പത്രക്കാർ പലവട്ടം ജയിൽ ആസ്‌പത്രിയിൽ പോയി ഡോ.മേനോനെ കണ്ടു. സന്ദർശനത്തിന് ഉദ്ദേശമുണ്ടായിരുന്നു. അത് വെളിവാക്കിയപ്പോൾ ഡോക്‌ടറുടെ മുഖം കറുത്തു. ആ തരം ആവശ്യങ്ങൾ ഉന്നയിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നദ്ദേഹം അറിയിച്ചു. വിട്ടുമാറുന്ന പ്രകൃതക്കാരനല്ലായിരുന്നു പത്രക്കാർ. അവർ വീണ്ടും നിർബന്ധിച്ചു. നിർബന്ധത്തിന് ഭീഷണിയുടെ സ്വരമുണ്ടായിരുന്നു. ഡോക്‌ടർ തീർത്തു പറഞ്ഞു.
“ന്യായമല്ലാത്ത ഒരു കാര്യവും എന്നിൽനിന്ന് നിങ്ങൾ പ്രതീക്ഷിക്കരുത്.”
എന്നിട്ടും പത്രക്കാർ നിരാശരായില്ല.
“സാർ… വെറുമൊരു തടവുപുളളിയെന്ന നിലയ്‌ക്ക് മി.അലക്‌സിനെ നിങ്ങൾ കാണരുത്. ആ മനുഷ്യന്റെ സാമ്പത്തികനില, സമുദായമധ്യത്തിലുളള സ്ഥാനം, പല രംഗങ്ങളിലുമുളള സ്വാധീനം ഇവകൂടി കണക്കിലെടുത്താൽ അങ്ങ് ഈ മർക്കടമുഷ്‌ടി ഉപേക്ഷിക്കുമെന്നാണ് ഞങ്ങളുടെ ആശ. ആരോഗ്യകാര്യത്തിൽ നിങ്ങൾ സർട്ടിഫൈ ചെയ്‌താൽ മറ്റു സ്വാധീനം ഉപയോഗിച്ച് കൊണ്ടുപോകാനും ശിക്ഷയുടെ കാലാവധി കഴിയുന്നതുവരെ ഏതെങ്കിലും സുഖവാസസ്ഥലത്ത് പാർപ്പിക്കാനും കഴിയും.”
ഡോക്‌ടർ പറഞ്ഞു.
“നിങ്ങൾ തെറ്റിദ്ധരിക്കുന്നു. ദൈവംപോലും ശിക്ഷിക്കപ്പെട്ടു തടവുകാരനായി ഇവിടെ വന്നാൽ നിയമപ്രകാരം ഒരു ഡോക്‌ടർക്കു ചെയ്യാവുന്നതിലുപരി മറ്റൊരാനുകൂല്യവും ചെയ്യാൻ എനിക്കാവില്ല. ഞാൻ ചെയ്യുകയുമില്ല.”
അറുത്തുമുറിച്ചുളള ആ പ്രസ്താവം പത്രക്കാരെ അരിശം പിടിപ്പിച്ചു. എങ്കിലും അവർ നയം കൈവെടിയാതെ ചാതുര്യത്തോടെ സംസാരിച്ചു.
“ഞങ്ങൾ പത്രക്കാർ അല്പന്മാരായിരിക്കാം. പക്ഷേ, ഞങ്ങൾ വിചാരിച്ചാലും കുറെയൊക്കെ നിങ്ങളെ ബുദ്ധിമുട്ടിക്കാൻ പറ്റിയെന്നു വരും.”
“സന്തോഷം. ‘തീജ്വാല’യെന്നല്ലേ നിങ്ങളുടെ പത്രത്തിന്റെ പേര്? തീജ്വാലയിൽ ഞാൻ ദഹിച്ചുപോവുകയൊന്നുമില്ലല്ലോ.”
പരിഹാസഭാവത്തിൽ ഡോക്‌ടർ ചിരിച്ചു.
“ഒരുപക്ഷേ, ദഹിച്ചെന്നും വരും ഡോക്‌ടർ. നിങ്ങളെക്കുറിച്ച് അത്തരം ചില റിപ്പോർട്ടുകൾ ഞങ്ങളുടെ കൈവശം കിട്ടിയിട്ടുണ്ട്.”
“ഓഹോ…എന്തു റിപ്പോർട്ട്?”
“ജയിൽപുളളിയായിരുന്ന ഒരു ചെറുപ്പക്കാരിയെ നിങ്ങൾ ക്വാർട്ടേഴ്‌സിൽ താമസിപ്പിച്ചിരിക്കുന്നുവെന്ന്.”
ഡോ.മേനോൻ വിളറിപ്പോയി. ആ ക്ഷീണം മനസ്സിലാക്കി അവർ തുടർന്നു.
“ആരെല്ലാമോ അതുമിതും എഴുതി അയച്ചിട്ടുണ്ട്. നിങ്ങളുടെ മാന്യതയെ ഓർത്ത് ഞങ്ങൾ പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല.”
മുഖം കുനിച്ചിരിക്കുന്ന ഡോക്‌ടറെ അവർ സമാധാനിപ്പിച്ചു.
“ഡോക്‌ടർ വിഷമിക്കേണ്ട… ന്യൂസ് കിട്ടിയെന്നു കരുതി ഞങ്ങൾ ഉപദ്രവിക്കുകയില്ല.”
“ഉപദ്രവിച്ചോളൂ… വേണമെങ്കിൽ ആ പെൺകുട്ടിയുടെ ഫോട്ടോയും തരാം. പക്ഷേ, ജയിൽപുളളികൾക്കായി ശുപാർശ ചെയ്യാൻ മേലിൽ ഇവിടെ കടന്നുവരരുത്.”
“ഡോക്‌ടർ ഒന്നുകൂടി ആലോചിച്ചിട്ട്…”
“പ്ലീസ്… ഗെറ്റ് ഔട്ട്.”
പത്രക്കാർ എഴുന്നേറ്റു. തെല്ലൊന്നു ചിന്തിച്ചുനിന്നിട്ട് അവരിൽ പ്രായം കൂടിയ ആൾ ഒരു ശ്രമം കൂടി നടത്തി.
“ഈ സഹായത്തിന് കൂലിയില്ലെന്നു കരുതരുത്. ഒരു വലിയ തുക തന്നെ മി.അലക്‌സ് ഡോക്‌ടർക്ക്…”
വാചകം പൂർത്തിയായില്ല. ഡോക്‌ടർ ഫോൺ കയ്യിലെടുത്തു.
“നിങ്ങൾ പോയില്ലെങ്കിൽ ഞാൻ ഡയൽ ചെയ്യും. പോലീസിവിടെ വന്നെന്നുവരും.”
പിന്നെ താമസിച്ചില്ല. പത്രക്കാർ സ്ഥലം വിട്ടു.
ശല്യമൊഴിഞ്ഞ ആശ്വാസത്തോടെ ഡോക്‌ടർ കസാലയിലേക്ക് ചാരി കണ്ണടച്ച് അല്പനേരം കിടന്നതിനുശേഷം എഴുന്നേറ്റ് മുറിയിൽനിന്ന് വെളിയിലേക്കിറങ്ങി.
********************************************************************
ഉച്ചയ്‌ക്കുമുമ്പേ അവർ കന്യാകുമാരിയിലെ പ്രസിദ്ധമായ ഹോട്ടലിൽ എത്തിച്ചേർന്നു. വിദേശികൾ ഉൾപ്പെടെ വിവിധഭാഷ സംസാരിക്കുന്ന ടൂറിസ്‌റ്റുകളുടെ തിരക്കുമൂലം മുറി കിട്ടാൻ നന്നേ വിഷമിക്കേണ്ടിവന്നു. ഒടുവിൽ അപ്‌സ്‌റ്റെയറിൽ കടലിനോട് മുഖം തിരിഞ്ഞുളള എയർ കണ്ടീഷൻഡ് റൂം തന്നെ സൗകര്യമായി ലഭിച്ചു. ഭാരതിയമ്മ പറഞ്ഞു.
“നമുക്ക് ഭാഗ്യമുണ്ടന്നേ… നമ്മുടെ മോള് കൂടെയുളളപ്പോൾ ഒരു കാര്യത്തിനും മുടക്കുവരില്ല.”
ഡോക്‌ടർ മന്ദഹസിച്ചു.
“വെയിൽ ആറിയിട്ട് പുറത്തേക്കിറങ്ങാം. അതുവരെ വിശ്രമിച്ചോളൂ. ഭാരതിക്ക് യാത്രാക്ഷീണവും കാണുമല്ലോ.”
“എനിക്കൊരു ക്ഷീണവുമില്ല. ഇപ്പോൾ നിങ്ങളേക്കാൾ ആരോഗ്യം എനിക്കാണ്.”
ഭാരതിയമ്മയുടെ പ്രസരിപ്പുളള ചിരികേട്ടപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത കുളിർമ്മ.
ഊണും കഴിഞ്ഞ് തെല്ലൊരു മയക്കത്തിനുവേണ്ടി മറ്റുളളവർ കിടക്കയെ അഭയം പ്രാപിച്ചപ്പോൾ മട്ടുപ്പാവിലെ വരാന്തയിൽ ചൂരൽക്കസേരയും വലിച്ചിട്ട് ശാന്തയിരുന്നു. പടിഞ്ഞാറുനിന്നും ചുളുചുളാ കാറ്റടിക്കുന്നു. കടലിന്റെ ഇരമ്പം സംഗീതാത്മകമായിരുന്നു. പടക്കുതിരകളെപ്പോലെ നരയും തുപ്പി കുതിച്ചുചാടുന്ന അലമാലകൾ…
മണ്ണിൽ ചെന്ന് അവ മുഖംകുത്തി പരാജയം സമ്മതിച്ച് പിൻവാങ്ങുന്ന ദയനീയ ദൃശ്യം.
മനസ്സ് ഓർമ്മളുടെ ഊഞ്ഞാലിലാടാൻ തുടങ്ങി.
കല്യാണം കഴിഞ്ഞ സമീപരാത്രികളിൽ, പുളകം പുഷ്‌പിക്കുന്ന മുഹൂർത്തങ്ങളിൽ ഒരുദിനം പൂണ്ടടക്കം കെട്ടിപ്പിടിച്ചുകൊണ്ട് ഗോപി തന്റെ കാതിലോതി.
“ശാന്തേ… ഒരുദിവസം നമുക്ക് കന്യാകുമാരിയിൽ പോകണം. ഉദയാസ്തമയങ്ങൾ കാണണം. സമുദ്ര സ്‌നാനം കഴിഞ്ഞ് കുതിർന്ന മണലിൽ നനഞ്ഞ വസ്‌ത്രങ്ങളുമായി ഇതുപോലെ കിടന്ന് ഉരുളണം.”
ഞെരിയുന്ന കട്ടിലിന്റെ ബലംപോലും ശ്രദ്ധിക്കാതെ കിടക്കയിൽ കിടന്ന് ഉരുണ്ടു. കിക്കിളി ‘പൂണാരം’ പകർന്നപ്പോൾ തന്നത്താൻ മറന്ന് ഉറക്കെ ചിരിച്ചുപോയി. മുത്തച്ഛന്റെ “ആരാ ചിരിക്കുന്നത്? സമയമെത്രയായി?” എന്ന ചോദ്യം കേട്ടപ്പോൾ ജാള്യതയോടെ നിശ്ശബ്‌ദത പാലിച്ചു.
ഇന്ന് ഓർമ്മകളിൽ അവശേഷിക്കുന്ന മൃതിയടഞ്ഞ ചിത്രം.
ഉരുണ്ടിറങ്ങിയ മിഴിനീർമുത്തുകൾ സാരിത്തലപ്പുകൊണ്ട് അവൾ ഒപ്പിമാറ്റി.
ഉച്ചവെയിൽ വെളളിയുരുക്കിയൊഴിച്ച കടൽ പൊളളലേറ്റ് പിടയുകയാണ്. കൈകാലിട്ടടിച്ച് അത് മരണഗോഷ്‌ടി കാണിക്കുന്നു.
വയറ്റിൽ കുത്തേറ്റ് ചോരയിൽ കിടന്ന് പിടച്ചപ്പോൾ ഗോപിയും ഇങ്ങിനെത്തന്നെയല്ലേ കാണിച്ചത്?
അവൾക്ക് ശ്വാസം മുട്ടി. എഴുന്നേറ്റ് വരാന്തയുടെ അങ്ങേയറ്റത്തേക്ക് നടന്നു.
വെയിൽ വകവെക്കാതെ പാതയിലൂടൊഴുകുന്ന ജനസഞ്ചയം. പലനിറത്തിലുളള വേഷക്കാർ. ഇരമ്പിപ്പായുന്ന മിന്നുന്ന കാറുകൾ…യാത്രക്കാരെ കുത്തിനിറച്ച ബസുകൾ….
ശംഖുമാലയും കയ്യിലേന്തി സന്ദർശകരെ സമീപിക്കുന്ന കറുത്ത കുട്ടികൾ. കടുംനിറച്ചേലകൾ ചുറ്റിയ ഇരുണ്ടു പുകഞ്ഞ ചെട്ടിച്ചികൾ.
ഓർമ്മയിൽ പണ്ട് ഗോപി പറഞ്ഞ കാര്യങ്ങൾ.
“കന്യാകുമാരിയിൽ പോകുമ്പോൾ ശംഖുമാലകൾ വാങ്ങണം. ഭംഗിയോലുന്ന ശംഖുവളകളും അവിടെ കിട്ടും. നിനക്കത് നല്ല ഇണക്കമായിരിക്കും.”
ശാന്ത നെടുവീർപ്പിട്ടു.
ഇനിയെന്തിന് തനിക്ക് അവയെല്ലാം.
പെട്ടെന്ന്, വിശ്വസിക്കാൻ പറ്റാത്ത ഒരു കാഴ്‌ച.
ഹോട്ടലിന്റെ ഗേറ്റു കടന്നുവരുന്നവർ ആരാണ്? വർക്ക് സൂപ്രണ്ട് ഗോവിന്ദൻനായരും എൻജിനീയർ സ്വാമിയും.
തന്റെ ജീവിതം തരിശുഭൂമിയാക്കിയതിൽ പങ്കാളികളാണവർ.
ഉളളിൽ ആപൽശങ്ക.
അവർ വിചാരിച്ചാൽ ഇനിയും തന്നെ നശിപ്പിക്കാൻ കഴിയുമോ?
ശാന്ത ധൃതിയിൽ നടന്ന് മുറിക്കുളളിലേക്ക് കയറിപ്പോയി.
Generated from archived content: choonda68.html Author: sree-vijayan