വിചാരണ…

കാലത്തിന്റെ കോടതിയിലെ വിസ്താരക്കൂടിനുള്ളില്‍
തലയുയര്‍ത്തി നില്‍ക്കുന്നവന്‍ ,മനുഷ്യന്‍ .
കറുത്തകോട്ടിട്ട ന്യായാധിപന്‍ ദൈവം
കുറ്റപത്രം വായിച്ചു തുടങ്ങി…
ഇവന്‍ മനുഷ്യന്‍,
ഭൂമിയാം അമ്മയുടെ മുലപ്പാലു വിറ്റു കാശാക്കിയവന്‍,
തികയാതെ വന്നപ്പോള്‍ ചോരയും നീരുമൂറ്റാന്‍
ഇരുമ്പ്‌ കുഴല്‍ മാറിലേക്ക്‌ താഴ്ത്തിറക്കി
കിണറു കുഴിച്ചവന്‍
മുലപ്പാലു കിട്ടാതെ മറ്റു കുഞ്ഞുങ്ങള്‍
വരണ്ടു വിളറി നടന്നപ്പോഴും
അമ്മയുടെ ചോരയും നീരും കുപ്പിയിലാക്കി
വിറ്റു നടന്നവന്‍.
ഇവന്‍ മനുഷ്യന്‍,
അമ്മയുടെ പെണ്മക്കളെ ,നേരിന്റെ നനുത്ത പച്ചകളെ
വെട്ടി നിരത്തി അവരുടെ ശവപ്പെട്ടിയില്‍
കോണ്‍ക്രീറ്റ്‌ സൗധങ്ങളാല്‍ അവസാന
അവസാന ആണിയുമടിച്ച്‌,അവരുടെ മധുരപ്പതിനേഴിന്റെ
ഹരിത സൗണ്ടര്യം തകര്‍ത്തു കളഞ്ഞവന്‍..
ഇവന്‍ മനുഷ്യന്‍,
നാട്ടിലെത്തിയ സാമ്രാജ്യത്വ
പുതുപ്പണക്കാരന്റെ മടിശ്ശീലയുടെ കനം
കണ്ടു കണ്ണൂ മഞ്ഞളിച്ച്‌,
കിടപ്പു മുറിയുടെ വാതില്‍ അവനു വേണ്ടി
മലര്‍ക്കെ തുറന്നിട്ടവന്‍,
ഇവന്‍ മനുഷ്യന്‍,
പ്രിയതമയുടെ ഉദരത്തിലെ രാസമാറ്റം
പെണ്ണിന്റെയണെന്ന തിരിച്ചറിവില്‍ വിഷം
കുത്തിവച്ചവയുടെ കരിമഷിയും കരിവളയും
കൊതിക്കാനുള്ള അവകാശത്തെ കുഴിച്ചു മൂടിയവന്‍ ,
ഇവന്‍ മനുഷ്യന്‍,
കൂടപ്പിറപ്പുകളെ കൊന്നു തിന്നാനുള്ള
അവകാശം ജാതിക്കും മതത്തിനും വേണ്ടി കാട്ടു
മൃഗങ്ങളില്‍ നിന്നും തട്ടിയെടുത്തവന്‍
ഇവന്‍ മനുഷ്യന്‍,..
കനം കൂടിക്കൂടി വരുന്ന
കുറ്റപത്രത്തിന്റെ താളികളിലേക്കു കമിഴ്‌ന്നു
വീണു ന്യായാധിപന്‍ നിശ്ചലമാവുമ്പോഴും,
കൈയിലെ വിലങ്ങു പൊട്ടിച്ചെറിഞ്ഞ്‌
ഒരു കുറ്റവാളി കൂടെ രക്ഷപ്പെടുന്നു..
ഇവന്‍ മനുഷ്യന്‍..

Generated from archived content: poem1_dec15_13.html Author: sree_cheriyanadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English