നാല്‌

“വീണ്ടുമൊരു കത്തുവന്നൂ ഡോക്‌ടർ…” ഗൗതമൻ ചിന്താഭാരത്തോടെ പറഞ്ഞു.

“എന്റെ ഗൗതമന്‌” – ഉരുണ്ട്‌ വലിയ അക്ഷരങ്ങളായിരുന്നു ഭാഗ്യലക്ഷ്‌മിയുടേത്‌.

“എന്നോട്‌ പൊറുക്കുക. രാജലക്ഷ്‌മിയുടെ വീട്ടിൽ എന്നെയന്വേഷിച്ചെത്തിയ നിന്നെ ഞാൻ കണ്ടിരുന്നു. പക്ഷേ എനിക്കു നിന്നടുത്തെത്താൻ കഴിയാത്തവണ്ണം ഞാൻ നിസ്സഹായയായിരുന്നു. എന്നെ വിശ്വസിക്കുമെങ്കിൽ ഒരിക്കൽകൂടി എന്നെക്കാണാൻ വരണം. വിധിയുണ്ടെങ്കിൽ ഇത്തവണ നാം തമ്മിൽ കാണും.”

തമിഴ്‌നാട്ടിലേയ്‌ക്ക്‌ ക്ഷണിച്ചു കൊണ്ടുളളതാണ്‌. അവിടെ വടപളനി സ്‌ട്രീറ്റിൽ ഹനുമാൻ കോവിലിനുമപ്പുറത്തെ തൊണ്ണൂറ്റിയാറാം നമ്പർ രണ്ടുനില വീട്‌.

ഗൗതമൻ കത്ത്‌ സഞ്ചിയിൽ സൂക്ഷിച്ചുകൊണ്ട്‌ ട്രെയിൻ കയറി. യാത്രയിലുടനീളം ഗൗതമനെ ഉറക്കം വിട്ടുനിന്നു. അയാൾ ‘നോത്രദാമിലെ കൂനൻ’ വായിച്ചു തീർത്തപ്പോൾ വണ്ടി തമിഴ്‌നാട്ടിലെത്തിയിരുന്നു. ഉറങ്ങാത്ത കണ്ണുകളോടെ ഗൗതമൻ ചെന്നൈ നഗരം നോക്കിക്കണ്ടു. നഗരപാർശ്വങ്ങളിലെ മാലിന്യങ്ങളെ അറച്ചുകൊണ്ട്‌ നേരിയ ചാറ്റൽ മഴയത്ത്‌ വിളക്കുവെച്ച നേരത്ത്‌ വടപളനിയിലൂടെ നടന്നു. ഹനുമാൻ കോവിലിലെ ‘ഉറുമ്പരിക്കാത്ത വെണ്ണ’ കണ്ടു. ഗൗതമനെത്തുമ്പോൾ തൊണ്ണൂറ്റാറാം നമ്പർ വീട്ടിലും പരിസരത്തും കറണ്ടു പോയിരുന്നു. ഇരുട്ടിൽ അവ്യക്‌തമായി നിന്ന വീടിനുമുന്നിൽ ഗൗതമൻ ഭാഗ്യലക്ഷ്‌മിയെ ധ്യാനിച്ചു നിന്നു. ലൈറ്റ്‌ വരുംവരെ.

വെളിച്ചം വന്നപ്പോൾ വാതിൽ തുറന്ന്‌ സ്വീകരിച്ച ഏഴുവയസ്സുകാരിയുടെ പേര്‌ സീതാലക്ഷ്‌മിയെന്നാണെന്നവൾ പറഞ്ഞു. ഭാഗ്യലക്ഷ്‌മിയെക്കുറിച്ച്‌ അവൾക്കൊന്നും അറിയാമായിരുന്നില്ല.

എന്നിട്ടും, പുറത്തു കണ്ട പൈപ്പിൽ കാലും മുഖവും കഴുകി ഗൗതമൻ അകത്തു കടന്നത്‌ അവൾ ക്ഷണിച്ചതു കൊണ്ടും ഭാഗ്യലക്ഷ്‌മിയെക്കുറിച്ച്‌ എന്തെങ്കിലും അറിയാനാകുമെന്ന പ്രതീക്ഷയിലുമാണ്‌.

അകത്തു കടന്നതും ലൈറ്റ്‌ പോയി. അധികാരത്തോടെ വീണ്ടും വന്നു കയറിയ കൂരിരുട്ടിൽ മുഴങ്ങിക്കേട്ടത്‌ ആരുടെ കരച്ചിലാണ്‌?

“തമിഴ്‌നാട്‌ പോലീസ്‌ എന്നെ അറസ്‌റ്റുചെയ്‌തു ഡോക്‌ടർ.”

“എന്തിന്‌?”

“ഇളമതി എന്ന ഏഴുവയസ്സുളള തമിഴ്‌പ്പെൺക്കുട്ടിയെ കുത്തിക്കൊന്നതിന്‌.”

“നിങ്ങളതു ചെയ്തോ ഗൗതമൻ?”

“ഇല്ല.”

“പിന്നെ?”

“എന്റെ നിരപരാധിത്വം മനസ്സിലായിട്ടോ തെളിവില്ലാത്തതിന്റെ പേരിലോ ആവാം; കുറേ നാളുകഴിഞ്ഞ്‌ അവർ എന്നെ വിട്ടയച്ചു.”

ഡോക്‌ടർ രമേഷിന്റെ നെറ്റിയിൽ വിയർപ്പുചാലുകൾ ഒഴുകി. ഗൗതമൻ വൃത്തഭംഗി നഷ്‌ടപ്പെട്ട ദുർഗ്രാഹ്യമായ ഒരു കവിതയാണെന്നയാൾക്കു തോന്നിത്തുടങ്ങി.

അതുകൊണ്ടാണ്‌ അന്നു വൈകിട്ട്‌ ഡോക്‌ടർ രമേഷ്‌ അയലത്തെ പെൺകുട്ടി കൊണ്ടുവന്ന ഗൗതമന്റെ ഡയറികളും പഴയ കത്തുകളും മറ്റും പലവട്ടം മറിച്ചു നോക്കി പഠിക്കുവാൻ തുടങ്ങിയത്‌. ഗൗതമൻ പലയിടത്തു നിന്നുമായി അമ്മയ്‌ക്കയച്ച കത്തുകളെല്ലാം തന്നെ കവിത രൂപത്തിലാണ്‌.

ആ സമയത്ത്‌, ക്വോർട്ടേഴ്‌സിന്റെ അറ്റത്തെ മുറിയിലിരുന്ന്‌ ഡ്യൂട്ടീനേഴ്‌സ്‌, അയലത്തെ പെൺകുട്ടിയേയും അമ്മയേയും, ഗൗതമന്റെ കവിതകൾ ഈണത്തിൽ പാടിക്കേൾപ്പിക്കാൻ തുടങ്ങി. അറംപറ്റിയ വരികളെന്ന മുൻവിധിയോടെ ഹൃദയമിടിപ്പോടെയാണ്‌ അമ്മ ആ വരികൾ കേട്ടിരുന്നത്‌. ഏതോ ശാസ്താംപാട്ടിന്റെ താളം അവരുടെ കാൽവിരലുകളിൽ പതിയിരുന്നാടി.

അയലത്തെ പെൺക്കുട്ടിയുടെ നീൾമിഴികളിൽ ഡ്യൂട്ടീനേഴ്‌സിന്റെ പതിഞ്ഞു മധുരമായ ശബ്‌ദത്തോടുളള അസൂയ കണ്ണീർച്ചിറ കെട്ടി. ശ്രമിച്ചാൽ തന്റെ കുഞ്ഞുശബ്‌ദത്തിൽ ഇതിലും മനോഹരമായി പാടാനാകുമെന്ന്‌ അവൾ സ്വയം സമാധാനിച്ചു.

ഡോക്‌ടർ രമേഷ്‌ വല്ലാത്തൊരു പ്രതിസന്ധിയിലായി. ഐതിഹ്യങ്ങളുടേയും മുത്തശ്ശിക്കഥകളുടെയും ചരിത്രപരമായ സത്യാന്വേഷണത്തിലേർപ്പെട്ടപോലെ അയാൾ ഗൗതമന്റെ കവിതകൾക്കും വാക്കുകൾക്കും മുന്നിൽ പകച്ചിരുന്നു.

ഗൗതമൻ ഉറക്കത്തിൽ രണ്ടാം കിനാവു കണ്ടു.

കിനാവിൽ ഭാഗ്യലക്ഷ്‌മിക്കും ഗൗതമനും ചിറകുകൾ മുളച്ചു. അവർ പറന്നു പറന്ന്‌ ഒരു ജീവവൃക്ഷത്തിലേറി. ശാഖകളിൽ പൂത്തുനിന്ന പുഷ്പങ്ങൾ അവർ കൊക്കുരുമ്മുന്നതു കണ്ട്‌ നാണിച്ച്‌ വൃക്ഷങ്ങളിൽ നിന്നും എടുത്തുചാടി വീണപൂക്കളായി.

അതിരറിയാത്ത ആകാശത്തിൽ പരന്നു പൊങ്ങുന്നതിനിടയിൽ ഭാഗ്യലക്ഷ്‌മി പറഞ്ഞു.

“അടുത്ത ജന്മത്തിലും എനിക്ക്‌ നിന്റെ ഇണയാവണം ഗൗതമൻ..” ഗൗതമൻ ആവേശത്തോടെ ചിറകുവീശിപ്പറന്നു. കൊഴിഞ്ഞ തൂവലുകൾ ശലഭങ്ങളായി വീണപൂക്കളിൽ വന്നിരുന്ന്‌ അവയ്‌ക്ക്‌ സാന്ത്വനം പകർന്നു.

“തീർച്ചയായും, വരും ജന്മങ്ങളിലും നമ്മൾ ഇണകളായിരിക്കും. ആശ്വസിക്ക്‌.” എപ്പോഴോ രണ്ടാം കിനാവിന്റെ പൊക്കിൾക്കൊടിയറുത്ത്‌ ഗൗതമൻ സ്വതന്ത്രനായി.

ഡോക്‌ടർ രമേഷിന്റെ നിർദ്ദേശത്താലാണ്‌ ഗൗതമന്‌ ഇഞ്ചക്‌ഷനെടുക്കാൻ ഡ്യൂട്ടീനേഴ്‌സ്‌ തന്നെ വീണ്ടും നിയോഗിക്കപ്പെട്ടത്‌. ഈ ഡ്യൂട്ടിനേഴ്‌സ്‌ തന്നെ തങ്ങളെ ഇഞ്ചക്‌ഷനെടുത്താൽ മതിയെന്ന്‌ പല രോഗികളും ഡോക്‌ടറോട്‌ ശാഠ്യം പിടിക്കാറുണ്ട്‌. കാരണം അവർ മരുന്ന്‌ കുത്തിവയ്‌ക്കുമ്പോൾ രോഗികൾ വേദനയറിയുന്നേയില്ലത്രേ. ഏതു വേദനയും അകറ്റുന്ന പുണ്യപ്പെട്ട വിരലുകൾ അവർക്കുണ്ടെന്ന്‌ മതതീവ്രാദികളെപ്പോലെ അവർ വിശ്വസിച്ചിരുന്നു.

ഗൗതമന്റെ തളർന്ന ഞരമ്പുകളിലേയ്‌ക്ക്‌ ഉണർവ്വിന്റെ ഉദകം കുത്തിവയ്‌ക്കുമ്പോൾ ഡ്യൂട്ടീനേഴ്‌സിന്റെ മിഴിക്കോണിൽ ഒരു തുളളിച്ചെങ്കടലിരമ്പുന്നത്‌ അയലത്തെ പെൺകുട്ടി അടക്കാനാവാത്ത വിഷമത്തോടെ കണ്ടെത്തി.

അവൾ ഗൗതമന്റെ കവിതകൾ ഓർത്തു. കവിതകളിലെ ശ്ലഥബിംബങ്ങൾ അവളിൽ വികാരങ്ങളുടെ വേലിയേറ്റങ്ങളുണ്ടാക്കി. അയലത്തെ പെൺകുട്ടി ആരുമറിയാതെ നിർത്താതെ കരഞ്ഞു. ആ രാത്രി ആശുപത്രി വരാന്തയിൽ സർപ്പഗന്ധമുളള കാറ്റുവീശി. ഗൗതമൻ മൂന്നാം കിനാവിന്റെ ഓരം ചേർന്നു നടന്നുകൊണ്ട്‌ വീണ്ടും ഡോക്‌ടറോട്‌ തന്റെ ഭാഗ്യാന്വേഷണയാത്രകളെപ്പറ്റി പറയാൻ തുടങ്ങി.

സ്ഥലവും തീയതിയും സമയവും മുറിക്കാത്ത മൂന്നാമത്തെ കത്ത്‌ ഗൗതമന്‌ കൊണ്ടുക്കൊടുത്തതും അയലത്തെ പെൺകുട്ടിയാണ്‌. ഭാഗ്യലക്ഷ്‌മിയുടെ കയ്യക്ഷരം ഒരിക്കൽക്കൂടി മുന്നിൽ നിവർന്നപ്പോൾ ഗൗതമൻ കലിബാധിച്ചവനെപ്പോലെ അയലത്തെ പെൺകുട്ടിക്കു നേരെ കുരച്ചുചാടി. അവളെ കലിതീരുംവരെ പ്രഹരിച്ചു. അവൾ നിശ്ശബ്‌ദം അതു സഹിച്ചുനിന്നു. ഒരു തേങ്ങലുപോലും അവളിൽ നിന്നുണ്ടായില്ല. ഒടുവിൽ ഗൗതമൻ അവളെ തളളിമാറ്റി വീട്ടിൽ നിന്നിറങ്ങി നടന്നു.

“എങ്ങോട്ട്‌?” ഡോക്‌ടർ രമേഷ്‌ ചോദിച്ചു.

ലക്ഷ്യം ഭാഗ്യലക്ഷ്‌മി തന്നെ. പക്ഷേ പുതിയ കത്തിൽ അവൾ വിവരിച്ച വഴി-

ഓവർ ബ്രിഡ്‌ജിനു താഴെ ചേരിയിലേയ്‌ക്ക്‌ തിരിയുന്ന കവലയിലെ ക്രിസ്‌ത്യൻപളളിയിൽ നിന്ന്‌ പടിഞ്ഞാറോട്ട്‌ പോകുന്ന ചെമ്മൺപാതയിലെ ഏഴാമത്തെ നാട്ടുമാവിനുമപ്പുറം കാണുന്ന വെളള തേച്ച വലിയ വീട്‌.

അവിടെ അവളുണ്ടായിരുന്നോ?

ഡോക്‌ടർ രമേഷ്‌ ചൂണ്ടുവിരലുയർത്തി കണ്ണട മൂക്കിനു മുകളിലേയ്‌ക്ക്‌ ചേർത്തുവച്ചു.

ഗൗതമന്റെ മറുപടി; മൂന്നാം കിനാവുടച്ചുകൊണ്ട്‌ ഒരു തേങ്ങിക്കരച്ചിലായും പിന്നീട്‌ ചുഴലിക്കാറ്റായും ആശുപത്രി വരാന്തകളിൽ തെന്നിത്തെറിച്ചു പാഞ്ഞു.

Generated from archived content: goutaman4.html Author: sree_ponnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English