അൻപത്തിയൊൻപത്‌

ആകാശം ഇരുളുകയും കഠിനമായി മഴ പെയ്യുകയും ചെയ്‌തു. കാറ്റ്‌ നാനാവശത്തേയ്‌ക്കും ചീറിപ്പാഞ്ഞു. വൃക്ഷക്കൊമ്പിലെ പക്ഷിക്കൂടുകൾ നിലംപതിച്ച്‌ ഒഴുകിയൊലിച്ചു പോയി. അതിൽ വിരിയേണ്ട മുട്ടകളും പൂട മുളക്കാത്ത കുഞ്ഞുങ്ങളുമുണ്ടായിരുന്നു. പ്രകൃതി ഉന്മാദിനിയെപ്പോലെ തലമുടിയഴിച്ച്‌ അലറിയട്ടഹസിക്കുകയാണ്‌. അജ്ഞാതമായ ആരോടോ പക വീട്ടാനുളള കലിതുളളൽ.

സാധുവും സുന്ദരിയുമായ പ്രകൃതിക്ക്‌, ഇടയ്‌ക്കിടെ എന്തേ ഇങ്ങിനെയൊരു ‘വിധംമാറ്റം’ വരാൻ? ഒരു കുടുംബിനിയെപ്പോലെ സൗമ്യയും ശാലീനയുമല്ലേ അവൾ?

ഉഴുതുമറിച്ചാലും വെട്ടി വേദനിപ്പിച്ചാലും ഒരക്ഷരം ഉരിയാടാത്ത ഹൃദയഹാരിണി.

ക്ഷമയുടെ നെല്ലിപ്പലകയായ പുണ്യവതി.

ഒരമ്മയെപ്പോലെ എന്നും പുഞ്ചിരിയ്‌ക്കുന്ന ഐശ്വര്യവതി.

അവൾ എന്തിന്‌ ഇടയ്‌ക്ക്‌ ബീഭത്സരൂപം കൊളളുന്നു? പ്രപഞ്ചമെന്ന തറവാട്ടിലെ ‘കുടുംബകലഹം’ കൊണ്ടായിരിക്കുമോ? ഗൃഹനാഥനായ സ്രഷ്‌ടാവിനോട്‌ സൃഷ്‌ടിയുടെ പന്തികേടുകളെക്കുറിച്ച്‌ തർക്കിച്ചു കാണുമായിരിക്കും. സ്‌ത്രീയല്ലേ, അറിവു കുറഞ്ഞാലും തർക്കിക്കാൻ മുന്നിട്ടു നില്‌ക്കും.

എല്ലാം അറിയാവുന്ന സ്രഷ്‌ടാവ്‌. പുഞ്ചിരിയോടെ പരിഹാസവാക്കുകൾ പറഞ്ഞുകാണുമായിരിക്കും.

പരിഹസിച്ചാൽ സമനില തെറ്റുന്നവളാണല്ലോ സ്‌ത്രീ! ബാലിശമായ കാര്യത്തിനുകൂടി വാശിയോടെ തർക്കിക്കാൻ മുതിരും. ദുർന്യായങ്ങൾ ഉതിർക്കും. അവഗണിച്ചാൽ അതുമതിയല്ലോ അലങ്കോലത്തിന്‌.

പിന്നെ ചാപല്യമായി.

‘ചറുപിറെ’ അതുമിതും പറഞ്ഞുകൊണ്ടിരിക്കും. കണ്ണിൽ കാണുന്നതെന്തും തകർക്കും. സ്വയം നെഞ്ചത്തടിക്കും. അലറും, ചീറിപ്പായും, മുടിയാട്ടം തുളളും, പൊട്ടിക്കരയും, അട്ടഹസിക്കും. ഒടുവിൽ അവശയാകുമ്പോൾ മിണ്ടാതെ ഏതെങ്കിലും മൂലയിൽ തളർന്നുകിടന്ന്‌ ഉറങ്ങും.

പിറ്റേന്ന്‌ സാധാരണരീതിയിൽ ഉണരാനും എഴുന്നേറ്റ്‌ ദിനകൃത്യങ്ങളിൽ മുഴുകാനും തുടങ്ങുമ്പോൾ, തലേന്നു കണ്ട ഭാവത്തിന്റെ ലാഞ്ചനപോലും ഉണ്ടായെന്നു വരില്ല. അതാണ്‌, പ്രകൃതിയെന്ന ഈശ്വരി…സാക്ഷാൽ സ്‌ത്രീ.

അത്രയും വായിച്ചപ്പോൾ കോളിംഗ്‌ ബെൽ ശബ്‌ദിച്ചു.

കോളേജ്‌ മാഗസിനിലേക്ക്‌ പ്രസിദ്ധീകരണത്തിന്‌ ഒരു വിദ്യാർത്ഥി എഴുതിയ ഗദ്യകവിതപോലെ തുടങ്ങുന്ന ആർട്ടിക്കിളാണ്‌. അത്‌ മടക്കിവച്ച്‌ എഴുന്നേറ്റുചെന്ന്‌ പ്രൊഫസർ കതകു തുറന്നു.

പോസ്‌റ്റുമാൻ കത്തുനീട്ടി. വാങ്ങി തിരിച്ചും മറിച്ചും നോക്കി.

സെൻട്രൽജയിലിന്റെ സീൽ പതിഞ്ഞിട്ടുണ്ട്‌ കവറിൽ. തിടുക്കത്തിൽ തുറന്നു. ഡോക്‌ടർ മേനോന്റെ കയ്പട.

പുതിയ ഗവൺമെന്റിന്റെ പ്രത്യേക ഓർഡിനൻസു പ്രകാരം കാലാവധി ഇളവുചെയ്‌ത്‌ പുറത്തിറങ്ങുന്ന ജയിൽപുളളികളിൽ ശാന്തയും ഉൾപ്പെടുന്നുവത്രെ.

ഓർക്കാപ്പുറത്തുണ്ടായ ആഹ്ലാദം പ്രൊഫസറെ പുളകമണിയിച്ചു.

ഡോക്‌ടർ മേനോൻ എഴുതിയിരിക്കുന്നു.

“അടുത്ത പതിനഞ്ചാം തീയതി ശാന്തയ്‌ക്കു പുറത്തുപോരാൻ പറ്റും. അതിനുമുമ്പെ താങ്കൾ ഇങ്ങോട്ടെത്തുമല്ലോ?”

പ്രൊഫസർ കത്തുമടക്കി പോക്കറ്റിലിട്ടു. കസാലയിൽ വന്നുകിടന്നു. എന്തോ ചിന്തിച്ചതിനുശേഷം കത്തെടുത്ത്‌ ഒരാവർത്തികൂടി വായിച്ചു.

എന്തെന്നില്ലാത്ത ആഹ്ലാദം. തന്റെ പ്രാർത്ഥനയുടെ ഫലമായിരിക്കും ഇത്രപെട്ടെന്ന്‌ അവൾക്ക്‌ ജയിൽമുക്തയാകാൻ കഴിഞ്ഞത്‌.

ശാന്ത ബന്ധിതയായിട്ട്‌ മൂന്നുവർഷം തികയുന്നതേയുളളു. ഇതിനകം എന്തെല്ലാം സംഭവങ്ങൾ നടന്നു? ഒന്നും അവളെ അറിയിച്ചിട്ടില്ല. അറിഞ്ഞാൽ എന്തായിരിക്കും പ്രതികരണം?

ഗോപിയുടെ ചവിട്ടേറ്റ്‌ വീണുപോയ മുത്തച്ഛൻ അക്കാരണം കൊണ്ടുതന്നെ അവശനായി പോയി. തന്റെ ചെലവിൽ മുറയ്‌ക്കു ചികിത്സ നടത്തിയെങ്കിലും പ്രായാധിക്യം മൂലം ഫലമൊന്നും ലഭിച്ചില്ല.

ഒരു വർഷത്തോളം കട്ടിലിൽ നിന്നിറങ്ങാതെ കിടന്നു. പിന്നീട്‌ കൂടുതൽ ആരേയും കഷ്‌ടപ്പെടുത്താതെ ആ നല്ല മനുഷ്യൻ അന്ത്യശ്വാസം വലിച്ചു.

ശവസംസ്‌കാരച്ചടങ്ങിലും തന്റെ സാന്നിധ്യമുണ്ടായിരുന്നു.

ഏകാകിനിയായ കല്യാണിയമ്മയ്‌ക്ക്‌ ആശ്രയമായി പരീത്‌ രാവും പകലും കൂട്ടുനിന്നു. പരീതിന്റെ പേരിൽ ഇടക്കിടയ്‌ക്ക്‌ താൻ പണമയച്ചുകൊണ്ടിരുന്നു.

ഒരുനാൾ പരീതിന്റെ കത്തുവന്നു. കത്തിനു പിറകെ ആളും വന്നു.

“തനിക്കു കിട്ടുന്ന ശമ്പളം കൊണ്ട്‌ രണ്ടുപേർക്ക്‌ ഒരുവിധം കഴിഞ്ഞുക്കൂടാമെന്നും, കല്യാണിയമ്മയെ പട്ടിണിക്കൂടാതെ പോറ്റാൻ തനിക്കു കഴിയുമെന്നും, അതുകൊണ്ട്‌ ഇനി പണമയയ്‌ക്കരുതെന്നും പരീത്‌ അപേക്ഷിച്ചു. ആ നല്ല മനുഷ്യനിൽ വലിയ മതിപ്പുതോന്നി. രജിസ്‌റ്റർ കച്ചേരിയിൽവച്ച്‌ പരീതി​‍െൻയും കല്യാണിയമ്മയുടെയും വിവാഹം കഴിഞ്ഞ വിവരം ഈയിടെ അറിയാൻ കഴിഞ്ഞു. പരീതിന്റെ കത്തിലൂടെയാണ്‌ അക്കാര്യവും അറിഞ്ഞത്‌.

അതിനുശേഷം പലപ്പോഴും ശാന്തയെ കണ്ടു. പക്ഷേ, വീട്ടിൽ നടന്ന സംഭവങ്ങളുടെ പട്ടിക അവളുടെ മുമ്പിൽ നിരത്തുന്നതെങ്ങിനെ?

കാലത്തിന്റെ പ്രവാഹത്തിൽ താനേ അവൾ അറിഞ്ഞുകൊളളും. പ്രൊഫസർ അങ്ങിനെ ഒരു തീരുമാനമാണ്‌ കൈകൊണ്ടത്‌.

ലീവെടുത്ത്‌ പിറ്റേന്നുതന്നെ അദ്ദേഹം യാത്ര തിരിച്ചു.

സൂപ്രണ്ടിനേയും ഡോക്‌ടർ മേനോനേയും കണ്ടു. മൂന്നുനാലു ദിവസത്തിനകം ശാന്തയ്‌ക്ക്‌ മുക്തയാകാൻ ഒക്കുമെന്നും, ഇനിയെങ്കിലും ഇത്തരം അനുഭവങ്ങളുണ്ടാകാതിരിക്കാൻ വേണ്ടുന്നത്‌ ചെയ്യാൻ ശ്രദ്ധിക്കണമെന്നും സ്‌നേഹബുദ്ധ്യാ അവർ ഓർമ്മിപ്പിച്ചു.

തന്റെ പദ്ധതിയുടെ പട്ടിക പ്രൊഫസർ വിശദീകരിച്ചു.

ഒരു നല്ല സ്വത്തിന്‌ ഉടമയായ തനിക്ക്‌ ബന്ധുക്കളായി അധികം പേരില്ല. തന്റെ കാലശേഷം സ്വത്തിന്റെ സിംഹഭാഗവും ശാന്തയ്‌ക്കുളളതാണ്‌. അവളെ ഇനിയെങ്കിലും ഒരുന്നത സ്ഥാനത്തെത്തിയ്‌ക്കുകയെന്നതാണ്‌ തന്റെ ലക്ഷ്യം. വിക്‌ടർ ഹ്യൂഗോവിന്റെ ‘പാവങ്ങൾ’ എന്ന നോവലിൽ ‘കൊസത്ത്‌’ എന്ന പെൺകിടാവിനെ രക്ഷിച്ച ഴാങ്ങ്‌വാൽ ഴാങ്ങിന്റെ മനോഭാവമാണ്‌ ഇന്നു തനിക്കുളളതെന്ന്‌ പറഞ്ഞപ്പോൾ, ഡോകടർ മേനോനും സൂപ്രണ്ടും, പ്രൊഫസർ കൃഷ്‌ണപിളളയിൽ ഒരു പുണ്യവാളന്റെ രൂപം ദർശിച്ചു.

നാട്ടിലേയ്‌ക്ക്‌ ഇനി അവളെ പറഞ്ഞുവിടുന്നില്ലെന്നും പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ അടുത്തവർഷം അതിന്‌ പ്രേരിപ്പിക്കണമെന്നും അതുവരെ താമസസ്ഥലത്തിനടുത്തുളള കൺസ്യൂമർ സ്‌റ്റോറിൽ ഒരു ജോലി തരമാക്കി അവളുടെ വിരസതയകറ്റണമെന്നുമാണ്‌ പ്രൊഫസറുടെ പ്ലാൻ.

അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിക്ക്‌ ഡോക്‌ടർ മേനോനും സൂപ്രണ്ടും ഭാവുകം നേർന്നു.

ഡോക്‌ടർ മേനോനുമൊന്നിച്ചാണ്‌ പ്രൊഫസർ ചെന്ന്‌ ശാന്തയെ കണ്ടത്‌. ഒരാഴ്‌ചക്കുളളിൽ താൻ മോചിതയാകുമെന്ന വിവരമറിഞ്ഞപ്പോൾ അവളുടെ മുഖം തെളിഞ്ഞു. പെട്ടെന്ന്‌ ഇരുളുകയും ചെയ്‌തു.

ആ മാറ്റം ശ്രദ്ധിച്ച ഡോക്‌ടർ മേനോൻ ആശ്വസിപ്പിച്ചു.

‘ദുർഘടങ്ങളെല്ലാം തീർന്നു കുഞ്ഞേ… കഴിഞ്ഞതെല്ലാം മറക്കുക. ഈശ്വരനേയും നിന്റെ വളർത്തച്ഛനായ ഈ വലിയ മനുഷ്യനേയും അനുസരിച്ചു ജീവിക്കുക.”

മൃദുവായി ചിരിച്ചുകൊണ്ട്‌ ഡോക്‌ടർ വാർഡിലേക്ക്‌ നീങ്ങി. ശാന്തയുടെ മനസ്സു പറഞ്ഞു.

“കൃഷ്‌ണപിളളസാർ വളർത്തച്ഛൻ മാത്രമല്ല.. തന്റെ പിതാവും ഈശ്വരനും എല്ലാം അദ്ദേഹം തന്നെയാണ്‌.”

പ്രൊഫസർ പറഞ്ഞു.

“തിങ്കളാഴ്‌ച രാവിലെ ഞാൻ വരാം കുഞ്ഞേ… രാത്രി വണ്ടിക്കുതന്നെ പുറപ്പെടാം.”

ശാന്ത തലകുലുക്കി.

“ഇവിടന്നു ചെന്നാൽ വീട്ടിലേയ്‌ക്കൊന്നും പോകണമെന്നില്ല. ലേഡീസ്‌ ഹോസ്‌റ്റലിൽ താമസിക്കാം. കൺസ്യൂമർ സ്‌റ്റോറിൽ നിനക്കൊരു ജോലി ശരിയാക്കുന്നുണ്ട്‌.”

“അമ്മയേയും മുത്തച്ഛനേയും ഒന്നു കണ്ടിട്ട്‌.”

ശാന്ത വാചകം മുഴുമിപ്പിച്ചില്ല. കൃഷ്‌ണപിളളസാറിന്റെ മുഖം മങ്ങുന്നത്‌ അവൾ ശ്രദ്ധിച്ചു.

അദ്ദേഹത്തിന്‌ ഇഷ്‌ടമല്ലായിരിക്കുമോ? ഇത്രയും നാളുകൾക്കുളളിൽ വീടിനെക്കുറിച്ചും വീട്ടിലുളളവരെക്കുറിച്ചും ഒരക്ഷരം പോലും സാറ്‌ സംസാരിക്കാതിരുന്നതും അതുകൊണ്ടായിരിക്കണം.

മൗനം പാലിച്ചു നിൽക്കുന്ന സാറിനെ അവൾ ശ്രദ്ധിച്ചു.

ഒടുവിൽ അദ്ദേഹം പറഞ്ഞു.

“വീട്ടിൽ ഇനി നീ പോകേണ്ട ശാന്തേ.”

മിഴിച്ചു നോക്കി.

പ്രൊഫസർ തുടർന്നു.

“നിന്നെ വിഷമിപ്പിക്കരുതെന്ന്‌ കരുതി ഇതുവരെ പറഞ്ഞില്ലെന്നേയുളളു. രണ്ടുവർഷത്തിനുമുൻപ്‌ മുത്തച്ഛൻ മരിച്ചു. നിന്റെ അമ്മ ഇന്ന്‌ പരീതിന്റെ ഭാര്യയാണ്‌. അവരുടെ വിവാഹം കഴിഞ്ഞു.”

ശാന്ത ശബ്‌ദിച്ചില്ല. കൈകൾ ജയിലഴികളിൽ ബലമായി പിടിച്ചു. മുഴക്കംപോലെ കൃഷ്‌ണപിളളസാറിന്റെ ശബ്‌ദം കേട്ടു കൊണ്ടിരുന്നു.

“നിനക്ക്‌ ഞാനുണ്ട്‌. ഒരച്ഛനെപോലെ നിന്നെ ഞാൻ സ്‌നേഹിക്കും.”

ശാന്ത കരഞ്ഞില്ല. അവൾക്ക്‌ കണ്ണീരില്ലായിരുന്നു. വേദനയൊതുക്കാനാകാതെ വന്നപ്പോൾ മിഴികൾ പൂട്ടി ഇരുമ്പഴികളിൽ അവൾ നെറ്റിയമർത്തി.

Generated from archived content: choonda60.html Author: sree-vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅൻപത്തിയെട്ട്‌
Next articleഅറുപത്തിരണ്ട്‌
അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. ഭാര്യ ഃ എം.കെ. വിലാസിനി മക്കൾ ഃ പൊന്നൻ, പൊന്നി. 1992 മെയ്‌ 22ന്‌ അനന്തരിച്ചു. നാടകങ്ങൾ ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ. പുരസ്‌കാരങ്ങൾ 1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English