നീണ്ട മൗനം ഭഞ്ജിച്ചത് പ്രൊഫസ്സർ കൃഷ്ണപിളളയാണ്.
“ശാന്തയ്‌ക്ക് ആഗ്രഹമുണ്ടെങ്കിൽ കോളേജിൽ പോകാനുളള സൗകര്യം ഞാൻ ചെയ്യാം.”
അവിശ്വസനീയമായ വാക്കുകൾ. ശാന്ത പ്രൊഫസ്സറെ മിഴിച്ചുനോക്കി. സൗമ്യഭാവത്തിൽ പ്രൊഫസ്സർ തുടർന്നു.
“പഠിച്ച് ഒരു നല്ല നിലയിലെത്തുന്നതുവരെ ശാന്തയുടെ എല്ലാ ചെലവുകളും ഞാൻ നോക്കിക്കൊളളാം.”
എല്ലാവർക്കും വീണ്ടും അത്ഭുതം.
“കല്യാണിയമ്മ എന്തുപറയുന്നു?”
നിറമിഴികളോടെ കല്യാണിയമ്മ കൈക്കൂപ്പി.
“സാറിനെ ഈശ്വരൻ അനുഗ്രഹിക്കും.”
പ്രൊഫസ്സർ പുഞ്ചിരിയോടെ ശാന്തയെ നോക്കി.
“ശാന്തയെന്താ മിണ്ടാത്തത്?”
ശാന്തയുടെ കൺപീലികളിൽ രണ്ടു പളുങ്കുമുത്തുകൾ ഊറിക്കൂടി കവിളിലൂടൊഴുകി. പ്രൊഫസ്സർക്കും തൊണ്ടയിടറി.
“മണ്ടീ, കരയുകയാണോ? നോക്കൂ. ഒരു നല്ല കാര്യത്തിന് തുനിയുമ്പോൾ കണ്ണീരു പാടില്ല. പഠിച്ച് നീ ഒരു വലിയ ആളാകണം. ഈ നാട്ടിലെ സ്‌ത്രീകളിൽനിന്ന് ഒരു നല്ല ഉദ്യോഗസ്ഥയുണ്ടാകണം. മനസ്സിലായോ?”
ശാന്ത തലകുലുക്കി. പത്രപ്രതിനിധികൾ വീണ്ടും പല ചോദ്യങ്ങളും ചോദിച്ചു. ആദ്യമുണ്ടായ ശ്ലഥചിന്ത മാറിയപ്പോൾ ചൊറുചൊറുക്കോടെ അവർ ഉത്തരം പറഞ്ഞു.
സംഭാഷണത്തിനിടയ്‌ക്ക് കല്യാണിയമ്മ അയൽപക്കത്തെ കുട്ടികളെ വിട്ട് കാപ്പി വരുത്തി. പ്രൊഫസ്സർക്ക് പഞ്ചസാരയില്ലാത്ത കാപ്പി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.
എല്ലാവരും പോകാൻ എഴുന്നേറ്റപ്പോഴാണ് ഫോട്ടോഗ്രാഫർ ഓർമ്മിച്ചത്.
“ഫോട്ടോ എടുത്തില്ല.”
“എടുക്കൂ. എന്തിനു സമയം വൈകിയ്‌ക്കുന്നു?”
ഫോട്ടോഗ്രാഫർ എഴുന്നേറ്റ് ശാന്തയുടെ ഒന്നുരണ്ടു പോസ്സിലുളള പടമെടുത്തു.
അപ്പോൾ പടികടന്ന് രണ്ടുപേർ വന്നു. കളളിമുണ്ടും, ബനിയനും, തലയിൽ കെട്ടും, വലിയ മീശയുമുളള ആൾ പരീതായിരുന്നു. ഒരു ചട്ടമ്പിയുടെ നടത്തമാണയാൾക്ക്-പരീതിന്റെ കൂടെ മെലിഞ്ഞു നീണ്ട ഒരു മനുഷ്യനുമുണ്ട്. ഖദർ ജുബ്ബായും, നേര്യതും കറുത്ത ഫ്രെയിമുളള കണ്ണടയും കക്ഷത്തിൽ ഡയറിയും ‘ഇപ്പോൾ കരയുമെന്ന’ മുഖഭാവവും എല്ലാംകൂടി ഒരു വിചിത്രജീവിയെപ്പോലെ തോന്നിക്കുന്ന മനുഷ്യൻ.
സ്ഥലത്ത് പുതുതായി ആരംഭിച്ച ‘സാംസ്‌കാരിക സമിതി’യുടെ സെക്രട്ടറിയാണയാൾ. മുഖത്തെ സ്ഥായിയായ ദുഃഖഭാവത്തിന് ഒട്ടും യോജിക്കാത്തവിധം ‘പ്രസന്നൻ’ എന്നു പേർ. സംസ്‌കൃതത്തിൽ ശാസ്‌ത്രി ക്ലാസ്സ് പാസായിട്ടുണ്ട്. ഏതോ സ്‌കൂളിൽ പാർട്ട് ടൈം സംസ്‌കൃതവാദ്ധ്യാരായി അല്പനാൾ ജോലി നോക്കിയിട്ടുണ്ട്. ആലപ്പുഴ പരിസരങ്ങളിലെ സാംസ്‌കാരിക സമിതിയുടെ ഒരു ബ്രാഞ്ച് സ്വന്തം നാട്ടിൽ സ്വന്തം ചെലവിൽ ആരംഭിച്ചിരിക്കുകയാണ് പ്രസന്നശാസ്‌ത്രികൾ.
പടികടന്ന ഉടനെ പരീതു ചോദിച്ചു.
“എന്താണപ്പാ പടംപിടുത്തമാണല്ലോ? അമ്മേം മോളേം കൂടി സിലിമേന്റെ അവുത്തോട്ട് കേറ്റാനുളള ശൂട്ടിംഗ് ആയിരിക്കുമല്ലേ?”
കല്യാണിയമ്മ പൊടുന്നനെ വല്ലാതായി. ശാന്തയ്‌ക്കും ഒരു വിമ്മിട്ടം അനുഭവപ്പെട്ടു. പ്രൊഫസ്സറും കൂട്ടരും ആഗതരെ ശ്രദ്ധിച്ചു. കൂടുതൽ ശ്രദ്ധയിൽ പെട്ടത് മെലിഞ്ഞു നീണ്ട മനുഷ്യനാണ്. ‘താൻ ഇപ്പോൾ പൊട്ടിക്കരയും’ എന്ന ഭാവത്തിൽ പ്രസന്നശാസ്‌ത്രികൾ ഏവരേയും മാറിമാറി വീക്ഷിച്ചു. എന്നിട്ട് ദുഃഖസ്വരത്തിൽ ആത്മഗതംപോലെ പറഞ്ഞു.
“പട്ടാപ്പകൽ ഒരു വീട്ടിൽ കയറിച്ചെന്ന് കാണിക്കുന്ന സാംസ്‌കാരികത്വം കണ്ട് ഞങ്ങൾ ഞെട്ടിപ്പോകുന്നു.”
“നിങ്ങളാരാ മനസ്സിലായില്ലല്ലോ?”സാകൂതം പ്രൊഫസ്സർ തിരക്കി.
പരീതാണ് മറുപടി പറഞ്ഞത്. “മനസ്സിലാക്കിത്തരാം. പെണ്ണ് ബേട്ടയ്‌ക്ക് പകലെറങ്ങിയാല് മനസ്സിലാക്കിത്തരാണ്ട് കയ്യൂല്ലല്ലോ?”
“ഛീ!..തെമ്മാടിത്തരം പറയുന്നോ?” പ്രൊഫസ്സർക്ക് കലികയറി.
“ങേ?…എന്താണൊരു ‘സെമണ്ട്’ കേട്ടത്? ഇച്ചീന്നാ? അറിയാമോ ഈ സ്ഥലമേതാണെന്ന്?”
പരീതിന്റെ ചോദ്യം കേട്ട് ക്രൂദ്ധഭാവത്തിൽ കല്യാണിയമ്മ താക്കീതു നൽകി.
“പരീതേ…ഇവിടെ വന്നുനിന്ന് മര്യാദകേട് പറയരുത്.”
പരീത് മെല്ലെ ചിരിച്ചു. “എന്താണ് കല്യാണിയമ്മേ കാറുകാര് മൂന്നുനാലുപേരെ കണ്ടപ്പ ബാക്കിയൊളേളാരെ ‘ഡീപ്രമോശ’നാക്കിയല്ലേ?”
അയാളുടെ കണ്ണുകൾ വികാരശൂന്യയായ ശാന്തയുടെ മുഖത്ത് ഒരുനിമിഷം തറച്ചുനിന്നു. പുരികക്കൊടികൾ ചുളിഞ്ഞു നിവരുകയും ശബ്‌ദത്തിൽ ഗൗരവം കലരുകയും ചെയ്തു.
പരീത് തുടർന്നു. “ചേമ്പിലയിലെ ബെളളം പോലെയാണ് ഈ കുടുമ്മത്തില് ഈ പെങ്കൊച്ച് കയ്യണത്? ഫോട്ടമെടുപ്പും പുന്നാരോം കൊണ്ട് നിങ്ങളിതിനെ ഹലാക്കാക്കരുത്.”
പ്രസന്നൻ ദുഃഖസ്വരത്തിൽ പിറുപിറുത്തു. “നശിച്ചു നശിച്ചു തീർന്നു പോകുന്നു ഇന്നാട്ടിലെ എല്ലാ സംസ്‌ക്കാരവും.”
Generated from archived content: choonda7.html Author: sree-vijayan