മൂന്ന്‌

അമ്മയ്‌ക്ക്‌ ഒരാശ്വാസമായിരുന്നു അയലത്തെ പെൺകുട്ടി. ഗൗതമന്റെ കവിതാപുസ്തകങ്ങളിൽ ഇരട്ടവാലൻ പുഴു കണക്കെ പെൺകുട്ടി വെളളിക്കൊലുസിന്റെ താളവുമായി കയറിയിറങ്ങി നടന്നു. അവളാക്കവിതകൾ മനഃപ്പാഠമാക്കി. പക്ഷേ അതയാളെ ചൊല്ലിക്കേൾപ്പിക്കാൻ അവൾക്ക്‌ ഭയമായിരുന്നു. അയാളാകട്ടെ അവളെ ഒരിക്കൽപോലും ഗൗനിച്ചില്ല. തന്റെ അമ്മയുടെ നിഴലായി തനിക്കുവേണ്ടി എല്ലാം ഒരുക്കിത്തരുന്ന ആ പെൺകുട്ടിയുടെ കൊലുസ്സിന്റെ തേങ്ങലുകൾപോലും ഗൗതമൻ അറിഞ്ഞില്ല. പകുതി ഭ്രാന്തോടെ ഗൗതമൻ അപ്പോഴും പുതിയ ചില കവിതകൾ തീർക്കുന്ന തിരക്കിലായിരുന്നു.

ആയിടയ്‌ക്ക്‌ പെൺകുട്ടി പോസ്‌റ്റുമാനിൽനിന്നും വാങ്ങിക്കൊണ്ടുവന്ന ഒരു കത്ത്‌ ഗൗതമനെ ഏൽപിച്ചു. കത്തിലെ കയ്യക്ഷരങ്ങൾ ഗൗതമന്റെ കൃഷ്ണമണികളെ പൊളളിച്ചു. അത്‌ അവളുടെ കത്തായിരുന്നു, ഭാഗ്യലക്ഷ്‌മിയുടെ.

എന്റെ പ്രിയപ്പെട്ട ഗൗതമന്‌…

നിന്റെ മനസ്സിൽ ഇപ്പോൾ എന്റെ സ്ഥാനമെന്തെന്ന്‌ വ്യക്തമായും ഞാൻ മനസ്സിലാക്കുന്നു. ഒരു വില കുറഞ്ഞ ഒളിച്ചോട്ടത്തിലൂടെ ഞാൻ നിന്നെ തളളിയിട്ട നാശത്തിന്റെ പടുകുഴിയുടെ ആഴവും ഞാനൂഹിക്കുന്നു. മാപ്പിരക്കാൻ എനിക്ക്‌ അർഹതയില്ല. പക്ഷേ എനിക്ക്‌ നിന്നെ കാണണം. നിന്റെ മുന്നിൽ എന്റെ നിസ്സഹായതകൾ വിളമ്പി സ്വയം ന്യായീകരിക്കാനല്ല. ജീവിതത്തിൽ ഒരിക്കൽകൂടി നിന്നെയൊന്ന്‌ അടുത്തുകാണാൻ. നിന്റെ കവിത പൂക്കുന്ന കണ്ണുകളിൽ എല്ലാം മറന്ന്‌ തെല്ലുനേരം നോക്കിയിരിക്കാൻ. ഒരിക്കൽക്കൂടി മാത്രം. അതിനുളള കനിവ്‌ നീ എന്നോടു കാണിക്കണം. ഞാനിപ്പോൾ….. എന്ന സ്ഥലത്താണ്‌. ഇവിടെ മാർക്കറ്റിൽ നിന്നും കീഴോട്ടു നീളുന്ന റോഡിന്റെ ആദ്യവളവു കഴിഞ്ഞ്‌ കാണുന്ന ഇടത്തോട്ടുളള വഴി അവസാനിക്കുന്നിടത്തെ ഇരുനില കെട്ടിടം. ഞാനിവിടെയുണ്ട്‌. എപ്പോൾ വന്നാലും നിനക്കെന്നെ കാണാം. വരണം. വരാതിരിക്കരുത്‌. എന്നെ നന്ദികെട്ടവളേ എന്നു വിളിക്കാനെങ്കിലും നീയെത്തണം.

പ്രതീക്ഷയോടെ,

നിന്റെ ഭാഗ്യലക്ഷ്‌മി.

അയലത്തെ പെൺകുട്ടിയെ നോക്കി ആദ്യമായി ഗൗതമൻ മന്ദഹസിച്ചു. പക്ഷേ അവൾക്ക്‌ ഒരു മറുചിരി മുഖത്തണിയാനായില്ല. അടുത്ത ദിവസം തന്നെ ഗൗതമൻ തന്റെ തോൾസഞ്ചിയും തൂക്കി എങ്ങോട്ടോ ഇറങ്ങിപ്പോയി. അമ്മ കുറെനേരം വെറുതെയിരുന്ന്‌ കരഞ്ഞു. പിന്നീട്‌ പ്രാർത്ഥിച്ചു. പെൺകുട്ടി പ്രാർത്ഥിച്ചില്ല. അവൾ ആദ്യമായി സർപ്പക്കാവിൽ തിരിവെക്കാൻ മറന്നു. നാഗലോകത്ത്‌ ചിതൽപ്പുറ്റുകൾ ഇരുന്ന്‌ മുരടിച്ചു. നാഗദൈവങ്ങളുടെ ഇരട്ടനാവ്‌ ഒരു തുളളിവെട്ടത്തിന്‌ ദാഹിച്ചു വരണ്ടു. അപ്പോൾ ഗൗതമന്റെ വഴികളിൽ നട്ടുച്ചകൾ ത്രസിച്ചു. ആഹാരമില്ലാതെ ജലപാനമില്ലാതെ തളർന്ന കാലുകളോടെ ഗൗതമൻ അവിടെയെത്തി. മാർക്കറ്റിലെ തിരക്കുമൂലം ആളുകൾ ഗൗതമൻ എന്ന കവി അവർക്കിടയിൽ തന്റെ പ്രേയസിയെ തേടിയലഞ്ഞത്‌ അറിഞ്ഞില്ല. ഗൗതമന്‌ ആരോടും വഴി ചോദിക്കാനുമില്ലായിരുന്നല്ലോ. അവൻ കിഴക്കേ റോഡിലൂടെ നടന്നു. വളവു തിരിഞ്ഞു കണ്ട ആദ്യത്തെ ഇടത്തേ മാർഗ്ഗത്തിൽ ചരിച്ചു. പിന്നീട്‌ ആ വഴി അവസാനിക്കുന്നിടത്തെ ഇരുനില കെട്ടിടത്തിന്റെ മുറ്റത്ത്‌ ഇനിയെന്ത്‌…എന്ന ചോദ്യഭാവത്തിൽ തെല്ലുനേരം നിന്നു.

ആകാശത്ത്‌ മഴമേഘങ്ങൾ കനക്കാനും നേർത്ത തണുത്ത കാറ്റ്‌ വീശാനും തുടങ്ങി. കാറ്റിന്‌ ചിരന്തനമായ സർപ്പഗന്ധമുണ്ടായി. വാതിൽ തുറന്നെത്തിയ സ്‌ത്രീക്ക്‌ ഭാഗ്യലക്ഷ്‌മിയുടെ വിദൂരച്ഛായപോലും കണ്ടില്ല. അവർ ചോദിച്ചു.

“ആരാ…? എവിടന്നാ?”

“ഭാഗ്യലക്ഷ്‌മി…” ഗൗതമന്‌ തന്റെ ശബ്‌ദം അപരിചിതമായിത്തോന്നി.

“ഭാഗ്യലക്ഷ്‌മിയോ…? സോറി ഞാൻ രാജലക്ഷ്‌മിയാണ്‌.”

അവർ വാതിൽ അടക്കാൻ അനുവാദം ചോദിച്ചില്ല.

ഗൗതമന്റെ പാദങ്ങൾ പൂർവ്വാധികം ശക്തിയോടെ തളർന്നു.

ആ തളർച്ചയുടെ കുഴഞ്ഞ താളത്തിൽ കാലുകൾ ഗൗതമനെ ചുമന്ന്‌ നടന്നു. അയാൾ മൃതദേഹത്തേക്കാൾ…. നിസ്സംഗനായിരുന്നു. തോൾസഞ്ചിയിൽ ഒരു പഴയ പൊൻമോതിരം അക്ഷമയോടെ തിളങ്ങി.

“ഉറങ്ങിക്കോളൂ. ഇന്നിത്രയും സംസാരിച്ചാൽ മതി.”

അയാളുടെ കഥ കേട്ടിട്ട്‌ ഡോക്‌ടർ രമേഷിന്‌ അത്രയും മാത്രമേ പറയാൻ തോന്നിയുളളൂ. ഗൗതമന്റെ യാത്രയും ഭാഗ്യലക്ഷ്‌മിയുടെ കത്തും രാജലക്ഷ്‌മിയെന്ന അപരിചിതയും ഡോക്‌ടർ രമേഷിന്‌ ഒരു ഭാരമാവുകയായിരുന്നു.

ഗൗതമനെ ഉറങ്ങാൻ വിട്ടിട്ട്‌ അയാൾ വിശ്രമമുറിയിൽ അമ്മയെ തിരക്കിച്ചെന്നു. അമ്മ ഉറങ്ങാൻ മറന്ന കണ്ണുകളുമായി ഡോക്‌ടറെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

“തിരിച്ചെത്തിയ ഗൗതമൻ… എത്തരത്തിലാണ്‌ പെരുമാറിയത്‌…?”

ഡോക്‌ടർ രമേഷ്‌ അമ്മയോടാരാഞ്ഞു.

അമ്മ ഏതോ സന്ധ്യാകാശത്തെ ധ്യാനിച്ചുകൊണ്ട്‌ പറഞ്ഞു.

“ആ സന്ധ്യയ്‌ക്ക്‌ ചുവന്ന ആകാശത്തിനുകീഴിൽ സർപ്പക്കാവിനു സമീപത്തെ കുളത്തിൽ ഈറനോടെ നിന്ന്‌ ഞാൻ പ്രാർത്ഥിച്ചു. എന്റെ ഗൗതമന്‌ ഒരാപത്തും ഉണ്ടാക്കാതെ എന്റെയടുത്തെത്തിക്കണേ ദേവൻമാരേയെന്ന്‌. ഈറൻ മാറിച്ചെന്ന ഞാൻ കണ്ടത്‌…”

“കണ്ടത്‌..?”

അമ്മ കണ്ട കാഴ്‌ചയിലേയ്‌ക്ക്‌ ഉറ്റുനോക്കാനെന്നവണ്ണം ഡോക്‌ടർ രമേഷ്‌ ചുണ്ടുവിരൽകൊണ്ട്‌ തന്റെ കണ്ണട മൂക്കിനു മുകളിൽ ഒന്നുകൂടി ഉറപ്പിച്ചു നിർത്തി.

അമ്മ കണ്ടത്‌;

ഉമ്മറത്തെ വലിയ തൂണിനുതാഴെ വെറും നിലത്ത്‌ ഗൗതമൻ അയലത്തെ പെൺകുട്ടിയുടെ മടിയിൽ ഒരു കുഞ്ഞിനെപ്പോലെ കിടന്നു കരയുന്നു. അവളും അവനെ ആശ്വസിപ്പിക്കാനറിയാഞ്ഞിട്ടോ അവിശ്വസനീയതയുടെ അമ്പരപ്പിലോ…വെറുതേ കരഞ്ഞുകൊണ്ടിരുന്നു.

അമ്മ ആ ദൃശ്യം കണ്ടപാടെ “മോനേ ഗൗതമാ..” എന്നു കരഞ്ഞ്‌ ഓടിച്ചെന്നവനെ ആശ്ലേഷിച്ചില്ല. അയലത്തെ പെൺകുട്ടിയിൽ ഗൗതമനിത്രമാത്രം സ്വാതന്ത്ര്യം കാട്ടുന്നതിലെ ഔചിത്യത്തെക്കുറിച്ചും ചിന്തിച്ചില്ല.

പക്ഷേ അമ്മയുടെ മനസ്സ്‌ നിറയെ സന്ധ്യാകാശം പടർന്നുമുറ്റാൻ തുടങ്ങി. ആഹ്ലാദത്തിന്റെ ചുവപ്പു പുരണ്ട മേഘങ്ങൾ മുറിവേറ്റ ചെമ്മരിയാട്ടിൻ കൂട്ടത്തെ ഓർമ്മിപ്പിച്ചുകൊണ്ട്‌ ആകാശതിർത്തി കടന്ന്‌ പെരുകിപ്പരന്നു.

അമ്മ ഗൗതമന്റെ അച്ഛനെക്കുറിച്ചും അയാളുടെ ശാസ്താംപാട്ടിനെക്കുറിച്ചും അയാളുമൊത്തുളള ആദ്യരാത്രിയെക്കുറിച്ചും ഓർത്തു. അമ്മയുടെ മിഴികളിൽ പുഞ്ചിരിയുടെ നനവുണ്ടായി. പക്ഷേ ഗൗതമൻ താൻ കരയുന്നതിന്റെ സാംഗത്യമോർത്തില്ല. അമ്മയുടെ അലക്കി കഞ്ഞി പിഴിഞ്ഞുണക്കിയ കസവുമുണ്ടിന്റെയും ശരീരത്തിൽ നിന്നുയരുന്ന കുഴമ്പിന്റെ നേർത്ത ഗന്ധത്തിന്റെയും സ്ഥാനത്ത്‌, അയലത്തെ പെൺകുട്ടിയുടെ വസ്‌ത്രത്തിലെ പാറ്റ ഗുളികാഗന്ധം പോലും അയാൾ തിരിച്ചറിഞ്ഞില്ല.

താൻ കിടക്കുന്നത്‌ ആരുടെ മടിയിലാണെന്നതും അയാളെ സംബന്ധിച്ച്‌ പ്രസക്തമായിരുന്നില്ല.

പക്ഷേ പെൺകുട്ടിക്ക്‌ ഗൗതമനോടൊത്ത്‌ കരഞ്ഞുകരഞ്ഞ്‌ രതിമൂർച്ഛയുണ്ടായി. ആ ആനന്ദത്തിനു കൊതിച്ച്‌ അന്നു രാത്രിയും അവൾ ഒത്തിരി കരഞ്ഞു നോക്കി. പക്ഷേ വെളുപ്പിനവൾ തളർന്നുറങ്ങിയതു മാത്രം മിച്ചം. പിറ്റേന്ന്‌ ഗൗതമനെത്തേടി കോളേജിലെ രണ്ടു കൂട്ടുകാരികൾ വന്നു. ഭാഗ്യലക്ഷ്‌മിയുടെ ചങ്ങാതിമാർ.

അവർ ഗൗതമന്‌ വർണ്ണക്കടലാസിൽ പൊതിഞ്ഞ മിഠായികൾ കൊടുത്തു.

‘കീറ്റ്‌സിന്റെ ചില കവിതകളും’ ‘നോത്രദാമിലെ കൂനനും’ സമ്മാനിച്ചു.

അവനെ ആശ്വസിപ്പിക്കാൻ ഭാഗ്യലക്ഷ്‌മി തിരിച്ചു വരുമെന്ന്‌ തീർച്ച പറഞ്ഞു. ഒരുത്തി മടങ്ങുമ്പോൾ ആരും കാണാതെ അവന്റെ കവിളത്ത്‌ ഒരുമ്മ കൊടുത്തിട്ട്‌ “ഭാഗ്യയ്‌ക്ക്‌ കൊടുത്തേക്കണേ” എന്നു സന്തോഷിപ്പിച്ചു. അന്ന്‌ ഭാഗ്യലക്ഷ്‌മിയുടെ ബർത്ത്‌ഡേ ആയിരുന്നുവെന്ന കാര്യം അവർ പറയാതെ മിഠായി നുണഞ്ഞ്‌ നുണഞ്ഞ്‌ ഗൗതമൻ അറിഞ്ഞെടുത്തു.

രാത്രി ഗൗതമന്‌ ഒന്നാം കിനാവുണ്ടായി.

കിനാവിൽ സ്വയമലഞ്ഞ്‌ അയാൾ നേരം വെളുപ്പിച്ചു.

പക്ഷികൾ ചിലച്ച്‌ പ്രഭാതത്തെ വരവേൽക്കും മുന്നേ ഗൗതമന്‌ ഒരു കാര്യം ഉറപ്പായി.

ഭാഗ്യലക്ഷ്‌മി പുറപ്പെട്ടു കഴിഞ്ഞു. തന്നെത്തേടി അവൾ യാത്ര തുടങ്ങിയിരിക്കുന്നു. ആ അറിവിൽ കുളിരണിഞ്ഞ്‌ വെളുപ്പാൻ കാലം മുതൽ ഉച്ചവരെ അയാൾ സുഖമായുറങ്ങി.

Generated from archived content: goutaman3.html Author: sree_ponnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here