സിനിമ ഏതൊരു സാധാരണക്കാരനെയും എന്നപോലെ എന്നേയും കുഞ്ഞുന്നാളിലേ മോഹിപ്പിക്കുകയോ വിഭ്രമിപ്പിക്കുകയോ ഒക്കെ ചെയ്‌തിട്ടുളള ഒരു മീഡിയ ആണ്. പക്ഷേ ഭാവിയിൽ ഒരു സിനിമാക്കാരനായി വേണം ജീവിക്കാൻ എന്ന ചിന്തയുണ്ടാക്കിയിട്ടില്ല. പ്രീഡിഗ്രി വിദ്യാഭ്യാസാനന്തരം ഡിഗ്രിയ്‌ക്ക് ഫിലോസഫിയാണെടുത്തത്. അക്കാലത്ത്, പലപ്പോഴും അച്‌ഛന്റെ ഒരു വലിയ കൂട്ടുകാരനായ ബഹദൂർ എന്ന അതുല്ല്യനടൻ വീട്ടിൽ വന്നുപോകാറുണ്ടായിരുന്നു. ആ പരിചയം; ഒരു ജോലിസാദ്ധ്യതയ്‌ക്കുളള പഠനമെന്ന നിലയ്‌ക്ക് 1975-ൽ ബഹദൂറിക്കയോടൊപ്പം അദ്ദേഹത്തിന്റെ മദ്രാസിലെ വീട്ടിലേക്ക് വണ്ടികയറാൻ ഇടയാക്കി. ആ വീട്ടിൽത്തന്നെ താമസിച്ച് മദ്രാസിൽ ടി.വി മെക്കാനിസം കോഴ്‌സിനു ചേർന്നു. ഗൾഫ് മോഹങ്ങളുമായി ചെറുപ്പക്കാർ നാട്ടിൽ ആധി പിടിച്ചു നടന്ന ആ കാലത്ത് കേരളത്തിൽ ടെലിവിഷൻ എന്നത് കേട്ടുകേൾവി പോലുമില്ല.
ബഹദൂറിക്കയുടെ വീട്ടിലെ ജീവിതം; ആരാധനാമൂർത്തികളായ പല വലിയ സിനിമാക്കാരേയും അടുത്തറിയാനും സൗഹൃദം നേടാനും സഹായിച്ചു. ഐ.വി.ശശി, ഹരിഹരൻ തുടങ്ങി അന്നത്തെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകർ പലരും ബഹദൂറിക്കയുടെ വളരെ അടുത്ത ആളുകളായിരുന്നു. അദ്ദേഹത്തിന് ഒരു വാക്കിന് അവരൊക്കെ വലിയ വില കൽപ്പിച്ചിരുന്ന അക്കാലത്ത്; ഒരു സിനിമാക്കാരനാകാൻ ആഗ്രഹിച്ച എന്നോട് സഹസംവിധായകനായി ജോലി തുടങ്ങാൻ ബഹദൂറിക്ക ഉപദേശിച്ചു. പക്ഷേ അച്‌ഛനതറിഞ്ഞപ്പോൾ സമ്മതിച്ചില്ല. അമ്മയും എതിർത്തു. അങ്ങനെ മദ്രാസ് ഉപേക്ഷിച്ചു പോരാതിരിക്കാൻ വേണ്ടിമാത്രം മറ്റൊരു സ്ഥാപനത്തിൽ കമ്പ്യൂട്ടർ കോബോൾ പ്രോഗ്രാമിംഗ് കോഴ്‌സിനായി ചേർന്നു. കമ്പ്യൂട്ടറിന്റെ ആദ്യകാല രൂപം ഒരു ഫ്രിഡ്‌ജിനോളം വലിപ്പം ഉളളതായിരുന്നു അക്കാലത്ത്. തുടർന്ന് സ്പെൻസർ ടിവി ഷോറൂമിൽ അപ്രന്റീസായി ജോലി ചെയ്‌തു. അതും മദ്രാസിൽ നിൽക്കാൻ വേണ്ടി മാത്രം. ഇതിനിടയിൽ ബഹദൂറിക്കയും സംഘവും ഗൾഫിൽപോയി ഒരു മലയാളനാടകം അവതരിപ്പിക്കാനുളള ഒരുക്കം തുടങ്ങി. ശ്രീമൂലനഗരം വിജയൻ സംവിധാനം ചെയ്‌ത് ബഹദൂറിക്ക പ്രധാനവേഷം ചെയ്‌ത ആ നാടകത്തിൽ അന്നത്തെ പ്രമുഖരായിരുന്ന വിൻസന്റ്, പ്രതാപചന്ദ്രൻ, പ്രമീള, മീന, ലിസി തുടങ്ങിയവരും വേഷമിട്ടിരുന്നു. 78‘ൽ ബഹദൂർ ആർട്‌സ് ’ബല്ലാത്തപഹയനു‘മായി ഗൾഫ് നാടുകളിലേക്ക് തിരിച്ചപ്പോൾ നാടക റിഹേഴ്‌സൽ ക്യാമ്പിലെ പഠനങ്ങളും മദ്രാസിലെ സിനിമാനുഭവങ്ങളും മനസ്സിൽ സൂക്ഷിച്ച് കൊണ്ട് എനിക്ക് ചാലക്കുടിയിലേക്ക് തിരിച്ചുപോരേണ്ടി വന്നു.
നാട്ടിൽ അക്കാലത്ത് ലോഹിതാക്ഷനെന്ന സുഹൃത്തും എന്നെപ്പോലെത്തന്നെ സിനിമാനാടക മോഹങ്ങളുമായി കലാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഒന്നിച്ച് പലപ്പോഴും ചർച്ചകളും യാത്രകളുമായി നീങ്ങിയ ഞങ്ങളിൽ ആ സുഹൃത്തിനാണ് ആദ്യം പ്രൊഫഷണൽ നാടകരംഗത്ത് നാടകരചയിതാവായി കയറിപ്പറ്റാൻ കഴിഞ്ഞത്.
’സിന്ധു ശാന്തമായി ഒഴുകുന്നു‘ എന്ന ആദ്യനാടകത്തിന് തന്നെ അദ്ദേഹം സംസ്ഥാന അവാർഡ് നേടി. പിന്നീട് 85-ൽ ’തനിയാവർത്തനം‘ എന്ന തിരക്കഥയെഴുതി അദ്ദേഹം സിനിമാരംഗത്ത് ലോഹിതദാസ് എന്ന് പ്രശസ്തനായി. തിലകൻ എന്ന നടനാണ് ലോഹിക്ക് നാടകത്തിലേക്കും സിനിമയിലേക്കും വഴി തുറന്നു കൊടുത്ത വലിയ ശക്തി. ഈ സമയമത്രയും വീട്ടുകാരുടെ നിർബന്ധത്താൽ ഒരു ഓട്ടോ മൊബൈൽ വർക്ക്‌ഷോപ്പ് തുടങ്ങി നാട്ടിൽ നല്ല രീതിയിൽ ബിസിനസ്സ് നടത്തിവരികയായിരുന്നു ഞാൻ. ഇടയ്‌ക്ക് ലോഹി വന്ന് സിനിമാ-നാടക ചർച്ചകളിലൂടെ കലാസ്‌മരണകൾ ഉണർത്തിയിരുന്നെങ്കിലും 84-ൽ വിവാഹിതനായതോടെയാണ് ഞാൻ ജീവിതത്തെ ഒരു പുതിയ രീതിയിൽ കണ്ടുതുടങ്ങിയത്.
തനിയാവർത്തനത്തിനുശേഷം 12 വർഷം കഴിഞ്ഞാണ് ലോഹി ’കിരീടം‘ എഴുതുന്നത്. അങ്ങനെ പ്രൊഡ്യൂസർ ഉണ്ണിയുമായി ഞാനും പരിചയപ്പെടാനിടയായി. കിരീടത്തിന്റെ കാര്യങ്ങൾക്കായുളള ഒരു ഷൊർണ്ണൂർ യാത്രയിൽ ഞങ്ങൾ നല്ല സുഹൃത്തുക്കളാവുകയായിരുന്നു.
അത് 90കൾക്കുമുമ്പ് ലാബെല്ലാ പൊട്ടിയ കാലഘട്ടമാണ്. ഞാനും ബിസിനസ്സ് നഷ്‌ടത്തിലായും സാമ്പത്തികമായി തകർന്നും തുടങ്ങിയിരുന്നു. ആ അവസ്ഥകളും ലോഹിയുടെ നിർബ്ബന്ധങ്ങളും സിനിമാചർച്ചകളിൽ പങ്കെടുക്കാനും ’മാലയോഗം‘ എന്ന സിബിമലയിൽ ചിത്രത്തിൽ അസിസ്‌റ്റന്റ് ഡയറക്‌ടറാവാനും ഇടയാക്കി.
ഒരു ജൂൺ 3-ന് വൈകീട്ട് സിബിസാറിന്റെ റൂമിലെത്തി ദക്ഷിണ വച്ചു. ലാസ്‌റ്റ് അസിസ്‌റ്റന്റായി. അവിടന്നങ്ങോട്ട് സിബിസാറിന്റെ ’സിന്ദൂരരേഖ‘ വരെയുളള 16 പടങ്ങളിൽ സഹസംവിധായകനായി ജോലി ചെയ്‌തു.
വീണ്ടും വീട്ടിലൊതുങ്ങാൻ ശ്രമിച്ച എന്നെ ലോഹി വിട്ടില്ല. എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് കിരീടം ഉണ്ണിയെക്കൊണ്ട് പണം മുടക്കി എന്നെ സംവിധായകനാക്കി പടം ചെയ്യാൻ ലോഹി തീരുമാനിച്ചു. പണം നഷ്‌ടപ്പെടുമെന്ന വലിയ ഭയം സത്യത്തിൽ എനിക്കു മാത്രമായിരുന്നു. തിരുവനന്തപുരത്തുവച്ചു നടന്ന ഒരു ഫിലിം ഫെസ്‌റ്റിവലിനിടയിൽ സിബിസാറിനെ വിവരമറിയിച്ചു. അദ്ദേഹം എന്നെ ആശീർവദിച്ചു; ധൈര്യം പകർന്നു. ഉണ്ണിയുടെ ശക്തമായ പിൻബലത്തിൽ അങ്ങനെ എന്റെ സിനിമാസങ്കല്പങ്ങളും ലോഹിയുടെ കരുത്തുളള തിരക്കഥയും കൊണ്ട് ഞാൻ സിനിമാപ്രേമികളുമായി ഒരു ’സല്ലാപ‘ത്തിനു തയ്യാറായി. എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട എന്റെ ചിത്രവും ഇന്നും ’സല്ലാപം‘ തന്നെ.
* മാറുന്ന സിനിമാസങ്കല്പങ്ങളെ ഒരു സംവിധായകൻ എന്നുളള നിലയിൽ എങ്ങനെ നോക്കിക്കാണുന്നു?
ചുറ്റുപാടുകൾക്കനുസൃതമായി സിനിമാസങ്കല്പങ്ങളും മാറും; മാറണം. അതിൽനിന്നും മുഖം തിരിച്ചു നിൽക്കുന്നത് കരുത്തല്ല; ഭീരുത്വമാണ്. പക്ഷേ അടിത്തറ ഭദ്രമാകണമെങ്കിൽ സബ്‌ജക്‌റ്റ് സ്വീകരിക്കുന്നത് ശ്രദ്ധയോടെയാകണം. അതുമാത്രമല്ല, കാസ്‌റ്റിംഗും (താരങ്ങളെ നിശ്ചയിക്കുന്നത്) ഡയറക്ഷനും വളരെ ശ്രദ്ധിക്കണം. ഒരു സിനിമ നന്നാവാൻ സബ്‌ജക്‌റ്റിനോളം തന്നെ പ്രധാനപ്പെട്ടതാണ് കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നടീനടൻമാരെ കണ്ടെത്തുന്നതും അവരെക്കൊണ്ട് നന്നായി അഭിനയിപ്പിക്കുന്നതും. സാലു കൂറ്റനാട് സല്ലാപത്തിൽ ചെയ്‌ത ആശാരി അപ്പുവും, കലാഭവൻ മണി ചെയ്‌ത തെങ്ങുകയറ്റക്കാരനും രൂപം കൊണ്ടും ഭാവം കൊണ്ടും മാത്രമല്ല ശരീരത്തിന്റെ നിറം കൊണ്ടുപോലും ജനഹൃദയങ്ങളിൽ തങ്ങി നിൽക്കുന്നു. ആ സെലക്ഷനാണ് ശ്രദ്ധിക്കേണ്ടത്. സല്ലാപത്തിൽ മിക്കവരും പുതുമുഖങ്ങളായിരുന്നു.
നമ്മുടെ ടെക്‌നോളജി എത്ര വളർന്നാലും മലയാളത്തനിമയില്ലാത്ത ആ കഥകൾക്ക് നമ്മിലെങ്ങനെ സ്വാധീനം ചെലുത്തനാകും. തനിമയുളള കഥകൾക്കനുയോജ്യമായി ടെക്‌നോളജിയെ ഉപയോഗപ്പെടുത്തിയാൽ ’അത്ഭുതങ്ങൾ‘ ജനിച്ചേക്കാം. അവിടെയാണ് കഴിവും പരിശ്രമവും വേണ്ടത്. സംവിധായകന്റെ കൈയ്യൊപ്പ് വേണ്ടത്.
ഇടക്കാലത്ത് -ടെക്‌നോളജിയുടെ വളർച്ചയിൽ-സോംഗ് റെക്കോഡിംഗ് ഒരു പരിധിയോളം ഉത്സവമായി മാറിയിരുന്നു. പക്ഷേ പാട്ടുകൾ ആവശ്യമില്ലാത്ത കഥകൾ സിനിമയാക്കുമ്പോൾ പോലും എന്തിന് ഇത്തരം ഉത്സവങ്ങൾ? അത്തരം മഠയത്തരങ്ങളെ ഒരു സംവിധായകൻ എന്ന നിലയിൽ ഒരിക്കലും അംഗീകരിക്കാൻ ഇഷ്‌ടമില്ല. പിന്നെ, നല്ല ചിത്രങ്ങൾ കൂട്ടായ്‌മയുടെ പ്രതീകങ്ങളാണ്. ആ ടോട്ടാലിറ്റിയെക്കുറിച്ച് ആദ്യാവസാനം ബോധവാനായിരിക്കണം; സംവിധായകൻ.
* ’താരാരാധന‘ സിനിമയുടെ പുരോഗതിയെ ബാധിക്കുന്നതിനെക്കുറിച്ച്…?
താരാരാധന സിനിമയെ ജയിപ്പിക്കും പോലെ തോൽപ്പിക്കുകയും ചെയ്യുമെന്ന് നാമെത്രയോ വട്ടം മനസ്സിലാക്കി. പക്ഷേ ചില കഥാപാത്രങ്ങളെ നാം കണ്ടെത്തുമ്പോൾ ഇത് ഇന്ന നടനായാൽ മാത്രമേ നന്നാവുകയുളളു എന്ന് മനസ്സിലുറച്ചുപോകുന്ന നിമിഷങ്ങളുണ്ട്. മറ്റൊരാളെ ആ വേഷത്തിൽ കാണാൻ കഴിയാതെ വരിക. നമ്മുടെ ചില നടൻമാർ അക്കാര്യത്തിൽ ലോക നടൻമാരെപ്പോലും വിസ്‌മയിപ്പിക്കുന്നവരാണ്. ഒരുദാഹരണം പറയാം. കഥാപാത്രങ്ങളോട് നീതി പുലർത്താനുളള, നടൻ തിലകേട്ടന്റെ മനസ്സ്. ആ കഥാപാത്രം അദ്ദേഹത്തിന്റെ കയ്യിലേ സുരക്ഷിതമാവുകയുളളൂ എന്ന് നമുക്ക് തോന്നിപ്പോവുന്നെങ്കിൽ അതാണാ നടന്റെ വിജയം. നമുക്കു കിട്ടുന്ന ഉറപ്പും. പക്ഷേ ആരാധകർക്ക് ’താരാരാധന‘ മതഭ്രാന്തുപോലെ മാസ് ഹിസ്‌റ്റീരിയ തന്നെയാണ്. അത് നല്ല സിനിമകളെ കുറെക്കാലത്തേയ്‌ക്കെങ്കിലും ഇല്ലാതാക്കും.
* പുതിയ പ്രോജക്‌ട് ഏതാണ്? പുതിയ ആളുകളോട് പറയാനുളളത് എന്താണ്?
പുതിയ പ്രോജക്‌റ്റുകൾ- കണ്ണിനും കണ്ണാടിക്കും, പ്രാവ്, കഥ, പൗരൻ എന്നീ ചിത്രങ്ങളാണ്. നാലും തികച്ചും വ്യത്യസ്ഥതയുളള ചിത്രങ്ങൾ. ട്രീറ്റ്‌മെന്റിലും ആ രീതി അവലംബിച്ചിട്ടുണ്ട്.
’കഥ‘യ്‌ക്ക് സുരേഷ്‌കുമാറാണ് പ്രൊഡ്യൂസർ. ഫസ്‌റ്റ്‌പ്രിന്റായി കഴിഞ്ഞു. പൃഥ്വിരാജ് നന്നായി ചെയ്‌തിട്ടുണ്ട്. നല്ല ഗാനങ്ങളും ഈ ചിത്രത്തെ വിജയിപ്പിച്ചേക്കാവുന്ന ഘടകമാണ്.
’പ്രാവ്‘-ൽ രാജസേനൻ നല്ലൊരു ക്യാരക്‌ടർ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രങ്ങളുടെ പേരിടൽ പലപ്പോഴും ഒരു വിഷയമാണ്. ’കുബേരൻ‘ ദിലീപ് പറഞ്ഞുതന്ന പേരാണ്.
’പൗരൻ‘ രാഷ്‌ട്രീയച്ചുവയുളള ചിത്രമാണ്. ഗാനങ്ങളില്ലാത്ത; ഒതുക്കിച്ചെയ്യാൻ കഴിഞ്ഞിട്ടുളള ചിത്രമെന്നു തന്നെയാണ് എന്റെ വിശ്വാസം.
സമൂഹത്തോട് കലാകാരനു മാത്രമല്ല പ്രതിബദ്ധത. പക്ഷേ സിനിമയിലൂടെ പ്രതികരിക്കുന്നതിന് കൂടുതൽ തീവ്രതയുണ്ട്. ഒരു സോപ്പു കച്ചവടം സങ്കല്പിക്കുക. താരങ്ങളെവച്ച് കൂടുതൽ വിറ്റഴിക്കാം. മമ്മൂട്ടി പറഞ്ഞാൽ കൂടുതൽ ഫലമുണ്ട്. അതിനർത്ഥം സമൂഹത്തിലെ ചെറുചലനങ്ങളിൽപോലും കലാകാരന്റെ പങ്കുണ്ട് എന്നുതന്നെയാണ്. അതറിഞ്ഞ് പടം ചെയ്യണമെന്നാണ് പുതിയ ആളുകളോട് പറയാനുളളത്.
* കഴിഞ്ഞ സ്വന്തം ചിത്രങ്ങളെക്കുറിച്ച്?
എന്റെ കഴിഞ്ഞകാല ചിത്രങ്ങളിൽ ’സല്ലാപം‘ തന്നെ മുമ്പൻ. കഥ കണ്ടെത്തുന്നത് എന്നും ഒരു ഭഗീരഥപ്രയത്നം തന്നെയാണ്. അഥവാ, വിഷ്വൽ ചെയ്‌താൽ സുഖിക്കുന്ന ചിത്രത്തിന്റെ കഥ കേമമാകണമെന്നില്ല. പക്ഷേ ഓടുന്ന പടം ആയേക്കും. എന്നാൽ ഒരു കഥയ്‌ക്കും ഓടുന്ന പടം ഉണ്ടാക്കിത്തരുമെന്ന് ഗ്യാരണ്ടി തരാനാവില്ലല്ലോ. നമ്മുടെ സമീപനമാണ് വിഷയം. താരങ്ങളും പ്രധാനമാണ്. സല്ലാപത്തിന് നല്ല ജനപിന്തുണ കിട്ടി.
’കുടമാറ്റം‘ രണ്ടാം ചിത്രം. നന്നായി. സക്‌സസ്‌ഫുൾ എന്നു പറയാം. പക്ഷേ ഞാൻ പ്രതീക്ഷിച്ചത്ര ജനം ആഹ്ലാദിച്ചില്ല. മൂന്നാമത് ചിത്രം “സമ്മാനം”. ക്ലിക്ക്‌ഡ് ആണ്. പ്രൊഡ്യൂസർക്ക് നല്ല ലാഭമുണ്ടായി. പക്ഷേ മൂന്നാം ചുവട് വയ്‌ക്കുമ്പോഴായിരുന്നു ഞാനേറ്റവും ഭയന്നത്. പ്രൊഡ്യൂസറെ സംരക്ഷിക്കുകയെന്നത് പലപ്പോഴും ഒരു ബാധ്യതയായി ഉളളിൽ നുരഞ്ഞുകൊണ്ടിരുന്നു. പിന്നീടുളള ചിത്രങ്ങൾക്ക് അത്രയും ഭയം അനുഭവപ്പെട്ടിട്ടില്ല.
* ഫിലിം ഇൻഡസ്‌ട്രിയിലെ ജീവിതശൈലി സംവിധായകനെന്ന നിലയിലും കുടുംബനാഥനെന്ന നിലയിലും എങ്ങനെ പോകുന്നു?
അങ്ങനെ ഒരു വേർതിരിവു തോന്നിയിട്ടില്ല. ലൊക്കേഷനിൽ ഒരു ജോലി ചെയ്യുന്നുവെന്നോ വീട്ടിൽ ജോലി കഴിഞ്ഞുവന്ന് വിശ്രമിക്കുന്നുവെന്നോ തോന്നിയിട്ടില്ല. മനസ്സിലെ സിനിമ എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അത് ഓരോ നിമിഷവും ചിന്തകളായും കാഴ്‌ചകളായും അറിവായും എന്നേക്കൊണ്ട് ജോലി ചെയ്യിച്ചുകൊണ്ടേയിരിക്കുന്നു.
* വീട്ടുകാര്യങ്ങൾ പറയൂ- ഭാര്യ, മക്കൾ, കുടുംബം?
84-ൽ ആയിരുന്നു വിവാഹം. ഭാര്യ ഷീബ, ഹൗസ് വൈഫാണ്. രണ്ടു കുട്ടികളുണ്ട്. അർജ്ജുൻദാസ്, അരുൺദാസ്. ഇരുവരും വിദ്യാർത്ഥികൾ. ചാലക്കുടിയിൽ സ്ഥിരതാമസം.
* സബ്‌ജക്‌റ്റുകൾ സ്വീകരിക്കുന്ന രീതി, താരങ്ങളുമായുളള ഒത്തുതീർപ്പുകൾ, പ്രൊഡ്യൂസറെ സബ്‌ജകറ്റുമായി സമീപിക്കുന്നവിധം. ഇവയൊന്ന് വിവരിക്കാമോ?
പറഞ്ഞല്ലോ. വ്യത്യസ്ഥതയെ ഇഷ്‌ടപ്പെടുന്നു വല്ലാതെ. താരങ്ങളുമായുളള ഒത്തുതീർപ്പുകൾക്ക് അപ്പോൾ വലിയ പ്രാധാന്യം കല്പിച്ചുകൊടുക്കാൻ ആവില്ലല്ലോ. ഒത്തുതീർപ്പുകൾ ആരോഗ്യപരമെങ്കിൽ നന്ന്. അതിനു തയ്യാറുമാണ്. പ്രൊഡ്യൂസറെ സബ്‌ജക്‌റ്റുമായി സമീപിക്കുന്നവിധം; സത്യസന്ധമായ നീക്കങ്ങൾ തന്നെ. മുൻകാല അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് അതിന്റെ വെളിച്ചത്തിലുളള തുറന്ന ചർച്ചകൾ സിനിമയെ നന്നാക്കുവാൻ ഏറെ സഹായിക്കും. തീർച്ചയായും പ്രൊഡ്യൂസർക്ക് പരിക്കുകൾ കുറയ്‌ക്കുവാൻ എങ്കിലും.
* സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ മോഹം?
അതൊരു പ്രാർത്ഥനകൂടിയാണ്. ട്രീറ്റ്‌മെന്റിലെ വ്യത്യസ്ഥത നിലനിർത്താനാകണേയെന്ന്. അതിനൊരു വ്യത്യാസവും വരരുതേയെന്ന് മോഹിക്കുന്നു.
Generated from archived content: interview1_july6_05.html Author: sree_ponnan