തന്നെ തിരക്കി വർക്ക് സൂപ്രണ്ട് ഗോവിന്ദൻനായരുടെ താമസസ്ഥലത്തേക്ക് ശാന്ത പോയെന്ന് മുത്തച്ഛനിൽ നിന്ന് അറിഞ്ഞപ്പോൾ ഗോപി മൂർച്ഛിച്ചു വീണില്ലെന്നേയുളളൂ. പിടയ്‌ക്കുന്ന നെഞ്ചോടെ പടികടന്ന് വായുവേഗത്തിൽ അവൻ പാഞ്ഞു.
ബുദ്ധിപൂർവ്വം സകല ചരടുകളും കോർത്തിണക്കിയിരിക്കുകയാണ് ഗോവിന്ദൻനായർ. അനുകമ്പയുടെ പേരിൽ, തന്നെ ചതിക്കുവാനുളള കരുക്കളാണെല്ലാം. ഒരനുകമ്പയും തനിക്കാവശ്യമില്ല.
ആത്മഹത്യ ചെയ്യേണ്ടിവന്നാലും തന്റെ പ്രിയപ്പെട്ടവളെ നശിപ്പിക്കാൻ സാധിക്കുകയില്ല.
നരിമടയിലേക്ക് മാൻകുട്ടിയെ എറിഞ്ഞു കൊടുക്കുക.
അങ്ങിനെ സംഭവിച്ചാൽ, മറ്റാരെങ്കിലും അവളുടെ ശരീരത്തിൽ സ്പർശിക്കാൻ ഇടവന്നാൽ, കിഴവൻ പട്ടരേയും, ഗോവിന്ദൻനായരേയും കുത്തിമലർത്തിയേ താൻ അടങ്ങൂ… പ്രേതബാധയേറ്റ കണക്കെ ഗോപി, ഗോവിന്ദൻനായരുടെ പാർപ്പിടത്തിലെത്തി. അവിടെ ആളനക്കം പോലുമില്ല. പുറത്തുനിന്നും മുറിപൂട്ടിയിരിക്കുന്നു. ഹൃദയത്തിന്റെ ആകൃതിയിലുളള ആമത്താഴ് കതകിൽ തൂങ്ങിമരിച്ചു കിടക്കുന്നു.
നിഗമനങ്ങൾ ശരിയായി വരികയാണ്. ചതിപ്രയോഗത്തിൽ ശാന്തയെ സ്വാമിയുടെ സമീപത്ത് എത്തിച്ചിട്ടുണ്ടാകും.
പാടം കടന്ന് കുറുക്കുവഴിയെ ഓടി. തലച്ചോറിൽ ചൂളം വിളി. അപകടത്തിന്റെ ‘സൈറൻ’ ആയിരിക്കുമോ?
ഒരു കഠാരി കിട്ടിയിരുന്നെങ്കിൽ….
കുമാരന്റെ ചെറ്റപ്പുരയുടെ പടിയ്‌ക്കലെത്തിയപ്പോൾ കാലുകൾക്കു വിലങ്ങു വീണതുപോലെ. അങ്ങോട്ടു കയറിയാൽ ശപഥം ലംഘിക്കേണ്ടിവരും. ലംഘിച്ചാലെന്ത്?
ഇത്തരം സന്ദർഭങ്ങളിൽ മനസ്സമാധാനമല്ലേ വേണ്ടത്?
ഏറ്റുമുട്ടലുകൾ പ്രതീക്ഷിക്കാവുന്ന ചുറ്റുപാടുണ്ട്. ഒരുതരത്തിലും തളർന്നുകൂടാ. കരളിന് ശക്തിക്കൂടിയേ തീരൂ….
ചിന്തിക്കാൻ നേരമില്ല. നേരെ പടികടന്നുചെന്നു. കുമാരനെ വിളിച്ച് ഓർഡർ ചെയ്‌തു.
ചൂടാറാത്ത വാറ്റുചാരായം നിന്നനില്‌പിൽ ഒരുകുപ്പിയോളം അകത്താക്കി.
കുമാരൻ പോലും അതിശയിച്ചു പോയി.
“ഇതെന്തൊരു കുടി?”
തൊണ്ടയ്‌ക്കൊരു കാറൽ. മുരടനക്കിയിട്ടു കല്പിച്ചു.
“ഒരു ഗ്ലാസ്സുകൂടി വേണം.”
കുമാരന് വീണ്ടും അത്ഭുതം.
“ഇനി വേണോ?”
“വേണം.”
കൊണ്ടുവന്നു. മണ്ണെണ്ണയുടെ ചുവയുളള തീത്തൈലം. വലിച്ചു കുടിച്ചു. പുറം കൈകൊണ്ട് ചുണ്ടു തുടച്ചു. കാർക്കിച്ചു തുപ്പിയിട്ടും നാവിൽ മണ്ണെണ്ണച്ചുവ. ഞരമ്പുകളിൽ വെളിച്ചപ്പാടിന്റെ ആവേശം.
കിതപ്പോടെ തിരക്കി.
“മൂർച്ചയുളള എന്തെങ്കിലുമുണ്ടോ?”
“പിച്ചാത്തി മതിയോ?”
“മതി.”
കുമാരൻ മുറുക്കാൻ ചെല്ലത്തിൽ നിന്നും പിച്ചാത്തിയെടുത്തു നീട്ടി. അതും വാങ്ങിച്ചിട്ട് തിടുക്കത്തിൽ പുറത്തേക്ക് നടന്നു. യാത്രപോലും പറഞ്ഞില്ല.
ഒന്നും മനസ്സിലായില്ല. ആ വരവിലും പോക്കിലും പന്തിക്കേടില്ലേ? കത്തി കൊടുക്കേണ്ടായിരുന്നു. ചിന്തിച്ചപ്പോൾ കുമാരന് പരിഭ്രമമായി.
*************************************************************************
എൻജിനീയർ സ്വാമി പ്രാർത്ഥനാമുറിയിൽ നിന്നും പുറത്തേക്ക് വന്നപ്പോൾ വരാന്തയിൽ കാത്തുനിന്നിരുന്ന ഗോവിന്ദൻനായർ എഴുന്നേറ്റ് വിനയത്തോടെ തൊഴുതു.
സ്വാമി മിഴിച്ചു നിന്നുപോയി.
ഗോവിന്ദൻ നായരുടെ കൂടെ ഒരു ദേവത!
വിദഗ്‌ദ്ധനായ ചിത്രകാരൻ കലണ്ടറിൽ വരച്ച ലക്ഷ്‌മീ ഭഗവതി നേരിൽ പ്രത്യക്ഷപ്പെട്ടതാണോ? ശാന്ത കൈകൂപ്പി. നെഞ്ചിടിപ്പോടെ സ്വാമി തിരക്കി.
“ഇതാണോ ഗോപിയുടെ മിസ്സിസ്സ്?”
ഗോവിന്ദൻനായർ പറഞ്ഞു.
“അതെ. പേര് ശാന്ത.”
“വെരിഗുഡ്! വെരിഗുഡ്! പേരുപോലെത്തന്നെ ആളും!..”
ചോരക്കണ്ണുകൾ ആർത്തിയോടെ മാംസള ഭാഗങ്ങളിൽ ഉഴിച്ചിൽ നടത്തി.
“വരൂ… വരൂ… അകത്തേയ്‌ക്കിരിക്കാം.”
കുലുങ്ങിക്കുലുങ്ങി പിളുന്തത്തടി മുൻപേ നടന്നു. ഗോവിന്ദൻനായരും ശാന്തയും അനുഗമിച്ചു.
അകത്തെ മുറിയിലെ സോഫായിൽ ഇരുന്നു. വിടലച്ചിരിയിൽ കുതിർന്ന സ്വാമിയുടെ ശബ്‌ദം.
“ഇത്ര നേരത്തെ വരുമെന്ന് കരുതിയില്ല.”
ശാന്തയ്‌ക്ക് അർത്ഥം മനസ്സിലായില്ല.
ഗോവിന്ദൻനായരുടെ മുഖത്തേയ്‌ക്കു നോക്കി. നിഷ്‌ക്കളങ്കത ഭാവിച്ച് ഗോവിന്ദൻനായർ വെറും വാക്കു പറഞ്ഞു.
“ഗോപിയെ സ്വാമി രക്ഷിക്കണം.”
തുപ്പൽത്തുളളികൾ തെറിക്കുന്ന പൊട്ടിച്ചിരി.
“നാൻ പറഞ്ഞല്ലോ…. ഗോപിയുടെ കാര്യം നാൻ ഏറ്റു. ഐ ആം പ്രോമിസ്സിംഗ്.”
സ്വാമി വെറ്റിലച്ചെല്ലം കയ്യിലെടുത്തു. മിഠായി കിട്ടിയ കുട്ടിയുടെ ആഹ്ലാദത്തിമിർപ്പോടെ തുടർന്നു.
“നേരത്തെ ഗോപി ഇവിടെ വന്നിരുന്നു. നാൻ വാക്കു പറഞ്ഞിട്ടുണ്ട്. പേടിക്കണ്ടാ….നമ്മളുടെ പേനത്തുമ്പിലല്ലേ സംഗതികൾ കിടക്കുന്നത്?”
ശാന്തയുടെ കരളിൽ ഐസ് കഷണം വീണതുപോലെ കുളിർമ്മ. കരുണയ്‌ക്കുവേണ്ടി എങ്ങിനെ യാചിക്കണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഓർക്കാപ്പുറത്ത് ആശ്വാസവാക്കുകൾ.
കൃതജ്ഞതാനിർഭരമായ മിഴികളോടെ സ്വാമിയെ നോക്കി. വികൃതമെങ്കിലും പ്രായാധിക്യം കൊണ്ട് വന്ദ്യമായ മുഖം. പണ്ടുകണ്ട ഏതോ തമിഴ്‌ചിത്രത്തിൽ ഇത്തരത്തിൽ ഒരു ഹാസ്യകഥാപാത്രമുണ്ടായിരുന്നു.
ഏതു ചിത്രത്തിൽ?
ഓർമ്മയില്ല.
ഉപ്പുമാങ്ങാഭരണി നീങ്ങുന്ന കണക്കേ ജനലരികിൽ ചെന്ന് നീട്ടിത്തുപ്പിയിട്ട് സ്വാമി തിരിച്ചുവന്നു.
സൽക്കാരത്തിനുളള ഭാവമാണ്.
“ഗോവിന്ദൻനായർ ഒരു കാര്യം ചെയ്യൂ… വെളിയിൽ കുട്ടികൾ ആരെങ്കിലും ഉണ്ടോയെന്ന് നോക്കൂ… രണ്ടുമൂന്നു കോഫിക്കൊണ്ടുവരാൻ പറയൂ.”
ശാന്ത തടഞ്ഞു.
“ഒന്നും വേണ്ടാ… നേരം സന്ധ്യ കഴിഞ്ഞില്ലേ? അധികം വൈകുന്നതിനുമുമ്പ്…”
വാചകം പൂർത്തിയായില്ല. അതിനുമുമ്പ് സ്വാമിയുടെ പൊട്ടിച്ചിരി. ശാന്ത ഭയന്നു. തന്റെ ദേഹത്ത് തുപ്പൽ തെറിച്ചുവോ? സ്വാമിക്ക് ഉത്സാഹത്തിമിർപ്പ്.
Generated from archived content: choonda55.html Author: sree-vijayan