തിങ്കളാഴ്‌ച രാവിലെ വാർഡൻ വന്ന് മുറി തുറന്നു. ശാന്ത മോചിതയായി.
സൂപ്രണ്ടിന്റെ ഓഫീസിലേക്ക് വാർഡൻ അവളെ കൊണ്ടുപോയി. ഓഫീസിൽ ഡോക്‌ടർ മേനോനും ഉണ്ടായിരുന്നു.
സൂപ്രണ്ട് മന്ദഹാസത്തോടെ ചില കടലാസുകൾ നീട്ടി.
“ഇതിൽ ഒപ്പിടൂ…”
അവൾ അനുസരിച്ചു.
“പ്രൊഫസർ ഉടനെ എത്തും. അതുവരെ ആ മുറിയിൽ പോയി ഇരുന്നോളൂ.”
സൂപ്രണ്ട് ചൂണ്ടിയ ഭാഗത്തേയ്‌ക്ക് അവൾ നീങ്ങി.
“വേണമെങ്കിൽ പ്രൊഫസർ വരുന്നതുവരെ ശാന്തയ്‌ക്ക് എന്റെ ക്വാർട്ടേഴ്‌സിൽ ഇരിക്കാമല്ലോ.” ഡോക്‌ടർ മേനോൻ പറഞ്ഞു.
“എങ്കിൽ അതാണ് നല്ലത്.”
സൂപ്രണ്ട് വാർഡനെ വിളിച്ച് ജയിൽ വളപ്പിലുളള ഡോക്‌ടറുടെ ക്വാർട്ടേഴ്‌സിലേക്ക് ശാന്തയെ പറഞ്ഞയച്ചു.
*********************************************************************
ഡോക്‌ടറുടെ ക്വാർട്ടേഴ്‌സിൽ ഭാര്യയും പ്രായം ചെന്ന ഒരു വേലക്കാരനും മാത്രമേയുളളു. ദീർഘകാലമായി രോഗിണിയായി കഴിയുന്നവരാണ് മിസ്സിസ്സ് മേനോൻ. അപൂർവ്വമായേ അവർ കിടപ്പുമുറിയിൽ നിന്നും പുറത്തു വരാറുളളു. ആരോടും സംസാരിക്കാറില്ല. ആർഭാടങ്ങളിലൊന്നും വിശ്വാസവുമില്ല. തികഞ്ഞ ഈശ്വരഭക്തയാണ്. ആരോഗ്യവതിയല്ലെന്ന മനോവിഷമവും കുട്ടികൾ ഇല്ലെന്ന നൊമ്പരവും അവർക്ക് ഉളളതിലും പ്രായം തോന്നിപ്പിക്കുമത്രേ. ശാന്ത അവരെ കണ്ടില്ല.
വേലക്കാരൻ അച്ചുതൻ നായരിൽനിന്ന് ഭാരതിയമ്മക്കുറിച്ച് അറിഞ്ഞെന്നു മാത്രം.
അച്ചുതൻ നായർ പറഞ്ഞു.
“കൊച്ചമ്മയുടെ അസുഖം മൂലം ഏമാനും ഇല്ല ഒരു സമാധാനം.”
“എന്താണ് രോഗം?”
“എന്റെ പൊന്നുകുഞ്ഞേ ഒടേ തമ്പുരാന് മാത്രമേ അതറിയാൻ പാടൊളളൂ. അമേരിക്കേലും ആലപ്പൊഴേലുമൊക്കെപ്പോയി പഠിച്ചുവന്ന ഡാക്കിട്ടരല്യോ ഏമാൻ? എന്തുമാത്രം കൊമ്പും കുഴലുമാ കയ്യിലുളളത്? അതൊക്കെവച്ചു നോക്കീട്ടും കൊച്ചമ്മേടെ സോക്കേട് പിടികിട്ടുന്നില്ലെന്നാ പറയുന്നത്. എനിക്കു തോന്നുന്നത്, ഏതാണ്ട് ഗന്ധർവ്വ കോപമാണെന്നാ..”
“എനിക്കൊന്ന് കണ്ടാൽ കൊളളാമായിരുന്നു.”
“പറ്റുകേല കുഞ്ഞേ… ഇനി ഉച്ചയ്‌ക്ക് ആഹാരം കഴിക്കാനേ മുറിയിൽനിന്ന് പുറത്തുവരൂ. അതുവരെ ഒറ്റകിടപ്പാ.”
“കൊച്ചമ്മയുടെ ഫോട്ടോ വല്ലതുമുണ്ടോ ഒന്നുകാണാൻ?”
“അയ്യോ അതു പറഞ്ഞപ്പഴാ ഓർത്തത്… ഒറ്റ ഫോട്ടോ പോലും ഈ വീട്ടിനകത്തില്ല. ഫോട്ടം കാണുന്നത് കൊച്ചമ്മയ്‌ക്ക് ഭയങ്കര കലിയാ. കണ്ണിൽ പെട്ടാൽ എടുത്ത് കീറിക്കളയും. ഒരു കലണ്ടറുപോലും ഇവിടെയില്ലാ കുഞ്ഞേ.”
അതിശയം തോന്നി.
ഇതെന്തൊരു രോഗമാണ്?
അച്ചുതൻ നായർ വിവരിച്ചു.
“ഒരിക്കൽ ഏമാന്റെ കൂട്ടുകാര് ആരോ അവരുടെ കുഞ്ഞിന്റെ ഫോട്ടം ഇവിടെ കൊണ്ടുവന്നു. കണ്ടയുടനെ കൊച്ചമ്മ ആ ഫോട്ടം വാങ്ങി വലിച്ചുകീറി. എന്നിട്ട് നമുക്ക് ഒരു കുഞ്ഞില്ലല്ലോ എന്നും പറഞ്ഞ് മുഖം പൊത്തി ഒറ്റക്കരച്ചിൽ. കണ്ടുനിന്നവരും കരഞ്ഞുപോയി.”
വിവരണം കേട്ട് ശാന്തയ്‌ക്ക് വേദന തോന്നി. ഒരമ്മയാകാനുളള ആർത്തിയായിരിക്കുമോ ഭാരതിയമ്മയുടെ രോഗം? അവരെ ഒരു നോക്കുകാണുവാൻ കൊതി തോന്നി. പക്ഷേ, സ്വന്തം മുറിയിൽ നിന്നും അവർ പുറത്തുവരികയില്ലല്ലോ. ശാന്ത അടുക്കളത്തിണ്ണയിൽ തന്നെ ഇരുന്നു.
ഉച്ചയ്‌ക്ക് മുൻപേ ഡോക്‌ടർ മേനോൻ വന്നു. ഇതുവരെയായിട്ടും പ്രൊഫസർ എത്താത്തതിനെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചു. ഒരുപക്ഷേ, അദ്ദേഹത്തിന് തിയ്യതി തെറ്റിപ്പോയിരിക്കുമോ?
ഡോക്‌ടർ ആശ്വസിപ്പിച്ചു.
“ശാന്ത ഭയപ്പെടേണ്ട. ഇന്നല്ലെങ്കിൽ നാളെ അദ്ദേഹമെത്തും.”
സൗമ്യരീതിയിൽ ശാന്ത പറഞ്ഞു.
“സാറനുവദിച്ചാൽ ഞാൻ അങ്ങോട്ട് പൊയ്‌ക്കൊളളാമായിരുന്നു.”
“ഒറ്റയ്‌ക്കോ?”
“അതു സാരമില്ല. സന്ധ്യയ്‌ക്കുമുൻപേ അവിടെ എത്താൻ സാധിക്കും. പരിചയമുളള സ്ഥലവുമാണല്ലോ?”
“അതിനകം കൃഷ്‌ണപിളള ഇങ്ങോട്ടുവന്നാൽ?”
“കോളേജ് ഹോസ്‌റ്റലിൽ ഞാനുണ്ടാകുമെന്ന് പറഞ്ഞാൽ മതി.”
തെല്ലൊന്ന് ആലോചിച്ചിട്ട് ഡോക്‌ടർ മേനോൻ പറഞ്ഞു. “ശരി. എങ്കിൽ വൈകിയ്‌ക്കണ്ട. ഇപ്പോൾ ഒരു എക്സ്‌പ്രസ് ബസ്സുണ്ട്. ഊണു കഴിച്ച് ഉടൻ പുറപ്പെട്ടോളൂ.”
പേഴ്‌സ് തുറന്ന് അദ്ദേഹം പണമെടുത്തു.
“ഈ രൂപാ കയ്യിലിരുന്നോട്ടെ.”
ശാന്ത പണം വാങ്ങി. പുറപ്പെടാൻ നേരത്ത് ഡോക്‌ടർ പ്രത്യേകം ഓർമ്മിപ്പിച്ചു.
“പ്രോഫസറുമൊരുമിച്ച് ഒരുദിവസം ശാന്ത ഇവിടെ വരണം.”
“വരാം.”
ശാന്ത സമ്മതിച്ചു.
ബസ്‌സ്‌റ്റാന്റ് വരെ അച്ചുതൻ നായരും കൂടെ പോന്നു. ദൈവാധീനം കൊണ്ട് എക്‌സ്‌പ്രസ് ബസ്സിൽ തന്നെ സീറ്റും കിട്ടി. അവളെ കയറ്റി വിട്ടിട്ടേ അച്ചുതൻനായർ മടങ്ങിപ്പോയുളളു.
Generated from archived content: choonda61.html Author: sree-vijayan