സത്യം, നുണയെക്കാൾ അവിശ്വസനീയമായി തോന്നുന്ന ചില സന്ദർഭങ്ങളുണ്ടാകാറുണ്ട്.
വലുതും ചെറുതുമായ സംഭവങ്ങൾ അടുക്കും ചിട്ടയുമായി കൊരുത്തിയിണക്കാനുളള സൃഷ്‌ടികർത്താവിന്റെ കരവിരുത് അല്പജ്ഞനായ മനുഷ്യൻ അത്ഭുതത്തോടെ നോക്കി നിൽക്കേണ്ടിവരുന്നു. ഓരോന്നും സംഭവിച്ചതിനുശേഷമേ അന്വേഷകന് കാരണം കണ്ടെത്താനാകുന്നുളളു. വരും കാലഗതികളെക്കുറിച്ച് കണക്കുകൂട്ടലുകൾ ഭൂരിപക്ഷവും ശരിയാകാറില്ല.
അങ്ങിനെ നോക്കുമ്പോൾ വിധിയിൽ വിശ്വസിക്കാതിരിക്കുന്നതെങ്ങിനെ? നാളെയെന്ത് എന്നു തീരുമാനിക്കാൻ കഴിയാത്തിടത്തോളം കാലം മനുഷ്യൻ സമ്പൂർണ്ണനാകുമോ?
എത്രയോ വഴികളിലൂടെ വൃഥാ അലഞ്ഞാലാണ് എത്തേണ്ടിടത്ത് എത്തിച്ചേരാൻ കഴിയുക?
വകതിരിവില്ലാത്ത യുക്തിചിന്തകളിൽ മനസ്സൂന്നി ശാന്ത തന്റെ വീടിന്റെ ഉമ്മറത്തേക്ക് കയറി.
വാതിൽ ചാരിക്കിടക്കുന്നു. ആരുമില്ലായിരിക്കുമോ? അവൾ അകത്തേക്ക് എത്തിനോക്കി. കതക് തളളിത്തുറന്ന് മുത്തച്ഛന്റെ മുറിയിലേക്ക് കയറി. മുത്തച്ഛന്റെ കട്ടിൽ കിടന്നിരുന്ന സ്ഥലം ശൂന്യമാണ്. ആ ശൂന്യത ഹൃദയത്തിലും സ്ഥലം പിടിച്ചു.
നൊമ്പരത്തോടെ മുറ്റത്തേക്കിറങ്ങി. തെക്കുവശത്തെ അത്തിക്കല്ലിനു സമീപം ചെന്നു. മഷിക്കറപ്പിടിച്ച അത്തിക്കല്ലിനുമുമ്പിൽ കൈകൂപ്പി നിന്നപ്പോൾ കണ്ണുകൾ വഴിഞ്ഞൊഴുകി.
വീടിന്റെ ചുമരിൽ മുത്തച്ഛന്റെ കട്ടിൽ ചാരി വച്ചിട്ടുണ്ട്. തണ്ടൊടിഞ്ഞതിനാൽ അത് ഉപയോഗശൂന്യമായിരിക്കുന്നു. അവൾ ആ കട്ടിലിൽ കൈവച്ചി തേങ്ങലോടെ പറഞ്ഞുപോയി.
“എന്റെ മുത്തച്ഛാ..”
പുറകിൽ കാൽപ്പെരുമാറ്റം. തിരിഞ്ഞു നോക്കി. അതിശയഭാവത്തിൽ പരീത് നിൽക്കുന്നു.
കരളിൽ, നിഴലും നിലാവും, ചൂടും പുകയും, കെട്ടുപിണഞ്ഞു.
“മോളെപ്പ ബന്ന്?”
പരീതിന്റെ ചോദ്യത്തിന് ഉത്തരം പറയാൻ അവൾക്കു കഴിഞ്ഞില്ല.
“അമ്മ കുളിക്കാൻ പോയിരിക്കുകേണ്. മോള് അകത്ത് കേറി ഇരി.”
എന്നിട്ടും ശബ്‌ദിക്കാൻ സാധിച്ചില്ല.
സ്വന്തം വീട്ടിൽ അന്യയായിപ്പോയി എന്ന തോന്നൽ. ആ തോന്നലിന് ശക്തി കൂടിയപ്പോൾ കാലുകൾ ചലിച്ചു. പടിക്കലേക്ക് നടന്നു. പിന്നിൽനിന്ന് പരീതിന്റെ ചോദ്യം.
“മോളെബിടെ പോണ്?”
തിരിഞ്ഞു നോക്കാൻ പോലും പറ്റുന്നില്ല.
“ശാന്തമോളെ.. നിന്നേ പറയട്ടെ..”
നിന്നില്ല. കാൽക്കീഴിൽ ഞെരിഞ്ഞമരുന്ന ചരലുകൾ താളം മുഴക്കുകയായിരുന്നു. അവ ദ്രുതഗതിയിലായി. വീണ്ടും പിന്നിൽ നിന്നുളള വിളി കേട്ടുമോ? പരീത് പിന്നീടും വിളിച്ചുവോ? ഒന്നും ഓർമ്മയില്ല. പാദങ്ങളുടെ താളത്തിൽ മാത്രമായിരുന്നു മനസ്സ്. ശബ്‌ദമുഖരിതമായ താളം. നെഞ്ചിടിപ്പിനോട് മത്സരിക്കുന്ന മുറുകിയ താളം.
**********************************************************************
നേരം വെളളക്കാലു വീശിയപ്പോൾ സെൻട്രൽ ജയിലിന്റെ പടിവാതിൽക്കൽ ചെന്നിറങ്ങിയ ശാന്ത, വാച്ചറോട് അനുവാദം വാങ്ങി നേരെ ഡോക്‌ടർ മേനോന്റെ ക്വാർട്ടേഴ്‌സിലെത്തി.
ഡോക്‌ടറോട് തന്റെ ദാരുണമായ ചുറ്റുപാടുകൾ അവൾ വിവരിച്ചു. പത്രങ്ങൾ വഴി പ്രൊഫസർ കൃഷ്‌ണപിളളയുടെ മരണവാർത്തയറിഞ്ഞ് ആകുലപ്പെട്ടു കഴിഞ്ഞിരുന്ന ഡോക്‌ടർക്ക് ശാന്തയുടെ തിരിച്ചുവരവിൽ അതിശയം തോന്നിയില്ല. പക്ഷേ, ആ പെൺകുട്ടിയെ രക്ഷപ്പെടുത്താനുളള മാർഗ്ഗമെന്തെന്ന് ആലോചിച്ച് അദ്ദേഹം വീർപ്പുമുട്ടി.
കുട്ടികളില്ലാത്ത തനിക്ക് സ്വന്തം മകളെപ്പോലെ കരുതി ക്വാർട്ടേഴ്‌സിൽ താമസിപ്പിക്കാമായിരുന്നു. നിത്യരോഗിണിയായ ഭാര്യയെ ശുശ്രൂഷിക്കാനും തുണയായിരിക്കുവാനും ഉപകരിക്കുമായിരുന്നു.
കുഴപ്പം അവിടെയല്ല.
ശാന്ത ജയിൽപുളളിയായിരുന്ന ഒരു യുവതിയാണ്. അത്തരത്തിൽ ഏവർക്കും അവളെ പരിചയവുമാണ്.
ജയിൽ ഡോക്‌ടറായ താൻ തന്റെ ക്വാർട്ടേഴ്‌സിൽ ഒരു തടവുപുളളിയായിരുന്ന വ്യക്തിയെ പാർപ്പിച്ചാൽ പല വ്യാഖ്യാനങ്ങളും ഉയർന്നെന്നു വരും.
അല്ലെങ്കിൽത്തന്നെ ആവശ്യത്തിലേറെ വേദന ഇന്ന് തനിക്കുണ്ട്. വിവാഹം കഴിഞ്ഞ് ഒരുവർഷം തികയുന്നതിനുമുമ്പ് രോഗിണിയായതാണ് ഭാര്യ ഭാരതിയമ്മ. എന്തെല്ലാം ചികിത്സകൾ ചെയ്‌തു? എവിടെയെല്ലാം കൊണ്ടുപോയി? തന്റെ ബുദ്ധിക്ക് എത്തിപ്പടിക്കാനാവുന്നതിനും അപ്പുറത്ത് വിദഗ്‌ദ്ധന്മാരായ ഡോക്‌ടർമാരുടെ ഉപദേശം തേടി.
എല്ലാവരും പറഞ്ഞ അഭിപ്രായം ഒന്നുതന്നെയായിരുന്നു.
“മനസ്സിനു ഒരു പ്രയാസവും വരുത്തിക്കൂടാ.”
അന്നുമുതൽ ഭാര്യയെ കൈക്കുഞ്ഞിനെപ്പോലെയാണ് കൊണ്ടുനടക്കുന്നത്. അഭിപ്രായവ്യത്യാസമുളള കാര്യങ്ങൾക്കുപോലും മറുത്തൊരുവാക്ക് ഉരിയാടിയാൽ ഭാരതിയമ്മയുടെ മുഖം കറുക്കും. ഭർത്താവിനെ ഈശ്വരനായി കണക്കാക്കുന്ന അവരുടെ മുഖത്തുനോക്കുമ്പോൾ അവർക്ക് അഹിതമായി ഒന്നും പറയാനും ചെയ്യാനും തനിക്കു കഴിയാറില്ല.
സ്‌നേഹമയിയായ അവർ ആരോഗ്യവതിയും കൂടി ആയിരുന്നെങ്കിൽ! പലപ്പോഴും ഡോക്‌ടർ ഒറ്റയ്‌ക്കിരുന്ന് കരയാറുണ്ട്.
തന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ശാന്തയോട് തുറന്നുപറയാൻ വിഷമിച്ചു നിൽക്കെ, ദൈന്യതയോലുന്ന അവളുടെ അപേക്ഷ കേട്ടു.
“ഇനി എനിക്ക് ആശിക്കാൻ ഒന്നുമില്ല സാർ. സാറെങ്കിലും എന്നെ കൈവെടിയരുത്. ഒരു വേലക്കാരിയായിട്ടെങ്കിലും ഈ വീട്ടിലെ ഏതെങ്കിലുമൊരു കോണിൽ കഴിയാൻ എന്നെ അനുവദിക്കണം.”
മറുപടി പറയാനാകാതെ തലയും കുമ്പിട്ട് അദ്ദേഹം ഇരുന്നു. കാൽപ്പെരുമാറ്റം കേട്ട് മുഖമുയർത്തിയപ്പോൾ നേരെ പുറകിൽ ഭാരതിയമ്മയെ കണ്ടു.
ശാന്തയോട് ഭാരതിയമ്മ ചോദിച്ചു.
“ആകട്ടെ, നിനക്ക് എന്നും വെളുപ്പിന് അഞ്ചുമണിക്ക് എഴുന്നേൽക്കാമോ?”
ശാന്ത പറഞ്ഞു.
“എഴുന്നേൽക്കാം.”
“എഴുന്നേറ്റാൽ മാത്രം പോരാ. ഉടനെ നീ കുളിക്കണം.”
“കുളിക്കാം.”
“ആറുമണിക്ക് എനിക്ക് കാപ്പി തരണം. ആറരയ്‌ക്ക് കുളിക്കാൻ ചൂടുവെളളം വേണം. ഏഴുമണിക്ക് മരുന്നെടുത്തു തരണം. എട്ടുമണിക്ക് നെയ്യൊഴിച്ച് പൊടിയരിക്കഞ്ഞി. ഒമ്പതുമണിക്ക് ഒരു ഗ്ലാസ് പാൽ.”
ശാന്ത സമ്മതിച്ചു. ഭാരതിയമ്മ തുടർന്നു.
“തീർന്നില്ല. ഉച്ചയ്്്ക്ക് മരുന്നുണ്ട്. ഊണു കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ മാസികകളോ പുസ്‌തകങ്ങളോ വായിച്ചു കേൾപ്പിക്കണം. വൈകുന്നേരം വീണ്ടും കുളി. അതിനു തണുത്ത വെളളം മതി. മരുന്നു കഴിച്ചതിനുശേഷം അത്താഴം പൊടിയരിക്കഞ്ഞി… ഇതെല്ലാം സമയം തെറ്റിക്കാതെ എനിക്കുവേണ്ടി ചെയ്യാമെങ്കിൽ നീ ഇവിടെ നിന്നോളൂ.”
വല്ലായ്‌മയോടെ ഡോക്‌ടർ പറഞ്ഞു.
“ഭാരതീ… ഈ പെൺകുട്ടി ഇതൊന്നും പരിചയമില്ലാത്തവളാണ്.”
“അതിനെന്ത്? പെണ്ണല്ലേ? ഇന്നല്ലെങ്കിൽ നാളെ പരിചയിക്കണ്ടേ?”
ഭാരതിയമ്മ മെല്ലെ ചിരിച്ചു. ഡോക്‌ടർ പിറുപിറുത്തു.
“പറഞ്ഞാൽ നിനക്കു മനസ്സിലാവുകയില്ല. ഞാനൊന്നും പറയുന്നുമില്ല.”
അദ്ദേഹം മുഖം കുനിച്ചു.
“ഒന്നും പറയണ്ടാ. വാതിലിനപ്പുറത്തുനിന്ന് ഞാൻ ഇവിടെ പറഞ്ഞതെല്ലാം കേട്ടു. നമ്മളും ഉപേക്ഷിച്ചാൽ ഈ പാവം എങ്ങോട്ടാ പോകുന്നത്? അതുകൊണ്ട് ഇവളെ പറഞ്ഞയയ്‌ക്കാൻ പറ്റില്ല.”
ശാന്തക്ക് ഭാരതിയമ്മയുടെ പാദംതൊട്ടു വന്ദിക്കണമെന്നു തോന്നി.
നനഞ്ഞ കൺപീലികൾ അവൾ പുറംകൈകൊണ്ട് തുടച്ചു.
ഭാരതിയമ്മ ശാന്തയെ ഓർമ്മിപ്പിച്ചു.
“ആരെങ്കിലും ചോദിച്ചാൽ പറഞ്ഞേക്കണം; വകയിൽ നീ എന്റെ ഒരനുജത്തിയാണെന്ന്. എനിക്ക് സുഖമില്ലാത്തതുകൊണ്ട് തുണയ്‌ക്കുവന്നു നിൽക്കുന്നതാണെന്ന്. മനസ്സിലായോ?”
ശാന്ത തലക്കുലുക്കി.
ഡോക്‌ടർ ചോദിച്ചു. “എന്തു വിഡ്‌ഢിത്തമാണ് ഭാരതി പറയുന്നത്? ഈ ജയിലിൽ മൂന്നുവർഷത്തോളം കുറ്റവാളിയായി കഴിഞ്ഞതല്ലേ ശാന്ത? ആ വിവരം എല്ലാർക്കും അറിയില്ലേ?”
ശാന്ത വീണ്ടും നിരാശപ്പെട്ടു.
ഭാരതിയമ്മ പുഞ്ചിരിച്ചു.
“അതിനെന്ത്? നമ്മുടെ ബന്ധത്തിലുളളവർക്ക് കുറ്റം ചെയ്യാൻ പാടില്ലെന്ന് വല്ല നിർബന്ധവുമുണ്ടോ? കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷയും അനുഭവിച്ചു കഴിഞ്ഞില്ലേ?”
കനത്ത മൂകത കളിയാടി. ഭാരതിയമ്മ തീർത്തു പറഞ്ഞു.
“എന്തായാലും ഈ കുട്ടിയെ പറഞ്ഞയയ്‌ക്കാൻ പറ്റുകയില്ല.”
അവർ അവളെ അകത്തേക്ക് വിളിച്ചു കൊണ്ടുപോയി.
ആഹ്ലാദവും ആശങ്കയും ഒപ്പം കുസൃതി കാണിച്ചപ്പോൾ ഡോക്‌ടർ ഒരു സിഗരറ്റിന് തീ കൊളുത്തി.
Generated from archived content: choonda65.html Author: sree-vijayan