അൻപത്തിയഞ്ച്‌

ഉപ്പുമാങ്ങാഭരണി നീങ്ങുന്ന കണക്കേ ജനലരികിൽ ചെന്ന്‌ നീട്ടിത്തുപ്പിയിട്ട്‌ സ്വാമി തിരിച്ചുവന്നു.

സൽക്കാരത്തിനുളള ഭാവമാണ്‌.

“ഗോവിന്ദൻനായർ ഒരു കാര്യം ചെയ്യൂ… വെളിയിൽ കുട്ടികൾ ആരെങ്കിലും ഉണ്ടോയെന്ന്‌ നോക്കൂ… രണ്ടുമൂന്നു കോഫി കൊണ്ടുവരാൻ പറയൂ.”

ശാന്ത തടഞ്ഞു.

“ഒന്നും വേണ്ടാ… നേരം സന്ധ്യ കഴിഞ്ഞില്ലേ? അധികം വൈകുന്നതിനുമുമ്പ്‌…”

വാചകം പൂർത്തിയായില്ല. അതിനുമുമ്പ്‌ സ്വാമിയുടെ പൊട്ടിച്ചിരി. ശാന്ത ഭയന്നു. തന്റെ ദേഹത്ത്‌ തുപ്പൽ തെറിച്ചുവോ? സ്വാമിക്ക്‌ ഉത്സാഹത്തിമിർപ്പ്‌.

“ചെല്ലൂ ഗോവിന്ദൻ നായർ, കുട്ടികളെ കിട്ടിയില്ലെങ്കിൽ കോഫിക്ലബ്ബിൽ നിങ്ങൾത്തന്നെ ചെന്ന്‌ പറഞ്ഞാലും വിരോധമില്ല. ‘ദാറ്റ്‌ ഈസ്‌ ഗുഡ്‌ ഐ തിങ്ക്‌.”

സ്വാമിയുടെ ആജ്ഞ. ഗോവിന്ദൻനായർക്ക്‌ അർത്ഥം പിടികിട്ടി. ഞൊടിയിടയിൽ അയാൾ സ്ഥലം വിട്ടു.

ശാന്ത പരിഭ്രമിച്ചു. അസമയത്ത്‌… അന്യവീട്ടിൽ… അതും ഒറ്റയ്‌ക്ക്‌.. ആരെങ്കിലും കണ്ടാൽ?…പക്ഷേ, ധൃതിപിടിച്ചാലോ?… സ്വാമിക്ക്‌ വിരോധം തോന്നിയാലോ? പടിക്കൽ കൊണ്ടുവന്ന്‌ കലം ഉടയ്‌ക്കാൻ പാടില്ല.

ഈ നേരത്ത്‌ വരേണ്ടായിരുന്നു. രാവിലെ ഗോപി ഒരുമിച്ച്‌ വന്നാൽ മതിയായിരുന്നു.

തന്നെ തിരക്കി ഇപ്പോൾ വീട്ടിൽ ചെന്നു കാണുകയില്ലേ? കാണാതിരിക്കുമ്പോൾ പരിഭ്രമിക്കില്ലേ?

മുത്തച്ഛനിൽനിന്നും വിവരമറിയുമ്പോൾ ഗോവിന്ദൻനായരുടെ ലോഡ്‌ജിലേക്ക്‌ പുറപ്പെടും. അവിടേയും കാണാതാവുമ്പോൾ?…

എന്തു കരുതും?

ഈശ്വരാ…! എന്ത്‌ ശകുനപ്പിഴയാണിന്ന്‌ പറ്റിയിരിക്കുന്നത്‌?

ഇറങ്ങിയപ്പോൾ തന്നെ നശിച്ച കുറിഞ്ഞിപ്പൂച്ച വിലങ്ങനെ ചാടി. അപ്പോൾ തന്നെ യാത്ര വേണ്ടെന്ന്‌ വച്ചാൽ മതിയായിരുന്നു.

“ശാന്തമ്മ എന്താണാലോചിക്കുന്നത്‌? വാട്ട്‌ യു ആർ തിങ്കിംഗ്‌?” ചിരിയിൽ കുതിർന്ന സ്വാമിയുടെ ചോദ്യം. തെല്ലൊരന്ധാളിപ്പ്‌.

“ഓ…. ഒന്നുമില്ല.”

തല കുനിഞ്ഞുപോയി. തെല്ലു കഴിഞ്ഞപ്പോൾ കാൽപ്പെരുമാറ്റം കേട്ടു. ഒപ്പം വാതിലടയ്‌ക്കുന്ന ശബ്‌ദം. തലയുയർത്തി നോക്കി. സ്വാമി വാതിലിന്റെ സാക്ഷയിടുന്നു.

എന്തിന്‌? ഒറ്റഞ്ഞെട്ടൽ. അപ്പോൾ ഗോവിന്ദൻനായർ?

പിടഞ്ഞെണീറ്റു. സ്വാമിയുടെ കളളച്ചിരി.

“ഇരുന്നോളൂ… ഇരുന്നോളൂ… എല്ലാറ്റിനും ഒരു മറ വേണമല്ലോ. ഉരൽ വിഴുങ്ങിയാലും വിരൽ മറ വേണമെന്നല്ലേ പഴമൊഴി.?”

വീണ്ടും കുലുങ്ങിച്ചിരി.

ഒന്നും മനസ്സിലാകുന്നില്ല. ദയാഹർജി സമർപ്പിക്കേണ്ടിവന്നില്ല. അതിനുമുമ്പേ കുഴപ്പങ്ങൾ ഒഴിവാക്കാമെന്ന്‌ സ്വാമി സമ്മതിച്ചു. ആ സമ്മതത്തിന്‌ മറ്റെന്തെങ്കിലും അർത്ഥമുണ്ടാകുമോ? ഗോവിന്ദൻനായർ ബോധപൂർവ്വം തന്നെ ചതിച്ചതാണോ? സ്വാമി തന്റെ നേരെ നടന്നടുക്കുന്നു. മുഖത്ത്‌ വൃത്തികെട്ട ചിരി.

ശാന്ത വിഷമത്തോടെ പറഞ്ഞു.

“ഗോവിന്ദൻനായരെ കാണുന്നില്ലല്ലോ?”

സ്വാമി ഉറക്കെ ചിരിച്ചു.

“ഗോവിന്ദൻനായർ ഇനി രാവിലെയേ വരികയൊളളൂ. അതാണ്‌ അയാളുടെ പതിവ്‌.”

“ഹെന്ത്‌?” ശാന്ത ഞെട്ടി.

സ്വാമി പറഞ്ഞു.

“സ്‌റ്റൗവ്വുണ്ട്‌. കോഫി നമുക്ക്‌ ഇവിടെ ഇടാം. അതിനുമുമ്പ്‌ കുളിയോ മറ്റോ വേണമെന്നുണ്ടെങ്കിൽ ആവാം. ബാത്ത്‌റൂമിൽ ഹോട്ട്‌ വാട്ടറിനും സൗകര്യമുണ്ട്‌.”

എങ്ങോ ഒരഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. തലച്ചോറിൽ വേവും ചൂടുമുളള വെളളിടികൾ… താൻ എന്താണീ കേൾക്കുന്നത്‌? തളർന്നു വീഴുമോ?

വീഴുന്നത്‌ ഹിംസ്ര ജന്തുവിന്റെ മുൻപിലാണെങ്കിൽ? പല്ലും നഖവുമേ ശേഷിക്കൂ.

രക്ഷപ്പെടണം. ഈ പാതാളഗുഹയിൽ നിന്ന്‌ എങ്ങിനെയെങ്കിലും രക്ഷപ്പെടണം.

അതിന്‌ ശക്തിവേണം.

തളർച്ച പാടില്ല.

സ്വാമിയുടെ അന്വേഷണം. “ശാന്തമ്മയ്‌ക്ക്‌ സംഗീതത്തിൽ എങ്ങിനെയാണ്‌? കമ്പമുണ്ടോ? എട്ടരമണിക്ക്‌ ശെമ്മാങ്കുടിയുടെ കച്ചേരിയുണ്ട്‌ റേഡിയോവിൽ. ബഹുകേമമായിരിക്കും.”

ഒന്നും മിണ്ടിയില്ല. മിണ്ടുന്നതെങ്ങിനെ? മനസ്സിൽ ഇടമ്പിരി വലമ്പിരി ചിന്തകളാണ്‌.

മദം പൊട്ടിയ സ്വാമി മുരണ്ടു.

“ശാന്തമ്മ വരണം. നമ്മുടെ ബെഡ്‌റൂമൊക്കെ കാണണ്ടേ?”

അമർഷം ആളിക്കത്തി.

“കാണണം. ബെഡ്‌റൂമിൽ നീ മരിച്ചു കിടക്കുന്നതും കാണണം.”

പറഞ്ഞില്ല. ശബ്‌ദിക്കാതിരിക്കാൻ മനസ്സിനെ നിയന്ത്രിച്ചു.

കറപിടിച്ച പല്ലും കാണിച്ചുളള കടൽക്കിഴവന്റെ ചിരി.

കാമം കത്തിക്കാളുന്ന കൊലച്ചിരി.

വീണ്ടും ശൃംഗാരക്കുഴമ്പു പുരട്ടിയ, അറപ്പിക്കുന്ന ശബ്‌ദം.

“ശാന്തമ്മയെ എനിക്ക്‌ വളരെ പിടിച്ചു. പല പെൺമണികളും ഇവിടെ വന്നിട്ടുണ്ട്‌. പക്ഷേ, നിന്നെപ്പോലെ ഒറു സുന്ദരിയെ നാൻ കണ്ടിട്ടില്ല.”

അരിശം കടിച്ചമർത്തി. അഭിനയമാണിവിടെ വേണ്ടത്‌. മുഖത്ത്‌ പുഞ്ചിരി വിരിയിച്ചു.

രക്ഷപ്പെടണമെങ്കിൽ ബോധപൂർവ്വം പെരുമാറണം. എങ്ങിനെയെങ്കിലും സാക്ഷ തുറന്ന്‌ വെളിയിൽ ചാടണം.

അതിനെന്തു വഴി?

സ്വാമിയുടെ മുഖത്തു നോക്കി ആകർഷകമായി നാണം ഭാവിച്ചു. കാതരനേത്രങ്ങളാൽ അടിമുടി ഒന്നുഴിഞ്ഞു. കിളവന്റെ കരള്‌ കുളിർത്തുകാണും.

തേൻ കിനിയുന്ന അന്വേഷണം.

“ശാന്തമ്മ വെറ്റില മുറുക്കുമോ?”

വശ്യമായ ലജ്ജയോടെ മറുപടി.

“ഇല്ല.”

“എന്തിനു മുറുക്കുന്നു? തത്തമ്മ ചുണ്ടല്ലേ?…. തത്തമ്മച്ചുണ്ട്‌!”

പുകഴ്‌ത്തലും പൊട്ടിച്ചിരിയും.

ഡാവിൽ വാതിൽക്കലേയ്‌ക്കു നീങ്ങി.

“ശാന്തമ്മ എവിടെ പോകുന്നു?”

“ഒന്നു പുറത്തുപോകണമായിരുന്നു.”

“വേണ്ട വേണ്ട… എല്ലാ സൗകര്യവും ബാത്തുറൂമിലുണ്ട്‌. വെരി കൺവീനിയൻസ്‌! നാൻ കടന്നു വരുമെന്ന്‌ പേടിക്കണ്ടാ. പൊയ്‌ക്കോളൂ.”

കണ്ണിറുക്കിയ കാമച്ചിരി. ഒരിക്കൽകൂടി മുഖത്തുനോക്കി കടാക്ഷിച്ചു. കിളവൻ കാമശരമേറ്റു പുളഞ്ഞു.

ഇതിനകം കതകിന്റെ സാക്ഷ നീക്കാൻ നോക്കി. പറ്റുന്നില്ല. ബലം പ്രയോഗിച്ചിട്ടും സാക്ഷ ഇളകുന്നില്ല. അത്‌ ക്രൂരമായി ദുശ്ശാഠ്യം കാണിക്കുന്നു. പരിഭ്രമമായി. ഗുരുവായൂരപ്പാ! ഈ കുടുക്കിൽ നിന്നും രക്ഷിക്കണേ…

“കതകെന്തിനാണ്‌ തുറക്കുന്നത്‌?”

സ്വാമി അടുത്തെത്തി. വിയർപ്പിന്‌ പച്ചപപ്പടത്തിന്റെ മണം. കളഭവും കളിയടയ്‌ക്കയും കൂടിക്കലർന്ന മറ്റൊരു മിശ്ര ഗന്ധവും. അറപ്പു തോന്നി. ശാന്ത പറഞ്ഞു.

“ചെരിപ്പ്‌ പുറത്തിരിക്കുകയാണ്‌. വല്ല പട്ടിയും കടിച്ചുകൊണ്ടു പോയാലോ?”

“ശരിയാണ്‌. എങ്കിൽ ശാന്തമ്മയിരിക്കൂ. നാൻ എടുത്തുകൊണ്ടു വരാം. നിന്റെ ചെരിപ്പ്‌ ചുമക്കുന്നതും ഒരു ഭാഗ്യം തന്നെയാണ്‌.”

വൃദ്ധ ജളൂകം ’കുളുകുളു‘ എന്ന്‌ ചിരിച്ചു. ഹിടുംബന്റെ താടിയ്‌ക്കൊരു തട്ടുകൊടുക്കാൻ തോന്നി.

എങ്കിലും ആകർഷകമായി, മാദകഭാവത്തിൽ അവൾ ലജ്ജയഭിനയിച്ചുനിന്നു.

സാഹസപ്പെട്ട്‌ സ്വാമി സാക്ഷ നീക്കി. വാതിൽ മലർക്കെ തുറന്നു. നീരൊഴുക്കുപോലെ ധൃതിയിൽ ശാന്ത പുറത്തേക്ക്‌ ഇറങ്ങി.

ഒരു ശർക്കരക്കുന്നു കണക്കേ നില്‌ക്കുന്ന സ്വാമിയോടായി അവൾ പറഞ്ഞു.

“വലിയ ഉപകാരം സ്വാമി. നമുക്ക്‌ നാളെ കാണാം.”

ബ്രഹ്‌മാണ്ഡഗർദ്ദഭത്തിന്‌ കാര്യം പിടികിട്ടിയില്ല.

“ശാന്തമ്മ നിൽക്കൂ… ചെരിപ്പ്‌ ഞാൻ എടുക്കാം.”

ശാന്ത പറഞ്ഞു.

“ചെരിപ്പും കുടയുമെടുത്തോളൂ.”

അവൾ ധൃതിയിൽ മുറ്റത്തേക്കിറങ്ങി.

“വയസ്സായില്ലേ സ്വാമീ… ഇനിയെങ്കിലും ഇത്‌ അവസാനിപ്പിച്ചുകൂടെ? നിവൃത്തിയില്ലെങ്കിൽ അമ്മ്യാരെ കൊണ്ടുവന്ന്‌ കൂടെ നിർത്തൂ.”

അവൾ നേരെ പടിക്കലേക്ക്‌ നീങ്ങി. ഗേറ്റും കടന്ന്‌ ഇരുട്ടിൽ മറഞ്ഞു.

ഹിമക്കരടി അടിയേറ്റതുപോലെ സ്വാമി വരാന്തയിൽ മലച്ചുനിന്നു.

*************************************************************************

Generated from archived content: choonda56.html Author: sree-vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅൻപത്തിരണ്ട്‌
Next articleഅൻപത്തിയാറ്‌
അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. ഭാര്യ ഃ എം.കെ. വിലാസിനി മക്കൾ ഃ പൊന്നൻ, പൊന്നി. 1992 മെയ്‌ 22ന്‌ അനന്തരിച്ചു. നാടകങ്ങൾ ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ. പുരസ്‌കാരങ്ങൾ 1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English