ബസ്സ് നീങ്ങിയപ്പോൾ കൂട്ടിൽ നിന്നും രക്ഷപ്പെട്ട കിളി കണക്കെ ശാന്തയുടെ ഹൃദയം പലവഴിക്കും പാറിപ്പറന്നു. എത്ര നാളായി താൻ ലോകം കണ്ടിട്ട്?
ഈർപ്പം നിറഞ്ഞ ഇരുട്ടുമുറിയിൽ മനംമടുപ്പിക്കുന്ന വേവുമണവും ശ്വസിച്ച് കഴിഞ്ഞ മൂന്നുവർഷക്കാലം താൻ ജീവിക്കുകയായിരുന്നു എന്നോർത്തപ്പോൾ ശാന്തയ്‌ക്ക് ശ്വാസം മുട്ടി.
എന്തൊരവിശ്വസനീയത!
ശുദ്ധവായുവിനുവേണ്ടി ഇതുവരെ തന്റെ ആത്മാവ് കേഴുകയായിരുന്നു…
ഭിന്നതരക്കാരായ എത്രയെത്ര മനുഷ്യരെ ജയിലിൽ വച്ച് പരിചയപ്പെട്ടു?
ഒറ്റനിമിഷത്തെ ഇടപഴകൽ കൊണ്ട് ജീവിതാവസാനം വരെ ഓർമ്മയിൽ നിൽക്കുന്ന മുൾമുടി ചൂടിയ ആത്മാക്കൾ.
ഭർത്താവിനെയും രഹസ്യക്കാരിയെയും ക്രൂരമായി വധിച്ച ഓർമ്മയിൽ ഒന്നും പൊട്ടിച്ചിരിക്കുന്ന പേരൂർക്കടക്കാരി ഭാർഗ്ഗവിച്ചേച്ചി! കുടുംബകലഹം മൂലം നല്ലതങ്കയെപ്പോലെ അഞ്ചുകുഞ്ഞുങ്ങളെയും കിണറ്റിലെറിഞ്ഞ് ആത്മഹത്യ ചെയ്യാൻ സ്വന്തം കഴുത്തുമുറിച്ചിട്ടും മരിക്കാൻ സാധിക്കാതെ വന്ന കോട്ടയത്തുകാരി കൊച്ചുത്രേസ്യാ!
അധികാരഗർവ്വുകൊണ്ട് തന്റെ കൺമുമ്പിൽവച്ച് സ്വന്തം മകളെ ബലാൽസംഗം ചെയ്യാൻ മുതിർന്ന കാക്കിക്കുപ്പായക്കാരനെ അരിവാളിനരിഞ്ഞിട്ട അരൂർക്കാരി നാരായണി.
അങ്ങിനെ എത്രയെത്ര അവിശ്വസനീയമായ ജീവിതങ്ങൾ. അവരെ വച്ചുനോക്കുമ്പോൾ താൻ ചെയ്‌ത തെറ്റെന്ത്?
നഖശിഖാന്തം താൻ സ്‌നേഹിച്ചിരുന്ന, ആരാധിച്ചിരുന്ന തന്റെ പ്രിയപ്പെട്ടവന്റെ മരണത്തിൽ തലമുടിനാരിനെങ്കിലും അപരാധം തന്നിൽ നിന്നുണ്ടായിരുന്നോ?
ഗോപിയുടെ കൂട്ടുകെട്ടും മദ്യപാനവും തെറ്റിദ്ധാരണയുമല്ലേ ഇതിനെല്ലാം കാരണം? എത്ര പിണങ്ങിയാലും തന്നെ ജീവനുതുല്യം സ്‌നേഹിച്ചിരുന്ന തന്റെ പ്രിയപ്പെട്ട ഗോപി ഇന്നെവിടെ?
ശാന്തയ്‌ക്ക് വീർപ്പുമുട്ടി.
പാടില്ല. കഴിഞ്ഞ സംഭവങ്ങളെക്കുറിച്ചൊന്നും ചിന്തിച്ചുകൂടാ.
മനസ്സിനെ കടിഞ്ഞാണിട്ടു പിടിച്ചുകൊണ്ട് നിവർന്നിരുന്ന് അവൾ പുറത്തേയ്‌ക്ക് ദൃഷ്‌ടി പായിച്ചു. ബസ്സ് കുന്നും മലയും കയറിയിറങ്ങി ഇരുപുറവും പച്ചപുതച്ച പാടത്തിന്റെ നടുക്കുളള പാതയിലൂടെ പായുകയാണ്.
കണ്ണെത്താത്ത ദൂരത്തോളം പരവതാനി വിരിച്ച പാടം. തെളിഞ്ഞ ആകാശത്ത് ഉയർന്നു പറക്കുന്ന വെളളിൽപ്പറവകൾ. കണ്ണീരൊഴുക്കുന്ന നീർച്ചാലുകളും കൈതക്കാടും.
കുളിർമ്മയുളള കാറ്റ് കാതിൽ വന്ന് കിന്നാരമോതി.
രാഗം മൂളുന്ന കാറ്റ്.
മഞ്ഞ വെയിലിന്റെ ഇളംചൂടും മന്ത്രഗീതം പാടുന്ന കുളിർക്കാറ്റും.
മിഴികൾ താനെ അടഞ്ഞുപോയി. ശാന്ത ഉറങ്ങിപ്പോയി.
***********************************************************************
ബസ്സിറങ്ങി കൃഷ്‌ണപിളളസാറിന്റെ ലോഡ്‌ജിന് മുമ്പിലെത്തിയപ്പോൾ മുറ്റത്തും ഗേറ്റിലും അപരിചിതരായ ആളുകളെ കണ്ടു. കൂട്ടത്തിൽ സാരി ചുറ്റിയ സ്‌ത്രീകളുമുണ്ട്.
ഒന്നും മനസ്സിലായില്ല. തനിക്കു വീട് മാറിപ്പോയോ? ഇല്ല. ഗേറ്റിലെ ഭിത്തിയിൽ ‘പ്രൊഫസർ കൃഷ്‌ണപിളള’ എന്നെഴുതിയ നെയിംപ്ലേറ്റുണ്ട്.
ലോഡ്‌ജിൽ വച്ച് വല്ല കമ്മറ്റിയോ ചർച്ചായോഗമോ ഉണ്ടായിരിക്കുമോ?
സ്‌ത്രീകൾ നിന്ന ഭാഗത്തേക്ക് ചെന്നു. പഴയ ട്യൂട്ടർ നളിനാക്ഷിയമ്മ തൂണുംചാരി അവിടെ നില്പുണ്ട്.
അന്വേഷിച്ചു.
“എന്താ ആൾക്കൂട്ടം?”
നളിനാക്ഷിയമ്മ പറഞ്ഞു.
“കൃഷ്‌ണപിളളസാർ കാർ ആക്സിഡന്റിൽ മരിച്ചു. പോസ്‌റ്റ്‌മോർട്ടം കഴിഞ്ഞ് ഡെഡ്‌ബോഡി കൊണ്ടുവന്നിരിക്കുകയാ.”
“ങേ?..”
ഒരു ഞരക്കം മാത്രമേ ആളുകൾ കേട്ടുളളൂ. ശാന്ത നിലംപതിച്ചു.
***********************************************************************
ബോധം വീണപ്പോൾ താൻ ആകെ നനഞ്ഞു കുതിർന്നിരിക്കുകയാണ്. ആരെല്ലാമോ തന്നെ വീശുന്നുണ്ട്. പരിസരബോധം വന്നു. പിടഞ്ഞെഴുന്നേറ്റു. ആളുകളെ തളളിമാറ്റിക്കൊണ്ട് അവൾ അകത്തേയ്‌ക്ക് പാഞ്ഞു.
വെളളത്തുണിയിൽ പൊതിഞ്ഞ തന്റെ രക്ഷകന്റെ മുഖം.
ഒന്നേ നോക്കിയുളളു. ചൂടുളള മിഴിനീർ മൂടലുണ്ടാക്കി.
റീത്തുകളുടെയും പൂമാലകളുടേയുമിടയിൽ പെരുവിരൽ കൂട്ടികെട്ടിയ വെളുത്ത കാൽപ്പാദങ്ങൾ! ദുസ്സഹമായ നൊമ്പരത്തോടെ വിതുമ്പിക്കൊണ്ട് ആ പാദങ്ങളിൽ വീണു. നിയന്ത്രിക്കാനാകാതെ അവൾ ഏന്തിയേന്തി കരഞ്ഞു. തന്നെ അനാഥയാക്കിക്കൊണ്ട് തന്റെ എല്ലാമായ പുണ്യപുരുഷൻ പിരിയുകയാണ്.
കാണികൾ അനുകമ്പയോടെ മിഴികൾ ഒപ്പി.
ശാന്തയുടെ ചുമലിൽ മൃദുലമായ ഒരു കൈത്തലം അമർന്നു. ഗദ്‌ഗദം പുരണ്ട ശബ്‌ദം.
“ശാന്തേ….വിഡ്‌ഢിത്തം കാണിക്കരുത്. എഴുന്നേൽക്കൂ..”
തിരിഞ്ഞുനോക്കി. മൂടൽമഞ്ഞിലെന്നോണം നിൽക്കുന്ന രൂപം. വെളളസാരി ചുറ്റിയ രൂപം.
അതാരാണ്?
“ഞാനാണ് ശാന്തേ. നിന്റെ പഴയ സതി.”
“സതീ..”
ആ ചുമലിലേയ്‌ക്ക് ശാന്ത ചാഞ്ഞു. സതി പറഞ്ഞു.
“അരുത് ശാന്തേ…കരയരുത്. നീ കരഞ്ഞാൽ സാറിന്റെ ആത്മാവിനുപോലും പൊളളലേൽക്കും. ആ പുണ്യാത്മാവ് സമാധാനത്തോടെ പൊയ്‌ക്കൊളളട്ടെ.”
സതി കൂട്ടുകാരിയെ ഇറുകെ പുണർന്നു.
പടിഞ്ഞാറെ ചക്രവാളത്തിൽ അന്തിമേഘങ്ങൾ പട്ടട കൂട്ടി. പ്രകൃതി ഹൃദയരക്തത്തിൽ മുങ്ങി ഈറൻ ഉടുത്തിരിക്കുന്നു.
സതിയും ശാന്തയും വികാരശൂന്യതയോടെ നോക്കിനിൽക്കെ, പ്രൊഫസറുടെ മൃതദേഹം വഹിച്ച മഞ്ചൽ ശ്മശാനത്തിലേക്ക് നീങ്ങി.
തടഞ്ഞു നിർത്തിയിരുന്ന ദുഃഖം വീണ്ടും കുത്തിയൊലിച്ചൊഴുകി. ശാന്തയെ ബലമായി പിടിച്ചുകൊണ്ട് സതി പറഞ്ഞു.
‘കരയരുത്. വരൂ… നമുക്ക് എന്റെ വീട്ടിലേയ്‌ക്ക് പോകാം.“
”ഞാനില്ല. സതി പൊയ്‌ക്കോളൂ.“
”അതുപറ്റുകയില്ല. നീ എന്റെ കൂടെ വരണം.“
നിർബന്ധിച്ച് സതി അവളെ കാറിൽ കയറ്റി.
Generated from archived content: choonda62.html Author: sree-vijayan