കന്യാകുമാരിയിലെ കാഴ്‌ചകളെക്കുറിച്ച് അടുക്കളക്കാരൻ അച്ചുതൻനായരെ പറഞ്ഞു കേൾപ്പിച്ചപ്പോൾ നരകയറിയ താടി ചൊറിഞ്ഞുക്കൊണ്ട് അയാൾ അപേക്ഷിച്ചു.
“ഇനി നിങ്ങള് പോകുമ്പം എന്നേംകൂടി ഒന്നു കൊണ്ടുപോകൂ കുഞ്ഞേ…. കുഞ്ഞ് പറഞ്ഞാൽ ഏമാനും കൊച്ചമ്മേം എതിരു പറയുകയില്ല.”
“ശരി, ഞാൻ പറയാം.” ശാന്ത സമ്മതിച്ചു.
“പറഞ്ഞാൽ പോരാ, കൊണ്ടുപോകണം.”
“ശരി.” അവൾ തലകുലുക്കി.
രണ്ടുദിവസം കഴിഞ്ഞ് ഒരു സന്ധ്യയ്‌ക്ക് കുളി കഴിഞ്ഞ് ഈറൻ മാറി, കഴുകി തുടച്ച നിലവിളക്കിൽ തിരിയിടുമ്പോൾ അച്ചുതൻനായർ ശാന്തയുടെ അടുത്തുവന്നു.
“കുഞ്ഞൊരു വിവരമറിഞ്ഞോ?”
“എന്താണ്?”
“ഏമാനും കൊച്ചമ്മയും കുഞ്ഞിനെക്കുറിച്ചൊരു കാര്യം പറഞ്ഞു.”
ശാന്ത അയാളുടെ മുഖത്തേക്ക് മിഴിച്ചു നോക്കി.
“കുഞ്ഞപ്പോൾ കുളിമുറിയിലായിരുന്നു. നാളെയോ മറ്റന്നാളോ അത് നടത്തണമെന്നാ കൊച്ചമ്മ പറഞ്ഞിരിക്കുന്നത്. ഏമാനും സമ്മതിച്ചു കൊണ്ടാണ് ആശുപത്രീലേക്ക് പോയിരിക്കുന്നത്.”
ഒന്നും മനസ്സിലായില്ല. ഈ മനുഷ്യൻ പറയുന്നതിന്റെ പൊരുളെന്ത്?
“കാര്യമെന്താണെന്ന് പറയൂ.”
“പറയാം മോളേ… എന്തായാലും കുഞ്ഞ് ഭാഗ്യമുളളവളാ.”
അച്ചുതൻനായർ നിറഞ്ഞ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് തുടർന്നു.
“ഏമാനും കൊച്ചമ്മയും അവരുടെ സ്വത്തെല്ലാം മോളുടെ പേരിൽ എഴുതിവയ്‌ക്കാൻ പോകുവാ. അങ്ങിനെ ചെയ്‌തില്ലെങ്കിൽ കൊച്ചമ്മ മരിച്ചു കളയുമെന്നാ പറഞ്ഞിരിക്കുന്നത്. ഏമാനും അത് സന്തോഷമാ..”
ശാന്ത ഒന്നും മിണ്ടിയില്ല. നിലവിളക്കുമായി കൽപ്രതിമപോലെ അവൾ നിന്നു. കണ്ണുകൾ വഴിഞ്ഞൊഴുകി. അർഹതയില്ലാത്ത സൗഭാഗ്യങ്ങൾ തന്റെമേൽ ഈശ്വരൻ അർപ്പിക്കുകയാണ്. ഇതുവരെ കഷ്‌ടപ്പെട്ടതിന് കൂലി നൽകുകയാണ്.
എത്രനേരം അങ്ങിനെനിന്നു? അച്ചുതൻനായരുടെ ശബ്‌ദമാണ് ഉണർത്തിയത്.
“വിളക്കു കൊളുത്താതെ നിൽക്കുന്നതെന്താ? കൊച്ചമ്മ കുളി കഴിഞ്ഞു വന്നുകാണും?”
ശാന്ത തീപ്പെട്ടിയുമെടുത്ത് പൂജാമുറിയിലേക്ക് പോയി.
വിളക്കുവെയ്പും നാമജപവും കഴിഞ്ഞപ്പോൾ ഔൺസ് ഗ്ലാസിൽ മരുന്നുമായി ശാന്ത ഭാരതിയമ്മയെ സമീപിച്ചു.
“ഇനി ഞാൻ മരുന്നു കഴിക്കണോ മോളേ? ഇപ്പോൾ അസുഖമൊന്നുമില്ലല്ലോ?”
“ഒരുമാസം കൂടി മുടക്കരുതെന്നല്ലേ പറഞ്ഞിരിക്കുന്നത്?”
ആ സൗമ്യവാക്കുകൾ കേൾക്കേ പുഞ്ചിരി തൂകിക്കൊണ്ട് ഭാരതിയമ്മ മരുന്നു കുടിച്ചു.
“മോളിവിടെ ഇരുന്നേ… എത്ര ദിവസമായി നിന്റെ പാട്ടുകേട്ടിട്ട്.”
“ഞാൻ റേഡിയോ ഓൺ ചെയ്യാം. ഇപ്പോൾ നല്ല പ്രോഗ്രാമുണ്ടാകും.”
ഭാരതിയമ്മ തടഞ്ഞു.
“എനിക്കെന്റെ മോളുളളപ്പോൾ എന്തിനാ റേഡിയോ? മോള് പാടിയാൽ മതി.”
ശാന്ത പാടി. ഭാരതിയമ്മയ്‌ക്ക് എത്ര കേട്ടാലും മതിയാകാത്തതും, ചെറുപ്പത്തിൽ സൗദാമിനിടീച്ചർ തന്നെ പഠിപ്പിച്ചതുമായ ‘അഷ്‌ടപതി’യിലെ ഈരടികൾ മൃദുസ്വരത്തിൽ അവൾ പാടി. പാട്ടിൽ ലയിച്ച് ഒരു തപസ്വിനിയെപ്പോലെ മുമ്പിൽ ഇരിക്കുന്ന ആ സ്‌നേഹമയി കണ്ണിൽ മാത്രമല്ല, മനസ്സിലും നിറഞ്ഞുനിന്നു.
പുറത്ത് കാറിന്റെ ഇരമ്പം കേട്ടു. കാറ് മുറ്റത്ത് വന്ന് ബ്രേക്ക് ചെയ്‌തതുപോലെ തോന്നി.
ഡോക്‌ടർ മേനോനെ കാണാൻ വന്ന വല്ല ഉദ്യോഗസ്ഥന്മാരുമായിരിക്കും. അദ്ദേഹം ആസ്പത്രിയിലേക്ക് പോയ വിവരം അച്ചുതൻനായർ പറഞ്ഞുകൊളളും. ശാന്ത ‘അഷ്‌ടപതി’യിലേക്ക് തന്നെ മനസ്സു തിരിച്ചു.
തെല്ലു കഴിഞ്ഞപ്പോൾ മൊസേയ്‌ക്കു തറയിൽ ഷൂസിന്റെ ശബ്‌ദം കേട്ടു. ചാരിയ വാതിൽ തളളിത്തുറന്ന് ഒരാൾ അകത്തേക്ക് കയറി.
ശാന്ത പിടഞ്ഞെണീറ്റു.
“എന്ത്?”
ഉളളിൽ ഒരു പൊട്ടിത്തെറി.
തന്റെ മുമ്പിൽ നിൽക്കുന്നത് ഡി.എസ്.പി. ശശിധരൻ. ഭാരതിയമ്മ തിരിഞ്ഞുനോക്കി. അവരുടെ മുഖം വികസിച്ചു. ആശ്ചര്യത്തോടെയുളള ചോദ്യം.
“ആരിത്? ശശിയോ? നീ എപ്പൊ വന്നു. ഇരിക്കൂ കുഞ്ഞേ, ഇങ്ങോട്ടിരിക്കൂ.”
ശശി കട്ടിലിൽ തന്നെ ഇരുന്നു.
“നീയാണോ കാറിൽ വന്നത്?”
“അതെ.”
“ശാന്തേ…. ഇതാണ് മോളെ, എനിക്കാകപ്പാടെയുളള ഒരാങ്ങള.”
ശാന്ത അമ്പരപ്പോടെ ശശിയെ നോക്കി. മിഴികൾ തമ്മിൽ നിമിഷനേരത്തെ മത്സരം. ശാന്തതന്നെ കീഴടങ്ങി. കണ്ണുകൾ നിലത്തേക്ക് താണു.
“കളളൻ! എത്ര നാളായെന്നോ ഇങ്ങോട്ട് കടന്നിട്ട്.. ചേച്ചി ജീവിച്ചിരിക്കുന്നോ മരിച്ചോ എന്നറിയാനായിരിക്കും ഇപ്പം കയറിവന്നത്.”
ഭാരതിയമ്മയുടെ വാത്സല്യമൂറുന്ന ഗദ്‌ഗദവാക്കുകൾ. ശശിയുടെ കുലുങ്ങിച്ചിരി. അവിടന്ന് ഒന്നു രക്ഷപ്പെടാൻ കഴിഞ്ഞെങ്കിൽ! പൊത്തിൽ അകപ്പെട്ട് പുകകൊളളുന്ന എലിയുടെ ശ്വാസംമുട്ടൽ.
പ്രതീക്ഷിച്ചപോലുളള പരിചയപ്പെടുത്തൽ.
“നിനക്കു മനസ്സിലായോ ശശി ഈ കുട്ടിയെ. ഈശ്വരൻ ഞങ്ങൾക്കു കൊണ്ടുതന്ന ദത്തുപുത്രിയാണ്. പേര് ശാന്ത.”
“ഓഹോ… ” ശശിയുടെ ശബ്‌ദം.
അറിയാതെ മുഖത്തേക്കു നോക്കിപ്പോയി. അപരിചിതനെപ്പോലെ ശശിച്ചേട്ടൻ കൈക്കൂപ്പുന്നു.
“മോളെ.. ചെന്ന് അച്ചുതൻനായരോട് പറയൂ.. കാപ്പിയിടാൻ.”
ശാന്ത പുറത്തേക്ക് പാഞ്ഞു. ആ പോക്കിന്റെ വേഗത ശശിധരൻ പ്രത്യേകം ശ്രദ്ധിച്ചു.
“എന്തു സ്‌നേഹമുളള കുട്ടിയാണെന്നോ! എന്റെ സുഖക്കേട് മാറിയത് തന്നെ അവളുടെ ശുശ്രൂഷകൊണ്ടാണ്.”
ശശിധരൻ എഴുന്നേറ്റ് ചുമരിൽ തൂക്കിയിരിക്കുന്ന ഫോട്ടോവിലേക്ക് കണ്ണോടിച്ചു. ചേച്ചിയുടെയും ഭർത്താവിന്റെയും മദ്ധ്യത്തിൽ ശാന്ത നില്‌ക്കുന്നു. വർഷങ്ങൾക്കുമുമ്പ് ശിവരാത്രി മണൽപ്പുറത്തുവച്ച് അനുജത്തിയെ നഷ്‌ടപ്പെട്ടതിനുശേഷം ഫോട്ടോകളും അലങ്കാരങ്ങളും വെറുത്തിരുന്ന ചേച്ചിയിലാണ് ഈ മാറ്റം വന്നിരിക്കുന്നത്. എന്ത് മാസ്‌മരവിദ്യയാണ് ഇതിന്റെ പുറകിലുളളത്?
ചേച്ചി വാതോരാതെ ശാന്തയെക്കുറിച്ചുതന്നെ സംസാരിക്കുന്നു.
അവളുടെ ചുറുചുറുക്കിനെപ്പറ്റി, സ്‌നേഹവായ്‌പിനെപ്പറ്റി, ആത്മാർത്ഥതയെപ്പറ്റി, സൽസ്വഭാവത്തെപ്പറ്റി.
എല്ലാം കേട്ട് കേട്ട് മുറിയിൽ വൃഥാ ഉലാത്തിക്കൊണ്ടിരുന്നു.
“നീ ഇരിക്കാത്തതെന്ത്?”
ശശി ഇരുന്നില്ല.
“കുഞ്ഞിനും മറ്റുളേളാർക്കും വിശേഷമൊന്നുമില്ലല്ലോ?”
“ഇല്ല.”
“കുഞ്ഞിനേയും സതിയേയും കൂട്ടി ഒന്നു വന്നാലെന്താ ശശീ… അവരെയൊക്കെ കാണാൻ എനിക്കുമില്ലേ ആശ?”
വീണ്ടും ഗദ്‌ഗദസ്വരം. ശശി ചിരിച്ചുകൊണ്ട് പറഞ്ഞു.
“മനഃപൂർവ്വമല്ല ചേച്ചി. എന്റെ ജോലിത്തിരക്കു കൊണ്ടാണ്. ഏതായാലും അടുത്ത മാസം ഞങ്ങൾ വരും.”
ഗദ്‌ഗദം നിലച്ചു.
“നിങ്ങൾ വന്നില്ലെങ്കിൽ അടുത്തമാസം ഞങ്ങളെല്ലാവരും കൂടി അങ്ങോട്ടു വരാനാ ഭാവം.”
വാത്സല്യമൂറുന്ന ചിരി മുഴങ്ങി.
“ചേട്ടൻ വരാറായില്ലേ?”
“ഇപ്പം വരും. നിനക്കിന്ന് പോകേണ്ടല്ലോ?”
“പോകണം… ഐ.ജി ഓഫീസിൽ വന്നതാ. രാത്രിതന്നെ മടങ്ങും.”
തെല്ലുനേരത്തെ നിശ്ശബ്‌ദത.
“വല്ലാത്ത ചൂട്. ഞാൻ അല്പനേരം കാറ്റു കൊളളട്ടെ.”
ശശി പുറത്തേക്കിറങ്ങി.
***********************************************************************
ക്വാർട്ടേഴ്‌സിന്റെ മുറ്റത്ത് മണൽ ഞെരിക്കുന്ന ഷൂസിന്റെ ശബ്‌ദം. ശാന്ത അടുക്കള ജനലിലൂടെ എത്തിനോക്കി.
കത്രിച്ചു നിർത്തിയ മയിലാഞ്ചിച്ചെടികൾക്കപ്പുറത്തുകൂടെ ശശി ഉലാത്തുകയാണ്. അച്ചുതൻനായരുടെ കയ്യിൽ കാപ്പി കൊടുത്തയച്ചു.
ഓർമ്മിച്ചു നോക്കി.
തന്നെ കണ്ടപ്പോൾ ശശിച്ചേട്ടന്റെ ഭാവമെന്തായിരുന്നു? വെറുപ്പോ വിദ്വേഷമോ മുഖത്ത് നിഴലിച്ചുവോ? അതോ സഹതാപമായിരുന്നോ?
ഈ വീട്ടിലെ ബന്ധുവാണെന്ന് എന്തുകൊണ്ട് ഞാൻ ഇതുവരെ അറിഞ്ഞില്ല?
കൃഷ്‌ണപിളളസാറിന്റെ ലോഡ്‌ജിൽവച്ച്, പണ്ട് രോഗിണിയായ ചേച്ചിയെക്കുറിച്ച് തന്നോട് വിവരിച്ച കാര്യം സ്പഷ്‌ടമായി ഇപ്പോഴും ഓർക്കുന്നു. ആലുവാ ശിവരാത്രിനാൾ ബഹളത്തിൽ ആറുവയസ്സുളള അനുജത്തിയെ കാണാതായപ്പോൾ തന്റെ ചേച്ചി ബോധംകെട്ടു വീണതും പിന്നീട് രോഗിണിയായതുമായ കഥ. ശശിച്ചേട്ടൻ അന്നു പറഞ്ഞ വാക്കുകൾ ഇന്നും കാതിൽ മുഴങ്ങുന്നു.
“എപ്പോഴും ചിന്ത.. ഒരു തപസ്വിനിയുടെ ഭാവം. അതാണെന്റെ ചേച്ചിയുടെ രോഗം.”
ആ പ്രിയപ്പെട്ട ചേച്ചി ഇന്ന് തന്റെ അമ്മയായിരിക്കുകയാണ്. പെറ്റമ്മയെപ്പോലും അതിശയിപ്പിക്കുമാറ് തന്നെ സ്‌നേഹിക്കുന്ന പോറ്റമ്മ.
“ശാന്തേ… മോളവിടെ എന്തെടുക്കുകയാ.”
വാത്സല്യനിധിയായ അമ്മയുടെ വിളി.
സാരിത്തലപ്പുകൊണ്ട് മുഖം തുടച്ച് ശാന്ത ഭാരതിയമ്മയുടെ അടുത്തേക്ക് പോയി.
Generated from archived content: choonda70.html Author: sree-vijayan