്കിയിരുന്നു. ഒരു രാത്രി അച്ഛനോടൊത്ത് ഉറങ്ങാൻ കിടന്നപ്പോൾ അച്ഛന്റെ കവിളിന് സുഗന്ധപാക്കിന്റെ മണം തോന്നിച്ചു. ഞാൻ സന്തോഷത്തോടെ മിന്നാമിന്നികളെ സ്വപ്നം കണ്ടുറങ്ങി.
(തുടരും)
Generated from archived content: novelponnan3.html Author: sree_ponnan