സംഭവങ്ങൾക്ക് ജന്മം നൽകിക്കൊണ്ട് പഴുത്തിലകൾ കണക്കേ നാളുകൾ കൊഴിഞ്ഞുകൊണ്ടിരുന്നു.
ജയിൽ ആസ്പത്രിയിലെ ഓഫീസ് മുറിയിൽ ജോലിയിൽ വ്യാപൃതനായിരുന്ന ഡോ.മേനോനെ സമീപിച്ച് അറ്റൻഡർ ഗോപാലൻ പറഞ്ഞു.
“സർ, ബെഡ് നമ്പർ സെവനിലെ കെ.സി.മേനോൻ എന്ന മനുഷ്യൻ വലിയ ശല്യം ചെയ്യുന്നു.”
“കാര്യമെന്താണ്?” ഡോക്‌ടർ മുഖമുയർത്തി.
“രാഷ്‌ട്രീയക്കാരോട് കളിച്ചാൽ അനുഭവം വേറെയായിരിക്കുമെന്നാണ് സദാ ഭീഷണി. ബെഡ്‌ഷീറ്റ് വിരിക്കാൻ ചെന്നപ്പോൾ ഇന്ന് എന്നെ തല്ലാൻ വന്നു.”
“എന്തിന്?”
“അയാൾക്ക് സിഗരറ്റും മുറുക്കാനുമൊക്കെ വാങ്ങിക്കൊടുക്കണമെന്ന്. അല്ലെങ്കിൽ സാറിനെ ഒന്ന് കാണണമെന്ന്.”
“ആ മനുഷ്യനോട് ഇങ്ങോട്ട് വരാൻ പറയൂ.”
അറ്റൻഡർ പുറത്തേക്കു പോയി.
വന്നനാൾ മുതൽ കെ.സി.മേനോൻ ശല്യക്കാരനാണ്. കാണുന്നവരോടെല്ലാം കയർത്തു സംസാരിക്കുക, ആസ്പത്രി സ്‌റ്റാഫിനെ ചീത്ത വിളിക്കുക, രുചിപോരെന്നു പറഞ്ഞ് ആഹാരം വലിച്ചെറിയുക ഇങ്ങിനെ പല പരാതികളും അയാളെപ്പറ്റി കിട്ടിയിട്ടുണ്ട്. ഏതെല്ലാമോ രാഷ്‌ട്രീയപ്പാർട്ടികൾക്കുവേണ്ടി പ്രസംഗിച്ചു നടന്നിട്ടുണ്ടത്രെ. പക്ഷേ, അടിപിടി കേസിൽ പ്രതിയായിട്ടാണ് ജയിൽശിക്ഷ അനുഭവിക്കുന്നത്. പകൽ മുഴുവൻ ഒച്ചയും ബഹളവുമായി കഴിയുമെങ്കിലും സന്ധ്യ മയങ്ങിയാൽ ‘ആസ്തമ’ എന്ന രോഗത്തിനടിപ്പെട്ട് കിതച്ചുവലിച്ച് കിടക്കുന്നതു കാണാം. ആ മരണപരാക്രമം കാണുമ്പോൾ നേരത്തെ അയാളോടുണ്ടായ അരിശം മാറുകയും അനുകമ്പ തോന്നുകയും ചെയ്യും.
കെ.സി.മേനോൻ മുറിയിലേക്ക് കടന്നുവന്നു. ഡോക്‌ടർ ഇരിപ്പിടം ചൂണ്ടി. അയാൾ ഇരുന്നു.
വഴക്കിന്റെ കാരണം ആരാഞ്ഞപ്പോൾ സ്വിച്ച് ഓൺ ചെയ്തതുപോലെ ഒറ്റശ്വാസത്തിൽ പറയാൻ തുടങ്ങി.
“നാടിനുവേണ്ടിയാണ്. ഞങ്ങൾ രാഷ്‌ട്രീയക്കാർ ജയിലിൽ കടക്കുന്നത്. രാഷ്‌ട്രപിതാവ് കിടന്നു; ജവഹർലാൽ കിടന്നു; സുഭാഷ് ചന്ദ്രബോസ് കിടന്നു.”
ഡോക്‌ടർ മെല്ലെ ചിരിച്ചു.
“പക്ഷേ ജയിലിൽവച്ച് അവരാരും ബീഡിയും സിഗരറ്റും ആവശ്യപ്പെട്ടിട്ടില്ലെന്നാണല്ലോ എന്റെ അറിവ്.”
കെ.സി.മേനോൻ ശബ്‌ദം കൂട്ടി.
“ഞാൻ ആവശ്യപ്പെടും. കിട്ടാതിരുന്നാൽ നിരാഹാരം തുടങ്ങിയ സുശക്തമായ എല്ലാ വ്രതങ്ങളും അനുഷ്‌ഠിച്ചെന്നു വരും. മനുഷ്യനാവശ്യമായ എന്തെല്ലാം കാര്യങ്ങൾ വെളിയിലുണ്ടോ അതെല്ലാം ജയിലിലും കിട്ടണം.”
ആ വിവേകരഹിതനോട് ഡോക്‌ടർക്ക് മടുപ്പുതോന്നി.
“മിസ്‌റ്റർ മേനോൻ, നിങ്ങളുടെ ആവശ്യങ്ങൾ നടക്കുമെന്ന് തോന്നുന്നില്ല.”
“നടക്കും. അല്ലെങ്കിൽ നടത്തും. അടുത്ത ഇലക്‌ഷൻ കഴിഞ്ഞാൽ ഞാൻ ഒരു എം.എൽ.എയാണ്. എം.എൽ.എ ആയാൽ മന്ത്രിയുമാകാനാണ് സാധ്യത. മന്ത്രിയാകാമെന്നുവച്ചാൽ മുഖ്യമന്ത്രിയാവുകയെന്നത് പ്രശ്‌നമേയല്ല. കെ.സി.എം. എന്ന എന്റെ പേരുതന്നെ കേരള ചീഫ് മിനിസ്‌റ്റർ എന്നല്ലെന്ന് ആരു കണ്ടു? അതുകൊണ്ട് ഡോക്‌ടർ, താങ്കൾ അഹങ്കരിക്കാതിരിക്കുന്നതാണ് നല്ലത്.”
ഡോക്‌ടർ പുഞ്ചിരിച്ചു. കെ.സി.മേനോൻ ഈർഷ്യഭാവത്തിൽ താക്കീതു നൽകി.
“പുച്ഛിച്ചു പുഞ്ചിരിക്കേണ്ട. ഞാൻ ചീഫ് മിനിസ്‌റ്ററായി സത്യപ്രതിജ്ഞയെടുത്താൽ ആദ്യമായി ചെയ്യുന്ന കർമ്മം ഈ ജയിൽ സന്ദർശിക്കുകയെന്നതാണ്. ഇന്നിവിടെ കാണുന്ന അഴിമതികൾ അന്നു കണ്ടാൽ തീർച്ചയായും ഓരോരുത്തരും സമാധാനം ബോധിപ്പിക്കേണ്ടിവരും. ഡോക്‌ടർ , നിങ്ങൾക്കും അതിൽ നിന്നൊഴിഞ്ഞു നിൽക്കാനാവില്ല.”
ആവേശം കൂടിയപ്പോൾ കെ.സി.മേനോനെ ആസ്തമാ ഉപദ്രവിക്കാൻ തുടങ്ങി. സഹതാപത്തോടെ ഡോക്‌ടർ ഉപദേശിച്ചു.
“ആകട്ടെ തൽക്കാലം മി.മേനോൻ പോയി അല്പം വിശ്രമിക്കൂ. വാർഡ് നഴ്‌സിനോട് പറഞ്ഞാൽ അവൾ മരുന്നുതരും.”
“മരുന്നല്ല എനിക്കാവശ്യം. ഒരു രാഷ്‌ട്രീയ നേതാവാണ് ഞാൻ. ഒരു പാക്കറ്റ് ചാർമിനാർ സിഗരറ്റോ ഒരുകെട്ട് കാജാ ബീഡിയോ എനിക്ക് തരാൻ പറയണം.”
“അതൊക്കെ മി.മേനോൻ മന്ത്രിയായി പുതിയ നിയമങ്ങൾ കൊണ്ടുവരുമ്പോഴേ നടക്കൂ… ഇപ്പോൾ പോകണം.”
“ഞാനാരാണെന്ന് ഡോക്‌ടർ ഇനിയും മനസ്സിലാക്കുന്നില്ല.”
“ആരായാലും വിരോധമില്ല. ജയിൽചട്ടങ്ങൾ അനുസരിച്ചേ ഇവിടെ എന്തും നടക്കൂ…”
പെട്ടെന്ന് കോളിംഗ് ബെൽ ശബ്‌ദിച്ചു.
“കമിൻ”
അറ്റൻഡർ മുഖം കാണിച്ചു.
“പത്രക്കാർ രണ്ടുപേർ വെളിയിൽ വന്നു നില്‌ക്കുന്നു.”
ഡോക്‌ടർക്ക് സംസാരിക്കാൻ സമയം കൊടുക്കാതെ ധൃതിയിൽ കെ.സി.മേനോൻ പറഞ്ഞു.
“അവരോട് വരാൻ പറയണം. എനിക്കും പത്രക്കാരോടല്പം സംസാരിക്കാനുണ്ട്. ഇവിടെ നടക്കുന്ന അഴിമതികൾ അവരും അറിയട്ടെ.”
രൂക്ഷ ദൃഷ്‌ടികളോടെ ഡോക്‌ടർ അയാളെ നോക്കി.
“ഏയ് മിസ്‌റ്റർ, ഇത് എന്റെ ഓഫീസ് മുറിയാണ്. ഇവിടെ നിർദ്ദേശങ്ങൾ കൊടുക്കാൻ എനിക്ക് പ്രാപ്‌തിയുണ്ട്. അല്പം കൂടി മാന്യത നിങ്ങളിൽ നിന്നും പ്രതീക്ഷിച്ചു.”
“നിങ്ങൾ പ്രതീക്ഷിക്കുന്നതല്ല എന്റെ മാന്യത.”
“ഷട്ടപ്പ്”
കെ.സി.മേനോൻ വിറച്ചുപോയി. ഡോക്‌ടറുടെ ഗൗരവസ്വരമുയർന്നു.
“അറ്റൻഡർ, ഇയാളെ വിളിച്ചു കൊണ്ട് പൊയ്‌ക്കോളൂ. മാനസികമായി വല്ല തകരാറുണ്ടോ എന്ന് ചെക്കപ്പ് ചെയ്യാൻ ഡോക്‌ടർ സുകുമാരനോട് ഞാൻ പറഞ്ഞതായി പറയൂ.”
അറ്റൻഡർ ഗോപാലൻ മുന്നോട്ടുവന്നു. കെ.സി.മേനോൻ എഴുന്നേറ്റ് മുഷ്‌ടിചുരുട്ടി പ്രഖ്യാപിച്ചു.
“ഒരു രാഷ്‌ട്രീയനേതാവിനെയാണ് അപമാനിക്കുന്നത്. അത് മറക്കരുത്. അടുത്ത ഇലക്‌ഷനിൽ എന്തും സംഭവിച്ചെന്നുവരും.”
അയാൾ ഊർജ്ജസ്വലഭാവത്തിൽ തിരിഞ്ഞ് പുറത്തേക്ക് നടന്നു. അറ്റൻഡർ ഗോപാലനുപോലും ചിരി നിയന്ത്രിക്കേണ്ടിവന്നു. ഡോക്‌ടർ പറഞ്ഞു.
“പത്രക്കാരോട് വരാൻ പറയൂ.”
********************************************************************
ഭാരതിയമ്മ ആരോഗ്യവതിയായി തീർന്നതിൽ മുഴുവൻ ഉത്തരവാദിത്വവും ശാന്തയ്‌ക്കുതന്നെയാണ്. ഉടയുന്ന പളുങ്കുപാത്രം കൈകാര്യം ചെയ്യുന്നപോലെയായിരുന്നു അവൾ അവരെ ശ്രദ്ധിച്ചിരുന്നത്.
നിമിഷനേരമെങ്കിലും ശാന്തയെ പിരിഞ്ഞിരിക്കാൻ ഭാരതിയമ്മയ്‌ക്കും സാധ്യമല്ല. അത്യാവശ്യകാര്യങ്ങൾക്ക് വെളിയിലെങ്ങാനും പോകുമ്പോൾ അവൾ അല്പം താമസിച്ചാൽ മതി, പിന്നെ ആധിയും അമ്പരപ്പുമായി. അന്വേഷണമായി.
നിഴലുപോലെ ശാന്ത തന്റെക്കൂടെ വേണമെന്നാണവരുടെ നിർബ്ബന്ധം.
ഇത്ര നല്ല ഒരമ്മയെ തനിക്കു നൽകിയതിന് നാഴികയ്‌ക്ക് നാൽപ്പതുവട്ടം ശാന്ത ഈശ്വരനോട് നന്ദി പറഞ്ഞു.
തൈര് കടയുന്നതുപോലെ തന്റെ ജീവിതമിട്ട് തിരിച്ചുംമറിച്ചും കടഞ്ഞെങ്കിലും ഒടുവിൽ ഗുരുവായൂരപ്പൻ ആശ്വാസത്തിന്റെ തൂവെണ്ണ തനിക്കു നൽകിയല്ലോ എന്നോർത്ത് സമാധാനിച്ചു.
മിക്കവാറും ദിവസങ്ങളിൽ ഡോക്‌ടർ മേനോനും ഭാര്യയും ശാന്തയൊരുമിച്ച് പുറത്തേക്ക് പോകും. കടൽപ്പുറവും കാഴ്‌ചബംഗ്ലാവും സന്ദർശിക്കുന്നതിൽ മറ്റാരേക്കാളും ഉത്സാഹം ഭാരതിയമ്മയ്‌ക്കായിരുന്നു.
ഒന്നിലും താൽപര്യമില്ലാതെ ഹതഭാഗ്യയെപ്പോലെ കഴിഞ്ഞിരുന്ന ആ സ്‌ത്രീയിൽ വന്ന മാറ്റം കണ്ട് ആളുകൾ അതിശയം കൂറാറുണ്ട്.
ഫോട്ടോകൾ വെറുത്തിരുന്ന ഭാരതിയമ്മ സ്വന്തം മകളെപ്പോലെ ശാന്തയെ നടുവിൽ നിർത്തി ഭർത്താവൊരുമിച്ച് ഫോട്ടോയെടുത്തു. ചുമരിൽ ചില്ലിട്ടു തൂക്കിയ ആ ചിത്രത്തിൽ നോക്കുമ്പോൾ ആനന്ദം കൊണ്ട് അവരുടെ മിഴികൾ നിറയും.
ശാന്തയെ അണിയിച്ചൊരുക്കുന്നതിലും അവൾക്ക് ആഭരണങ്ങളും ഉടുപുടവകളും വാങ്ങുന്നതിലും അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഒരു ദിവസം ശാന്തയോടവർ പറഞ്ഞു.
“മോൾക്ക് പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ കോളേജിൽ പൊയ്‌ക്കോളൂ. അതിനുവേണ്ടുന്ന എല്ലാ ഏർപ്പാടുകളും ചെയ്യാം.”
മറുപടി പറയാൻ ശാന്ത തെല്ലൊന്നു മടിച്ചു.
തന്റെ കോളേജ് ജീവിതത്തിലെ നിർണ്ണായക സംഭവങ്ങൾ പലതും ഓർമ്മയിൽ മുഖം കാണിച്ചു.
കയ്പും കദനവുമേകുന്ന അനുഭവങ്ങൾ…
മൗനമായിരിക്കുന്നതു കണ്ടപ്പോൾ ഭാരതിയമ്മ തന്റെ വാക്കുകൾ തിരുത്തി.
“അല്ലെങ്കിൽ വേണ്ട. മോള് കോളേജിൽ പോയാൽ പകൽ മുഴുവനും ഞാൻ ഒറ്റയ്‌ക്കിരിക്കണ്ടേ? വേണ്ട….. എന്നെ വിട്ട് നീയെങ്ങും പോകേണ്ട.”
ആ അമ്മ അവളുടെ നെറ്റിയിൽ ചുംബിച്ചു.
Generated from archived content: choonda67.html Author: sree-vijayan