വെറ്റിലച്ചെല്ലത്തിനുമുൻപിൽ, സിമന്റിട്ട തറയിൽ ചടഞ്ഞിരുന്ന് റേഡിയോവിൽനിന്ന് ഒഴുകുന്ന കർണ്ണാടകസംഗീതവും ആസ്വദിച്ച് തലയാട്ടുന്ന സ്വാമി, ഗേറ്റുകടന്നു വരുന്ന ഗോപിയെ ദൂരെനിന്നു കണ്ടു.
ഒരാഴ്‌ചയായി തന്റെ ദൃഷ്‌ടിയിൽപ്പെടാതെ അവൻ കഴിച്ചു കൂട്ടുകയാണെന്നോർത്തപ്പോൾ സ്വാമിക്ക് ചിരിയൂറി. താൻ പേനയൊന്നു ചലിപ്പിച്ചാൽ മതി, ഒരു ചെറുകിട കോൺട്രാക്‌ടറുടെ ജീവിതം തുലയാൻ. അതുപോലെ മെയിൻ കോൺട്രാക്‌ടറോട് ഒരുവാക്കു പറഞ്ഞാൽ ഗോപിയെ രക്ഷപ്പെടുത്താനും കഴിയും.
കണ്ടപ്പോൾ ഗോപിയോട് അമർഷമല്ല തോന്നിയത്. സാകൂതം ആ വരവും നോക്കി സ്വാമി ഇരുന്നു. താംബൂല ചർവ്വണവും, ‘തൊരനാനാ’ രാഗവും സ്വാമിയെ ലഹരികൊളളിച്ചിരുന്നു.
മുറ്റത്തുനിന്ന് സാഷ്‌ടാംഗം തൊഴുന്ന ഗോപിയുടെ നേരെ നോക്കി പ്രസന്നഭാവത്തിൽ സ്വാമി പറഞ്ഞു.
“വരൂ… വരൂ….കേറിവരൂ..”
ഗോപി വിനീതനായി വരാന്തയിലേയ്‌ക്കു കയറി. ഒരു കുട്ടിയാന ഇളകുന്ന ബദ്ധപ്പാടോടെ സ്വാമിയും നിലത്തുനിന്നും എണീറ്റ് സോഫയിൽ അമർന്നു. മുഖത്ത് എണ്ണ പുരട്ടിയ പുഞ്ചിരിയായിരുന്നു.
കാണുന്ന മാത്രയിൽ കുരച്ചുചാടുമെന്നായിരുന്നു ഗോപിയുടെ പ്രതീക്ഷ. പക്ഷേ, വിപരീതമാണനുഭവം. വിശ്വസിക്കാനാവാത്തവിധം സ്വാമി വാത്സല്യം കാണിക്കുന്നു.
ഇതെന്തു മറിമായം…?
കസേര ചൂണ്ടി ഗോപിയോടദ്ദേഹം ഇരിക്കാൻ പറഞ്ഞു. മടിച്ചു നിന്നപ്പോൾ അടുത്തുവന്ന് നിർബ്ബന്ധിച്ച് പിടിച്ചിരുത്തുകയും ഉറക്കെ ചിരിച്ച് സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്‌തു.
തുപ്പൽതുളളികൾ ദേഹത്തു വീണിട്ടും വെറുപ്പു തോന്നിയില്ല.
സ്വാമിയുടെ സ്വഭാവമാറ്റത്തിന്റെ രഹസ്യമറിയാതെ ഗോപി മിഴിച്ചു. കഥയറിയാതെ ആട്ടം കാണുന്നമട്ടിൽ അവൻ ഇരുന്നു.
സ്വാമി കുശലാന്വേഷണങ്ങളിലേക്ക് കടക്കുവാനുളള ശ്രമമാണ്.
താൻ മൂലം സംഭവിച്ച നഷ്‌ടത്തിന് പരിഹാരം കാണുവാൻ കുറച്ചുരൂപയ്‌ക്കുവേണ്ടി ഒരാഴ്‌ചയായി അലഞ്ഞു പരാജയപ്പെട്ട കഥ-ഗോപി വിവരിച്ചു. സ്വാമി വിചാരിച്ചാലെ രക്ഷപ്പെടാൻ പറ്റൂ എന്നും, തന്റെമേൽ കരുണ കാണിക്കണമെന്നും ഗോപി കേണപേക്ഷിച്ചു.
താംബൂലരസം കടവായിലൂടൊഴുക്കി അറപ്പിക്കുന്ന രീതിയിൽ ചിരിച്ചുകൊണ്ട് സ്വാമി ആശ്വസിപ്പിച്ചു.
“ഒന്നുകൊണ്ടും വിഷമിക്കണ്ടാ… യു ഡോൺഡ്‌വറി. അപഹടമില്ലാതെ നാൻ നോക്കിക്കൊളളാം.”
സ്വാമി വീണ്ടും ചിരിച്ചു. തുപ്പൽതുളളികൾ ‘സ്ര്പേ’ ചെയ്തപ്പോൾ എഴുന്നേറ്റുപോയി തുപ്പിയിട്ട് മടങ്ങിവന്നു.
സ്വപ്‌നലോകത്തിലെന്നോണം അഹം മറന്നിരിക്കുന്ന ഗോപിയെ കൗതുകത്തോടെ സ്വാമി വീക്ഷിച്ചു.
കുരുന്നുകണ്ണുകളിൽ കാക്കപ്പൊന്നുകൾ മിന്നിക്കളിച്ചു.
“ഗോപീ….നിങ്ങൾ ചെറുപ്പമാണ്. ജോലിക്കാര്യത്തിൽ വളരെ ശ്രദ്ധിക്കേണ്ട പ്രായം. ഒരു പാലത്തിന്റെ ബീം വാർത്തത് തകരുകയെന്നുവച്ചാൽ പണനഷ്‌ടം മാത്രമല്ല….നിങ്ങളുടെ ഭാവിയെപ്പോലും അപകടത്തിലാക്കുന്ന കാര്യമല്ലേ?”
ഗോപിക്ക് മറുപടി പറയാൻ ആയില്ല. സ്വാമി തുടർന്നു.
“നിങ്ങളുടെ ചുറ്റുപാടുകൾ എനിക്കറിയാം. കാലണ കൈവശമില്ല. എന്താ… ശരിയല്ലേ?”
“അതെ.”
“അതുകൊണ്ടാ പറയുന്നത്, നിങ്ങളെപ്പോലുളള ഒരു ചെറുപ്പക്കാരൻ ഇത്തരത്തിലായാൽ പോരാ. ഇരട്ടി ലാഭമുണ്ടാക്കാൻ പറ്റുന്ന ജോലി കിട്ടിയാലും ഉപയോഗപ്പെടുത്തുകയില്ലെന്നു വന്നാൽ അതു കഷ്‌ടമാണ്.”
ഒരച്ഛന്റെ വാത്സല്യത്തോടെയുളള ഉപദേശം. ഉത്തമ സുഹൃത്തിനെപ്പോലെയുളള തെറ്റുതിരുത്തൽ.
ഇന്നേവരെ മനസ്സിൽ തോന്നിയിരുന്ന ധാരണകളെല്ലാം ആവിയായിപ്പോയി. ഇത്ര നല്ലൊരു മനുഷ്യനെക്കുറിച്ച് താൻ എന്തെല്ലാം അബദ്ധങ്ങളാണ് ധരിച്ചിരിക്കുന്നത്?
ഗോപിക്ക് അപരാധബോധം തോന്നി.
സ്വാമിയുടെ ശബ്‌ദം വീണ്ടുമുയർന്നു.
“നിങ്ങളുടെ ഒറു ‘കെയർലസ്‌നസ്’ കൊണ്ട് പതിനായിറക്കണക്കിന് റൂപായാണ് കോൺട്രാക്‌ടർക്ക് നഷ്‌ടം. അതായത് ഒരു പെരിയ ലോസ്. അറിയാമോ? പക്ഷേ, കുളപ്പമില്ല. ഇന്ന് ഫോണിൽ വിളിച്ച് നാൻ മേത്തറോട് പറഞ്ഞിട്ടുണ്ട്. ആക്‌ഷൻ ഒന്നും എടുക്കരുതെന്ന്. നിങ്ങളിൽനിന്ന് ഒന്നും വസൂൽ ചെയ്യരുതെന്ന്.”
നിറമിഴിയോടെ ഗോപി കൈകൂപ്പി.
“സ്വാമിയെ ഈശ്വരൻ അനുഗ്രഹിക്കും. ഈ കടപ്പാട് ഞാൻ ഒരിക്കലും മറക്കുകയില്ല.”
അവൻ തേങ്ങിപ്പോയി.
സ്വാമി ഉറക്കെ ചിരിച്ചു.
“കടപ്പാട് എനിക്കല്ലാ തറേണ്ടത്. വർക്ക് സൂപ്രണ്ട് ഗോവിന്ദൻ നായർക്കു കൊടുക്കൂ… അയാളാണ് നിങ്ങളുടെ കാര്യങ്ങൾ എന്നോട് വന്നു പറഞ്ഞത്. ‘ഹി ഈസ് ഏ നൈസ് മാൻ’ അയാൾ ഒറു ഉപഹാരിയാണ്.”
തുപ്പൽതുളളികൾ വീണ്ടും തെറിച്ചു വീണു.
താനറിയാതെ തനിക്കുവേണ്ടി ഗോവിന്ദൻ നായർ സ്വാമിയെ വന്നു കണ്ടിരിക്കുന്നുവെന്നോ? ഉളളിലെ കാലുഷ്യമകറ്റി അദ്ദേഹത്തെ ശാന്തനാക്കിയിരിക്കുന്നുവെന്നോ? എന്നിട്ടെന്തേ അക്കാര്യം തന്നോട് പറയാതിരുന്നത്?
അതിശയമെന്ന പൂച്ചെടിക്ക് എത്രയോ പുതിയ ഇളംചില്ലകൾ!
സ്വാമി തുടർന്നുഃ “ഗോവിന്ദൻ നായരെ നമുക്ക് തൃപ്‌തിയാണ്. ‘ഐ യാം വെരിമച്ച് പ്ലീസ്‌ഡ് അപ്പോൺ ഹിം’. നിങ്ങളുടെ എല്ലാ വിവരവും അയാൾ വിസ്തരിച്ചുതന്നെ പറഞ്ഞു. ഒറു കാര്യം ചെയ്യൂ… രാത്രി ഒമ്പതുമണിക്കുശേഷം ഇങ്ങോട്ടു വന്നാൽമതി. അല്ലെങ്കിൽ മോസമാണ്. ഒറു പെൺകുട്ടിയുമായി വറുമ്പോൾ ആരും കാണാതിരിക്കുന്നതല്ലേ നല്ലത്? ‘വാട്ട് ഈസ് യുവർ ഒപ്പീനിയൻ?”
ഷോക്കേറ്റതുപോലെ ഗോപി ഞെട്ടി. പിന്നീട് വിളറി. രക്തചംക്രമണം നിലച്ചുപോയോ? കരളിൽ എവിടെയാണ് കടന്നൽ കുത്തേറ്റത്?… ഓർമ്മവന്നപ്പോൾ സ്വാമിയുടെ വാക്കുകൾ മുഴങ്ങിക്കേട്ടു.
“എങ്കിൽ നിങ്ങൾ ചെല്ലൂ…. രാത്രി ഒമ്പതുമണിയ്‌ക്കുശേഷം കാണാം.”
സ്വാമിയോട് യാത്രപോലും പറയാതെ ഒരു പ്രേതം കണക്കെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
പല്ലുകൾ അറിയാതെ ഞെരിയുന്നുണ്ടായിരുന്നു.
ആരെയാണ് കൊല്ലേണ്ടത്?… വർക്ക് സൂപ്രണ്ട് ഗോവിന്ദൻനായരെയോ?… അതോ, പെൺവേട്ടക്കാരൻ എൻജിനീയർ സ്വാമിയേയോ?
*************************************************************************
അധോമുഖനായി കൃഷ്‌ണപിളളസാർ പടിയിറങ്ങിയപ്പോൾ ആഞ്ഞാഞ്ഞ് കല്യാണിയമ്മ തന്റെ തല ചുമരിൽ അടിച്ചു.
പുര കുലുങ്ങിയിട്ടുണ്ടാകണം. കട്ടിളയിൽ പറ്റിപിടിച്ചിരുന്ന ചിതൽമണ്ണ് പലവട്ടം നിലംപൊത്തി വീണു.
അമ്മയുടെ കരച്ചിലും പരാക്രമവും കണ്ടിട്ടും ഒരക്ഷരം മിണ്ടാതെ ശാന്ത വാതിലും ചാരി വെളിയിലേയ്‌ക്ക് ദൃഷ്‌ടിപായിച്ചു നിന്നു. മുത്തച്ഛൻ മാത്രം ദണ്ഡത്തോടെ വിളിച്ചു പറഞ്ഞു.
“കുരുത്തം കെട്ടവളേ…. തലയ്‌ക്ക് ഭ്രാന്തു പിടിക്കാനുളള പണിയാണോ നീ കാട്ടിക്കൂട്ടുന്നത്?”
“പിടിക്കട്ടെ അച്ഛാ….ഭ്രാന്തു പിടിച്ചാൽ…. അങ്ങിനെയെങ്കിലും ഒരു സമാധാനം കിട്ടുമല്ലോ.”
വിയർപ്പിൽ കുളിച്ച അവർ നിലത്ത് കാലുംനീട്ടി ചടഞ്ഞിരുന്ന് നിയന്ത്രണം വിട്ടു കരഞ്ഞു.
“മകളുടെ പിടിവാശിയാണ്. എല്ലാറ്റിനും കാരണം.”
ബന്ധം വേർപ്പെടുത്തേണ്ടതിന്റെ അനിവാര്യത പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ച കൃഷ്‌ണപിളള സാറിനെ ശാന്ത ബോധ്യപ്പെടുത്തി.
“സ്‌ത്രീയുടെ മനസ്സ് ഒരു ദേവാലയമാണ്. അവിടെ പ്രതിഷ്‌ഠിക്കുന്ന വിഗ്രഹം ഉടഞ്ഞാലും അതിന് ശക്തിയുണ്ടായിരിക്കും. മറ്റൊരു ദേവനെ പൂജിക്കാൻ ഈ ആയുസ്സിലെനിക്ക് കഴിയില്ല.”
അവളുടെ മുഖത്ത് ഹൃദയത്തിലെ എല്ലാ അക്ഷരങ്ങളും തെളിഞ്ഞുവന്നു. പ്രൊഫസർ തെറ്റു കൂടാതെ അതെല്ലാം വായിച്ചു തീർത്തു.
ബഹളം കൂട്ടിയ കല്യാണിയമ്മയെ വാക്കുകൾ കൊണ്ടാശ്വസിപ്പിച്ചിട്ട് അദ്ദേഹം യാത്ര പറഞ്ഞു. വഴിവരെ പരീതും അനുഗമിച്ചു.
ചിട്ടയിൽ ഒഴുകിക്കൊണ്ടിരുന്ന നീർച്ചാല് പെട്ടെന്ന് നിൽക്കുകയും ഇനിയെങ്ങോട്ട് ഒഴുകണമെന്ന് പിടിയില്ലാതാവുകയും ചെയ്‌ത രീതിയിലായിത്തീർന്നു ആ വീട്ടിലെ ജീവിതം.
ഓരോരുത്തരും അന്യോന്യം അപരിചിതരായി മാറിയതു മാത്രമായിരുന്നു തകരാറ്.
ഒരർത്ഥത്തിൽ ലോകത്തിന്റെ എല്ലാ കെടുതികൾക്കും കാരണവും അതുതന്നെയല്ലേ?
പരസ്പരം മനസ്സിലാക്കാനും, ചർച്ച ചെയ്യാനും, വിട്ടുവീഴ്‌ചയോടെ തീരുമാനമെടുക്കാനും, അത് പ്രാവർത്തികമാക്കാനും കഴിഞ്ഞിരുന്നെങ്കിൽ, സ്വർഗ്ഗമെന്നത് ഭൂമിയുടെ പര്യായമായി തീരുമായിരുന്നില്ലേ?
എങ്കിൽ ഘോരയുദ്ധങ്ങൾ ഒഴിവാക്കാമായിരുന്നു. ആദർശവാദികളായ പുണ്യവാന്മാർ രക്തസാക്ഷികളാകുകയുമില്ലായിരുന്നു.
അനന്തവിസ്‌തൃതമായ അണ്ഡകടാഹത്തിലെ ദുരൂഹമായ ഏതോ കോണിലെ ഒരു കേവല ബിന്ദുവായ ഭൂമിയിൽ ഇത്രയ്‌ക്കു പ്രശ്‌നങ്ങൾ കുത്തിനിറയ്‌ക്കുവാൻ വാശി കാണിക്കുന്ന ഈശ്വരനെ സ്‌നേഹസ്വരൂപനെന്ന് മനുഷ്യൻ വിശേഷിപ്പിക്കുന്നത് ഭയം കൊണ്ടായിരിക്കുമോ?
ആയിരത്തൊന്ന് ആനകളെ ഒരൊറ്റ മഞ്ചാടിക്കുരുവിൽ ഒതുക്കുന്ന സാഹസികനായ മാജിക്കുകാരനല്ലേ സാക്ഷാൽ ജഗദീശ്വരൻ?
ചിന്തകൾ പിടിവിട്ട കണക്കെ പലവഴിക്കും പാഞ്ഞുപോകുന്നു.
തേങ്ങിക്കരച്ചിലും ’വന്നക്കം പറച്ചിലും‘ അവസാനിച്ച് വീട്ടിലാകെ നിശ്ശബ്‌ദത കട്ടിപിടിച്ചപ്പോൾ ശാന്ത കട്ടിലിൽ നിന്നെഴുന്നേറ്റു. മുറ്റത്ത് മുഖം വിളറിയ അന്തിവെയിൽ പതുങ്ങിവന്ന് അപരാധിയെപ്പോലെ ഒതുങ്ങിനിന്നിരുന്നു. വാച്ചുനോക്കി- മണി അഞ്ചു കഴിഞ്ഞിരിക്കുന്നു. ഗോപി ഇതുവരെ എത്തിയിട്ടില്ല.
വർക്ക് സൂപ്രണ്ട് ഗോവിന്ദൻനായർ ഒരുമിച്ചു പോയി വാടകവീട് തിരക്കാമെന്നല്ലേ പറഞ്ഞത്?
ഒരുപക്ഷേ, ഗോവിന്ദൻ നായരുടെ പാർപ്പിടത്തിൽ ഇരുന്ന് സമയം കളയുകയായിരിക്കുമോ? സന്ധ്യയ്‌ക്കുമുമ്പേ വന്നില്ലെങ്കിൽ തകരാറാണ്. കൂട്ടുകാരുടെ പ്രേരണയ്‌ക്ക് വഴങ്ങി ശപഥം തെറ്റിച്ചാൽ? ഇന്നും കുടിച്ചുകൊണ്ടുവന്നാൽ?
ഇല്ല. അത്ര കാര്യമായിട്ടാണ് തന്റെ നെഞ്ചിൽ തൊട്ടു സത്യം ചെയ്‌തിരിക്കുന്നത്.
മരണം വരെ ഇനി മദ്യപിക്കുകയില്ലെന്നാണ് ശപഥം.
എങ്കിലും നിഴലുപോലെ കൂടെ നടന്ന് കുറച്ചുകാലത്തേക്ക് നിയന്ത്രിക്കണം. അല്പനാൾ കുടിക്കാതിരുന്നാൽ സ്വാഭാവികമായി ആസക്തി കുറയുമെന്ന് കേട്ടിട്ടുണ്ട്.
ഗോവിന്ദൻനായരുടെ താമസസ്ഥലംവരെ ഒന്നു പോയി നോക്കിയാലോ? അവിടെയുണ്ടെങ്കിൽ വിളിച്ചുകൊണ്ടു പോരാമല്ലോ? ഇല്ലെങ്കിൽ തന്നെ സന്ധ്യയ്‌ക്കുമുമ്പെ മടങ്ങിയെത്താനും കഴിയും.
കിണറ്റിൻകരയിൽ ചെന്ന് കാലും മുഖവും കഴുകി വന്ന് ധൃതിയിൽ ശാന്ത വേഷം മാറി.
നടക്കല്ലിറങ്ങിയപ്പോൾ പെട്ടെന്ന് ഓർത്തു. താൻ പോയ പിറകെ വന്നുകയറിയാലോ? എവിടെപ്പോയെന്ന് കരുതും? ആരോട് ചോദിക്കും? ചോദിച്ചാൽതന്നെ അമ്മ മിണ്ടുകയില്ല.
മുത്തച്ഛനോട് പറഞ്ഞിട്ട് പോകുന്നതാണ് നല്ലത്. അവൾ തിരിച്ചു വരാന്തയിലേയ്‌ക്ക് കയറി. മൂടിപ്പുതച്ചു കിടക്കുന്ന മുത്തച്ഛനെ വിളിച്ച് അത്യാവശ്യമായി താൻ വർക്ക് സൂപ്രണ്ട് ഗോവിന്ദൻനായരുടെ വീടുവരെ പോവുകയാണെന്നും, ഉടൻ മടങ്ങിവരുമെന്നും അതിനകം ഗോപി വന്നാൽ വിവരം പറയണമെന്നും ഏൽപ്പിച്ചിട്ട് തിടുക്കപ്പെട്ടു നടന്നു.
മുരിങ്ങാച്ചുവട്ടിൽ വളഞ്ഞുകൂടിയിരുന്ന് കുറിഞ്ഞിപ്പൂച്ച മുഖം തുടയ്‌ക്കുന്നുണ്ടായിരുന്നു. അവളെ കണ്ടമാത്രയിൽ വാലും ഉയർത്തിപ്പിടിച്ച് ഓടിവന്നു. എവിടേയ്‌ക്കെങ്കിലും യാത്ര പുറപ്പെടുമ്പോൾ കുറിഞ്ഞിയുടെ പണ്ടേയുളള സ്വഭാവമാണത്. അസത്ത് ജന്തു.
പൂച്ച വിലങ്ങനെ ചാടല്ലേയെന്ന് പ്രാർത്ഥിച്ചതേയുളളു, കുരുത്തംകെട്ട കുറിഞ്ഞി ദൂരെയെന്തോ അനക്കം കണ്ട് ഒരു നിമിഷം ശ്രദ്ധിച്ചു നിന്നതിനുശേഷം ഝടുതിയിൽ വിലങ്ങനെ ഓടിമറഞ്ഞു.
ഉളളിൽ ഒരു മിന്നൽപ്പിണർ. എങ്കിലും സ്വയം സമാധാനിച്ചു.
സാരമില്ല. വീട്ടിൽ വളർത്തുന്ന പൂച്ചയല്ലേ.
ശാന്ത പടിയിറങ്ങി.
Generated from archived content: choonda53.html Author: sree-vijayan