അസ്വസ്ഥമനസ്സോടെ വീട്ടിലെത്തിയപ്പോൾ അമ്മയും മുത്തച്ഛനും ഉമ്മറത്തുണ്ടായിരുന്നു. മുത്തച്ഛൻ ചോദിച്ചു.
“അവനെ കണ്ടോ മോളേ?”
“ഇല്ല മുത്തച്ഛാ.”
“ഇവിടെ വന്നിരുന്നു. നിന്നെ തിരക്കി ഗോവിന്ദൻനായരുടെ സ്ഥലത്തേക്ക് പോയിട്ടുണ്ട്.”
ഒന്നും മിണ്ടാതെ അകത്തേക്ക് കടന്നു. കട്ടിലിലേക്ക് തളർന്നു വീഴുകയായിരുന്നു.
ക്രൂരമായ അനുഭവം.
നേരം വെളുത്തിട്ടുവേണം, ചതിയനായ ഗോവിന്ദൻനായരുടെ ചെയ്‌തികളെക്കുറിച്ച് ഗോപിയെ പറഞ്ഞറിയിക്കാൻ. അറിഞ്ഞാൽ അക്രമം വല്ലതും കാണിച്ചാലോ?
ഒന്നും പറയാതിരിക്കുന്നതല്ലേ ഭംഗി? ഗുരുവായൂരപ്പന്റെ കാരുണ്യം കൊണ്ട് അപകടമൊന്നും പറ്റിയില്ലല്ലോ.
അല്പം വൈകിയിരുന്നെങ്കിൽ കാമവെറിപൂണ്ട ആ കിളവൻ കാട്ടാളൻ തന്നെ നശിപ്പിക്കുമായിരുന്നു. ഗുരുവായൂരപ്പന്റെ കടാക്ഷം തന്നെ.
വസ്‌ത്രാക്ഷേപവേളയിൽ പാഞ്ചാലിയുടെ മാനം കാത്ത ഭഗവാൻ ഇന്ന് തന്നെയും രക്ഷിച്ചിരിക്കുന്നു.
പുഴയ്‌ക്കക്കരെ ഓട്ടുക്കമ്പനിയിൽ നിന്നും സൈറൺ മുഴങ്ങി. മണി ഒമ്പതു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഇതുവരെ വന്നില്ലല്ലോ? തന്നെ അന്വേഷിച്ച് നടക്കുകയായിരിക്കുമോ?
ഗോവിന്ദൻ നായരെന്ന നീചൻ എന്തു പറഞ്ഞുകൊടുത്തു കാണുമോ ആവോ?
കാൽപെരുമാറ്റം കേട്ട് തലയുയർത്തി നോക്കി.
അമ്മ ചോറുവിളമ്പി മേശപ്പുറത്തുവച്ചിട്ട് ഒരക്ഷരം മിണ്ടാതെ മടങ്ങിപ്പോയി. എന്തിനാണ് ചോറ്? വിശപ്പ് മറന്നുപോയിരിക്കുന്നു. അല്ലെങ്കിൽത്തന്നെ വെളുത്ത ചോറും കറുത്ത മനസ്സും… അവൾ തലയിണയിലേക്ക് കവിളമർത്തി നിശ്ചലം കിടന്നു.
************************************************************************
അട്ടഹാസം കേട്ടപ്പോൾ എൻജിനീയർ സ്വാമി പിടഞ്ഞെഴുന്നേറ്റ് ലൈറ്റിട്ടു.
വരാന്തയിൽ വിയർത്തു കുളിച്ചു നില്‌ക്കുന്ന ഗോപിയെ ജനലിലൂടെ കണ്ടു.
ഉളെളാന്നു കാളി.
ഗോപി, പുറത്തെ കതകിൽ ആഞ്ഞു ചവിട്ടുകയാണ്.
മാറിമാറി, ഗോവിന്ദൻനായരേയും, ശാന്തയേയും പേരു പറഞ്ഞു വിളിക്കുന്നു. പുറത്തേക്ക് ഇറങ്ങിവരാൻ ആജ്ഞാപിക്കുന്നു. കുത്തിമലർത്തുമെന്ന് ആക്രോശിക്കുന്നു.
കയ്യിൽ നിവർത്തിപ്പിടിച്ച പിച്ചാത്തിയുണ്ട്. മൂക്കറ്റം കുടിച്ച് തരിമ്പിന് വെളിവില്ലാത്ത പ്രകൃതം. കിഴവന്റെ നല്ലാത്മാവ് കത്തി.
ജനലിനപ്പുറത്തുനിന്ന് സ്വാമി പേടിയോടെ ചോദിച്ചു.
“എന്തിനാണ് ബഹളം വെയ്‌ക്കുന്നത്? ഗോപിക്കെന്തു വേണം?”
അപ്പോഴാണ് ഗോപി സ്വാമിയെ കണ്ടത്. അവൻ പറഞ്ഞു.
“വാതിൽ തുറക്ക്.”
“എന്തിന്? ഫോർ വാട്ട് ഗോപീ?”
“എന്റെ ഭാര്യയെ ഗോവിന്ദൻ നായരെന്ന പട്ടി ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവന്നു.”
“സരിയാണ്. വന്ന ഉടനെ അവർ പോവുകയും ചെയ്തല്ലോ?”
“എങ്ങോട്ട്?”
നയജ്ഞനായ സ്വാമി ബുദ്ധിപൂർവ്വം സംസാരിച്ചു.
“ശാന്ത ഇപ്പോൾ വീട്ടിലെത്തിയിട്ടുണ്ടാവും. പാവം കുട്ടി. ഗോപിയുടെ കാര്യം പറഞ്ഞ് അവർ ഒരുപാട് കരഞ്ഞു. എനിക്കും സങ്കടം വന്നു. കഴിവുളള എല്ലാ സഹായവും ചെയ്യാമെന്ന് പറഞ്ഞ് നാൻ അപ്പോഴേ അവളെ പറഞ്ഞയച്ചു. അകത്തേയ്‌ക്കുപോലും വിളിച്ചില്ല.”
ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു. അതിനുശേഷം ബ്ലഡ് പ്രഷർ രോഗിയെപ്പോലെ സ്വാമി നിന്നു കിതച്ചു.
പട്ടര് പറയുന്നത് സത്യമായിരിക്കുമോ? അപ്പോൾ പിന്നെ ഗോവിന്ദൻനായർ അവളെ എന്തിനിവിടെ വിളിച്ചുകൊണ്ടുവന്നു?
“എന്നോടു കളളം പറയരുത്. എന്റെ ഭാര്യ നിങ്ങളുടെ മുറിയിലുണ്ട്.”
“ഇല്ല ഗോപീ….വേണമെങ്കിൽ നാൻ വാതിൽ തുറക്കാം. വന്നു നോക്കിക്കൊളളൂ.”
ഗോപിക്ക് വിശ്വാസമില്ലെന്ന് ഭാവം തെളിയിച്ചു. സ്വാമി മറ്റൊരടവ് പ്രയോഗിച്ചു.
“ഗോവിന്ദൻ നായരെ ഇന്ന് ഇക്കാര്യത്തിൽ നാൻ കുറെ വഴക്കു പറഞ്ഞു. കാരണം, ശാന്തമ്മ മഹാലക്ഷ്‌മിയാണ്. അവളെ കണ്ടപ്പോൾ എന്റെ ഒറു മഹളെപ്പോലെയാണ് എനിക്കു തോന്നിയത്. ഈ വഹയ്‌ക്ക് ആ പെൺകുട്ടിയെ വിളിച്ചുകൊണ്ടുവന്ന തന്റെ കരണക്കുറ്റിയ്‌ക്ക് അടിക്കേണ്ടതാണെന്ന് ഗോവിന്ദൻ നായരുടെ മുഖത്തു നോക്കി എനിക്ക് പറയേണ്ടിവന്നു.”
സ്വാമി, രംഗബോധമുളള ഒരു നടന്റെ കഴിവു പ്രകടിപ്പിച്ചു.
“ഗോപി അകത്തേക്കു വരൂ… അല്പം ഇരുന്നിട്ടു പോകാം.”
ആ ക്ഷണം ഗോപി സ്വീകരിച്ചില്ല. തെല്ലുനേരം ചിന്തിച്ചു നിന്നിട്ട് ഒന്നും മിണ്ടാതെ അവൻ മുറ്റത്തേക്കിറങ്ങി.
ഒരു കൊടുങ്കാറ്റ് ശമിച്ച ആശ്വാസത്തോടെ എൻജിനീയർ സ്വാമി ജനലടച്ചു പുറംതിരിഞ്ഞ് ചുമരിൽ ചാരിനിന്ന് ‘മുരുകാ’….പഴനിയാണ്ടവാ…“ എന്ന് നിശ്വസിച്ചു.
************************************************************************
സർപ്പക്കാവിലെ പാതിരാപ്പുളളുകൾ മത്സരിച്ച് അപശബ്‌ദം മുഴക്കുമ്പോൾ അസ്വസ്ഥ ചിന്തകളോടെ ജനലഴികളിൽ പിടിച്ചുകൊണ്ട് ശാന്ത വെളിയിലേക്ക് കണ്ണുംനട്ട് നില്‌ക്കുകയായിരുന്നു.
ആകാശമേലാപ്പിലെ പാതിത്തേഞ്ഞ ചന്ദ്രബിംബം തന്റെ ഹൃദയത്തിന്റെ പ്രതീകമായി തോന്നി.
അമ്പിളിക്ക് ആശിക്കാനെങ്കിലും വഴിയുണ്ട്. ദിനരാത്രങ്ങൾക്ക് ശേഷമെങ്കിലും സ്വന്തം രൂപം തിരിച്ചു കിട്ടുമല്ലോ?
പക്ഷേ, തന്റെ നിലയെന്ത്?
ഇതുവരെ ഓരോന്ന് സംഭവിക്കുമ്പോഴും മറ്റൊന്ന് പ്രതീക്ഷിക്കാനുണ്ടായിരുന്നു. ഇനി എന്താണ് പ്രതീക്ഷ?
പിറന്നു. ഓർമ്മ വയ്‌ക്കുന്നതുവരെ എങ്ങിനെയോ വളർന്നു. തിരിച്ചറിവു വന്നപ്പോൾ ചുറ്റുപാടുകൾ മനസ്സിലായി.
കരുവാന്റെ പറമ്പിലെ മുയലിനെപ്പോലെയായിരുന്നു. എപ്പോഴും നടുക്കം. അർത്ഥമുളള നടുക്കം.
അപ്രതീക്ഷിതമായി കൃഷ്‌ണപിളളസാറിനെ കണ്ടുമുട്ടിയപ്പോൾ… ഒരു വഴിത്തിരിവുണ്ടായതാണ്. ഉന്നതിയിലേക്കുളള സുഗമമായ പാത തെളിഞ്ഞു വന്നതാണ്. കുറെ യാത്രയും ചെയ്‌തു. പക്ഷേ, ദുർവിധി അവിടേയും വിട്ടകന്നില്ല. വഴുതിവീണത് യാത്രയാരംഭിച്ചിടത്തേക്കുതന്നെയായിരുന്നു.
അമിതമോഹങ്ങളെ ഉപേക്ഷിച്ച് വീണ്ടും സാധാരണക്കാരിയായി മാറി. ഉളള സൗകര്യങ്ങളെ ചിട്ടപ്പെടുത്തി സംതൃപ്‌തി നേടുവാൻ ശ്രമിച്ചു. എന്നിട്ടും രക്ഷയെവിടെ?
ശിരസ്സിനുമുകളിൽത്തന്നെ വെളളിടി വീശി. ഇപ്പോൾ എല്ലാം കരിഞ്ഞു വീണിരിക്കുന്നു. കാൽക്കീഴിൽ ഭൂമി പിളർന്നിരിക്കുന്നു. വിടവുകൾ വലുതാവുകയേ ഇനി വേണ്ടൂ… പാതാളഗർത്തത്തിലേക്ക് എന്നെന്നേയ്‌ക്കുമായി നിപതിക്കാം.
ആവുന്നത്ര വേഗം തന്റെ ജീവിതം ഒന്നൊടുങ്ങിക്കിട്ടിയിരുന്നെങ്കിൽ…!
ആവൂ… ഈശ്വരാ…!
ജനലഴികളിൽ കവിളമർത്തി ശാന്ത നിന്നു.
വാതിൽ തളളിത്തുറന്ന ശബ്‌ദം കേട്ടപ്പോൾ ഒന്നു പകച്ചു. കതകടയ്‌ക്കാൻ മറന്നുപോയ കാര്യം പെട്ടെന്നോർത്തു.
ഗോപി അകത്തേയ്‌ക്കു കയറി. വികൃതമായ വേഷം. മദ്യത്തിന്റെ രൂക്ഷഗന്ധം. വീണ്ടും ശപഥം തെറ്റിച്ചിരിക്കുന്നു. പേടിപ്പിക്കുന്ന ചോരക്കണ്ണുകൾ….
മുഖത്തേയ്‌ക്കു തറപ്പിച്ചു നോക്കിയപ്പോൾ ശാന്ത പതറി. നെഞ്ചിനുളളിൽ കനത്ത നെല്ലുകുത്ത്!
ഉഗ്രമായ ആജ്ഞയുയർന്നു. ഗോപി ഗർജ്ജിക്കുകയായിരുന്നു.
”വാടീ ഇവിടെ. “
വീട് നടുങ്ങിപ്പോയെന്നു തോന്നുന്നു.
പ്രജ്ഞയറ്റ് ശിലപോലെ നിന്നപ്പോൾ അവൻ കാറ്റുകണക്കെ സമീപിച്ചു.
ഠേ!… കരണം പുകഞ്ഞു. തല കറങ്ങുന്നതുപോലെ.
കടന്നുപിടിച്ച് കട്ടിലിനടുത്തേക്ക് വലിച്ചിഴച്ചു.
അവൾ ശക്തിയറ്റു വീണുപോയി.
ഉയർന്ന പാദങ്ങൾ തെരുതെരെ പുറത്തു പതിച്ചപ്പോൾ നിയന്ത്രണം വിട്ടുകരഞ്ഞുപോയി.
”അമ്മേ….“
ക്രൂരമായ ചോദ്യങ്ങൾ ഉയർന്നു.
”പറയെടീ… പട്ടരുടെ മുറിയിൽ പോയതിന് എത്ര രൂപാ കിട്ടി?… പറയെടീ…“
തുടർന്ന് കല്ലുവച്ച തെറി. ക്രൂരമർദ്ദനം.
ബഹളം കേട്ട് കല്യാണിയമ്മ ഓടിവന്നു. ഈറ്റപ്പുലിയെപ്പോലെ അവർ ചീറ്റി.
”തെണ്ടിപ്പരിഷേ… കടന്നുപോടാ… എന്റെ വീട്ടിൽനിന്ന്.“
ഗോപിയുടെ പുലഭ്യം പറച്ചിൽ അയൽക്കാരെപ്പോലും ഉണർത്തിയിരിക്കണം. കല്യാണിയമ്മയുടെ നേരെ അവൻ അലറി.
”നരകത്തളേള, മാറി നിന്നില്ലെങ്കിൽ കൊന്നുകളയും ഞാൻ..“
അമർഷത്തോടെ പിച്ചാത്തിയെടുത്ത് അവൻ കടിച്ചു നിവർത്തി. കല്യാണിയമ്മ പതറിയില്ല. അവർ മുന്നോട്ടു ചെന്നു.
”കൊല്ലെടാ.. ഞങ്ങളുടെ ചോര കുടിക്കാനല്ലേ നീ ഈ കുടുംബത്തിൽ കാലുകുത്തിയത്. ഇനി മടിക്കണ്ട… ഓരോരുത്തരെയായി നീ കൊല്ലെടാ ദ്രോഹീ…“
അതിനു മറുപടി പുറങ്കാലിന് ഒരടിയായിരുന്നു. വെട്ടിയിട്ടതുപോലെ കല്യാണിയമ്മ അലച്ചുവീണു.
ശാന്ത നടുങ്ങി.
”അമ്മേ… എന്റെ അമ്മേ..“
പിടഞ്ഞെഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് ഓടിയ അവളെ ഗോപി തടഞ്ഞുനിർത്തി.
”നിൽക്കെടീ അവിടെ.“
ശാന്ത നിന്നില്ല. അമ്മയെ താങ്ങിയെഴുന്നേല്പിച്ചപ്പോൾ മുഖത്ത് ചോര…. അവൾ ഉറക്കെ കരഞ്ഞുപോയി. ഗോപി ചീറിയടുത്തു.
മടിക്കുത്തിനു പിടിച്ച് മൃഗീയമായി വലിച്ചിഴക്കുന്ന ഗോപിയുടെ കൈകളിൽനിന്ന് രക്ഷപ്പെടാൻ പ്രാണവേദനയോടെ ശാന്ത കുതറി. പക്ഷേ ഫലിച്ചില്ല. ഇരുമ്പുമുഷ്‌ടികൾക്ക് ബലം കൂടുകയായിരുന്നു.
കല്യാണിയമ്മ ഉറക്കെ നിലവിളിച്ചു. കരച്ചിൽ കേട്ട അയൽക്കാരുടെ വിളിച്ചുചോദ്യവും പട്ടികുരയും ഭീകരാന്തരീക്ഷത്തിന് മാറ്റുകൂട്ടി.
മുറിയിലേക്ക് പ്രാഞ്ചിക്കുതിച്ചെത്തിയ മുത്തച്ഛൻ നെഞ്ചത്തടിച്ചുകൊണ്ട് ഗോപിയെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു. ഓടിയടുത്ത മുത്തച്ഛനെയും ഗോപി ചവുട്ടി വീഴ്‌ത്തി. അവന് ഭ്രാന്തിളകിയിരിക്കുന്നു.
മുത്തച്ഛന്റെ വീഴ്‌ച കണ്ട ശാന്തയും കല്യാണിയമ്മയും ഒപ്പം നിലവിളിച്ചു. ബന്ധനത്തിൽനിന്ന് മുക്തയാകുവാൻ സർവ്വശക്തിയുമെടുത്ത് ശാന്ത കുതറി. ഗോപിയെ അവൾ ആഞ്ഞുതളളി. തളളലിന്റെ ശക്തിയിൽ ഗോപിയും നിലം പതിച്ചു. കമിഴ്‌ന്നടിച്ചാണവൻ വീണത്. വീഴ്‌ചയോടൊപ്പം ഭീകരമായ ഒരലർച്ച!
ഭയത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ രക്തം ചീറ്റിയൊഴുകുന്നു. കയ്യിലിരുന്ന കത്തി വയറ്റിൽ പൂണ്ടു കയറിയിരിക്കുന്നു.
മുറിഞ്ഞുവീണ പല്ലിവാലുകണക്കെ, രക്തത്തിൽ കിടന്ന് പിടയ്‌ക്കുകയാണ് ഗോപി.
”അയ്യോ“ എന്നലറിക്കൊണ്ട് അപസ്മാര ബാധയേറ്റപോലെ ശാന്ത ഓടിച്ചെന്ന് കത്തിവലിച്ചൂരി.
ചൂടുളള ചോര പൈപ്പിൽ നിന്നെന്ന കണക്കേ മുഖത്തേയ്‌ക്കു ചീറ്റി.
കൂട്ടക്കരച്ചിലിനിടയ്‌ക്ക് അയൽക്കാരും ഓടിയെത്തി.
രക്തത്തിൽ കുതിർന്ന് കമിഴ്‌ന്നടിച്ചു കിടക്കുന്ന ഗോപിയും, കയ്യിൽ കത്തിയും ഇറുകെപ്പിടിച്ച് ബോധമറ്റു കിടക്കുന്ന ശാന്തയും…
ആരാണ് മരിച്ചത്?
ആരാണ് കൊന്നത്?
സ്തബ്ധരായി നില്‌ക്കുന്ന കല്യാണിയമ്മയും മുത്തച്ഛനും ചോദ്യരൂപത്തിലുളള ജനങ്ങളുടെ ദൃഷ്‌ടികൾക്ക് മറ്റൊരു പ്രഹേളികയായിരുന്നു.
Generated from archived content: choonda57.html Author: sree-vijayan