നാൽപ്പത്തിയൊൻപത്‌

എത്രനേരം ആ കിടപ്പുകിടന്നു? പെട്ടെന്ന്‌ മിന്നാമിനുങ്ങുപോലെ ഉളളിൽ തെളിഞ്ഞ ഒരു പ്രകാശബിന്ദു ഗോപിയെ ചിന്തയിൽ നിന്നുണർത്തി. ക്രമേണ, പ്രകാശം തിളക്കത്തോടെ വലുതാകാൻ തുടങ്ങി. അതിന്‌ കിരണങ്ങളുടെ ഇതളുകൾ മുളച്ചു. വർണ്ണങ്ങൾ മാറിമാറി വിരിഞ്ഞുവന്നു. വർണ്ണനാതീതമായ ഒരു സൂര്യകാന്തിപ്പൂപോലെ അഭൗമഭംഗിയെഴുന്ന വെളിച്ചത്തിന്റെ കവിത തുടുത്തുനിന്നു.

ഗോപിയുടെ മനസ്സിൽ ആശ പൊട്ടിവിടർന്നു. അതവന്റെ തളർച്ചയകറ്റി. ഉന്മേഷത്തോടെ ഗോപി എഴുന്നേറ്റു.

ഒരു മാർഗ്ഗം തെളിയുകയാണ്‌. വിവേകം ചൂണ്ടിക്കാട്ടുന്ന മാർഗ്ഗം. ആ വഴി നീങ്ങുന്നത്‌ ഉത്തമമായിരിക്കുമെന്ന്‌ അജ്ഞാതമായ ഒരു ശക്തി വിളിച്ചു പറയുംപോലെ തോന്നി.

തിരിച്ചും മറിച്ചും ആലോചിച്ചു നോക്കി. ശരിയാണ്‌; അതാണ്‌ നല്ലവഴി.

തന്നെക്കുറിച്ച്‌ എന്തെല്ലാം വ്യത്യസ്താഭിപ്രായങ്ങളുണ്ടെങ്കിലും ചെന്നു കാലുപിടിച്ചാൽ, കാര്യങ്ങൾ തുറന്നു പറഞ്ഞാൽ അദ്ദേഹം അവഗണിക്കുകയില്ല. താൻ നന്നാകണമെന്ന്‌ അങ്ങേയറ്റം ആഗ്രഹിക്കുന്ന ആളാണദ്ദേഹം.

സ്വന്തം സ്വത്തിലൊരു ഭാഗം ശാന്തയ്‌ക്ക്‌ നൽകാൻ തയ്യാറാണെന്ന്‌ ഒരിക്കൽ അദ്ദേഹം പറഞ്ഞത്‌ ഇപ്പോഴും ഓർമ്മയിൽ വരുന്നു. അവളുടെ ഭാവിയിൽ അദ്ദേഹത്തിന്‌ താൽപര്യമുണ്ട്‌. കണ്ണുനീർ പുരണ്ട നിവേദനവുമായി പ്രൊഫസർ കൃഷ്‌ണപിളളയെ സമീപിക്കാൻ തന്നെ ഗോപി തീരുമാനിച്ചു.

വർക്ക്‌ സൂപ്രണ്ട്‌ ഗോവിന്ദൻനായരും കൃഷ്‌ണൻകുട്ടിയും വന്നപ്പോൾ അവരോട്‌ ആലോചിച്ചു. അവർക്കും അത്‌ സ്വീകാര്യമായിരുന്നു. മുപ്പതിനായിരം രൂപ, പ്രൊഫസർക്ക്‌ ഒരു സംഖ്യയല്ല. ശാന്തയുടെ പേരിൽ അദ്ദേഹമത്‌ നൽകാതിരിക്കുകയില്ല.

അങ്ങിനെ ചിന്തിച്ചപ്പോൾ ശിരസ്സിൽ നിന്ന്‌ ഒരു വലിയ ഭാരം ഒഴിഞ്ഞതുപോലെ തോന്നി.

ദിവസങ്ങൾക്കുശേഷം സമാധാനപൂർവ്വം ഗോപി ഒന്നു നിശ്വസിച്ചു.

പിറ്റേന്ന്‌ വെളുപ്പിന്‌ തന്നെ പ്രൊഫസറെ കാണാൻ പോകണം. ആദ്യത്തെ ബസ്സിനുതന്നെ പുറപ്പെടണം.

എല്ലാം ശുഭലക്ഷണമാണ്‌.

വണ്ടിക്കൂലിക്കുളള തുക കൃഷ്‌ണൻകുട്ടി നൽകി.

വീർപ്പുമുട്ടിക്കഴിയുന്ന ദുഃഖിതനായ കൂട്ടുകാരനെ ആശ്വസിപ്പിക്കാൻ ഔഷധവുമായാണ്‌ കൃഷ്‌ണൻകുട്ടി വന്നിരുന്നത്‌.

കോർക്കു തുറന്ന കുപ്പിയിൽ നിന്ന്‌ രൂക്ഷഗന്ധത്തോടെ ഗ്ലാസുകളിലേക്ക്‌ ദ്രാവകം പകർന്നപ്പോൾ ഗോപി പറഞ്ഞു.

“എനിക്കു വേണ്ട. നിങ്ങൾ കഴിച്ചോളൂ.”

വർക്ക്‌ സൂപ്രണ്ടിന്റെ പുരികം കോടി.

“കാരണം?”

“രാവിലെ കൃഷ്‌ണപിളളസാറിനെ കാണാൻ പോകണം. വല്ല മണവുമടിച്ചാൽ… മദ്യപിക്കുന്നവരെ അദ്ദേഹത്തിനിഷ്‌ടവുമല്ല.”

“നാളെ രാവിലെയല്ലേ പോകുന്നത്‌? ഇപ്പോൾ സന്ധ്യമയങ്ങുന്നതല്ലേയുളളൂ. നീ പേടിക്കേണ്ട. മണം പൊയ്‌ക്കൊളളും. ഇനിയും കിടക്കുന്നു ദീർഘമായ മണിക്കൂറുകൾ.”

ഗ്ലാസുകൾ പലതവണ നിറയുകയും ഒഴിയുകയും കുപ്പികൾ അനാഥരായി നിലത്തുകിടന്ന്‌ ഉരുളുകയും നിശ്ചലമാവുകയും ചെയ്‌തപ്പോൾ മൂന്നുകൂട്ടുകാരും വാചാലരായി. കൊച്ചുകൊച്ചുവാക്കുകൾക്കുപോലും ആവശ്യത്തിലേറെ കനം വന്നു. തീക്ഷ്‌ണഭാവമുളള മൂന്നു ഗവേഷകരെപ്പോലെ തമ്മിൽ തർക്കിക്കുകയും, ചർച്ച ചെയ്യുകയും, തീരുമാനിക്കുകയും ചെയ്‌തതിനുശേഷം പറഞ്ഞ വിഷയം എന്തെന്നറിയാതെ വിഷമിച്ച്‌ മൂവരും മറവിയുടെ ശൂന്യതയിൽ തപ്പി വിവശരായി

മണി എട്ടുകഴിഞ്ഞപ്പോൾ ഗോപിക്കു തോന്നി, വീടുവരെ ഒന്നുപോയാലോ? ഒരാഴ്‌ചയായി അങ്ങോട്ട്‌ കടന്നിട്ട്‌. താലിമാലയുമായി പോന്നതാണ്‌.

താലിമാല നഷ്‌ടപ്പെട്ടാലും ഭാര്യയുണ്ടല്ലോ. തനിക്കു പറ്റിയ ഗതികേട്‌ ഇതുവരെ ശാന്തയെ അറിയിച്ചിട്ടില്ല. അറിഞ്ഞാൽ എന്തായിരിക്കും പ്രതികരണം? പാവം നിയന്ത്രിക്കാനാകാതെ അവൾ നിന്ന്‌ പൊട്ടിക്കരയും. വേണ്ട, അറിയിക്കേണ്ട. കൃഷ്‌ണപിളളസാറിനെ കാണാൻ പോകുന്ന വിവരം പറയണോ? അപ്പോൾ ആദ്യം മുതൽ എല്ലാം സംസാരിക്കേണ്ടി വരികയില്ലേ? വേണ്ട. ഒന്നും മിണ്ടണ്ട.

എങ്കിലും ശാന്തയെ ഒരുനോക്കു കാണുവാൻ മനം കൊതിക്കുന്നു. പക്ഷേ, അതും കുഴപ്പമായി തീർന്നാലോ? കുടിച്ചുകൊണ്ട്‌ ചെന്നുകയറി ആ സാധുവിനെ കരയിപ്പിക്കുന്നത്‌ മഹാപാപമാണ്‌.

ഇനിയൊരിക്കലും അങ്ങിനെ സംഭവിക്കാൻ പാടില്ലെന്ന്‌ താൻ സ്വയം ശപഥം ചെയ്‌തിട്ടുളളതാണ്‌.

ആ ശപഥം നിറവേറ്റണം. മദ്യപിച്ചുകൊണ്ട്‌ ഒരിക്കലും ഇനി ബന്ധുവീട്ടിൽ ചെന്നുകൂടാ. ചാർമിനാറിന്‌ തീകൊളുത്തി വായ്‌ നിറച്ചു പുകയെടുത്തിട്ട്‌ അലസമായി ഊതി.

കൂട്ടുകാർ രണ്ടുപേരും തറയിൽ കിടന്നു കഴിഞ്ഞു. ആ കിടപ്പുകണ്ട്‌ ഗോപിക്ക്‌ ചിരി വന്നു. വർക്ക്‌ സൂപ്രണ്ട്‌ കൂർക്കം വലിക്കുകയാണ്‌. ഒടുവിൽ പകർന്നുവച്ച ചാരായം അതേപടി ഗ്ലാസിലിരിക്കുന്നു. പാവം കൃഷ്‌ണൻകുട്ടിയും ഉറങ്ങിക്കഴിഞ്ഞു. അയാളുടെ ഗ്ലാസിലും പകുതിയോളം ബാക്കിയുണ്ട്‌. പണം കൊടുത്ത്‌ വാങ്ങുന്നതല്ലേ? എന്തിന്‌ വൃഥാ കളയുന്നു. ഗോപി ഒറ്റവലിക്ക്‌ രണ്ടുഗ്ലാസും കാലിയാക്കി. ചാർമിനാർ ആഞ്ഞുവലിച്ച്‌ വായിലെ രുചിക്ക്‌ മാറ്റു വർദ്ധിപ്പിച്ചു.

തലയ്‌ക്ക്‌ വല്ലാത്ത മരവിപ്പ്‌. മുറ്റത്തിറങ്ങി മൂത്രമൊഴിച്ചിട്ടു വന്നു കിടന്നുറങ്ങണം.

രാവിലെത്തന്നെ പോകേണ്ടതാണ്‌. എങ്ങോട്ട്‌?… ആലോചിച്ചു നോക്കി. ഓർമ്മ കിട്ടുന്നില്ല.

ആദ്യത്തെ ബസ്സിൽ യാത്ര തിരിക്കണം. പക്ഷേ, എവിടേയ്‌ക്കെന്നറിയാതെ എന്തുചെയ്യും?

തലപുകഞ്ഞ്‌ വീണ്ടും ചിന്തിച്ചു. ഇല്ല, ഒരു തിട്ടവുമില്ല.

എവിടെ പോകണം? എന്തിനു പോകണം? എപ്പോൾ പോകണം?

ഒരെത്തും പിടിയുമില്ല. മുറ്റത്തേക്ക്‌ വച്ച പാദങ്ങൾ നിൽക്കാതെ യാത്ര തുടരുകയാണ്‌. എങ്ങോട്ടാണ്‌ പോകുന്നത്‌? മനസ്സിലാകുന്നില്ല.

താൻ പുറപ്പെട്ടതെവിടെ നിന്ന്‌? അതും അറിഞ്ഞുകൂടാ…

ലക്ഷ്യബോധമില്ലാതെ കാറ്റിലകപ്പെട്ട അപ്പൂപ്പൻതാടിപോലെ ഒഴുകി നീങ്ങുകയാണ്‌.

പക്ഷേ, കണ്ണുകൾ കാൽപ്പാദങ്ങളിലായിരുന്നുവോ? റോഡും, ഇടവഴികളും, പാടവും താണ്ടി വന്നുനിന്നത്‌ ശാന്തയുടെ വീട്ടുപടിക്കലായിരുന്നുവോ!

ഉമ്മറത്ത്‌ വിളക്ക്‌ കത്തുന്നുണ്ട്‌. ആരെല്ലാമോ തിണ്ണയിലിരിക്കുന്നു. മുറ്റത്തെത്തിയപ്പോൾ പുരുഷസ്വരത്തിൽ ഒരു ചോദ്യം.

“ആര്‌? ഗോപിയാണോ?”

“അല്ല; നിന്റെ തന്ത!”

അങ്ങിനെയായിരുന്നു മറുപടി. കലിയാണ്‌ തോന്നിയത്‌. തന്റെ ബന്ധുഗൃഹത്തിൽ തനിക്ക്‌ കടന്നുവരണമെങ്കിൽ പേരും നാളും പറഞ്ഞിട്ടുവേണോ?

“ആ ചോദിച്ച വീരനാര്‌?”

കണ്ണുതുറന്ന്‌ നോക്കാൻ ശ്രമിച്ചു. പറ്റുന്നില്ല. കൺപോളകൾക്ക്‌ വല്ലാത്ത കനം. കറ്റവാർപോള കണക്കേ കൺപോളകൾ വിങ്ങിവീർത്തിരിക്കുകയാണ്‌?

മഠയനായ ഈശ്വരൻ മനുഷ്യന്‌ എന്തിന്‌ കൺപോളകൾ ഫിറ്റുചെയ്‌തു? മത്സ്യങ്ങളെപ്പോലെ തുറന്ന കണ്ണുകൾ മതിയായിരുന്നില്ലേ?

പോരാ… പലതിന്റെയും നേരെ കണ്ണടയ്‌ക്കേണ്ടവനല്ലേ മനുഷ്യൻ? പലതും കണ്ടില്ലെന്നു വയ്‌ക്കേണ്ടവനല്ലേ അവൻ? അങ്ങിനെ നോക്കുമ്പോൾ സൃഷ്‌ടികർത്താവ്‌ ബുദ്ധിമാനാണ്‌! യോഗ്യൻ! സമർത്ഥൻ!

വീണ്ടും പരിചയമില്ലാത്ത ശബ്‌ദം.

“ഞാൻ ഗോപിയെക്കണ്ട്‌ ചില കാര്യങ്ങൾ സംസാരിക്കാൻ വന്നതാണ്‌. പക്ഷേ, മൂക്കറ്റം കുടിച്ചു വന്നുനിൽക്കുന്ന ആളോട്‌ എന്താ പറയേണ്ടത്‌ എന്ന്‌ മനസ്സിലാകുന്നില്ല.”

“കുടിച്ചിട്ടുണ്ടെങ്കിൽ അത്‌ എന്റെ മിടുക്ക്‌. നിന്റെ തന്തേടെ മുതൽ എടുത്ത്‌ ഞാൻ കുടിച്ചിട്ടില്ലല്ലോ. നീ പോയി നിന്റെ പണി നോക്കെടാ ചൂലേ!…”

കേട്ടുനിന്നവർ ഒന്നടങ്കം നടുങ്ങി. പുകഞ്ഞു നീറിയ കല്യാണിയമ്മയ്‌ക്ക്‌ അമർഷം ആളിക്കത്തി. സ്വയം നിയന്ത്രിച്ച്‌ അവർ പല്ലുഞ്ഞെരിച്ചു.

പക്ഷേ, പ്രൊഫസർ കൃഷ്‌ണപിളള ഗോപിയുടെ ദയനീയത കണ്ട്‌ ദുഃഖിക്കുകയായിരുന്നു. ആരേയും ശ്രദ്ധിക്കാതെ ആടിയാടി ഗോപി അകത്തേക്ക്‌ നടന്നു. ഒരു മുഷിഞ്ഞ വസ്‌ത്രംപോലെ കട്ടിലിലേക്ക്‌ കുഴഞ്ഞു വീണു.

ഗോപിയിൽനിന്ന്‌ ദൃഷ്‌ടി പിൻവലിച്ച്‌ പ്രൊഫസർ ശാന്തയെ നോക്കി. ഏതോ പുരാണത്തിലെ വിഷാദചിത്രംപോലെ അവൾ നില്‌ക്കുന്നു. പ്രൊഫസർ ദീർഘമായി നിശ്വസിച്ചു.

കനത്ത നിശ്ശബ്‌ദതയെ ഭഞ്ജിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

“വിളിക്കണ്ടാ, കിടന്നുറങ്ങട്ടെ. നാളെ രാവിലെ ഞാൻ വരാം. ഈ ബന്ധം വേരോടെ പിഴുതെറിഞ്ഞില്ലെങ്കിൽ ആരും രക്ഷപ്പെടുകയില്ല.”

യാത്ര പറഞ്ഞ്‌ പ്രൊഫസറും പരീതും വെളിയിലേക്കിറങ്ങി.

ഗോപി കിടന്ന മുറിയുടെ സാക്ഷയിട്ടതിനുശേഷം, കല്യാണിയമ്മ ശാന്തയേയും വിളിച്ച്‌ മുത്തച്ഛന്റെ മുറിയിലേക്ക്‌ നടന്നു. ശാന്ത മടിച്ചുനിന്നപ്പോൾ അവർ അമർഷത്തോടെ അവളെ തിരിഞ്ഞുനോക്കി. അമ്മയുടെ കണ്ണുകളിലെ ചൂടിൽ താൻ ഉരുകിപ്പോകുമോ എന്ന്‌ തോന്നിപ്പോയി. അവൾ അമ്മയുടെ പിന്നാലെ ചെന്നു. ആ വാതിലടഞ്ഞു.

Generated from archived content: choonda50.html Author: sree-vijayan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനാല്‌
Next articleഅൻപത്തിമൂന്ന്‌
അച്ഛൻഃ വിദ്വാൻ കെ.ആർ.വേലായുധപ്പണിക്കർ. അമ്മഃ ലക്ഷ്‌മിയമ്മ. വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി. നടൻ, നാടകകൃത്ത്‌, സംവിധായകൻ, ഗാനരചയിതാവ്‌, നോവലിസ്‌റ്റ്‌, കാർട്ടൂണിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നിങ്ങനെ കലയുടെ വിവിധരംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ആലുവ ജയശ്രീ സംഗീത നടനകലാസമിതിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും ‘കുടുംബിനി’ എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്‌ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്‌റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരൻ. ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്‌തു. ‘ഒഥല്ലോ’യിലെ ഒഥല്ലോയും ‘കലിദ്ര്യുമ’ത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്‌. സിനിമയ്‌ക്കും നാടകങ്ങൾക്കും റേഡിയോയ്‌ക്കുമായി അനവധി ഗാനങ്ങൾ രചിച്ചു. 62-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 28 ചിത്രങ്ങൾക്ക്‌ തിരക്കഥ രചിച്ചു. ഭാര്യ ഃ എം.കെ. വിലാസിനി മക്കൾ ഃ പൊന്നൻ, പൊന്നി. 1992 മെയ്‌ 22ന്‌ അനന്തരിച്ചു. നാടകങ്ങൾ ഇബിലീസിന്റെ ശർറ്‌, തുളസിത്തറ, മുക്കുവനും ഭൂതവും, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്‌ചശ്ശീവേലി, കളരി, സഹസ്രയോഗം, വിളക്കുകടം, പത്തുസെന്റ്‌, സമുദ്രം, ജ്വാലാമുഖി, സമാസം, യുദ്ധഭൂമി, അന്വേഷണം, അത്താഴവിരുന്ന്‌, നാലമ്പലം, കൃഷ്‌ണമൃഗം, ശുദ്ധിക്കലശം, കസേരകേളി, അനുഗ്രഹം, കല്പാന്തകാലത്തോളം, തടാകം തുടങ്ങിയവ. പുരസ്‌കാരങ്ങൾ 1959-ലെ അഖിലകേരള നാടകോത്സവത്തിൽ ‘മുകളിലാകാശം താഴെ ഭൂമി’ എന്ന നാടകത്തിലെ മികച്ച ഭാവാഭിനയത്തിന്‌ നല്ല നടനുളള സ്വർണ്ണമുദ്ര, 1970-ൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച നാടകമത്സരത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ‘സംഗമം’ നാടകത്തിലെ അഭിനയത്തിന്‌ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ, 1960-ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്‌, 1962-ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്‌, 1968-ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്‌, 1971-ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്‌, 1972-ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്‌, 1984-ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്‌ണപിളള മെമ്മോറിയൽ അവാർഡ്‌, 1984-85-ലെ സംഗീതനാടക അക്കാദമിയുടെ അവാർഡ്‌-കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്‌കാരം, 1993-ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ്‌ (നാടകം-‘കളരി’), ആദ്യ പ്രൊഫഷണൽ നാടക അവാർഡ്‌ ഏർപ്പെടുത്തിയ വർഷം - കെ.പി.ഇ.സി. അവതരിപ്പിച്ച വിജയന്റെ ‘സഹസ്രയോഗം’ എന്ന നാടകത്തിന്‌ രചനയ്‌ക്കുളള രണ്ടാമത്തെ അവാർഡ്‌ ഉൾപ്പെടെ 6 അവാർഡുകൾ ലഭിച്ചു. 1972-ലെ മദ്രാസ്‌ ഫിലിം ഫാൻസ്‌ അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്‌.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English