കാപ്പി നീട്ടിയപ്പോൾ ശശിധരൻ പറഞ്ഞു. “എനിക്കു വേണ്ട.”
ആ ശബ്‌ദത്തിലെ ഗൗരവം അച്ചുതൻനായരെ തെല്ലൊന്നമ്പരപ്പിച്ചു. സംശയത്തോടെ ചോദിച്ചു.
“എങ്കിൽ ചായ കൊണ്ടുവരട്ടെ?”
വീണ്ടും ഗൗരവസ്വരം.
“കാപ്പിയും ചായയും കുടിക്കാനല്ല ഞാനിങ്ങോട്ടു കയറിയത്.”
എന്തോ പന്തികേടുണ്ട്. അച്ചുതൻനായർ ഗ്ലാസ്സുമായി മടങ്ങി. ആറേഴു ചുവടുവച്ചപ്പോൾ പുറകിൽനിന്നു വിളി.
“അച്ചുതൻനായരേ..”
“ഓ…”
വൃദ്ധൻ തിരിച്ചുചെന്നു.
“ശാന്ത ഇവിടെവന്നിട്ട് എത്ര നാളായി?”
“ആറേഴുമാസത്തോളമായി.”
മൗനം. മണലിലൂടെ ഷൂസിന്റെ ചലനം. മിനിട്ടുകൾക്കുശേഷം വീണ്ടും ചോദ്യം.
“ചേട്ടനൊരുമിച്ച് കന്യാകുമാരിക്കും കോവളത്തും ഒക്കെ അവൾ പോകാറുണ്ടല്ലേ?”
“കൊച്ചമ്മയും ഏമാനും പോയപ്പോൾ ഒന്നുരണ്ടുവട്ടം കൂട്ടത്തിൽ എങ്ങാണ്ടൊക്കെ ആ കുഞ്ഞും പോയി.”
“ങും… കൊച്ചമ്മ ഒരു നല്ല മറയാണ്.”
അച്ചുതൻ നായർക്ക് മനസ്സിലായില്ല.
“എന്തോ?”
“ഒന്നുമില്ല. താൻ പൊയ്‌ക്കൊളളൂ.”
അച്ചുതൻനായർ നടന്നു നീങ്ങി. വെരുകിനെപ്പോലെ ശശിധരൻ വീണ്ടും ഉലാത്തിക്കൊണ്ടിരുന്നു.
ഗേറ്റ് തുറക്കുന്ന ശബ്‌ദം കേട്ട് തിരിഞ്ഞുനോക്കി.
അകത്തു കയറിയതിനുശേഷം ഗേറ്റടക്കാൻ തുനിയുന്ന ഡോക്‌ടറെ നോക്കി ശശി പറഞ്ഞു.
“അടക്കേണ്ട… എനിക്ക് പുറത്തേക്കു പോകണം.”
ഡോക്‌ടർ സംശയഭാവത്തിൽ അടുത്തേക്കു ചെന്നു.
“അല്ലാ ഇതാരാണ്? ശശിയല്ലെ? നീ എപ്പോഴെത്തി? എന്തുണ്ട് വിശേഷം?”
“വിശേഷമൊക്കെ ഇവിടെയല്ലേ? ഏതായാലും എന്റെ ചേച്ചി മരിച്ചതിനുശേഷം മതിയായിരുന്നല്ലൊ ഈ പുതിയ ബന്ധം.”
“എന്ത്?”
“കൂടുതൽ വിവരം ഈ പത്രത്തിലുണ്ട്.”
ശശി പത്രച്ചുരുൾ നീട്ടി. ഡോക്‌ടർ അതു വാങ്ങി.
“പാവപ്പെട്ട എന്റെ ചേച്ചിയുടെ കെയറോഫിൽ കോവളത്തും കന്യാകുമാരിയിലും ഹോട്ടലിൽ നിങ്ങൾ സുഖിച്ചതിന്റെ ചരിത്രമുണ്ടിതിൽ.”
ഡോക്‌ടർക്ക് താൻ നിന്നനില്പിൽ ആവിയായി പോകുന്നതുപോലെ തോന്നി. ശശിയുടെ ശബ്‌ദം വീണ്ടും മുഴങ്ങി.
“മനുഷ്യൻ മൃഗമാവരുത്.”
വിതുമ്പുന്ന ചുണ്ടുകൾ “ശശീ” എന്നു വിളിച്ചു.
ശശിധരൻ പെട്ടെന്ന് കാറിനടുത്തേക്ക് നീങ്ങി. ഡോർ തുറന്നു.
ഡോക്‌ടർ സ്തബ്ധനായി നോക്കിനിൽക്കെ കാർ സ്‌റ്റാർട്ട് ചെയ്‌ത് ശശിധരൻ പുറത്തേക്കുപോയി.
************************************************************************
മഞ്ഞപ്പത്രക്കാർ ബോധപൂർവ്വം പകരം വീട്ടിയിരിക്കുകയാണ്. സ്വപ്‌നത്തിൽപോലും ചിന്തിക്കാത്ത ആഭാസകഥകൾ ഡോ.മേനോനെയും ശാന്തയെയും കരുവാക്കി അവർ മെനഞ്ഞെടുത്തിരിക്കുന്നു. പത്രധർമ്മത്തെ നീചമാം വിധം വ്യഭിചരിച്ചിരിക്കുന്നു.
വാർത്ത മുഴുവൻ വായിച്ചു തീർന്നപ്പോൾ ഡോക്‌ടർ വിയർപ്പിൽ കുളിച്ചിരുന്നു.
നിഷ്‌ക്കളങ്കയായ ആ പെൺകുട്ടിക്ക് ഇവിടെയും രക്ഷ ലഭിക്കില്ലെന്നാക്കിയിരിക്കുന്നു.
ആരെങ്കിലും പറഞ്ഞുകേട്ട് വിവരം ഭാരതിയമ്മയുടെ ചെവിയിലെത്തിയാൽ ആ സാധു മരിച്ചു വീഴുകയില്ലെന്നാരു കണ്ടു.
കുഴപ്പങ്ങൾ ഒഴിവാക്കാൻ ഇനി എന്തു ചെയ്യണം?
കുറച്ചു കാലത്തേക്ക് ശാന്തയെ അവളുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടാലോ? അന്യപുരുഷന്റെ അധീനത്തിലാണെങ്കിലും പെറ്റതളള അവളെ സ്വീകരിക്കാതിരിക്കുമോ? എത്ര പണം വേണമെങ്കിലും കൊടുത്തയയ്‌ക്കാം?
ശാന്തയെ വിളിച്ച് തന്റെ ധർമ്മസങ്കടം അറിയിക്കുക. ബുദ്ധിമതിയായ അവൾ പത്രവാർത്ത വായിച്ചാൽ സ്വയം ഒരു തീരുമാനം എടുത്തുകൊളളും.
അതേ… അതാണു നല്ലത്. ഡോക്‌ടർ പോർട്ടിക്കോവിലിരുന്ന് ശാന്തയെ വിളിച്ചു.
ശാന്ത വാതിൽക്കലെത്തി. അധോമുഖനായി ഇരുന്ന ഡോക്‌ടർ അവൾ വന്നതറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു ഭാവിച്ചു. എങ്ങിനെ തുടങ്ങണം. എവിടന്ന് തുടങ്ങണം? ഒരു രൂപവും കിട്ടുന്നില്ല.
ശാന്ത തിരക്കി.
“എന്നെ വിളിച്ചോ?”
നെഞ്ചിടിപ്പിന് ശക്തി കൂടി.
“വിളിച്ചു. കുഞ്ഞ് എനിക്കൊരുപകാരം ചെയ്യണം.”
“എന്താ?”
ഡോക്‌ടറുടെ മുഖം കടലാസുപോലെ വിളറിയിരുന്നു.
“നിനക്കാവശ്യമുളള പണം ഞാൻ തരാം. എത്രവേണമെങ്കിലും തരാം. കുറച്ചുകാലത്തേക്ക് നീ നിന്റെ വീട്ടിൽ പോയി നിൽക്കണം. നീ മൂലം ഈ കുടുംബം നശിക്കരുത്.”
നാരായമുനകൾ കണക്കേ ഇടനെഞ്ചിലേക്ക് പൂണ്ടുകയറുന്ന വാക്കുകൾ. അദ്ദേഹം എങ്ങിനെ അത് പറഞ്ഞു തീർത്തു?
ചങ്കിൽ കൂരമ്പേറ്റെങ്കിലും ശാന്ത പിടച്ചില്ല. പിടഞ്ഞിട്ടും ചിറകടിച്ചിട്ടും പ്രയോജനമില്ലെന്ന് സ്വയം മനസ്സിലാക്കിയിട്ടുണ്ട്. ഡോക്‌ടറിൽ നിന്ന് ഇനി കേൾക്കാനുളള വാക്കുകളും പ്രതീക്ഷിച്ച് അവൾ നിന്നു.
“കൂടുതൽ വിവരങ്ങൾ ഈ പത്രത്തിലുണ്ട് കുഞ്ഞേ…. വായിച്ചു നോക്കിയിട്ട് സ്വയം നീയൊരു തീരുമാനമെടുക്കൂ… ഭാരതി ഈ വിവരം അറിയരുത്. അറിഞ്ഞാൽ ആ ജീവിതം തന്നെ തുലഞ്ഞെന്നു വരും.”
പത്രം കാൽച്ചുവട്ടിലേക്കിട്ടു കൊടുത്തിട്ട് അദ്ദേഹം അകത്തേക്കു പോയി. തിടുക്കപ്പെട്ട് ശാന്ത പത്രമെടുത്തു.
***********************************************************************
രാത്രിയുടെ നിശ്ശബ്‌ദതയിൽ സെൻട്രൽ ജയിലിലെ വലിയ നാഴികമണി പന്ത്രണ്ടുവട്ടം അടിച്ച ശബ്‌ദം മുഴങ്ങിക്കേട്ടു.
ടേബിൾ ലാമ്പിനരികെ നെറ്റിയിൽ കൈ അമർത്തി പത്രത്തിലേക്ക് മുഖം തിരിച്ച് ശാന്തയിരിക്കുന്നു. കണ്ണുനീർ വീണ് ‘തീജ്വാല’ ആകെ കുതിർന്ന് പോയിരിക്കുന്നു.
എന്തിനീ കശ്മലന്മാർ പൗര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്ര ക്രൂരമായി മനുഷ്യജീവിതമെടുത്ത് പന്താടുന്നു? പിതാവിനെപ്പോലെ താൻ ബഹുമാനിക്കുന്ന ആ വലിയ മനുഷ്യനെ തന്റെ പേരോട് ചേർത്ത് താറടിക്കാൻ അവർക്കെങ്ങിനെ സാധിക്കുന്നു?
പ്രസിദ്ധമായ ബൈബിൾ വാക്യം നീറുന്ന ആത്മാവിൽ പൊന്തിവന്നു.
“പിതാവേ… ഇവരോടു പൊറുക്കേണമേ!”
ബെഡ്‌റൂമിൽ നിന്ന് കാലൊച്ച കേൾക്കുന്നുണ്ട്. ഡോക്‌ടറും ഉറങ്ങിയിട്ടില്ല. അസ്വസ്ഥനായ അദ്ദേഹം ഇരിപ്പുറയ്‌ക്കാതെ മുറിയിൽ ഉലാത്തുകയായിരിക്കും.
താൻ മൂലം എത്ര നല്ല മനുഷ്യർ വേദന തിന്നേണ്ടതായി വന്നു. ഡോക്‌ടറുടെ അപേക്ഷ വീണ്ടും വീണ്ടും കാതിൽ മുഴങ്ങി.
“കുറച്ചു കാലത്തേക്ക് നീ നിന്റെ വീട്ടിൽ പോയി നിൽക്കണം. നീ മൂലം ഈ കുടുംബം നശിക്കരുത്. ഭാരതി ഈ വിവരമറിയരുത്. അറിഞ്ഞാൽ ആ ജീവൻ തന്നെ തുലഞ്ഞെന്നു വരും.”
അവൾ സ്വയം പറഞ്ഞു.
“ഇല്ല… ഞാൻ മൂലം നല്ലവരായ അവർക്ക് ഒരപകടവും വന്നുകൂടാ.”
ശാന്ത കസേരയിൽ നിന്നെഴുന്നേറ്റു.
************************************************************************
കൈകൾ മാറിൽ പിണച്ചുകെട്ടി അധോമുഖനായി ഡോക്‌ടർ ഏറെ നേരം മുറിയിൽ ഉലാത്തിക്കൊണ്ടിരുന്നു.
കട്ടിലിൽ സുഖനിദ്രയിൽ മുഴുകി പ്രപഞ്ചത്തിലെ കളങ്കമൊന്നുമറിയാതെ ശയിക്കുന്ന ഭാരതിയമ്മയെ കണ്ണിമയ്‌ക്കാതെ അദ്ദേഹം നോക്കി.
ശാന്തയുടെ സാമീപ്യവും ശുശ്രൂഷയും കൊണ്ട് നഷ്‌ടപ്പെട്ട ആരോഗ്യം തിരിച്ചു കിട്ടിയിരിക്കുന്നു. മരണവക്ത്രത്തിൽനിന്നു ആ പെൺകുട്ടിയാണ് അവരെ രക്ഷിച്ചത്.
പറഞ്ഞിട്ടെന്തു ഫലം?
ശാന്തയുടെ മുഖത്തു നോക്കി കർക്കശരീതിയിൽ തനിക്കു സംസാരിക്കേണ്ടിവന്നു.
“നീ മൂലം ഈ കുടുംബം നശിക്കരുത്.”
അതു പറയാനുളള ഹൃദയകാഠിന്യം തനിക്കെങ്ങിനെയുണ്ടായി. ആ പെൺകുട്ടി എന്തു തെറ്റുചെയ്‌തു? സത്യത്തിൽ അവൾ തന്റെ കുടുംബത്തെ രക്ഷിക്കുകയല്ലേ ചെയ്‌തത്.
നിഷ്‌കളങ്കമായ ആ മുഖത്തുനോക്കി നീചവാക്കു പറഞ്ഞ താൻ എത്ര നികൃഷ്‌ടനാണ്.
മനസ്സിൽ ഉറപ്പിച്ചു.
“എന്തെല്ലാം വന്നാലും ശാന്തയെ പറഞ്ഞുവിടുന്നില്ല. പത്രക്കാരും, ശശിയും, ലോകം മുഴുവനും തന്നെ ഭത്സിച്ചാലും. പെരുമ്പറ മുഴക്കി പ്രസംഗിച്ചോട്ടെ. എന്നാലും ഈ വീട്ടിൽത്തന്നെ കഴിയും; ഞങ്ങളുടെ ഓമനമകളായി അവൾ ഇവിടെത്തന്നെ ജീവിക്കും.”
വാശിയോടെ അത്രയും വാക്കുകൾ അദ്ദേഹം തന്റെ ഡയറിയിൽ കുറിച്ചുവച്ചു.
സ്വസ്ഥത തിരിച്ചു കിട്ടിയപ്പോൾ ഒരു സിഗരറ്റിന് തീ കൊളുത്തി സ്വാദോടെ പുകവിട്ടു. ഫാനിന്റെ സ്പീഡ് കൂട്ടി ചാരുകസേരയിൽ ചെന്നു കിടന്നു.
-നേരം വെളുത്തിട്ട് ശാന്തയെ വിളിച്ച് ക്ഷമ ചോദിക്കണം. ‘ഈ അച്‌ഛനോട് മാപ്പു താ മോളേ“ എന്ന് കെഞ്ചി അപേക്ഷിക്കണം. ആ നിനവോടെ മെല്ലെ കണ്ണുകൾ പൂട്ടി. ക്രമേണ ആ ശുദ്ധാത്മാവ് നിദ്രയിൽ ലയിച്ചു.
ശാന്ത ജനൽപാളികൾ മെല്ലെ തുറന്നു.
ചാരുകസേരയിൽ കിടന്ന് ഉറങ്ങുന്ന ഡോക്‌ടറേയും കട്ടിലിൽ പുറംതിരിഞ്ഞ് കിടക്കുന്ന ഭാരതിയമ്മയേയും നോക്കിനിന്നു.
ഈ സ്‌നേഹനിധികളെ പിരിഞ്ഞ് താൻ എങ്ങിനെ വീട്ടിലേക്ക് പോകും?
താൻ പോയാൽ തന്റെ പ്രിയപ്പെട്ട പോറ്റമ്മയ്‌ക്ക് സമയാസമയങ്ങളിൽ ആര് മരുന്ന് കൊടുക്കും? ചിട്ടകളെല്ലാം തെറ്റിയാൽ വീണ്ടും പഴയപടി അവർ രോഗിണിയായിത്തീരുകയില്ലേ? തന്നെ കാണാതിരുന്നാൽ ആധിപൂണ്ട് അവശയാവില്ലേ?
”ഈശ്വരാ നീതന്നെ എനിക്ക് ആശ്വാസം തരൂ!“
ജനലഴികളിൽ പിടിച്ചുനിന്ന് ഏറെനേരം അവൾ കരഞ്ഞു. അതിനുശേഷം ജനൽപാളികൾ ചാരി നേരെ തന്റെ മുറിയിലേക്ക് നടന്നു.
Generated from archived content: choonda71.html Author: sree-vijayan
Click this button or press Ctrl+G to toggle between Malayalam and English