കഞ്ഞി കുടിച്ചുകൊണ്ടിരുന്നപ്പോൾ പടിയ്‌ക്കൽ ഒരു കാറുവന്നു നില്‌ക്കുന്ന ശബ്‌ദം. കല്യാണിയമ്മ എഴുന്നേറ്റ് കൈകഴുകി.
നാലഞ്ചുപേർ കാറിൽ നിന്നിറങ്ങി വീടിനെ ലക്ഷ്യമാക്കി നടന്നു. ആഗതരെ പകപ്പോടെ നോക്കിനിന്ന കല്യാണിയമ്മയോട് അവരിൽ ഏറ്റവും പ്രായം ചെന്ന പ്രൊഫസ്സർ കൃഷ്ണപ്പിളള ചോദിച്ചു.
“ഇതല്ലേ പത്താംക്ലാസ്സിൽ പഠിക്കുന്ന ശാന്തയുടെ വീട്?”
അഭിമാനപൂർവ്വം കല്യാണിയമ്മ പറഞ്ഞു.
“അതെ; എന്റെ മോളാ ശാന്ത. ഇത്തവണ അവള് ഒന്നാമതായിട്ട് പാസ്സായിരിക്കുവാ.”
പ്രൊഫസ്സർ പുഞ്ചിരിച്ചു.
“അതറിഞ്ഞിട്ടാണ് ഞങ്ങൾ വന്നത്.”
കൂട്ടുകാരെ ചൂണ്ടി അദ്ദേഹം പറഞ്ഞു.
“ഇവരെല്ലാം പത്രപ്രതിനിധികളാണ്. ശാന്തയുടെ വിജയ വിവരമറിഞ്ഞ് അനുമോദിക്കാൻ വന്നവരാ.”
അകത്തുനിന്നും ശാന്ത ഉമ്മറത്തെത്തി. കല്യാണിയമ്മ മകളെ വിളിച്ചു.
“മോളേ, ദേ നിന്നെ കാണാൻ വന്നതാ ഇവര്. പത്രക്കാര്.”
ശാന്ത കൈക്കൂപ്പി. ആഗതരും.
“ഇരിയ്‌ക്കാമായിരുന്നു. ബഞ്ചും കസേരയും മുറ്റത്തേയ്‌ക്കിടാം.”
പ്രൊഫസ്സർ മന്ദഹസിച്ചു.
“വേണ്ട. ഇവിടെ നിന്ന് സംസാരിക്കാമല്ലോ.”
കല്യാണിയമ്മയോട് അദ്ദേഹം ചോദിച്ചു.
“എന്നെ അറിയുകില്ലായിരിക്കും…?”
കല്യാണിയമ്മ സൂക്ഷിച്ചുനോക്കി.
“ഇല്ല.”
“പുഴയ്‌ക്കക്കരെയാണ് വീട്. കോളേജിലാ ജോലി.”
കല്യാണിയമ്മയ്‌ക്കു പെട്ടെന്ന് പിടികിട്ടി.
“കുറ്റിക്കാട്ടെ കൃഷ്ണപ്പിളളസാറല്ലേ?”
പ്രൊഫസ്സർ പുഞ്ചിരിച്ചു. “അതെ.”
“ഭഗവാനേ… ഒട്ടും മനസ്സിലായില്ല.”
പ്രൊഫസ്സർ മെല്ലെ ചിരിച്ചു. “എനിക്ക് പഞ്ചസാരയുടെ ഉപദ്രവമുണ്ട്. പ്രമേഹം വന്നാൽ ഇതാണ് ഗതി.”
ശാന്ത അമ്മയെ വിളിച്ചു. ഇരുവരും കൂടി ബഞ്ചും കസേരയും മുറ്റത്തേയ്‌ക്കിട്ടു. ആഗതരെല്ലാം ഇരുന്നു.
മുരിങ്ങച്ചുവട്ടിലിരുന്ന മുത്തച്ഛൻ ആളുകളെ കണ്ടു. വടികുത്തി വേച്ചുവേച്ച് വൃദ്ധൻ പ്രൊഫസ്സറുടെ അടുത്തത്തി.
“ബീഡിയൊണ്ടോ ഒരെണ്ണം തരാൻ?”
പ്രൊഫസ്സർ നിസ്സഹായനായി. “ഇല്ലല്ലോ.”
അദ്ദേഹം കൂട്ടുകാരെ നോക്കി. അവരിൽ ഒരാൾ ചോദിച്ചു.
“ബീഡിയില്ല. സിഗരറ്റു മതിയോ.”
“വേണ്ട.”
വൃദ്ധന്റെ മുഖത്ത് അതൃപ്തി പരന്നു. വടിയും കുത്തി മുരിങ്ങച്ചുവട്ടിലേയ്‌ക്കു തന്നെ മടങ്ങി. കല്യാണിയമ്മ പറഞ്ഞു.
“ആരെ കണ്ടാലും അച്ഛൻ ബീഡി ചോദിക്കും. അരുതെന്ന് എത്ര പറഞ്ഞാലും മനസ്സിലാവില്ല.”
ആരോ പറഞ്ഞു. “കാരണവന്മാരല്ലേ? അങ്ങിനെയൊക്കെയിരിക്കും.”
പ്രൊഫസ്സർ കൃഷ്ണപിളള തങ്ങളുടെ വരവിന്റെ ഉദ്ദേശം വിവരിച്ചു. സ്‌റ്റേറ്റിൽ ഒന്നാം റാങ്കു നേടി ജയിച്ചതിന്റെ പേരിൽ ശാന്തയെക്കുറിച്ച് പത്രത്തിലെഴുതണം. ശാന്തയുടെ ഫോട്ടോയും ആവശ്യമുണ്ട്.
അമ്മയുടെ തോളിൽ പിടിച്ചുനിന്നിരുന്ന അവളോട് ഒരു പത്രപ്രതിനിധി ചോദിച്ചു.
“ഇനി എന്തു ചെയ്യണമെന്നാണ് കുട്ടിയുടെ താല്പര്യം?”
ചോദ്യം പിടികിട്ടിയെങ്കിലും പെട്ടെന്ന് ഉത്തരം പറയാൻ കഴിഞ്ഞില്ല. ശാന്ത അമ്മയെ നോക്കി. പത്രപ്രതിനിധി വിവരിച്ചു.
“തുടർന്ന് കോളേജിൽ ചേരണമെന്നോ. അതോ മറ്റുവല്ല….?”
കല്യാണിയമ്മയാണ് മറുപടി പറഞ്ഞത്.
“ജോലിയ്‌ക്കു വിടണം സാറേ. കോളേജിൽ പറഞ്ഞയയ്‌ക്കാനും പഠിപ്പിക്കാനും ഞങ്ങൾക്ക് കഴിവുണ്ടോ?”
വേദന തിരളുന്ന ആ വാക്കുകൾ പത്രക്കാരുടെ മനസ്സിൽ കൊണ്ടു. ഓരോ വർഷവും പാസ്സാകുന്ന കുട്ടികൾ ഇന്റർവ്യൂവേളകളിൽ പറയാറുളള കാര്യങ്ങൾ അവരോർത്തു.
“എഞ്ചിനീയറാകണം”
“ഡോക്‌ടറാകണം.”
“നിയമബിരുദം നേടണം.”
“ഗവേഷകനാകാനാണാഗ്രഹം.”
ഇവിടെ വിധിയുടെ ഭാരവും പേറി ഭാവിയിലേയ്‌ക്കുളള പാതയിൽ ദിക്കറിയാതെ നിരാശയോടെ നില്‌ക്കുന്നു ഒരു പെൺകുട്ടി.
Generated from archived content: choonda6.html Author: sree-vijayan