വരാന്തകളിലൂടെ പേ പിടിച്ച പട്ടിയെപ്പോലെയാണ് ഡോക്‌ടർ രമേഷ് ഓടിയത്. കിതപ്പോടെയും മുരൾച്ചയോടെയും അയാൾ ഡ്യൂട്ടിറൂമിന്റെ വാതിൽ തളളിത്തുറന്നു. അവിടെ ഗൗതമനെ പരിചരിക്കുന്ന ഡ്യൂട്ടിനേഴ്‌സ് ഉണ്ടായിരുന്നില്ല. പകരം ഉണ്ടായിരുന്ന തടിച്ച ശരീരമുളള നേഴ്‌സിൽനിന്നും ഡ്യൂട്ടിനേഴ്‌സ് അല്പംമുമ്പ് ഉടുത്തൊരുങ്ങി പുറത്തേക്ക് പോയെന്നയാളറിഞ്ഞു. ഡോക്‌ടർ നേരെ പാഞ്ഞത് ഗൗതമന്റെ അമ്മയുടെ മുറിയിലേയ്‌ക്കാണ്. അയലത്തെ പെൺകുട്ടിയേയും വിളിച്ചുകൊണ്ട് തെല്ലുമുമ്പ് ഡ്യൂട്ടിനേഴ്‌സ് പുറത്തേക്കിറങ്ങിപ്പോയെന്ന് അമ്മ പറഞ്ഞു. ഡോക്‌ടർ വിറക്കുന്ന കാലടികളോടെ വാച്ചറെ തേടിച്ചെന്നു. ഡ്യൂട്ടിനേഴ്‌സ് തിളങ്ങുന്ന വെളുത്ത വസ്‌ത്രങ്ങളണിഞ്ഞ് ഒരു യാത്രയ്‌ക്കെന്നപോലെ ഗേറ്റുകടന്ന് ഹോസ്‌പിറ്റൽ കോമ്പൗണ്ടിനു വെളിയിലേയ്‌ക്ക് പോയിട്ട് മിനിറ്റുകളേ ആയിട്ടുളളൂ എന്നയാളും പറഞ്ഞു.
“കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?”
വാച്ചർ ചിന്തിച്ചിട്ട് ‘ഇല്ല’ എന്നുകൂടി മറുപടി കൊടുത്തു. ഡോക്‌ടർക്ക് ശരീരം പുകഞ്ഞു. അയാൾ ഓടി ഗെയിറ്റിനു വെളിയിലിറങ്ങി.
ഗെയിറ്റിനു വെളിയിൽ ആരോടോ വാശിതീർക്കുംപോലെ നേർക്കുനേരെ വന്ന് പരസ്പരം ഒഴിഞ്ഞകലുന്ന വാഹനങ്ങൾ….തിരക്കു പിടിച്ച കാലടികളോടെ കാലം ഓടിയകലുന്ന ദൃശ്യം. ആർക്കും ആരേയും കാത്തു നിൽക്കാനോ, ഓർത്തെടുക്കാനോ കഴിയാത്തത്ര തിരക്കുപിടിച്ച ലോകം.
ഡോക്‌ടർ രമേഷ് തകർന്ന പളുങ്കുഭരണിപോലെ മുറിയിൽ തിരിച്ചെത്തി കിടക്കയിൽ വീണു ചിതറി.
അപ്പോഴാണ് അയലത്തെ പെൺകുട്ടിയുടെ വെളളിക്കൊലുസ്സിന്റെ കിലുക്കം തന്നെത്തേടി വരുന്നത് ഡോക്‌ടർ അറിഞ്ഞത്. ഷോക്കു കിട്ടി ബോധമനസ്സിലേയ്‌ക്കുണർന്നപോലെ ഡോക്‌ടർ ചാടിയെഴുന്നേറ്റു. വാതിൽക്കൽ അവളെത്തിയിരുന്നു. കരഞ്ഞു കലങ്ങിയ നീൾമിഴികളുമായി അയലത്തെ പെൺകുട്ടി. പരസ്പരം ഒരക്ഷരം ഉരിയാടുംമുമ്പ് അവൾ ഡോക്‌ടർക്കുനേരെ ഒരു കടലാസു നീട്ടി.
നാലായി മടക്കിയ ആ വെളളക്കടലാസ് വായിക്കവേ ഡോക്‌ടർ രമേഷിന് രക്തം വിയർത്തു.
“പ്രിയപ്പെട്ട ഡോക്‌ടർസാർ,”
ഉരുണ്ട കയ്യക്ഷരങ്ങൾ തിളങ്ങി.
“അങ്ങയുടെ പേഷ്യന്റ് മിസ്‌റ്റർ ഗൗതമൻ ഇപ്പോളെന്നെ അയാളുടെ ദുരന്തനായികയായ ഭാഗ്യലക്ഷ്‌മിയായി ചിത്രീകരിച്ചു കഴിഞ്ഞിട്ടുണ്ടാകുമെന്ന് എനിക്ക് തീർച്ചയുണ്ട്. ഡോക്‌ടർസാർ എന്നോട് ക്ഷമിക്കണം. ഗൗതമനെ പരിചരിച്ച് അയാളുടെ ഭാഗ്യലക്ഷ്‌മിയായി ഒരു മാലാഖയുടെ വിശുദ്ധിയോടെ ജീവിച്ചാൽ കൊളളാമെന്ന് ചില നേരങ്ങളിൽ ഞാനും കൊതിച്ചു പോയിട്ടുണ്ട്. ബട്ട്…അയാം ഹെൽപ്പ്‌ലെസ്സ്. ജീവിതം ചിലർക്ക് വിലകുറഞ്ഞ ഫലിതം മാത്രമാണ്. മറ്റു ചിലർക്ക് ഒരിക്കലും ഉണങ്ങാത്ത മുറിവും. തിരുമുറിവുകളുടെ എണ്ണം കൂട്ടണമെന്ന് ഒരു വിശുദ്ധനും ചിന്തിച്ചിരിക്കില്ലല്ലോ. കഴിയുമെങ്കിൽ…ഈ പാനപാത്രം…എന്നേ ഞാനും പ്രാർത്ഥിക്കുന്നുളളൂ. ഈ കുറിപ്പ് എന്റെ റെസിഗ്നേഷൻ ലെറ്ററായി പരിഗണിക്കണമെന്ന് ഒരപേക്ഷയുണ്ട്. മടങ്ങിവരാൻ കഴിയാത്തത്ര ദൂരം തേടി ഞാൻ യാത്ര പോവുകയാണ്. വലിയ കണ്ണുകളും മെലിഞ്ഞ ശരീരവുമുളള ഗൗതമന്റെ അയലത്തെ പെൺകുട്ടിക്ക് വെളളക്കൽ മൂക്കുത്തിയും വെളളിക്കൊലുസ്സും മാത്രമല്ല; ഒരിക്കലും കൊഴിഞ്ഞു പോകാനിടയില്ലാത്ത വെളളിച്ചിറകുകളും മാലാഖക്കുഞ്ഞിന്റെ വിശുദ്ധിയാർന്ന മനസ്സുമുണ്ടെന്ന് ഗൗതമൻ തിരിച്ചറിയാനിടവരട്ടെയെന്ന് ഡോക്‌ടറും പ്രാർത്ഥിക്കണം. ആദരവോടെ; നന്ദിയോടെ
സിസ്‌റ്റർ സേതുലക്ഷ്‌മി (ഒപ്പ്)
”സേതുലക്ഷ്‌മി…“
ഗൗതമന്റെ ഭാഗ്യതീരത്തെ കരിഞ്ഞ സ്വപ്നങ്ങളുടെ നിറമുണ്ടല്ലോ ഈ പേരിനെന്ന് അപ്പോൾ മാത്രമാണ് ഡോക്‌ടർ രമേഷ് തിരിച്ചറിഞ്ഞത്.
അയലത്തെ പെൺകുട്ടി നനഞ്ഞ മിഴിക്കോണുകളിൽ തേങ്ങലടക്കി അപ്പോഴും ചുമരു ചാരിനിന്നു.
തികച്ചും തയ്യാറെടുപ്പുകളോടെയാണ് ഡോക്‌ടർ രമേഷ് വീണ്ടും ഗൗതമന്റെ മുന്നിലേയ്‌ക്ക് കടന്നുചെന്നത്. ഗൗതമൻ എന്നത്തേക്കാളും ശാന്തനായിരുന്നു. കണ്ണുകളിൽ ഒരു പുതിയ തിളക്കം ആരേയും അസ്വസ്ഥരാക്കുമാറ് തിരിനീട്ടി നിന്നു.
”എന്തേ… അവളെ കണ്ടില്ലേ…?“
ഡോക്‌ടർക്ക് ആ ചോദ്യത്തിന്റെ മാസ്‌മരികതയിൽ എങ്ങനെയോ ഉത്തരം നഷ്‌ടപ്പെട്ടു.
ഗൗതമൻ സമൃദ്ധമായി ചിരിച്ചു.
”ഇത്തവണ എന്റെ തോൽവി ഡോക്‌ടർ ഏറ്റുവാങ്ങിയതിൽ ഖേദിക്കുന്നു…“എന്ന മട്ടിൽ ഉറക്കെയുറക്കെ ചിരിച്ചു. ആ ചിരി ചീവിടുകളുടെ കാതുതുളയ്‌ക്കുന്ന ശബ്‌ദംപോലെ ഹോസ്‌പിറ്റൽ വരാന്തകളിലും മുറിയ്‌ക്കുളളിലേക്കും അധികാരപൂർവ്വം കയറിയിറങ്ങി.
അമ്മ അതുകേട്ടു. ചരടുകൾ അയഞ്ഞ ഉടുക്കുപോലുളള അവരുടെ ഹൃദയം ഒന്നു വലിഞ്ഞു മുറുകിക്കിട്ടാൻ എന്തിനോ ഉഴറി.
അമ്മയുടെ പ്രാർത്ഥനകൾ ചാറ്റൽമഴയായി ഹോസ്‌പിറ്റലിനു മുകളിൽ ചാറി. അവർ മകന്റെ നിർത്താത്ത ചിരികേട്ട് എഴുന്നേറ്റോടി.
അപ്പോൾ അമ്പരന്ന് ഇരുന്നുപോയ ഡോക്‌ടറെ മറന്ന് തന്റെ ബുദ്ധിയുടെ അതിർവരമ്പുകൾ മായിക്കുന്ന ചിരിയുടെ പെരുമഴയിൽ നനഞ്ഞു കുതിർന്ന്…
ഭ്രാന്തിന്റെ ഋതുഭേദങ്ങളിലുഴറുന്ന മനസ്സോടെ…
ട്രിപ്പ് ബോട്ടിലും സ്‌റ്റാന്റും മറിച്ചിട്ട് തകർത്തുകൊണ്ട് ഗൗതമൻ പുറത്തേക്കോടി.
”ഗൗതമൻ…!“
ഡോക്‌ടർക്കങ്ങനെ ഉറക്കെ വിളിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അതിനുമുമ്പേ…വാതിൽക്കൽ അവളെത്തിയിരുന്നു. അയലത്തെ പെൺകുട്ടി.
ഗൗതമൻ ആ നീൾമിഴികളിലെ നിശ്ചയത്തിനുമുന്നിൽ പതറി നിന്നുപോയി.
തെല്ലപരിചിത ഭാവത്തിൽ അയാൾ അവളെ നോക്കി. പിന്നീട് യുഗങ്ങളുടെ പരിചയത്തോടെയും.
അവൾ തുടിക്കുന്ന ചുണ്ടുകളും അണപൊട്ടാൻ വെമ്പിയ മനസ്സും ഉലയുന്ന മാറിടങ്ങളുമായി ഗൗതമന്റെ മുന്നിൽ നിറഞ്ഞു. അയാൾ മെല്ലെ അവളുടെ കവിളിൽ തൊട്ടു. ചിരപരിചിതനെപ്പോലെ പുഞ്ചിരിയിട്ടു വിളിച്ചു.
”ഭാഗ്യലക്ഷ്‌മി…“
അവൾ ആ വിളി കേട്ടിട്ടും പതറിയില്ല. നിറമിഴികളോടെ അവൾ ‘അതേ’യെന്ന് തലയാട്ടി.
ഗൗതമൻ അവളെ കെട്ടിപ്പുണർന്നു. കവിളിലും കൺതടങ്ങളിലും ചുണ്ടുകളിലും വേദനിപ്പിക്കുന്ന ഉമ്മകൾ പടർത്തി.
പെൺകുട്ടി ആ കരുത്തിനുമുന്നിൽ കീഴടങ്ങി നിന്നുകൊടുത്തു. ഗൗതമന്റെ ശരീരം ഉലഞ്ഞു.
അയാൾ കുഞ്ഞുകുട്ടികളെപ്പോലെ അവളുടെ വിയർത്ത കഴുത്തിൽ മുഖമമർത്തി പൊട്ടിപ്പൊട്ടി കരഞ്ഞു.
അവൾ അയാളുടെ ശരീരം വിറയാർന്ന കരങ്ങളോടെ മെല്ലെ ചേർത്തണച്ചു. പിന്നീട് പൂർവ്വാധികം ശക്തിയോടെ അയാളെ ആഞ്ഞുപുൽകി. സാന്ത്വനത്തിന്റെ നീലക്കുപ്പിവളക്കിലുക്കവുമായി ഒരു കുസൃതിക്കാറ്റ് സർപ്പഗന്ധം പടരുമ്പോലെ ആശുപത്രി വളപ്പിൽ ഓടിക്കളിക്കാൻ തുടങ്ങി. വരാന്തക്കൊടുവിൽ വന്നുനിന്ന് ആ കാഴ്‌ച കണ്ട അമ്മയുടെ ഹൃദയം ഒരു ശാസ്താംപാട്ടിന്റെ താളത്തിൽ ഉടുക്കുകൊട്ടുപോലെ സ്പന്ദിച്ചു.
പുറത്ത് മഴയപ്പോൾ തകർത്തു പെയ്‌തു.
ഡോക്‌ടർ രമേഷ് അന്നുരാത്രി തന്റെ ഡയറിയിൽ കുറിച്ചുവച്ചതിങ്ങനെയാണ്.
”ഗൗതമൻ ഇപ്പോഴും സ്വപ്നങ്ങളിൽ ജീവിക്കുന്നു.“
(അവസാനിച്ചു)
Generated from archived content: goutaman7.html Author: sree_ponnan