പരിസരത്തോട് ഇണങ്ങിച്ചേരാൻ മനുഷ്യനെപ്പോലെ പെട്ടെന്ന് കഴിയുന്ന മറ്റൊരു ജീവിയെയും പ്രപഞ്ചം സൃഷ്‌ടിച്ചിട്ടില്ലെന്നു തോന്നുന്നു.
വൈമുഖ്യവും വൈരാഗ്യവും വെടിയാനും അവിശ്വസനീയമാംവിധം അലിഞ്ഞുചേരാനും മനുഷ്യന് നിമിഷത്തിന്റെ അർദ്ധാംശം മതി. ആദർശങ്ങൾ ചെതുമ്പൽ കണക്കെ പൊഴിഞ്ഞു വീഴുമ്പോൾ ആദ്യമൊക്കെ അകം നൊന്തേക്കാം. പിന്നീടതും പരിചയമാകുന്നു.
നിറഭേദം വരുന്ന ഓന്തിനെപ്പോലെ മനുഷ്യൻ ചുറ്റുപാടുകളിൽ ലയിക്കുന്നു. ഡോക്‌ടർ മേനോൻ പറഞ്ഞത് ശരിയായിരുന്നു.
നാളുകൾ കഴിഞ്ഞപ്പോൾ ശാന്തയിലും ആ മാറ്റം വന്നു. സമചിത്തതയോടെ കാര്യങ്ങൾ കാണുന്ന സാധാരണക്കാരിയായി അവൾ മാറി.
സമയത്തിന് ആഹാരം കഴിക്കാനും, മുറിയിലുളളവരോടും, സന്ദർശകരോടും സംസാരിക്കാനും മടിയില്ലാതായി. വിഷാദം പുരണ്ട രീതിയിലെങ്കിലും അപൂർവ്വമായി അവൾ മന്ദഹസിക്കാറുണ്ട്.
പലതവണ പ്രൊഫസർ അവളെ സന്ദർശിച്ചു. ശാന്തയിൽ വന്ന മാറ്റം അദ്ദേഹത്തിനും ആശ്വാസമരുളി.
ചിലപ്പോൾ പ്രൊഫസർ ചിന്തിക്കാറുണ്ട്. താൻ എന്തിന് ആ പെൺകുട്ടിയെ കണ്ടുമുട്ടി?
എല്ലാ ബന്ധങ്ങളിൽ നിന്നും അകന്ന് ഏകാന്ത പഥികനായി ചരിച്ചിരുന്ന താൻ മനഃപൂർവ്വം പിടിച്ച ഒരു പുലിവാലല്ലേ വാസ്‌തവത്തിൽ ശാന്ത?
ചിന്ത അങ്ങിനെ വഴിമാറിയപ്പോൾ കനലിൽ ചവുട്ടിയപോലെ മനംപൊളളി. പലവട്ടം തന്നത്താൻ പറഞ്ഞു.
“അല്ലാ… അല്ലാ… അവൾ എന്റെ എല്ലാമാണ്. മനസ്സിന്റെ സായൂജ്യമാണ്. സിരകളിൽ അലിഞ്ഞ അനുഭൂതിയാണ്.”
വത്സലനായ ഒരു പിതാവിന്റെ വേദനയോടെ അദ്ദേഹം മിഴികൾ ഒപ്പി.
ശാന്തയുടെ സുഖവിവരം തിരക്കി അദ്ദേഹം സൂപ്രണ്ടിനും ഡോക്‌ടർക്കും കത്തുകൾ എഴുതും.
അവരിരുവരും അവളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് എന്ന മറുപടി വായിച്ച് പ്രൊഫസർ സമാധാനിക്കും.
ഒരുനാൾ ജയിൽ സന്ദർശനവും കഴിഞ്ഞ് പ്രൊഫസർ മടങ്ങിയപ്പോൾ പുതുതായി മുറിയിലെത്തിയ പേരൂർക്കടക്കാരി തടവുപുളളി ശാന്തയോട് തിരക്കി.
“ആര് കുഞ്ഞേ ആ വന്നുപോയത്?”
ചോദ്യം കേട്ട് ശാന്ത തിരിഞ്ഞുനോക്കി. അവളുടെ മിഴികൾ ഈറനായിരുന്നു.
ആ സ്‌ത്രീ ചോദിച്ചു.
“അല്ലാ കരയുന്നാ? വാ… ചോദിക്കട്ട്..”
അവരുടെ സമീപത്ത് ശാന്തയിരുന്നു.
“വന്നിട്ട് പോയതാര്? അച്‌ഛനാ?”
“അല്ലാ.”
“പിന്നാര്? മാമനാ?”
“അതെ.”
‘മാമന്റെ ജോലി എന്തിര്?“
”കോളേജിൽ പഠിപ്പിക്കുന്നു. പ്രൊഫസറാണ്.“
”ഓ… അപ്പ നിങ്ങള് വെല്യകുടുംബക്കാര് തന്നേ?“
പേരൂർക്കടക്കാരി ചിരിച്ചു. ശാന്തയ്‌ക്ക് മന്ദഹസിക്കാൻ പോലും കഴിഞ്ഞില്ല. കരളിൽ ഈർച്ച വാൾ വലിക്കുന്നതുപോലെ. കണ്ണുകൾ വീണ്ടും വഴിഞ്ഞൊഴുകി.
”എന്തിന് കുഞ്ഞേ സങ്കപ്പെടണത്? നാലുവർഷം കഴിഞ്ഞ് പുറത്തുപോകാമല്ല്.“
പേരൂർക്കടക്കാരി തുടർന്നു.
”മോള് എന്നെ നോക്ക്. പതിന്നാല് കൊല്ലം കഴിഞ്ഞാലെ എനിക്ക് നാടുകാണാൻ പറ്റൂ. അപ്പോഴേക്കും വയസ്സ് അമ്പത്തിരണ്ട് കഴീം.“
ശാന്തയിൽനിന്ന് അത്ഭുതസ്വരമുയർന്നു.
”പതിന്നാല് കൊല്ലമോ?“
”എന്തിര്? അതിശയിച്ചാ?“
പേരൂർക്കടക്കാരി ചില്ലുതകരുന്നതുപോലെ ചിരിച്ചു.
”രണ്ടു കേസിലും കൂടി ഇരുപത്തിയഞ്ച് വർഷം ശിക്ഷിച്ചു. പതിന്നാലും പതിനൊന്നും. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനെക്കൊണ്ട് മെച്ചം കിട്ടി.“
വീണ്ടും അവർ ചിരിച്ചു.
”ചേച്ചി ചെയ്‌ത കുറ്റമെന്ത്?“
തിമിർത്ത ആഹ്ലാദത്തോടെ അവർ പറഞ്ഞു.
”ഭർത്താവിനെ കൊന്നു…. അയാളുടെ രഹസ്യക്കാരിയേയും വെട്ടി. കുഞ്ഞിന് അബദ്ധം പിണഞ്ഞതല്ല്? ഞാൻ മനഃപൂർവ്വം കൊന്നതുതന്നെ. ഒമ്പതു കുത്തുകുത്തി. രണ്ട് കുത്ത് രഹസ്യക്കാരിക്കും കൊടുത്ത്. ഉടുതുണിയില്ലാണ്ട് അവള് എഴുന്നേറ്റ് ഓടിക്കളഞ്ഞ്. പക്ഷേ, ഫലമെന്ത്? ആശുപത്രീകെടന്ന് അവള് ചത്ത്…“
പേരൂർക്കടക്കാരി സ്വയം മറന്ന് ചിരിച്ചു. ആ ചിരിയുടെ മുഴക്കം കേട്ട് ശാന്തയ്‌ക്ക് പേടിതോന്നി.
Generated from archived content: choonda59.html Author: sree-vijayan