അമ്പലക്കടവിൽ സ്‌ത്രീകൾ അലക്കുകയും കുളിക്കുകയുമായിരുന്നു. കയ്യിൽ തോർത്തും സോപ്പുമായി കല്യാണിയമ്മ പടവുകൾ ഇറങ്ങിച്ചെന്നു. അവരെ കണ്ട് ലീലയും സൗദാമിനിടീച്ചറും പുഞ്ചിരിച്ചു. തോർത്ത് അരയിൽ ചുറ്റി ഉടുമുണ്ടഴിച്ച് നനച്ച് അലക്കുകല്ലിൽ വെച്ചു. ജംബർ ഊരാൻ തുടങ്ങിയപ്പോൾ മാംസളമായ മാറിടം ബോഡീസിൽ കിടന്നു തുളുമ്പി. അഴകുളള ശരീരവടിവുകണ്ട് ചില അസൂയക്കാരികളുടെ മനസ്സിൽ കൊതി തോന്നി. തങ്ങളുടെ ശരീരത്തിലേക്ക് നോക്കി അവർ നെടുവീർപ്പിട്ടു. അരയ്‌ക്കുവെളളത്തിൽ ഇറങ്ങിനിന്ന് അറുപതു കഴിഞ്ഞ നാണിച്ചിറ്റ കുളിക്കുകയായിരുന്നു. മുങ്ങി നിവർന്നപ്പോൾ അവർ കല്യാണിയമ്മയെ കണ്ടു. പല്ലില്ലാത്ത മോണകാട്ടി ചിരിച്ചുകൊണ്ട് തലവിറയ്്ക്കുന്ന പ്രകൃതമുളള ആ വൃദ്ധ കുശലം ചോദിച്ചു. “ആരാ ഇത്? കല്യാണിക്കുട്ടിയല്ലേ? നിന്നെ കാണാറില്ലല്ലോടീ…”“ഇവിടെയൊക്കെയുണ്ട് നാണിച്ചിറ്റേ.”കല്യാണിയമ്മ വസ്‌ത്രങ്ങൾക്ക് സോപ്പിടാൻ തുടങ്ങി. സോപ്പുകുമിളകളിൽ സൂര്യരശ്‌മികൾ ഏഴുനിറങ്ങളുടെ ക്ഷണികചിത്രങ്ങൾ വരച്ചു രസിച്ചു. നാണിച്ചിറ്റ ചോദിച്ചു. “നിന്റെ മോള് കോളേജ് ഷ്‌ക്കോളില് പഠിക്കാൻ പോണന്ന് കേട്ടല്ലോ?”“നാളെ അവളെ പറഞ്ഞുവിടാൻ പോകുവാ.”വൃദ്ധയ്‌ക്കു ശബ്‌ദം കൂടി. “ഈ നാട്ടീന്ന് എത്ര പെങ്കിടാങ്ങള് കോളേജ് ഷ്‌ക്കോളീ പോയിട്ടൊണ്ടെടീ കല്യാണിക്കുട്ടീ?….നിന്റെ മാതിരിയാവാണ്ട് അവളെ ആർക്കെങ്കിലും സമ്മന്തം ചെയ്‌തുകൊട്.”കല്യാണിയമ്മയ്‌ക്ക് കഠിനമായ അരിശം വന്നു. അസൂയക്കാരിയായ തളളയുടെ താടിക്കൊരു തട്ടുകൊടുക്കാൻ കൈതരിച്ചു. എങ്കിലും പ്രായത്തെ കരുതി അവർ മനസ്സിന് കടിഞ്ഞാണിട്ടു. നാണിച്ചിറ്റയുടെ വർത്തമാനം ശ്രദ്ധിച്ചുകൊണ്ട് നിന്നിരുന്ന സൗദാമിനിടീച്ചർ ചോദിച്ചു. “അതെന്താ നാണിച്ചിറ്റേ; പഠിച്ചു മിടുക്കിയായാൽ അവൾക്കൊരു നല്ലകാലം വരില്ലേ? അപ്പോൾ യോജിച്ച ഒരു സമ്മന്തോം ഉണ്ടാകും.” വൃദ്ധ പുച്ഛഭാവത്തിൽ ചിരിച്ചു. “പെമ്പിളേളരു പഠിച്ചാൽ എന്തുമാത്രം പഠിക്കും? ഓന്തു കുലുക്കിയാൽ മരം കുലുങ്ങുവോടീ സൗദാമിനി….?”കത്തിക്കാളുന്ന കോപത്തോടെ കല്യാണിയമ്മ കിഴവിയെ നോക്കി. “മൂക്കിൽ പല്ലുമുളക്കാറായല്ലോ? തെക്കുവശത്ത് ഒരു മാവും നോക്കിവച്ചുകൊണ്ട് കഴിഞ്ഞുകൂടിയാൽ പോരേ…?”അതുകേട്ടു വൃദ്ധയ്‌ക്കും കലികയറി. തല ശക്തിയായി വിറച്ചു. ഉണങ്ങിയ സഞ്ചിമുലകൾ കഥകളിപ്പാട്ടുകാരന്റെ കുടുമപോലെ ആടിയുലഞ്ഞു. “എനിക്ക് വേണ്ട മാവ് എന്റെ പറമ്പിലുണ്ടെടി. നിന്റെയൊന്നും സഹായം എനിക്കുവേണ്ട.”കോപസ്വരത്തിൽ കല്യാണിയമ്മ പറഞ്ഞു. “സഹായം കൊണ്ട് ഇങ്ങോട്ടും പോരണ്ട. തൊണ്ണൂറാംകാലത്ത് അസൂയേം കൊണ്ട് നടക്കാണ് തളള.”“അസൂയ നിന്റെ അമ്മയ്‌ക്കാ…പ്‌ഫൂ.”വൃദ്ധ ആവുന്നത്ര ശക്തിയിൽ ആട്ടി. കല്യാണിയമ്മയും വിട്ടില്ല. അവരും ഒപ്പം ആട്ടി. “പ്‌ഫൂ..!”നാണിച്ചിറ്റ കോമരം തുളളി.“രണ്ടും കെട്ടവളേ…നീയെന്നെ ആട്ടിയോടീ?”സോപ്പുപത പുരണ്ട കയ്യും ചുരുട്ടി കല്യാണിയമ്മ മുന്നോട്ട് ആഞ്ഞു. “നരകത്തളേള; മര്യാദയ്‌ക്കല്ലെങ്കിൽ വെളളത്തിൽ മുക്കി ഞാൻ കൊല്ലും.”സൗദാമിനിടീച്ചർ പെട്ടെന്ന് തടഞ്ഞു. “കല്യാണിച്ചേച്ചി വെറുതെയിരിക്ക്. നാണിച്ചിറ്റയ്‌ക്കിതു പതിവുളളതല്ലേ?”കല്യാണിയമ്മ നിന്ന് അണച്ചു. നാണിച്ചിറ്റ വിറയും ഗദ്‌ഗദവും കലർന്ന ശബ്‌ദത്തിൽ പറഞ്ഞു. “എന്നെ പ്രാകിയ നിന്നോടും നിന്റെ മോളോടും ചോറ്റാനിക്കരയമ്മ ചോദിച്ചോളുമെടി..”“അയ്യോ, ചോറ്റാനിക്കരയമ്മ തളേളടെ നാത്തൂനല്ലേ!”അവജ്ഞയോടെ കല്യാണിയമ്മ കാർക്കിച്ചു തുപ്പി. വൃദ്ധ പിറുപിറുത്തുകൊണ്ട് വെളളത്തിൽ ആഞ്ഞുമുങ്ങി. ആ തോൽവി കണ്ട് പെണ്ണുങ്ങൾ കിലുകിലാ ചിരിച്ചു.
Generated from archived content: novel10_mar.html Author: sree-vijayan