അഞ്ച്‌

അമ്മ പ്രാർത്ഥിക്കുകയായിരുന്നു. ഗൗതമന്റെ മനസ്സിൽനിന്ന്‌ വ്യാകുലതകൾ എടുത്തു മാറ്റണേ ഭഗവാനേ എന്ന്‌. പക്ഷേ സംഭവിച്ചുകൊണ്ടിരുന്നത്‌; ഒരുപക്ഷേ…ഗൗതമന്റെ വ്യഥകൾ അവന്റെ മനസ്സിന്റെ പടിപ്പുരയിറങ്ങി വന്ന്‌ തന്റെ മനസ്സിലേയ്‌ക്ക്‌ കുടിയേറുകയല്ലേ എന്നും അമ്മ സംശയിച്ചു. നൊന്തുപെറ്റ തന്റെ പ്രിയപ്പെട്ട മകനുവേണ്ടി ആ അമ്മ ആ വ്യഥകളെ സ്‌നേഹിക്കാനുറച്ചു. ബാല്യകാലത്ത്‌ കൊച്ചുസീതയെപ്പോലെ പാവകളെ പാടിയുറക്കിയപ്പോഴും ഗൗതമനെ പ്രസവിച്ചശേഷം ആദ്യമായി മുലയൂട്ടിയപ്പോഴും തോന്നാത്തൊരു നിർവൃതി അമ്മയെ അടക്കി ഭരിച്ചു. അമ്മ ആ ചക്രവർത്തിയുടെ ഭരണത്തിൽ തൃപ്തയായ പ്രജയായി.

“ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യസന്ധമായ ഉത്തരം തരാനാകുമോ ഗൗതമന്‌…?”

ഡോക്‌ടർ രമേഷ്‌ വലവീശി മീൻപിടിക്കുന്ന മുക്കുവനെപ്പോലെ ചോദ്യമെറിയുംമുമ്പ്‌ ഒരു കാൽവച്ച്‌ ഉന്നം പിടിച്ചു.

“എന്തുകൊണ്ട്‌ കഴിയില്ല..?” ഗൗതമൻ മറ്റൊരു വലയെറിഞ്ഞു.

അവർ ആശുപത്രിമുറ്റത്ത്‌ ചെറിപ്പഴങ്ങളുണ്ടാവുന്ന വലിയ മരത്തിന്റെ തണലിലായിരുന്നു. വരാന്തയിൽ രോഗികൾ ഒഴിഞ്ഞിരുന്നു. നേരിയ കാറ്റുപോലും വീശാതെ ഗൗരവം പൂണ്ട അന്തരീക്ഷം. ആശുപത്രിവളപ്പിൽ പലതരം മരുന്നുകളുടെ ഗന്ധം ഇണചേർന്നു തളർന്ന്‌ വിരസതയോടെ വെറുതേ…നിലയുറപ്പിച്ചു.

അസഹ്യമായപ്പോൾ ഗൗതമൻ പറഞ്ഞു.

“നമുക്ക്‌ കുറച്ചു നടന്നാലോ ഡോക്‌ടർ…?”

“ഗുഡ്‌.”

ഡോക്‌ടർ സന്തോഷിച്ചു.

ഗൗതമൻ സ്വപ്നതീരത്തുനിന്നും തിരിച്ചു നടക്കാൻ തുടങ്ങിയിരിക്കുന്നു. പക്ഷേ ബീച്ചുവരെ നടന്നുചെന്ന്‌ അലറുന്ന കടലിലേയ്‌ക്ക്‌ മിഴിനട്ട്‌ കപ്പലണ്ടി കൊറിച്ചു കൊണ്ടിരുന്നപ്പോൾ ഗൗതമൻ ഡോക്‌ടർ രമേഷിന്റെ മുന്നിൽ തന്റെ നാലാം കിനാവിന്റെ അത്ഭുതവിളക്ക്‌ കൊളുത്താൻ തുടങ്ങി.

കിനാവിന്റെ വെട്ടത്തിൽ;

ഭാഗ്യലക്ഷ്‌മി ഗൗതമനെത്തേടിയെത്തുന്നതും ആശുപത്രി വരാന്തയിലുടനീളം സർപ്പഗന്ധം പടർന്നതും ഡോക്‌ടർ രമേഷ്‌ അറിഞ്ഞു. ആശുപത്രിയുടെ ചുവരുകൾ നിറയെ പാമ്പിൻതോലിന്റെ കലകൾ പ്രത്യക്ഷപ്പെട്ടു. ഒരു പുതിയ തരം ഡിസൈൻ.

ഡോക്‌ടർ രമേഷിന്റെ മനസ്സിൽ അകാരണമായി ഏതോ ഭയം ഫണം വിടർത്തി.

കിനാവിന്റെ വെട്ടമണച്ച്‌ ഡോക്‌ടർ ഗൗതമനെ ഉറങ്ങാൻ വിട്ടു. അയലത്തെ പെൺകുട്ടി വെറുതെ വിരൽ ഞൊടിച്ച്‌ ഉൾക്കടദാഹങ്ങളെ നടുക്കിക്കൊണ്ടിരുന്നു. അവളുടെ വിരൽത്തുമ്പുകൾ അനുനിമിഷം ഗൗതമനെ കൊതിച്ചു.

ഡ്യൂട്ടീനേഴ്‌സ്‌ അമ്മയ്‌ക്കുമുന്നിൽ നിശ്വാസങ്ങളോടെ ഇടയ്‌ക്കിടെ വരികയും ഉത്തരം ആവശ്യമില്ലാത്ത ചോദ്യങ്ങളിലൂടെ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തപ്പോൾ ഹോസ്‌പിറ്റലിന്റെ കിഴക്കു ദിക്കിൽനിന്നും ഒരു പാതിരാക്കാറ്റു വീശി. ഒരു കിഴക്കൻ കാറ്റ്‌.

ഭാഗ്യലക്ഷ്‌മി ആരായിരുന്നു?

ആരുമായിക്കൊളളട്ടെ അവളെന്തിന്‌ ഗൗതമനെ വിട്ടകന്നു? ശരി വിട്ടകന്നു പൊയ്‌ക്കൊളളട്ടെ, വീണ്ടുമെന്തിന്‌ അവനെ തിരഞ്ഞെത്തി? ങേ? തിരഞ്ഞെത്തിയോ? അവിടെ ചെറിയൊരു പിശകുണ്ട്‌. അവളൊരിക്കലും തിരഞ്ഞെത്തിയിട്ടില്ല. തിരഞ്ഞു നടന്നത്‌ ഗൗതമനാണ്‌. അവൾ മരീചികപോലെ ദൂരെ നിന്ന്‌ കൊതിപ്പിച്ചിട്ടേയുളളൂ.

നട്ടുച്ചകളിൽ അവന്റെ സിരകളെ ത്രസിപ്പിച്ച്‌ മുടിയഴിച്ചാടിയ പകൽ യക്ഷി. സൂര്യവെളിച്ചത്തിലായിരുന്നു അവളുടെ വരവും പോക്കും. അത്രയും ശരിയെങ്കിൽ അവൾ മരീചികയല്ല. മജ്ജയും മാംസവുമുളള ഒരു സ്‌ത്രീ തന്നെ. ഇപ്പോൾ നിശ്വാസങ്ങളും നിർഭാഗ്യങ്ങളും അവളുടെ കൂട്ടുകാരാവാം.

പക്ഷേ… ആരാണവൾ?

അവളെങ്ങോട്ട്‌ അപ്രത്യക്ഷയായി? എവിടന്ന്‌ പ്രത്യക്ഷപ്പെടുന്നു?

ഇല്ല. പ്രത്യക്ഷപ്പെടുന്നത്‌ ഭാഗ്യലക്ഷ്‌മിയല്ല. വടിവൊത്ത കയ്യക്ഷരങ്ങൾ മാത്രം. അപ്പോൾ…

ദൂരെ ഡ്യൂട്ടീനേഴ്സ്‌ കവിത മൂളുന്നതു കേട്ട്‌ ഡോക്‌ടർ രമേഷിന്റെ ചിന്തകൾ മുറിഞ്ഞു. അവൾ ഗൗതമന്റെ ആരാധികയാണ്‌. രഹസ്യമായി അവളവനെ സ്നേഹിച്ചു തുടങ്ങിയപോലെ….ഡോക്‌ടർ രമേഷ്‌ തന്റെ ഫയൽ അടച്ചുവച്ചു. കണ്ണട മുഖത്തുനിന്നും മാറ്റിയശേഷം തണുത്ത വെളളത്തിൽ മുഖം കഴുകി. കുഴഞ്ഞു മറിഞ്ഞ ഈ പ്രശ്‌നോത്തരിയ്‌ക്ക്‌ ഉത്തരം കാണുക എളുപ്പമാണോ? ആണെങ്കിൽത്തന്നെ എവിടെ നിന്നാണ്‌ അന്വേഷണം തുടങ്ങുക?

ഈ കത്തുകൾ വിലപിടിച്ച ഫോസിലുകളാണ്‌.

ഗതകാലങ്ങളിൽ ഗൗതമന്‌ ഒരു ഇണയുണ്ടായിരുന്നുവെന്നും അവൾ ഇന്നും അവനെ കൊതിക്കുന്നുവെന്നും പക്ഷേ ഗൗതമന്റെ മുന്നിലെത്താൻ അവൾക്ക്‌ എന്തുകൊണ്ടോ ആവുന്നില്ല എന്നുമുളള പ്രഹേളികകൾക്കുളള ഉത്തരമാകുന്ന ഫോസിലുകൾ…

എന്താണവൾക്കു സംഭവിച്ചിരിക്കുന്നത്‌?

മറ്റാരെങ്കിലും അവളെ കൈയ്യടക്കി വച്ചിരിക്കുകയാണോ? തന്റെ ഉടമയറിയാതെയാണോ അവളീക്കത്തുകൾ അയച്ച്‌ ഗൗതമനെ തന്റെ മുന്നിലെത്തിക്കാൻ ശ്രമിക്കുന്നത്‌?

അങ്ങനെയെങ്കിൽ ചെല്ലുന്നിടത്തെല്ലാം അവളുമായി യാതൊരു ബന്ധവുമില്ലാത്തവരെങ്കിലും അവളുടെ പേരിനോട്‌ സാമ്യമുളള പേരുളളവർ തന്നെ ഗൗതമന്റെ മുന്നിലെത്തുന്നതെങ്ങനെ?

ഇനി…. ഇതെല്ലാം ഗൗതമന്റെ ഒരു പുതിയ കവിത മാത്രമാണോ? ഡോക്‌ടർ രമേഷ്‌ പുകയുന്ന തലച്ചോറുമായി കിടക്കയിൽ ചെന്നുവീണു. നാലാം കിനാവിന്റെ അത്ഭുതവെട്ടം കെട്ടടങ്ങിയിരുന്നില്ല. ആ വെട്ടത്തിൽ ഹോസ്‌പിറ്റൽ വരാന്തയിലൂടെ വെളുത്തവസ്‌ത്രം ധരിച്ച ഒരു സ്‌ത്രീരൂപം ഗൗതമന്റെ മുറിക്കു മുന്നിലേയ്‌ക്ക്‌ നടന്നെത്തി. ചേർത്തടയ്‌ക്കാത്ത ജനാലയ്‌ക്ക്‌ മുന്നിൽനിന്ന്‌ അകത്തേയ്‌ക്ക്‌ ഗൗതമന്റെ ഉറക്കം കണ്ട്‌ ഏറെ നേരം നിന്നു. പിന്നീട്‌ വരാന്തയുടെ അങ്ങേ അറ്റത്തെ ഇരുട്ടിൽ ആകാശത്തെ നക്ഷത്രങ്ങളെ നോക്കിനിന്ന്‌ മിഴിനീർ വാർത്തു. അവളുടെ കണ്ണീരിന്‌ ആദ്യമഴയുടെ ഗന്ധമുണ്ടെന്നും ആശുപത്രിച്ചുമരിലെ സർപ്പകലകൾ ആ മിഴിനീരാൽ മാഞ്ഞുപോവുന്നുണ്ടെന്നും ഡോക്‌ടർ രമേഷ്‌ ഉറക്കത്തിന്റെ വരമ്പത്തു നിന്നുകൊണ്ട്‌ തിരിച്ചറിയാൻ തുടങ്ങി. മെല്ലെ നിദ്രയുടെ അഗാധമായ തണുത്ത ചതുപ്പുനിലങ്ങളിലേയ്‌ക്ക്‌ വഴുതിയിറങ്ങവേ…ഡോക്‌ടർ രമേഷ്‌ തികച്ചും സന്തോഷവാനായിരുന്നു.

പുതിയൊരു കവിതയെഴുതുമ്പോഴുളള അതേ ഏകാഗ്രതയോടെയാണ്‌ ഗൗതമൻ പകൽ മുഴുവൻ മൗനം പൂണ്ടിരുന്നത്‌. അയാൾ ഇടയ്‌ക്ക്‌ മന്ദഹസിച്ചിരുന്നതും മറ്റു ചിലപ്പോൾ ആധിപെരുത്ത്‌ തലയണയിൽ മുഖമൊളിപ്പിച്ചിരുന്നതും ഡ്യൂട്ടീനേഴ്‌സ്‌ കണ്ടു. ഗൗതമന്റെ സമീപത്തിരുന്ന്‌ അമ്മ ഏതോ മന്ത്രങ്ങൾ ഉരുക്കഴിക്കുന്നുണ്ടായിരുന്നു.

അയലത്തെ പെൺകുട്ടിയുടെ വിരൽഞ്ഞൊടികൾ ഭീതിജനകങ്ങളായ വെടിവഴിപാടുകൾപോലെ ഡ്യൂട്ടിനേഴ്‌സിനെ അലട്ടി. പെൺകുട്ടിയിപ്പോൾ ചിന്തിക്കുന്നത്‌ ഭാഗ്യലക്ഷ്‌മിയെക്കുറിച്ചല്ലേയെന്ന്‌ ഡ്യൂട്ടീനേഴ്‌സ്‌ സന്ദേഹിച്ചു. കുറെക്കഴിഞ്ഞ്‌ ഇൻഞ്ചക്‌ഷന്റെ ഒരു നുളളുവേദനയ്‌ക്കിടയിലൂടെ ഗൗതമൻതന്നെ നോക്കിയതും ആ ചുണ്ടുകൾ വിറപൂണ്ടതും കണ്ടപ്പോൾ ആ സന്ദേഹം ആധിയായി മാറി. ആധി പെരുത്ത്‌ അവർ തലവേദനിക്കുന്നുവെന്ന്‌ സഹപ്രവർത്തകയോടു പറഞ്ഞ്‌ തന്റെ മുറിയിലേയ്‌ക്ക്‌ സ്വാസ്ഥ്യം തേടിപ്പോയി.

ഗൗതമൻ ഏകാഗ്രത നഷ്‌ടപ്പെട്ട്‌ വിതുമ്പി. അയലത്തെ പെൺകുട്ടി അതുകണ്ട്‌ വിരൽ ഞൊടിക്കാൻ മറന്നു. അമ്മയുടെ ശക്തമായ മന്ത്രകവചങ്ങളുണ്ടായിട്ടും ഒരഞ്ചാം കിനാവ്‌ പൊട്ടിക്കരച്ചിലുമായി ഗൗതമനെ വന്നു പുൽകി.

ആ അഞ്ചാം കിനാവിപ്രകാരം…

ഭാഗ്യലക്ഷ്‌മി യാത്ര പൂർത്തിയാക്കിയിരിക്കുന്നു. അവളുടെ വിയർപ്പാർന്ന ചുവടുവയ്പുകൾ തന്റെ കിടക്കയുടെ ചുറ്റും ഗൗതമൻ തിരിച്ചറിഞ്ഞു തുടങ്ങി. എപ്പോഴും തണുപ്പു പകരുന്ന വിരൽതുമ്പുകൾ കൊണ്ട്‌ അവൾ ഗൗതമന്റെ കവിൾത്തടങ്ങളിൽനിന്നും കണ്ണുനീർ തുടച്ചു മാറ്റി.

വിറയാർന്ന അധരങ്ങളിൽ തന്റെ തേൻ നിറമുളള മന്ദഹാസം ചേർത്തുവച്ചു. ഗൗതമന്റെ വ്യഥകൾ നിറഞ്ഞ കൃഷ്ണമണികളിൽ ശുഭ്ര തേജസ്സായി ഭാഗ്യലക്ഷ്‌മി കയറിക്കൂടി…അങ്ങനെ…ഒരു മഹാസമുദ്രം പോലെ ആശ്വാസത്തിന്റെ അലകൾ ചുറ്റും പരന്ന്‌ ഗൗതമനെ മുക്കിക്കളഞ്ഞു.

ഇൻഞ്ചക്‌ഷന്റെ മറവിൽ അമ്മയുടെ നിശ്വാസങ്ങളേറ്റ്‌ അയാൾ വീണ്ടും കിനാവിലലിഞ്ഞു കിടന്നു.

Generated from archived content: goutaman5.html Author: sree_ponnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here