വെയിലാറിയപ്പോഴേക്കും കടൽപ്പുറം ജനനിബിഡമായി.
കരയിൽനിന്നും അകന്നു നില്‌ക്കുന്ന മനോഹരമായ വിവേകാനന്ദപ്പാറയിലേക്ക് സന്ദർശകരെ കയറ്റുന്ന ബോട്ടുകൾ നിൽക്കാതെ യാത്ര തുടങ്ങി.
പറഞ്ഞുകേട്ടതിലും അത്ഭുതം തോന്നി സൂര്യാസ്തമയം നേരിൽ കണ്ടപ്പോൾ. അദൃശ്യനായ ഏതോ ഇന്ദ്രജാലക്കാരൻ ചുട്ടുപഴുത്ത പടുകൂറ്റൻ സ്വർണ്ണത്തളിക അല്പാല്പമായി ആഴിയിൽ മുക്കുകയാണ്. തിളങ്ങിത്തിളങ്ങി ആഴത്തിലേക്കിറങ്ങുമ്പോൾ, കടൽ ഒരു കുരുതിക്കളമായി മാറി. എത്രനേരം കൊണ്ടാണ് തേജോമയനായ സൂര്യൻ മുങ്ങിമറഞ്ഞത്?
മറഞ്ഞപ്പോൾ ആധിയായി. പ്രഭാതംവരെ എങ്ങിനെ കഴിച്ചുകൂട്ടുമെന്ന് തോന്നിപ്പോയി.
വൈദ്യുതദീപങ്ങൾ പ്രകാശം കോരിയൊഴിച്ചെങ്കിലും അവയ്‌ക്കെല്ലാം കൃത്രിമത്വത്തിന്റെ ദുഃസ്വാദുണ്ടായിരുന്നു. യഥാർത്ഥവെളിച്ചത്തിന്റെ ഓർമ്മയിൽ ലയിക്കാൻ ഹൃദയം ആർത്തിപൂണ്ടു. ശാന്ത നോക്കുമ്പോൾ സമുദ്രവും തേങ്ങിക്കരയുകയായിരുന്നു. ഹൃദയേശ്വരനെ നഷ്‌ടപ്പെട്ട ദുഃഖമായിരിക്കുമോ? തന്നെപ്പോലെ വിധവയാണോ സമുദ്രവും?
“സൂര്യൻ വെളളത്തിൽ താണുപോയപ്പോൾ മനസ്സിന് ഒരു പ്രയാസം.”
ഭാരതിയമ്മ അത് പറഞ്ഞപ്പോൾ ശാന്തയൊന്ന് നടുങ്ങി. തന്റെ ഉളളിലെ നിനവുകൾ അവർ വായിച്ചതെങ്ങിനെ? മനസ്സിന്റെ ഐക്യംകൊണ്ട് ഒരേ ആശയം ഒരേസമയം രണ്ടുപേർക്ക് തോന്നിക്കൂടെന്നില്ലല്ലോ?
വിവേകാനന്ദപ്പാറയിലേക്ക് രാവിലെ പോയാൽ മതിയെന്ന് ഡോക്‌ടർ പറഞ്ഞപ്പോൾ ആശ്വാസം തോന്നി.
പവിഴത്തരിപ്പോലുളള മണലിലൂടെ അവർ ക്ഷേത്രത്തിലേക്ക് നീങ്ങി.
ദേവിയുടെ തേജസ്സെഴുന്ന മുഖം ശാന്തയെ വല്ലാതാകർഷിച്ചു. പക്ഷേ, ആ മുഖത്തിലും ദുഃഖത്തിന്റെ നിഴലാട്ടമില്ലേ?
കന്യാകുമാരിയിലെ ദേവിയെക്കുറിച്ച് മുത്തച്ഛൻ ചെറുപ്പത്തിൽ പറഞ്ഞു കേട്ടിട്ടുളള ഐതിഹ്യം മനസ്സിൽ ഉദിച്ചു. ദുഃഖപര്യവസായിയായ ഒരു പ്രണയകഥയിലെ നായികയാണത്രേ ദേവി. മോഹഭംഗത്താൽ രാജ്യാതിർത്തിയിൽ പോയി ഇരുപ്പുറപ്പിച്ചെന്നും, പിന്നീട് മടങ്ങാൻ കൂട്ടാക്കിയില്ലെന്നുമാണ് കേൾവി.
ഈശ്വരൻമാർക്കുപോലും മോഹഭംഗവും നൊമ്പരവുമുണ്ടെങ്കിൽ മനുഷ്യരുടെ നിലയെന്ത്?
ഭാരതിയമ്മ പറഞ്ഞു.
‘വാ മോളെ… തിരക്കു കൂടുന്നതിനുമുമ്പ് പുറത്തുകടക്കാം.“
ക്ഷേത്രവളപ്പിൽനിന്ന് പുറത്തുകടന്നു, ഒഴിഞ്ഞ ഒരിടത്ത് അവർ നിന്നു. പെട്ടെന്നൊരു ശബ്‌ദം.
”ഹലോ… ശാന്ത!“
ആ വശത്തേക്കു നോക്കി. വർക്ക് സൂപ്രണ്ട് ഗോവിന്ദൻ നായർ തെല്ലുദൂരെ ജനപ്രവാഹത്തിനപ്പുറത്തുനിന്ന് ചിരിക്കുന്നു. കൂടെ എൻജിനീയർ സ്വാമിയുമുണ്ട്.
ഡോ.മേനോനും ഭാരതിയമ്മയും അതു ശ്രദ്ധിച്ചു. അയാൾ വിളിച്ചു ചോദിച്ചു.
”ഒറ്റയ്‌ക്കേ ഉളേളാ?“
ശാന്ത മിണ്ടിയില്ല.
”ആ മനുഷ്യൻ ഏതാ മോളേ?“
”നാട്ടുകാരനാണ്.“
”അയാൾ വിളിച്ചല്ലോ. ചെന്ന് സംസാരിച്ചിട്ടു വരൂ.“
”ആവശ്യമുണ്ടെങ്കിൽ ഇങ്ങോട്ടു വരുമല്ലോ.“ ശാന്തയുടെ മറുപടി കേട്ട് ഡോക്‌ടർ തലകുലുക്കി.
”അതുമതി. അതാണ് ശരി.“
പക്ഷേ, ഗോവിന്ദൻനായർ വന്നില്ല. ചിരിച്ചുക്കൊണ്ട് അവിടെത്തന്നെ നിന്നു.
അരിശത്തോടെ ഭാരതിയമ്മ പിറുപിറുത്തു.
”ആ കുരങ്ങനെന്താ നിന്ന് ഇളിക്കുന്നത്?“
ഡോക്‌ടർ പറഞ്ഞു.
”ആരെങ്കിലും ചിരിച്ചോട്ടെ. നമ്മൾ ശ്രദ്ധിക്കാതിരുന്നാൽ മതി. വരൂ.“
അദ്ദേഹം മുമ്പേ നടന്നു. സ്‌ത്രീകൾ പിന്നാലെ നീങ്ങി.
ശാന്ത തിരിഞ്ഞുനോക്കുമെന്ന് കരുതിയാണ് ഗോവിന്ദൻനായർ നിന്നത്. പക്ഷേ, വിപരീതമായിരുന്നു ഫലം. ഹോട്ടലിന്റെ ഗേറ്റ് കടന്ന് നടന്നുമറഞ്ഞതല്ലാതെ അവൾ നോക്കിയില്ല.
എൻജിനീയർ സ്വാമി തിരക്കി.
”ശിക്ഷ കഴിഞ്ഞ് എന്നു പുറത്തിറങ്ങി?“
”അറിയില്ല.“
”കൂടെ ആരെല്ലാമോ ഉണ്ടല്ലോ. സ്വന്തക്കാരായിരിക്കും. അല്ലേ?“
”ആരെങ്കിലും ബുക്കുചെയ്‌ത് കൊണ്ടുവന്നതാവാനാണ് ന്യായം.“
ഗോവിന്ദൻനായർ ചിരിച്ചു.
”ഛെ..ഛെ… മണ്ടത്തരം പറയാതിരിക്കൂ. അവൾ നമ്മൾ കരുതുന്നതുപോലെയല്ല. ബഹുകേമിയാണ്. സാമർത്ഥ്യക്കാരി.“
”എന്തായാലും നമ്മൾ താമസിക്കുന്ന ഹോട്ടലിൽ തന്നെയാണെന്ന് തോന്നുന്നു തങ്ങിയിരിക്കുന്നത്. എന്റെ ബലമായ സംശയം ഏതോ പണക്കാരന്റെ കസ്‌റ്റഡിയിൽപ്പെട്ട് എത്തിയിരിക്കുന്നതാണെന്നാ.“
”അപ്പോൾ കൂടെയുളള സ്‌ത്രീ ആരായിരിക്കും? ഹൂ ഈസ് ദാറ്റ് വുമൺ?“
”അതാണ് സ്വാമീ പിടികിട്ടാത്തത്.“
”ശരി ഒന്നന്വേഷിച്ചു കളയാം. ഹോട്ടൽബോയ്‌സ് വഴി തിരക്കിയാൽ മതി. അതു കഴിഞ്ഞിട്ടുമതി ക്ഷേത്രദർശനം.“
കിളവൻസ്വാമി ഭക്തി മറന്നു. ശരീരത്തിൽ എവിടെയെല്ലാമോ ’വിഭക്തി‘ ഇക്കിളി പൂശി.
***********************************************************************
രാവേറെ ചെന്നിട്ടും ശാന്തയ്‌ക്ക് ഉറക്കം വന്നില്ല. കഴിഞ്ഞകാലാനുഭവങ്ങൾ തിരമാലകൾപോലെ മനോമണ്‌ഡലത്തിൽ അലോസരമുണ്ടാക്കിക്കൊണ്ടിരുന്നു.
അടുത്ത കട്ടിലിൽ തളർന്നു കിടന്നുറങ്ങുന്ന ഭാരതിയമ്മയുടെ കൂർക്കംവലി ഇടക്കിടയ്‌ക്ക് ചിന്തകളുടെ കണ്ണുകൾ വലിച്ചുപൊട്ടിക്കുന്നുണ്ട്. ജനലിലൂടെ നിറനിലാവൊഴുകി വരുന്നു.
വെളിയിൽ ചെന്നിരുന്നാൽ കവിതയൂറുന്ന പ്രകൃതി ഭംഗിയിൽ ലയിക്കാം. കതകു തുറന്ന് മെല്ലെ അവൾ വരാന്തയിലെത്തി.
നീല നീരാളസാരിയുരിഞ്ഞ നഗ്നസുന്ദരിയായ സമുദ്രം. അമ്പിളിക്കുട്ടൻ കാമുകനെപ്പോലെ അവൾക്ക് പൊന്നാഭരണങ്ങൾ സമ്മാനിച്ചിരിക്കുന്നു. കാറ്റിന്റെ കാണാക്കയ്യുകൾ അവളെ ഊഞ്ഞാലാട്ടുന്നുണ്ട്.
പകൽ മുഴുവൻ സൂര്യനെന്ന ശക്തിമാന്റെ ഭാര്യയായിരുന്നു. ഭർത്താവിന്റെ തിരോധാനവേളയിൽ കൈകൾ മാറിൽ തല്ലി എന്തു വെപ്രാളം കാണിച്ചവളാണ്? എന്നിട്ടിപ്പോൾ മേഘമറയിൽ നിന്നും പതുങ്ങിയെത്തിയ ജാരനെ സ്വീകരിക്കുന്നു. അവനോട് കിന്നാരം മൊഴിഞ്ഞ് കുണുങ്ങിയാടുന്നു.
നാളെ പ്രഭാതത്തിൽ, സൂര്യനെന്ന സാർവ്വഭൗമൻ ഉദിച്ചുയരുമ്പോൾ കവിളിൽ കുങ്കുമപ്പൂക്കളുമായി എതിരേല്‌ക്കാൻ ഒരു നർത്തകിയായ ഗണികയെപ്പോലെ ഇവൾ തയ്യാറാവുകയില്ലേ?
അങ്ങിനെയെങ്കിൽ പ്രപഞ്ചം കണ്ട നിത്യവേശ്യയല്ലേ സമുദ്രം?
ഒരമ്മയെപ്പോലെ സമുദ്രത്തെ ആരാധിക്കുന്നതിലെന്തർത്ഥം?
ശാന്ത സ്വയം നടുങ്ങി.
തനിക്ക് ജന്മം നൽകിയതും ഒരു വേശ്യയല്ലേ? പൊക്കിൾക്കൊടി ഛേദിച്ചതുകൊണ്ട് അഭിസാരികയായ അമ്മയിൽനിന്നും ബന്ധം വിട്ടുപോകുമോ?
പെട്ടെന്ന് എവിടെനിന്നോ ഒരു കറുത്ത തുണി ശാന്തയുടെ തലവഴി വീണതുപോലെ തോന്നി. ഭയന്നു തിരിയാൻ ശ്രമിച്ചപ്പോഴേക്കും ആരുടെയോ ബലിഷ്‌ഠകരങ്ങൾ അവളുടെ കണ്ണും വായും പൊത്തിക്കളഞ്ഞു. ആരോ അവളെ പൊക്കിയെടുത്തു. സിമന്റുതറയിൽ പതിയുന്ന കാലൊച്ച മാത്രം കേൾക്കാം. ഒന്നിൽ കൂടുതൽ ആളുണ്ട്. പിടയ്‌ക്കാനും കുതറാനും വയ്യാത്തമട്ടിൽ കൈകാലുകൾ ഇറുകെ പിടിച്ചിരിക്കുകയാണ്. ആരാണിവർ? തന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? കരയാൻപോലും കഴിയുന്നില്ലല്ലോ ഗുരുവായൂരപ്പാ…
വാതിൽ തുറക്കുന്നതും അടയുന്നതുമായ ശബ്‌ദം കേട്ടു.
അക്രമികൾ അവളെ ഒരു കിടക്കയിലേക്ക് തളളിയിട്ടു. പിടഞ്ഞെണീക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കരുത്തുളള കരവലയത്തിലായിരുന്നു. മുഖത്തെ കറുത്ത തുണി ആരോ വലിച്ചുമാറ്റി.
വെളിച്ചം… വെളിച്ചം ത്രസിച്ചപ്പോൾ അവൾ കണ്ടു, അരികിൽ കാമാർത്തരായ രണ്ടു കഴുകന്മാർ… ഗോവിന്ദൻനായരും എഞ്ചിനീയർ സ്വാമിയും.
അവരുടെ മുറിയിലെ മെത്തയിലാണ് താൻ കിടക്കുന്നത്. ദാഹദൃഷ്‌ടികളോടെ ഇരുപുറവും അവർ ഇരിക്കുന്നു. അവൾക്കു മനസ്സിലായി. ഇല്ല… ഇനി തനിക്കു രക്ഷയില്ല. രണ്ടുനീചരും കൂടി ഇന്നുതന്നെ നശിപ്പിക്കും. അതിനുമുമ്പ് മരിക്കാൻ കഴിഞ്ഞെങ്കിൽ! ഉറക്കെ കരയാൻ നോക്കി. അതിനും സാധ്യമല്ല. തോർത്തുകൊണ്ട് അവർ തന്റെ വായ് മുറുക്കിക്കെട്ടിയിരിക്കുകയാണ്. ദൈവമേ… ഒരു പെണ്ണിനേയും ഇങ്ങനെ പരീക്ഷിക്കരുതേ…
കുലുങ്ങിച്ചിരിക്കുന്ന എഞ്ചിനീയർ സ്വാമിയുടെ മുരടൻ ശബ്‌ദം കേട്ടു.
”ഒരിക്കൽ എന്നിൽനിന്നു നീ ഓടി രക്ഷപ്പെട്ടു. ഇന്ന്… ഇന്നു മുഴുവൻ… നിന്നെ ഞാൻ…
അയാളുടെ അറയ്‌ക്കുന്ന വൃത്തികെട്ട മുഖം തന്റെ കവിളിലമർന്നു. സർവ്വശക്തിയുമെടുത്ത് ശാന്ത കുതറി. ആവുന്നത്ര ഉച്ചത്തിൽ മനുഷ്യന്റേതല്ലാത്ത ശബ്‌ദത്തിൽ അവൾ അലറി.
പെട്ടെന്നാരോ വിളിച്ചു.
“മോളേ… മോളേ.. എന്താണിത്?”
ലൈറ്റ് തെളിഞ്ഞു.
ശാന്ത പിടഞ്ഞെണീറ്റ് പകച്ചുനോക്കി. ഭാരതിയമ്മ പരിഭ്രാന്തിയോടെ ചോദിച്ചു.
“മോള് വല്ല ദുഃസ്വപ്‌നവും കണ്ടോ?”
മറുപടി പറയാൻ ശക്തിയില്ലായിരുന്നു. തൊണ്ട വരണ്ടിരുന്നു. ശരീരം വിറക്കുകയായിരുന്നു. ഭാരതിയമ്മ അരികിൽ ചേർന്നിരുന്നു.
ഡോക്‌ടർ ഫ്ലാസ്‌ക്കിലെ ചൂടുളള കാപ്പിയിൽ ഗ്ലൂക്കോസ് കലക്കി കൊടുത്തു. കാപ്പി കുടിച്ചപ്പോൾ ആശ്വാസം തോന്നി.
“എന്തു സ്വപ്‌നമാ മോളെ കണ്ടത്?”
“എന്തോ കണ്ടു… വ്യക്തമായി ഓർമ്മ വരുന്നില്ല.”
“സാരമില്ല. കയ്യും മുഖവും കഴുതി നാമം ജപിച്ചുകൊണ്ട് കിടന്നുറങ്ങിക്കോളൂ.. ഞാനും മോളുടെ അടുത്ത് കിടന്നോളാം.’
ശാന്ത അനുസരിച്ചു. ഭാരതിയമ്മ പിഞ്ചുകുഞ്ഞിനെയെന്ന കണക്കേ അവളെ കെട്ടിപ്പിടിച്ചു കിടന്നു.
Generated from archived content: choonda69.html Author: sree-vijayan