വലിയൊരു ഇരുമ്പുഗേറ്റും കടന്ന് കാർ വീട്ടുമുറ്റത്തെത്തി. പോർട്ടിക്കോവിൽ പ്രൗഢിയുളള ഒരു വൃദ്ധ കയ്യിൽ കഷ്‌ടിച്ചു മൂന്നുവയസ്സോളം പ്രായമുളള തുടുത്ത ഒരു കുഞ്ഞിനേയുമേന്തി നിൽപ്പുണ്ട്.
ഡോർ തുറന്ന് സതിയും, പുറകെ ശാന്തയും വെളിയിലിറങ്ങി. കാൽക്കീഴിൽ ഞെരിയുന്ന മണലും ചവുട്ടി അവർ വരാന്തയിലേക്ക് കയറി. സതി ആഹ്ലാദവായ്‌പോടെ കുഞ്ഞിനെ എടുത്തു.
“ശാന്തേ.. ഇതാണെന്റെ മോൻ.”
ശാന്തയ്‌ക്ക് അതിശയം തോന്നി. സതി വിവാഹിതയാണോ? അവൾ കുഞ്ഞിന്റെ നേരെ കൈനീട്ടി. ഒരു പരിചയക്കുറവും കാണിക്കാതെ മോൻ അവളുടെ കൈകളിലേയ്‌ക്ക് കുതിച്ചു. ശാന്ത തന്റെ കവിൾ വെണ്ണമണക്കുന്ന ഇളംകവിളിലമർത്തി.
സതി സാകൂതം പറഞ്ഞു.
“കളളൻ… നോക്കമ്മേ, ആരുടെ കയ്യിലും പോകാത്ത കുട്ടിയാ. കണ്ടയുടനെ ശാന്തയുടെ കയ്യിലേയ്‌ക്ക് ഒറ്റച്ചാട്ടം.”
പേരക്കിടാവിനെ നോക്കി മുത്തശ്ശി ചിരിച്ചു.
സതി പരിചയപ്പെടുത്തി.
“ഇതാണമ്മേ ഞാൻ എപ്പോഴും പറയാറുളള എന്റെ ശാന്ത.”
ശാന്ത കൈക്കൂപ്പി. അമ്മ പുഞ്ചിരിയോടെ അകത്തേയ്‌ക്ക് വിളിച്ചു.
“വരൂ…”
നടക്കുന്നവഴി മോന്റെ കുഞ്ഞിക്കൈ കിലുക്കി സതിയുടെ ചോദ്യം.
“മോനെ… ഈ ആന്റിയെ അറിയാമോ? വലിയ പാട്ടുകാരിയാണ്.”
മോൻ ശാന്തയുടെ കഴുത്തിൽ കൈകൾ ചുറ്റി.
സതി പറഞ്ഞു.
“വല്ലാത്ത കുസൃതിയാ ശാന്തേ… പൊരിഞ്ഞ വിത്താണ്.”
വേദനയിലും ശാന്തയ്‌ക്ക് ഉൾപുളകമുണ്ടായി. അവൾ കുഞ്ഞിന്റെ കവിളിൽ ചുംബിച്ചു.
അമ്മയും മറ്റുളളവരുമായി പ്രൊഫസറുടെ മരണകാര്യങ്ങൾ സംസാരിക്കുകയായിരുന്നു.
രാവിലെ ആദ്യത്തെ ബസ്സിന് എങ്ങോട്ടോ പോകാൻ യാത്ര പുറപ്പെട്ടതാണത്രെ സാറ്. ബസ്സ്‌സ്‌റ്റാന്റിൽ എത്തുന്നതിനുമുമ്പ് പ്രസ്സ് റോഡിന്റെ വളവും കഴിഞ്ഞ് ലക്കും ലഗാനുമില്ലാതെ വന്ന കാറ് പുറകിൽ നിന്നിടിച്ചു. കാറിലെ ഡ്രൈവർ തലേദിവസം മുതൽക്കേ മൂക്കറ്റം കുടിച്ചിരുന്നത്രെ.
വിവരണങ്ങൾ ശാന്ത കേട്ടുകൊണ്ടിരുന്നു. തന്റെ അടുത്തേയ്‌ക്കായിരുന്നു സാറിന്റെ യാത്ര. ഒരർത്ഥത്തിൽ താൻ കാരണമല്ലേ അദ്ദേഹം മരിച്ചത്? ഗോപിയുടെ മരണത്തിനും കാരണക്കാരി താൻതന്നെയായിരുന്നില്ലേ?
സതിയുടെ അമ്മ പറഞ്ഞു.
“ഈ മദ്യപാനം കൊണ്ട് എന്തെല്ലാം അനർത്ഥങ്ങളാ വന്നുകൂടുന്നത്?”
ശാന്ത ഓർമ്മിച്ചു.
ശരിയല്ലേ? ഗോപിയുടെ മരണകാരണവും മദ്യപാനം തന്നെയാണ്.
ഇതിനകം കുഞ്ഞ് ശാന്തയോട് വല്ലാതെ ഇണങ്ങിക്കഴിഞ്ഞിരുന്നു. അവൻ കൊഞ്ചാനും കൊഞ്ചിമൊഴിയാനും തുടങ്ങി. ശാന്തയുടെ വിരലുകളിൽ പിടിച്ചുവലിച്ച് എങ്ങോട്ടോ പോകാൻ നിർബന്ധിച്ചപ്പോൾ ശാന്ത തിരക്കി.
“എന്താ മോനേ… മോനെന്താ വേണ്ടത്?”
മോൻ കൈചൂണ്ടി.
“അങ്ങോട്ട് പോകാം.”
ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു.
“അവന്റെ പാവയും പമ്പരവുമൊക്കെ കാണിച്ചുതരാൻ വിളിക്കുന്നതാ.”
സതി കുഞ്ഞിനെ വിലക്കി.
“മോനെ… ആന്റി കാപ്പി കുടിച്ചില്ല. കാപ്പി കുടിച്ചിട്ട് എല്ലാം കാണിച്ചുകൊടുക്കാം.”
“സാരമില്ല. വരൂ മോനേ… എല്ലാം കണ്ടിട്ട് വന്നു കാപ്പികുടിക്കാം.”
“എങ്കിൽ ചെല്ലൂ.. അപ്പോഴേയ്‌ക്കും ഞാൻ കാപ്പിയെടുക്കാം.”
കുഞ്ഞ് ചൂണ്ടിയ വഴിയെ ശാന്ത അവനോടൊപ്പം പോയി.
***********************************************************************
സതിയുടെ ബെഡ്‌റൂമിലേയ്‌ക്ക് കുഞ്ഞിനോടൊപ്പം അവൾ കയറി. പലതരം കളിപ്പാട്ടങ്ങൾ നിരത്തിവച്ചിട്ടുണ്ട്. നിറമുളള പ്ലാസ്‌റ്റിക് പൂക്കൾ. കുരുന്നു കാറുകൾ. ഉടയാത്ത പാവകൾ. സ്‌പ്രിംഗിൽ ഓടുന്ന കുരങ്ങും കുതിരയും.. ഓരോന്നും എടുത്ത് മോൻ വിവരിച്ചുകൊണ്ടിരിക്കെ ശാന്തയുടെ ദൃഷ്‌ടികൾ പിൻവശത്തെ ചുമരിൽ പതിച്ചു.
ഷോക്കേറ്റതുപോലെ തരിച്ചുനിന്നുപോയി.
എന്താണീ കാണുന്നത്? ഡി.എസ്.പി.ശശിധരനും സതിയും തമ്മിലുളള കല്യാണഫോട്ടോ! അപ്പോൾ ശശിധരനാണോ സതിയുടെ ഭർത്താവ്? ഈശ്വരാ! ഇനിയും പരീക്ഷണമോ?
പ്രേതം കണക്കെ വിളറിനിൽക്കുന്ന അവളെ പലവട്ടം കുഞ്ഞ് കുലുക്കിവിളിച്ചു. പക്ഷേ അവൾ അറിഞ്ഞതേയില്ല. ഒടുവിൽ ചിണുങ്ങിക്കൊണ്ട് കുഞ്ഞ് അപ്പുറത്തേയ്‌ക്ക് നടന്നു. ശാന്ത അതും അറിഞ്ഞില്ല.
അവൾക്കു തോന്നി, ഇവിടെ നിന്നാൽ ഇനിയും അപകടങ്ങളെ ക്ഷണിച്ചു വരുത്തേണ്ടിവരും.
കൂടുതൽ ചിന്തിച്ചില്ല. യാത്രപോലും പറയാൻ നിൽക്കാതെ ശാന്ത ധൃതിപൂണ്ട് മുറ്റത്തേക്കിറങ്ങി. ഗേറ്റ് കടന്ന് മുന്നിൽ തെളിഞ്ഞ വഴിയിലൂടെ നെഞ്ചിടിപ്പോടെ നടന്നു.
കുഞ്ഞിന്റെ ചിണുക്കം കേട്ട് സതി തിരക്കി.
“എന്താ മോനേ..?”
കുഞ്ഞ് അവ്യക്തഭാഷയിൽ എന്തോ പറഞ്ഞു. സതിക്ക് തിരിഞ്ഞില്ല. ചോദിച്ചു.
“ആന്റിയെവിടെ?”
കുഞ്ഞ് അകത്തേക്ക് ചൂണ്ടിക്കാണിച്ചു.
കാപ്പിയുമായി സതി അങ്ങോട്ടുചെന്നു. മുറിയിലാരുമില്ല. അവൾ വിളിച്ചു. “ശാന്തേ…”
ആരും വിളികേട്ടില്ല. ഒന്നുരണ്ടു പ്രാവശ്യം വിളിച്ചിട്ടും മറുപടിയില്ലാതായപ്പോൾ പരിഭ്രമമായി. അമ്മയും ഓടിവന്നു.
പോർട്ടിക്കോവിൽ വന്ന് ഡ്രൈവറോടു തിരക്കി. അയാൾ കൈമലർത്തി. പക്ഷേ, ഇരുമ്പുഗേറ്റ് തുറന്ന് ആരോ പുറത്തേയ്‌ക്ക് പോയ ലക്ഷണമുണ്ട്.
സതി കാർ അയച്ച് ആ പരിസരത്തെല്ലാം തിരക്കി. പക്ഷേ, ശാന്ത എങ്ങോട്ടുപോയെന്ന് ആർക്കും ഒരു രൂപവും ലഭിച്ചില്ല.
Generated from archived content: choonda63.html Author: sree-vijayan