താൻ എത്ര വേദനിപ്പിച്ചിട്ടും തന്നെ വെറുക്കാത്ത ഭാര്യയുടെ പേരിൽ ഗോപി അഭിമാനം കൊണ്ടു.
മനുഷ്യർ ഇത്രയ്‌ക്ക് നല്ലവരാകുന്നതെങ്ങിനെ?
തേജോമയിയായ ശാന്തയുടെ മുമ്പിൽ നിവർന്നുനിൽക്കാനുളള വ്യക്തിത്വം തനിക്കുണ്ടോ?
ഊടുവഴിയിലൂടെയല്ലെങ്കിൽ ആ വിശുദ്ധ വിഗ്രഹത്തെ സ്വന്തമാക്കാൻ തനിക്കു കഴിയുമായിരുന്നോ? ആ തങ്കമേനിയിൽ സ്പർശിക്കാൻപോലും തനിക്കു പരിശുദ്ധിയില്ലെന്നോർത്തപ്പോൾ ജാള്യത തോന്നി.
അധോമുഖനായി നില്‌ക്കുന്ന ഭർത്താവിനോട് ശാന്ത അപേക്ഷിച്ചു.
“നടന്നതെല്ലാം എനിക്കുവേണ്ടി മറക്കൂ… കുറച്ചു നാളത്തേക്കെങ്കിലും നമുക്ക് ഇവിടുന്ന് മാറിത്താമസിക്കാം. അല്ലെങ്കിൽ അമ്മയും മറ്റുളളവരും ഇനിയും വല്ലതുമൊക്കെ പറഞ്ഞെന്നുവരും.”
ഗോപിക്ക് വീർപ്പുമുട്ടി. തന്നെ രക്ഷിക്കാൻ വേണ്ടി പെറ്റമ്മയിൽ നിന്നുപോലും അകന്നുനിൽക്കാൻ ശാന്ത തയ്യാറാവുന്നു. എല്ലാം അറിഞ്ഞുകൊണ്ടുതന്നെ, കുടിയനും, ദുർവൃത്തനുമായ ഭർത്താവിന്റെ കൂടെ വീടുവിട്ടിറങ്ങാൻ ഒരുമ്പെടുന്നു.
വാസ്തവത്തിൽ ‘സ്‌ത്രീ’ എന്ന പ്രതിഭാസത്തിന്റെ അർത്ഥമെന്ത്? അനന്തമായ ആകാശത്തേക്കാൾ ആഴവും പരപ്പുമില്ലേ ആ ഏകാക്ഷരത്തിന്? അമ്മയും, മകളും, സഹോദരിയും, മറ്റു പലതുമായി രൂപപ്പെടുത്താൻ കഴിയുംവിധം പ്രപഞ്ചശില്പി സൃഷ്‌ടിച്ച അത്ഭുതരൂപമല്ലേ ‘സ്‌ത്രീ’?
ശാന്ത തന്റെ യാചന വീണ്ടും ആവർത്തിച്ചു. അവളെ ആശ്വസിപ്പിക്കാനെന്നോണം ഗോപി പറഞ്ഞു.
“തിടുക്കപ്പെടാതിരിക്കൂ. സാവധാനം നമുക്കൊരു തീരുമാനമെടുക്കാം.”
ക്ഷമകേടോടെ ശാന്ത അറിയിച്ചു.
“അതുപോരാ. വൈകിയാൽ ആപത്താണ്. കൃഷ്‌ണപിളള സാർ സ്ഥലത്തെത്തിയിട്ടുണ്ട്. നമ്മുടെ ബന്ധം വേർപ്പെടുത്താൻ വേണ്ടി. അമ്മ അദ്ദേഹത്തെ ആളയച്ചു വരുത്തിയിരിക്കുകയാണ്.”
ഓർക്കാപ്പുറത്തേറ്റ ആഘാതമായിരുന്നു അത്.
“എന്നിട്ട് സാറെവിടെ?”
“അല്പം കൂടി കഴിഞ്ഞാൽ വരും. ഇന്നലെ രാത്രി ബോധമില്ലാതെ നിങ്ങൾ അദ്ദേഹത്തെ ഒത്തിരി ചീത്ത പറഞ്ഞു. വിഷമത്തോടെയാണ് സാറ് ഇവിടന്ന് ഇറങ്ങിപ്പോയത്.”
ആകാശം ഇടിഞ്ഞു വീഴുന്നതുപോലെ ഗോപിക്കു തോന്നി. എന്തൊക്കെയാണീ കേൾക്കുന്നത്? പുറംകടലിൽ ദിക്കറിയാതെ ചുറ്റിയലഞ്ഞ നാവികന് ആശിക്കാൻ വക നൽകിയ കാറ്റുവിളക്കും പൊലിഞ്ഞുപോയിരിക്കുന്നു. തന്നെ രക്ഷിക്കാൻ കെല്പുളള പിടിവളളിയും പൊട്ടിവീണിരിക്കുന്നു. തല കറങ്ങുന്നതുപോലെ തോന്നിയപ്പോൾ തളർന്നിരുന്നു പോയി. ശാന്തയുടെ വാക്കുകൾ വീണ്ടും കേട്ടു.
“സാരമില്ല. മനഃപൂർവ്വം പറഞ്ഞതല്ലെന്ന് എനിക്കറിയാം. എന്തായാലും അദ്ദേഹം വരുമ്പോൾ നിങ്ങൾ ഇവിടെ നിൽക്കണ്ടാ. എവിടെയെങ്കിലും ഒരു വീട് വാടകയ്‌ക്കെടുക്കൂ.. നമുക്കങ്ങോട്ടു മാറാം.”
ഗോപിക്കു കണ്ണീരു പൊട്ടി.
“ശാന്തേ…” അവൻ തേങ്ങി.
“കരയരുത്. ഈശ്വരനാണ് നമ്മളെ അടുപ്പിച്ചത്. ഈ ബന്ധം തകർക്കാൻ ഒരു ശക്തിക്കും ആവില്ല. എന്തു ദുരിതമനുഭവിക്കാനും ഞാൻ തയ്യാറാണ്. എപ്പോഴും എന്റെ അടുത്തുണ്ടായാൽ മാത്രം മതി.”
വിറക്കുന്ന അധരങ്ങൾ കടിച്ചമർത്തി അവൾ ദുഃഖമൊതുക്കി.
***********************************************************************
ചതിയനായ ഒരു കുറുക്കനെപ്പോലെയാണ് വിധി. അസമയങ്ങളിൽ ഇര തേടിയിറങ്ങുന്നു. പതുങ്ങിയിരിക്കുന്നു. സന്ദർഭം ശരിയല്ലെങ്കിൽ ഒരു പരാതിയുമില്ലാതെ വന്നവഴിക്കു മടങ്ങിപ്പോകുന്നു. പക്ഷേ, ആരുടേയും കണ്ണിൽപ്പെടാതെ ഒരുനാൾ ഇരയേയും തട്ടിയെടുത്ത് ഇരുട്ടിന്റെ ഗുഹയിൽ മറയുന്നു.
നേരായ മാർഗ്ഗം വിട്ട് അല്പംപോലും നടന്നുക്കൂടാ. ഒന്നു പാളിപ്പോയാൽ, ഇടർച്ച പറ്റിയാൽ, കാടുകയറിയാൽ, പതുങ്ങിനില്‌ക്കുന്ന കുറുക്കന്റെ വക്‌ത്രത്തിൽ അകപ്പെട്ടതുതന്നെ.
പഴമക്കാരുടെ ഈ നിഗമനത്തെ ന്യായീകരിക്കുംവിധത്തിലായിരുന്നില്ലേ നടന്ന സംഭവങ്ങൾ ഓരോന്നും?
കൃഷ്‌ണപിളള സാറിന്റെ സഹായം തീർച്ചയായും ലഭിക്കുമായിരുന്നു. പക്ഷേ, നിയന്ത്രണം വിട്ട മദ്യപാനം എല്ലാ വാതിലും അതിശക്തമായി അടച്ചു കളഞ്ഞു.
വർക്ക് സൂപ്രണ്ട് ഗോവിന്ദൻനായരുടെ മുറിയിൽ ഇരുന്ന് പശ്ചാത്താപവിവശനായ ഗോപി സ്വയം ശപിച്ചു.
എൻജിനീയർ സ്വാമിയെ പാട്ടിലാക്കാതെ രക്ഷപ്പെടാൻ മറ്റൊരു മാർഗ്ഗവുമില്ല. ഗോവിന്ദൻനായർ വീണ്ടും വീണ്ടും ആവർത്തിച്ച് ഓർമ്മിപ്പിച്ചപ്പോൾ അരിശമാണ് തോന്നിയത്.
വാടകവീട് അന്വേഷിച്ച് കണ്ടുപിടിക്കാമെന്നും പറഞ്ഞാണ് ശാന്തയുടെ സമീപത്തുനിന്നും ഇറങ്ങിത്തിരിച്ചത്. നാലുമണിക്കുമുമ്പേ തിരിച്ചെത്തണമെന്ന് അവൾ പ്രത്യേകം അപേക്ഷിച്ചിരുന്നു. മദ്യപിക്കരുതെന്നും.
ഇതിനകം കൃഷ്‌ണപിളളസാർ വരികയും പോവുകയും ചെയ്‌തിട്ടുണ്ടാവും. തന്നിൽ നിന്നകലാൻ ആകാത്ത ശാന്ത ഇഷ്‌ടജനങ്ങളുടെ മുഴുവൻ വെറുപ്പും സമ്പാദിച്ചിട്ടുണ്ടാകും.
പാവം പെണ്ണ്! തനിക്കുവേണ്ടി എന്തെല്ലാം ത്യാഗം ചെയ്യുന്നു?
എന്നിട്ടും രക്ഷപ്പെടാൻ തനിക്ക് കഴിയുന്നുണ്ടോ? സംഭവിച്ചിരിക്കുന്ന ആപത്തിൽനിന്ന് കരകയറണമെങ്കിൽ അതിനും ശാന്തയെ ബലിയർപ്പിക്കണമെന്നോ?
നെഞ്ചിടിപ്പിന് ശക്തി കൂടി.
സാധ്യമല്ല. ആ മഹാപാപത്തിന് ഒരിക്കലും താൻ തയ്യാറാവുകയില്ല.
ശാന്ത! അവൾ ദേവതയാണ്. ആ പവിത്രതയിൽ അഴുക്കു പുരളാൻ താൻ അനുവദിക്കുകയില്ല.
ഒറ്റയ്‌ക്കുപോയി സ്വാമിയെ കാണണം. പണിയിൽ തനിക്കുപറ്റിയ അബദ്ധങ്ങളെക്കുറിച്ച് പറയുക. ദയയ്‌ക്ക് യാചിക്കുക. വിപരീതമാണ് വിധിയെങ്കിൽ വരുന്നതെന്തും അനുഭവിക്കുക. ആ തീരുമാനത്തോടെ ഡ്രസും മാറി ഗോപി ഇറങ്ങി. ഗോവിന്ദൻനായർ തിരക്കി.
“എങ്ങോട്ടാണ്?”
“സ്വാമിയെ ഒന്നു കാണണം.”
“ഒറ്റയ്‌ക്കോ?”
“അതെ.”
ഗോവിന്ദൻനായർ എന്തോ പറഞ്ഞുവെങ്കിലും അത് ശ്രദ്ധിക്കാതെ ഗോപി നടന്നു. ഉളളിൽ നിനച്ചു. ഗോവിന്ദൻനായർ എന്തും ധരിച്ചു കൊളളട്ടെ. തനിക്ക് ഒരു ചുക്കുമില്ല. സ്വയം പറഞ്ഞു.
സ്വർഗ്ഗം കിട്ടിയാലും ശാന്തയെ നശിപ്പിക്കാൻ സാധ്യമല്ല.
Generated from archived content: choonda52.html Author: sree-vijayan
Click this button or press Ctrl+G to toggle between Malayalam and English