മുരിങ്ങച്ചുവട്ടിൽ കൂനിക്കൂടിയിരുന്ന് വെയിലുകൊണ്ടിരുന്ന മുത്തച്ഛൻ പുതിയ ആളുകളെ കണ്ട് അടുത്തുചെന്നു. ശാസ്‌ത്രികളോടായി ചോദിച്ചു.
“ബീഡിയൊണ്ടോ ഒരെണ്ണം തരാൻ?”
പ്രസന്നശാസ്‌ത്രികൾ ക്രൂദ്ധദൃഷ്‌ടിയോടെ കാരണവരെ നോക്കി. എന്നിട്ട് ഗദ്‌ഗദത്തോടെ പറഞ്ഞു.
“നിങ്ങൾ ബീഡി വലിക്കുകയില്ല ഞാൻ തന്നിട്ട്. കാരണം ഞാൻ ധൂമപാനം ചെയ്യില്ല.”
ആ ഭാവവും ഗീർവാണ ഭാഷണവും കേട്ട് പത്രപ്രതിനിധികൾ ചിരിച്ചുപോയി. പരീത് വൃദ്ധനോടായി പറഞ്ഞു.
“ഇന്ന് ബീഡി വലിക്കണ്ടാ. ഇവരൊക്കെ സിഗറേറ്റ്‌കാരാണ്. കാറില് ബരണോര് മുന്തിയ സാധനങ്ങളെ ബലിയ്‌ക്കുകൊളളു.”
പരീതിന്റെ വർത്തമാനവും സമ്പ്രദായവും പ്രൊഫസ്സർക്ക് രസിച്ചില്ല. അദ്ദേഹം ചോദിച്ചു.
“മിസ്‌റ്റർ! എന്താ നിങ്ങളുടെ പേര്?”
പരീത് പ്രൊഫസ്സറെ അടിമുടിയൊന്നു നോക്കി. മെല്ലെ മീശതടവി ചിരിച്ചു കൊണ്ടുപറഞ്ഞു.
“പേര് ഞമ്മക്ക് ഒരുപാട്‌ണ്ട്. ഗുസ്തിപ്പരീതെന്നു പറയും. റൗഡി പരീതെന്നും പറയും. പുതുതായി നാട്ടുകാര് ബിളിക്കണത് സാന്റോപ്പരീതെന്നാണ്.”
പ്രൊഫസ്സർ ചോദിച്ചു. “ഞങ്ങളെ ചോദ്യം ചെയ്യാനാണോ നിങ്ങൾ വന്നിരിക്കുന്നത്.”
അതിന് സമാധാനം പറഞ്ഞത് ശാസ്‌ത്രികളാണ്. “മാത്രമല്ല ഈ നാട്ടിലെ സാംസ്‌ക്കാരിക പ്രവർത്തകർക്ക് തലവേദനയുണ്ടാക്കുന്നു നിങ്ങൾ കുറേ കാറ് യാത്രക്കാർ. ഞാനിവിടത്തെ സാംസ്‌ക്കാരിക സമിതി സെക്രട്ടറിയാണ്. പേര് പ്രസന്നശാസ്‌ത്രികൾ.”
അയാൾ കണ്ണുതുടച്ചു. മൂക്കുചീറ്റി. സഹതാപപൂർവ്വം പ്രൊഫസർ അയാളെ നോക്കി.
“ശാസ്‌ത്രികളെ നിങ്ങൾ കരുതുന്നതുപോലെ ഉളള ആളുകളല്ലാ ഞങ്ങൾ. ഈ പെൺകുട്ടിയെ കാണാൻ ഞങ്ങൾ വന്നത് ഒരു പ്രത്യേക കാര്യത്തിനാണ്.”
വാചകം മുഴുമിപ്പിക്കാൻ കഴിയുന്നതിനുമുമ്പ് ശാസ്‌ത്രികൾ ഇടയ്‌ക്കുകയറി ശബ്‌ദിച്ചു.
“…മനസ്സിലായി. ഈ പെൺകുട്ടി ഇന്നാട്ടിലൊരു പ്രശ്‌നമായിത്തീർന്നു തുടങ്ങിയിരിക്കുന്നു….”
“അല്ലാ…പ്രശ്‌നമാകാതിരിക്കാനാണ് ഞങ്ങൾ വന്നത്. സാമ്പത്തികമായി ഈ കുടുംബത്തിന് ശേഷിയില്ലെന്നറിയാം. പക്ഷേ, ഈ കുട്ടിയെ ഞങ്ങൾ കോളേജിൽ ചേർക്കാൻ പോകുന്നു.”
വേദനയോടെ ശാസ്‌ത്രികൾ പറഞ്ഞു.
“അരുത്. റിപ്പോർട്ടു ചെയ്യേണ്ടിവരും; സാംസ്‌ക്കാരിക സമിതി ഓഫീസിലേയ്‌ക്ക്. ഞാൻ അത്തരത്തിൽ ഒരു പ്രവർത്തകനാണ്. മനുഷ്യസ്‌നേഹിയാണ്.”
ആളുകൾ ഒന്നടങ്കം പൊട്ടിച്ചിരിച്ചു. പ്രസന്നശാസ്‌ത്രികൾ മാറിമാറി ഓരോരുത്തരേയും സങ്കടത്തോടെ നോക്കി. അയാൾ കുണ്‌ഠിതപ്പെട്ടു.
“കഷ്‌ടം. എല്ലാവരും ചിരിക്കുന്നു. ഞാൻ മാത്രം തീവ്രദുഃഖമനുഭവിക്കുന്നു.”
പ്രൊഫസ്സർ പറഞ്ഞു. “ഒരു വിരോധവുമില്ല. നിങ്ങൾ ദുഃഖിച്ചോളൂ. നിങ്ങളെപ്പോലുളള സാംസ്‌ക്കാരികപ്രവർത്തകർക്കുളള താവളം കുറച്ചു തെക്കാണ്. ഊളമ്പാറയെന്നു പറയും.”
വീണ്ടും കൂട്ടച്ചിരി. പ്രസന്നശാസ്‌ത്രികൾ വ്രണപ്പെട്ട ഹൃദയത്തോടെ എല്ലാവരേയും നോക്കി മിഴിനീരൊപ്പി. ചിരിച്ചുകൊണ്ട് പ്രൊഫസ്സർ ചോദിച്ചു.
“മനുഷ്യസ്‌നേഹിയ്‌ക്ക് എന്നെ മനസ്സിലായോ?”
ഇല്ലെന്ന അർത്ഥത്തിൽ ശാസ്‌ത്രികൾ തലയാട്ടി.
“ഞാൻ പുതുതായി ഇവിടെ സ്ഥലം മാറിവന്ന സബ്ബ് ഇൻസ്പെക്‌ടരാണ്.”
പരീത് ഞെട്ടി. “ഹളേളാ” എന്ന ശബ്‌ദം അയാളിൽ നിന്നുയർന്നു. ഝടുതിയിൽ തലയിൽനിന്നും തോർത്തഴിച്ചു. പ്രസന്നശാസ്‌ത്രി മുഖത്തുനിന്ന് കണ്ണടയെടുത്ത് കൈക്കൂപ്പിനിന്നു വിറച്ചു. ഇരുവരേയും ശ്രദ്ധിച്ചതിനുശേഷം ഗൗരവസ്വരത്തിൽ പ്രൊഫസ്സർ ചോദിച്ചു.
“എന്താ പരീത്?”
പരീത് കിടുകിടാ വിറച്ചു.
“ഞമ്മള് ഒരു തമാശയ്‌ക്ക് ബന്നതാണേമ്മാനെ. ബേറെ ഒന്നും തോന്നരുത്.”
പ്രൊഫസ്സർ ഒന്നിരുത്തിമൂളി.
“ശരി. തല്‌ക്കാലം രണ്ടുപേരും പൊയ്‌ക്കോളൂ.”
ധൃതിയിൽ ഇരുവരും സ്ഥലം വിട്ടു. ഒരു അത്ഭുതംപോലെ തന്നെ നോക്കിക്കൊണ്ടു നിന്നിരുന്ന കല്യാണിയമ്മയേയും ശാന്തയേയും നോക്കി ചിരിച്ചുകൊണ്ട് പ്രൊഫസ്സർ പറഞ്ഞു.
“മുഷ്‌ക്കന്മാരോട് നല്ലത് പറഞ്ഞിട്ട് കാര്യമില്ല.”
അദ്ദേഹം യാത്ര ചോദിച്ചു.
“അപ്പോൾ ഞങ്ങൾ ഇറങ്ങട്ടെ? എല്ലാം പറഞ്ഞതുപോലെ.”
പ്രൊഫസ്സറും പത്രക്കാരും കാറിൽ കയറി കൈവീശി.
നിർവൃതിയിൽ ലയിച്ചു നിന്ന ശാന്ത അമ്മയുടെ വാക്കുകൾ കേട്ടു.
“നീ ഭാഗ്യമുളളവളാ മോളേ.”
ശാന്തയ്‌ക്കും തോന്നി. ശരിയാണ് തന്നെപ്പോലെ ഭാഗ്യശാലികൾ മറ്റാരുണ്ട്. അവൾ മന്ദഹസിച്ചു.
Generated from archived content: choonda8.html Author: sree-vijayan