ബ്രിട്ടീഷുകാരുടെ നീലരക്തത്തിന്റെ വീര്യം കാട്ടുന്ന വലിയ മുറികൾ…. കൂറ്റൻ വാതിലുകൾ… പണ്ട് ഈ വാതിലുകൾക്കു പിന്നിൽ ഒളിച്ചു കളിയ്‌ക്കുമായിരുന്നു ഞാനും ഈശ്വരിയും… ഏതോ ഓർമ്മയിൽ അറിയാതെ മന്ദഹസിച്ചുകൊണ്ട് ഒരു സിഗററ്റു കൊളുത്തി. അച്ഛൻ ചെയ്യാറുളളപോലെ വിരലുകൾക്കിടയ്‌ക്ക് പിടിക്കാതെ രണ്ടുവിരലുകൾ കൊണ്ട് മാത്രം പിടിച്ചാണ് സിഗററ്റു വലിക്കാറ്. വലിച്ചു കഴിഞ്ഞാൽ പുക തലയ്‌ക്ക് മുകളിൽ മുഖമെറിഞ്ഞ് ഊതിയകറ്റും.
ഈശ്വരി… എന്റെ ബാല്യകാലസഖി. ജനാലയിലൂടെ കാറ്റ് വീശി. കശുമാങ്ങയുടെ മണമുളള കാറ്റ്. ഈശ്വരിയുടെ ഗന്ധമേറ്റുവാങ്ങി വരുന്നതാണോ ഈ കാറ്റ്…?
ഇവിടെ അടുത്തൊരിടത്താണ് ഷൂട്ടിംഗ് ഫിക്‌സുചെയ്തിരിക്കുന്നത് എന്നറിഞ്ഞതുകൊണ്ടാണ്, ക്ലൈമാക്‌സ് എഴുതാൻ തൽക്കാലം മൂഡില്ലെന്നും ഷൂട്ടിംഗ് തുടങ്ങിയശേഷം ലൊക്കേഷനിലേയ്‌ക്ക് എത്തിച്ചുതരാമെന്നും, പ്രൊഡ്യൂസറോടും ഡയറക്‌ടറോടും പറഞ്ഞ് സമ്മതിപ്പിച്ചതും ഇങ്ങോട്ട് ഒരൊളിച്ചോട്ടംപോലെ വർഷങ്ങൾക്കുശേഷം വന്നെത്തിയതും.
ബംഗ്ലാവും പരിസരവും ഏറെ നാളായി ആൾത്താമസമില്ലാതെ അടഞ്ഞു കിടപ്പായിരുന്നെങ്കിലും ദിവാകരൻനായർ കഴിവനുസരിച്ച് എല്ലായിടവും വൃത്തിയാക്കിയിട്ടുണ്ട്. ഇങ്ങനെയൊരു ബംഗ്ലാവ് എന്റെ അധീനതയിൽ ഇവിടെ പൂട്ടിക്കിടപ്പുളള വിവരം ഷൂട്ടിംഗ് ടീമിനെ അറിയിച്ചിട്ടില്ല. ഇല്ലെങ്കിൽ കുടുംബചിത്രം തൽക്കാലം ഒരു ഹൊറർ ചിത്രമാക്കാമെന്നോ മറ്റോ പറഞ്ഞ് എല്ലാംകൂടി ഇങ്ങോട്ടു പിടച്ചു കയറിയേനെ.
വലിയ വിസ്താരമുളള കിടപ്പുമുറിയിലെ കട്ടിലിൽ പഴക്കമുളള കിടക്കയിട്ട് ഒരു വലിയ ബ്ലാങ്കറ്റ് വിരിച്ചിട്ടിട്ടുണ്ട്. ബ്ലാങ്കറ്റിൽ രണ്ടു പുലികൾ യുദ്ധത്തിനൊരുങ്ങുന്നു. ഒരു പുലിയുടെ തലയിൽത്തന്നെ പെട്ടിയെടുത്തു വച്ചു. തുറന്നപ്പോൾ ഏറ്റവും മുകളിൽ ഇരുന്ന മദ്യക്കുപ്പി കണ്ടിട്ടാവും ദിവാകരൻനായരുടെ കണ്ണ് തിളങ്ങുന്നുണ്ടായിരുന്നു.
മുഷിഞ്ഞ പല്ലുകൾ പുറത്തുകാട്ടി ദിവാകരൻനായർ വെറുതേ പട്ടി മോങ്ങുംപോലെ ചിരിച്ചു, തലചൊറിഞ്ഞു.
“ങൂംം… എന്താ വേണോ?”
ദിവാകരൻനായർ വാലാട്ടി. കുപ്പിയെടുത്തു തുറന്നപ്പോഴേയ്‌ക്കും മേശപ്പുറത്തിരുന്ന പച്ച നിറത്തിലുളെളാരു പ്ലാസ്‌റ്റിക് ഗ്ലാസ് അയാൾ എടുത്തു നീട്ടി.
“ഇതു പ്ലാസ്‌റ്റിക്കല്ലേ…?”
“അതു കുഴപ്പമില്ല സാറെ…”
“വെളളം ചേർക്കണ്ടെ..?
”വേണ്ട സാറേ..?
ഒഴിച്ചുകൊടുത്തു. ഓടിയണച്ച നായയുടെ ആർത്തിയോടെ അയാൾ ആ തീവെളളം കുടിച്ചു വറ്റിച്ചു. ഒന്നല്ല, നാലു ഗ്ലാസ്സ്. അത്ഭുതം തോന്നി. ഇതെന്തൊരു ദാഹം?
“കൊടലു കരിയുമല്ലോ..”
“അതിനെനിയ്‌ക്ക് കൊടലും കരളുമൊന്നുമില്ലാ സാറേ…” അയാൾ മുഷിഞ്ഞ ചിരി നീട്ടി. ശരിയാ.. ഒരു തികഞ്ഞ മദ്യപാനിയുടെ വേഷവും ഭാവവും ഉണ്ടിയാൾക്ക്.
“പട്ടണത്തീപ്പോവുമ്പം ഞാൻ സാറെഴുതിയ സിനിമകള് കണ്ടിട്ടുണ്ട്. എനിക്ക് സിനിമാ കാണുന്നതീക്കമ്പമില്ല. പക്ഷേ എന്റെ ഭാര്യയ്‌ക്ക് ഇഷ്‌ടമായിരുന്നു. സാറിന്റെ സിനിമകള് വരുമ്പോ അവള് കാണാൻ പോകുമായിരുന്നു പണ്ട്. പക്ഷേ ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞതീപ്പിന്നെ അവള് മരിക്കുന്നതുവരെ ഞങ്ങളൊന്നിച്ച് സിനിമയ്‌ക്ക് പോയിട്ടില്ല..”
“അതെന്താ…”
“മധുവിധുവിനെടയ്‌ക്ക് അതിനൊന്നും നേരം കിട്ടിയില്ല സാറേ. പിന്നെ… കച്ചവടം മെച്ചപ്പെട്ട് കയ്യില് നാലു കാശുവന്നപ്പോഴേയ്‌ക്കും അവള് കിടപ്പിലായിപ്പോയി.”
“എന്തായിരുന്നു അസുഖം?”
“അരയ്‌ക്ക് കീഴ്പോട്ട് തളർന്നതാ. നാട്ടുകാര് പറേം ഞാൻ ചവിട്ടി വീഴ്‌ത്തീതാണന്ന്. ഒടുക്കത്തെ കളളമാ. സാറിനു തോന്നുന്നുണ്ടോ ഞാനവളെ ചവിട്ടുമെന്ന്. കാവില് തിരിവെയ്‌ക്കാൻ പോയപ്പോ കാലുതെന്നി തലയടിച്ചു വീണതാ; ഒരു സന്ധ്യയ്‌ക്ക്. പിന്നെ മിണ്ടിയിട്ടില്ല. പക്ഷേ… അതാരും വിശ്വസിച്ചില്ല. വിശ്വസിച്ചില്ലേല് എനിക്കെന്നതാ. എനിയ്‌ക്കാരേം ബോധിപ്പിക്കണ്ടാ. സാറിനറിയാമോ? അനാഥയായ അവളെ പത്തുപൈസാ സ്‌ത്രീധനം മേടിക്കാതെ പ്രേമിച്ചുകെട്ടിയതാ ഞാൻ. ഞങ്ങള് തമ്മില് ഭയങ്കര സ്നേഹമായിരുന്നു സാറേ.. എന്റെ കച്ചവടം രക്ഷപ്പെട്ടതുതന്നെ അവളെ കെട്ടിയ ശേഷമാ. എന്റെ കഷ്‌ടപ്പാട് മാറാൻ അവളെന്നും സർപ്പക്കാവില് തിരിവച്ചു പ്രാർത്ഥിച്ചിരുന്നു സാറേ.. എനിക്ക് വേണ്ടി; ഒളളതു പറയാവല്ലോ.. അവളൊത്തിരി കഷ്‌ടപ്പെട്ടതാ. പിന്നെ… ഞാൻ നല്ല അദ്ധ്വാനിയാ സാറേ. ഒരു ദിവസം ഒന്നൊന്നരക്കന്നാസെങ്കിലും വാറ്റും. എക്‌സൈസുകാർക്ക് കൊടുക്കാനുളളതും കഴിച്ച്, അത്യാവശ്യം പണം എപ്പഴും മടീക്കാണും. ഇപ്പോ ഈ മന്ത്രിസഭ വന്നേപ്പിന്നാ കുറച്ചു ഞെരുക്കം. അല്ലങ്കീ എനിക്കെന്നാ പുല്ലാ… സാറിന് ഞാൻ നല്ല ഒന്നാന്തരം സാധനം എടുത്തുവച്ചിട്ടുണ്ട്. നാളെ രാവിലെ തരാം. എക്‌സൈസുകാർക്ക് എടുത്തുവച്ചതാ.. പക്ഷേ.. അവടെ ചെല സ്ഥലം മാറ്റങ്ങള്. നാരായണൻസാറും മാത്തച്ചൻസാറും പോയതോടെ എന്റെ കഞ്ഞികുടി മുട്ടി. പിന്നെ.. സാറിനോട് എനിക്കൊരപേക്ഷയുണ്ട്.” പട്ടി കോട്ടുവായിടുംപോലെ അയാളൊന്നു വാ തുറന്ന് ചിരിച്ചു.
“എന്നെങ്കിലും സാറീ ബംഗ്ലാവ് വിൽക്കുന്നെങ്കീ എന്നോടു പറയണം. ഞാൻ വാങ്ങിച്ചോളാം. നാട്ടുനടപ്പുളള വിലയ്‌ക്ക് ഞാനെടുത്തോളാം. ബംഗ്ലാവു സ്വന്തമായി ഡംഭ് കാണിക്കാനല്ല സാറേ… എന്റെ കാരണവൻമാര് പണ്ടുതൊട്ടേ നോക്കി സൂക്ഷിച്ച ബംഗ്ലാവാ. എന്റച്ഛൻ നിർബന്ധിച്ചിട്ടാ സാറിന്റെയച്ഛൻ.. വക്കീൽസാറ് ഇതു വാങ്ങീതുതന്നെ. ഈ ബംഗ്ലാവില് മറ്റാരെങ്കിലും വന്നുകേറുന്നത് സഹിക്കാൻ വയ്യാത്തോണ്ടാ.. ഉളള പറമ്പും പണ്ടോം പുരയിടോം വിറ്റിട്ടാണെങ്കിലും ശരി.. ഞാനിതു വാങ്ങിച്ചോളാം… വിൽക്കുന്നെങ്കീ ഒരു വാക്ക് സാറ് പറയണം..”
അയാൾ പിന്നേയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. പിന്നീട് കട്ടിലിന്റെ കാൽക്കൽ മുട്ടുകുത്തി വീണു. അവിടെക്കിടന്ന് കൂർക്കം വലിച്ച് ഒച്ചയുണ്ടാക്കിക്കൊണ്ടുറങ്ങി. ഉറക്കത്തിലും അയാൾ നിർത്താതെ വാലാട്ടി.
(തുടരും)
Generated from archived content: novelponnan2.html Author: sree_ponnan