സായാഹ്നപത്രത്തിൽനിന്ന് മുഖമുയർത്തി നോക്കിയത് ശാന്തയുടെ മുഖത്തേക്കായിരുന്നു. ഗോവിന്ദൻനായർ അറിയാതെ ഒന്നു ഞെട്ടി.
നിമിഷങ്ങൾക്കുളളിൽ ജാള്യതമറച്ച് പുഞ്ചിരിയുടെ മുഖാവരണവുമണിഞ്ഞ് ചാരുകസേരയിൽ നിന്നെഴുന്നേറ്റു.
“അല്ലാ, ഇതെന്താണ് ഒറ്റയ്‌ക്ക് പതിവില്ലാതെ?”
“ഇങ്ങോട്ടു വന്നില്ലേ?”
ശാന്ത വരാന്തയിലേക്ക് കയറാതെ മുറ്റത്തുതന്നെ നിന്നു.
“ഗോപിയോ? കുറച്ചുനേരത്തെ ഇവിടന്ന് പോയല്ലോ… വരൂ… ഇരിക്കൂ..”
ശാന്ത ക്ഷമകേട് കാണിച്ചു.
“ഇരിക്കണ്ട. ഏതെങ്കിലും വീട് കിട്ടിയോ എന്നറിയാമോ?”
ഗോവിന്ദൻനായർ സൗമ്യമായി തിരക്കി.
“വീടിനെന്താണ് ശാന്തേ ഇത്ര തിടുക്കം?”
“എല്ലാം കൊണ്ടും കുഴപ്പമാണ്. മാറിത്താമസിച്ചാലെ പറ്റൂ.”
“വിവരങ്ങൾ ഗോപി പറഞ്ഞറിഞ്ഞു. ഇങ്ങിനെയൊക്കെ വന്നതിൽ ഞങ്ങൾക്കെല്ലാം വളരെ ദുഃഖമുണ്ട്.”
“ദുഃഖത്തിന്റെ കാര്യമൊന്നുമില്ല. മേലിൽ എന്റെ ഭർത്താവിനെ നിങ്ങളെല്ലാവരും കൂടി ചീത്തയാക്കാതിരുന്നാൽ മതി.” എന്ന് പറയണമെന്ന് ശാന്തയ്‌ക്ക് തോന്നി. പക്ഷേ, അതുകൊണ്ട് പ്രയോജനമെന്ത്? ദുഷ്‌കൃത്യത്തിന് വഴങ്ങുകയില്ലെന്ന് ധൈര്യമുളള ഒരാളെ ആരെല്ലാം ശ്രമിച്ചാലും വഴിതെറ്റിക്കാനാവില്ലല്ലോ?
മരത്തിന്റെ വളവും ആശാരിയുടെ കഴിവുകേടും കൂടിയാവുമ്പോൾ ഉരുപ്പടി ചീത്തയാകുന്നുവെന്നല്ലേ യാഥാർത്ഥ്യം?
മൗനം പാലിക്കുന്ന ശാന്തയോട് ഇരിക്കാൻ വീണ്ടും നിർബ്ബന്ധിച്ചു. അപ്പോഴും അവൾ ക്ഷണം നിരസിച്ചു.
“എങ്ങോട്ടു പോയെന്നറിയാമോ? വീട്ടിലേയ്‌ക്കോ, അതോ മറ്റു വല്ലയിടത്തേയ്‌ക്കോ?”
ഗോവിന്ദൻ നായരുടെ ബുദ്ധിയിൽ വെളിച്ചം വീണത് അപ്പോഴാണ്.
എൻജിനീയർ സ്വാമിയെ ഒറ്റയ്‌ക്കു കാണാൻ പോയ ഗോപി തിരിച്ച് ആ വഴി വന്നിട്ടില്ല. വീട്ടിലേയ്‌ക്കും ചെന്നിട്ടില്ലാത്ത നിലയ്‌ക്ക് കുമാരന്റെ ചെറ്റപ്പുരയിൽ അഭയം പ്രാപിച്ചിട്ടുണ്ടാകുമോ? കയ്യിൽ കാശില്ലെങ്കിലും കുമാരൻ ചാരായം കടം കൊടുക്കും.
കുടിച്ചു ലക്കില്ലാതായാൽ സ്വാമിയെ കാണുന്ന പ്രശ്‌നമേ മറന്നെന്നു വരും. ഇനിയും വൈകുന്നത് അപകടമാണ്. സ്വാമിയോട് ശാന്തയൊരുമിച്ച് ഗോപി ഇന്നു വരുമെന്ന് താൻ വാക്കും പറഞ്ഞിട്ടുണ്ട്. ഗോപിയുടെ അപകടനില ശാന്ത അറിഞ്ഞ ലക്ഷണമില്ല. അഭിമാനത്തിന്റെ പേരിൽ പറഞ്ഞു കാണുകയില്ല.
അറിയാതിരുന്നാലും ആപത്താണ്. ബുദ്ധിമതിയായ ശാന്ത വിചാരിച്ചാൽ കാര്യങ്ങൾ വേണ്ടവഴിയ്‌ക്കു നീങ്ങും.
ഭാര്യമാർ വഴി എത്രയോ പേർ സ്ഥാനമാനങ്ങൾ നേടുന്നു? ഗോവിന്ദൻനായർ തയ്യാറെടുപ്പോടെ ശാന്തയുടെ മുഖത്തേയ്‌ക്ക് നോക്കി.
“ശാന്തയിരിക്കൂ….എവിടെപ്പോയാലും ഗോപി ഇങ്ങോട്ടു വരാതിരിക്കില്ല.”
“വന്നാൽ ഞാൻ അന്വേഷിച്ചു വന്നിരുന്ന വിവരം പറഞ്ഞേയ്‌ക്ക്. നേരം വൈകിയില്ലേ, ഞാൻ പോകട്ടെ.”
“ശാന്ത പോയാൽ പറ്റുകില്ല. പണിസ്ഥലത്ത് ഗോപിക്കു സംഭവിച്ച കുഴപ്പങ്ങളെക്കുറിച്ച് ശാന്ത അറിഞ്ഞിട്ടില്ലല്ലോ ഇതുവരെ.”
“ഇല്ല. എന്താണ്?”
ഉദ്വേഗപൂർവ്വം അവൾ തിരക്കി.
വെട്ടിത്തുറന്ന് ഗോവിന്ദൻനായർ പറഞ്ഞുഃ
“ഗോപി ഒരാപത്തിൽ പെട്ടിരിക്കുകയാണ്. പോലീസ് അവനെ അന്വേഷിച്ചുകൊണ്ടുമിരിക്കുന്നു.”
“ങേ…?” നടുക്കത്തോടെ ശാന്ത തിണ്ണയിൽ ഇരുന്നുപോയി. സമയം പാഴാക്കാതെ സംഭവിച്ച അനർത്ഥങ്ങൾ ഒന്നൊന്നായി ഗോവിന്ദൻനായർ വിവരിച്ചു. ജീവച്ഛവം പോലെ ശാന്ത എല്ലാം കേട്ടുകൊണ്ടിരുന്നു.
വിവരണത്തിൽ എൻജിനീയർ സ്വാമിക്ക് ഇരയാകാൻ ശാന്ത തയ്യാറായാലേ ഗോപി രക്ഷപ്പെടുകയുളളു എന്ന രഹസ്യം ബോധപൂർവ്വം മൂടിവയ്‌ക്കാൻ ഗോവിന്ദൻനായർ മറന്നില്ല.
സ്വാമി കാരുണ്യവാനാണെന്നും, വേണ്ടപ്പെട്ടവർ ചെന്നു പറഞ്ഞാൽ അദ്ദേഹം കനിയുമെന്നും, കഴിയുമെങ്കിൽ ശാന്ത നേരിട്ടുപോയി സ്വാമിയെ കണ്ട് സങ്കടമുണർത്തിക്കുന്നത് ഗുണകരമായിരിക്കുമെന്നും അച്‌ഛന്റെ പ്രായമുളള അദ്ദേഹം ശാന്തയെ അവഗണിക്കുകയില്ലെന്നും ഗോവിന്ദൻനായർ തറപ്പിച്ചു പറഞ്ഞു. എന്തെല്ലാം നൂലാമാലകളാണ് ഒന്നിനുപുറകെ മറ്റൊന്നായി തനിക്കു നേരെ ദ്വന്ദയുദ്ധത്തിന് വരുന്നതെന്ന് ഓർത്തപ്പോൾ ഭയം കൊണ്ട് കിടിലം കൊണ്ടു.
അപകടത്തിന്റെ വക്കത്തുനിന്നുളള ഈ ബാലൻസുപിടുത്തം അവസാനിപ്പിച്ചില്ലെങ്കിൽ എന്താണ് രക്ഷ?
ഗോവിന്ദൻ നായർ പറഞ്ഞതുപോലെ എൻജിനീയർ സ്വാമിയെ പോയി കണ്ടാലോ?
ഗോപിയോട് ചോദിച്ചിട്ട് പോകുന്നതല്ലേ ഭംഗി? സമ്മതിച്ചെന്നു വരില്ല. ജയിലിൽ പൊയ്‌ക്കൊളളാമെന്ന് പറയാനും മടിക്കാത്ത സ്വഭാവമാണ്.
ഇന്നേവരെ പരിചയമില്ലാത്ത സ്വാമിയെ എങ്ങിനെ ചെന്നു കാണും? ഒരു സ്‌ത്രീയല്ലേ താൻ? മറ്റൊരു പുരുഷന്റെ മുൻപിൽ ദയാഹർജിയുമായി ചെല്ലുക!… അല്ലാതെ വേറെ എന്താണ് മാർഗ്ഗം?
സ്വാമി നല്ലവനും പ്രായാധിക്യമുളളവനുമാണെന്നല്ലേ പറഞ്ഞത്? അങ്ങിനെയെങ്കിൽ പേടിക്കാനെന്തിരിക്കുന്നു? തന്റെ കൂടെ ഗോവിന്ദൻനായരും വരാമെന്ന് സമ്മതിച്ചല്ലോ..? എങ്കിൽ പിന്നെ വൈകിയ്‌ക്കുന്നതെന്തിന്? ഇപ്പോൾത്തന്നെ പോയിട്ടു വരുന്നതായിരിക്കും നന്ന്. സന്ധ്യ കഴിഞ്ഞ നിലയ്‌ക്ക് ആരും അറിയുകയുമില്ല.
“നമുക്ക് പെട്ടെന്ന് മടങ്ങാൻ പറ്റില്ലേ?”
“തീർച്ചയായും. ശാന്ത സ്വാമിയെ കാണുക. കാര്യങ്ങൾ പറയുക. ബാക്കിയെല്ലാം ഞാനേറ്റു.”
“എന്നാൽ വേഗം പുറപ്പെടാം.”
ശാന്ത തിടുക്കം കൂട്ടി.
പ്രസരിപ്പോടെ, ഗോവിന്ദൻനായർ ഡ്രസ്സു മാറാൻ അകത്തേക്ക് പോയി.
**************************************************************************
Generated from archived content: choonda54.html Author: sree-vijayan