പോസ്‌റ്റ് ഓഫീസിന് സമീപത്തുളള ലൈൻ കെട്ടിടത്തിലെ ഒരു മുറിയിലാണ് ഗോപി താമസിക്കുന്നത്. ആറേഴു ദിവസമേ ആയിട്ടൊളളൂ അന്നാട്ടിൽ വന്നിട്ട്.
മേത്തരുടെ കോൺട്രാക്‌റ്റിൽ നടക്കുന്ന പാലം പണിയുടെ ഒരു സബ് കോൺട്രാക്‌ടറാണവൻ. ഇരുപത്തിനാലിൽ അധികം പ്രായമില്ല. സുമുഖൻ. ഒറ്റനോട്ടത്തിൽ ആരേയും ആകർഷിക്കുന്ന അടക്കവും ഒതുക്കവും. ജോലിക്കാര്യത്തിൽ പിടിപ്പും സാമർത്ഥ്യവും ഉളളതിനാൽ പണിസ്ഥലത്ത് എല്ലാവർക്കും ബഹുമാനമാണ്. കവലയിലും പണിസ്ഥലത്തും ഒന്നുപോലെ ഏവരും ഗോപിയെ ഇഷ്‌ടപ്പെട്ടു.
മുറിയിലെ ചാരുകസാലയിൽ കിടന്ന് ഗോപി ഏറെനേരം ചിന്തിച്ചു.
എന്തിനെപ്പറ്റി? അറിഞ്ഞുകൂടാ…
എന്തിനുവേണ്ടി? അതും അവ്യക്തമായിരുന്നു. എന്തായാലും സാമർത്ഥ്യക്കാരിയായ കല്യാണിയമ്മയുടെ മുഖം പലതവണ അവന്റെ മനസ്സിൽ തെളിഞ്ഞു മാഞ്ഞു.
* * * * * * * * * * * * * *
കാറ്റത്ത് ഇല്ലികൾ തല്ലുക്കൂടുകയായിരുന്നു. പക്ഷിക്കൂട്ടിൽ മഞ്ഞുതുളളികൾ പലവട്ടം പൊഴിഞ്ഞു വീണു. പൂടമുളയ്‌ക്കാത്ത കിളിക്കുഞ്ഞുങ്ങൾ തണുപ്പിന്റെ സൂചിമുനകളേറ്റു പിടച്ചു. അവ വിറച്ചുകൊണ്ടേയിരുന്നു. ചിറകു പരത്തി നെഞ്ചിലെ ചൂട് കുഞ്ഞുങ്ങളിലേയ്‌ക്ക് പകർന്നുകൊണ്ട് തളളക്കിളി കാറ്റിനെ പ്രാകി. ലാഘവത്തോടെ സഞ്ചരിക്കാൻ തന്തക്കിളി കാറ്റിനോട് കെഞ്ചിക്കൊണ്ടിരുന്നു. ഒടുവിൽ കാറ്റിനു കനിവു തോന്നി. രൂക്ഷത വെടിഞ്ഞ് മൃദുലമായി ഒഴുകിയപ്പോൾ പാതിരാക്കിളികൾ സ്തുതിഗീതം പാടി. പൊന്തക്കാടുകളിൽ ഉണർന്ന ‘സംഗീതക്കുരുവികൾ’ സദിരിൽ പങ്കുചേർന്നു.
കാറ്റുനിലച്ചപ്പോൾ ചാഞ്ചാട്ടം അവസാനിച്ച മണ്ണെണ്ണവിളക്കിലെ തെളിനാളത്തിൽ കണ്ണുനട്ട് കൊടുംകയ്യും കുത്തി ശാന്ത ഉറങ്ങാതെ കിടക്കുകയായിരുന്നു. എന്തെല്ലാമോ അജ്ഞാത നിനവുകൾ അവളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. സമീപത്തു കിടന്ന് കല്യാണിയമ്മ കൂർക്കം വലിക്കുന്നു. ഉറക്കത്തിനിടയ്‌ക്ക് ഒന്നു ഞരങ്ങി തിരിഞ്ഞു കിടന്നപ്പോൾ വെളിച്ചം ത്രസിച്ചു നില്‌ക്കുന്നതിനാലാവാം അവർ കണ്ണുതുറന്നു.
“നീ ഒറങ്ങിയില്ലേ മോളേ?”
ശാന്ത ചിന്തയിൽ നിന്നുണർന്നു.
“അമ്മേ…”
“എന്താ മോളേ?”
“മറ്റന്നാൾ ഞങ്ങളുടെ റിസൾട്ട് വരും.”
“ജയിയ്‌ക്കുമെന്ന് എന്റെ മോൾക്ക് ധൈര്യമുണ്ടല്ലോ. പിന്നെയെന്താ?”
ശാന്ത നെടുവീർപ്പിട്ടു.
“ജയിക്കും ഫസ്‌റ്റ് ക്ലാസ്സും കിട്ടിയെന്നുവരും. അതോടെ എന്റെ പഠിത്തവും നിലയ്‌ക്കും.”
അവളുടെ മിഴികൾ ഈറനായി. നൊമ്പരത്തോടെ അവർ പായിൽ എഴുന്നേറ്റിരുന്നു. മകളുടെ കഴുത്തിലൂടെ കയ്യിട്ട് കവിൾ കവിളോട് ചേർത്തു.
“മോളേ; നിനക്കൊരു ജോലി കിട്ടിയിട്ട് മനസ്സമാധാനത്തോടെ നാഴി കഞ്ഞിവെളളം കുടിക്കാൻ അമ്മയും മുത്തച്ഛനും എത്ര കൊതിക്കുന്നുണ്ടെന്നോ? ഈ കുടുംബത്തിലെ ജീവിതം അന്നുമുതൽ ആകെ മാറും മോളേ. മാറണം. നമുക്കും മനുഷ്യരെപ്പോലെ കഴിയണം.”
അമ്മയുടെ മിഴിനീർ തന്റെ മുഖത്തു വീണു. ശാന്ത അമ്മയെ ഇറുകെ പുണർന്ന് കണ്ണീരു തുടച്ചു. അവളും തേങ്ങുകയായിരുന്നു.
“മോളുറങ്ങ്. നേരം ഒരുപാടിരുട്ടി.”
അമ്മയുടെ കൈ മകളുടെ പുറം തലോടിക്കൊണ്ടിരുന്നു.
* * * * * * * * * * * * * *
തെളിഞ്ഞ പ്രഭാതമായിരുന്നു പിറ്റേന്ന്. മുറ്റത്ത് വെയിൽ നേരത്തെ വന്നു. കായ്‌ച്ചു തുടങ്ങിയ മുരിങ്ങക്കൊമ്പത്ത് ഒരു കാക്കയിരുന്ന് വിരുന്നു വിളിച്ചു. വെയിൽ കാഞ്ഞുകൊണ്ട് മുത്തച്ഛൻ മുറ്റത്തിരിക്കുകയായിരുന്നു.
ശാന്ത പടികടന്ന് ഓടിവന്നു. അതിരറ്റ ആഹ്ലാദത്തിമിർപ്പോടെ അവൾ വിളിച്ചു.
“മുത്തച്ഛാ…മുത്തച്ഛാ… വന്നു മുത്തച്ഛാ. റിസൾട്ടുവന്നു.”
വൃദ്ധൻ എഴുന്നേല്‌ക്കാൻ ശ്രമിച്ചു. മൂടൽ ബാധിച്ച മിഴികൾ ചുറ്റുപാടും ശ്രദ്ധിച്ചു. മുത്തച്ഛൻ തിരക്കി.
“എവിടെ?”
“ഹെഡ്‌മാസ്‌റ്റർക്കു കമ്പി വന്നിട്ടുണ്ടെന്ന്. അതുപറയാനാ എന്നെ വിളിപ്പിച്ചത്.”
“എങ്കിൽ ഒരു ബീഡി മുത്തച്ഛനു തരാൻ പറയൂ.”
ശാന്ത തിരക്കി.
“ആരോട്?”
“ആരാ ഇപ്പം വന്നത്?”
ചിരിച്ചുക്കൊണ്ട് അവൾ പറഞ്ഞു.
“മുത്തച്ഛാ; ഞാൻ ജയിച്ചെന്ന വിവരം അറിയിച്ച് സ്‌ക്കൂളിൽ കമ്പി വന്നെന്നാ പറഞ്ഞത്.”
വൃദ്ധൻ ഉദ്വേഗത്തോടെ പിടഞ്ഞെഴുന്നേറ്റു.
“ജയിച്ചോ? എന്റെ മോള് ജയിച്ചോ?”
മുത്തച്ഛൻ അവളെ കെട്ടിപ്പിടിച്ചു. ഉമ്മറത്തുനിന്ന് മുറ്റത്തേയ്‌ക്കിറങ്ങിയ കല്യാണിയമ്മയ്‌ക്ക് ഒന്നും മനസ്സിലായില്ല.
“എന്താ മോളേ….?”
“അമ്മേ ഞാൻ ജയിച്ചമ്മേ.”
“ങേ…”
“ഈ വർഷത്തെ പരീക്ഷയിൽ സ്‌റ്റേറ്റിൽ ഒന്നാമതായി പാസ്സായിരിക്കുന്നത് ഞാനാണ്. എനിക്കതിന് സ്വർണ്ണമെഡൽ കിട്ടുമമ്മേ.”
കല്യാണിയമ്മ മലച്ചുനിന്നു. വിശ്വസിക്കാനാകാത്ത വാർത്ത. ചുണ്ടുകൾ ചിരിക്കുന്നുണ്ടെങ്കിലും കണ്ണുകൾ നിറഞ്ഞൊഴുകി.
ആ നില്പിൽ അവർ വൃദ്ധനെ നോക്കി.
“അച്ഛാ നമ്മുടെ മോള് ജയിച്ചച്ഛാ”
മുത്തച്ഛൻ മിഴിനീരിലൂടെ കൊച്ചുകുഞ്ഞിനെപ്പോലെ കുടുകുടാ ചിരിച്ചു. ചിരി വാക്കുകളായി പുറത്തുവന്നു.
“മോളു മാത്രമല്ലെടി, നമ്മളും ജയിച്ചു. ഈ തറവാട് രക്ഷപ്പെട്ടു.”
മുണ്ടിന്റെ കോന്തലകൊണ്ട് കല്യാണിയമ്മ കണ്ണീരൊപ്പി.
വികാരവായ്പോടെ വൃദ്ധൻ അവളുടെ ശിരസ്സിൽ കൈവെച്ചു.
“എന്റെ മോൾക്കു നല്ലതുവരും. എന്റെ മോള് നന്നാകും.”
മുത്തച്ഛൻ അവളെ ആശ്ലേഷിച്ചു. മുരിങ്ങക്കൊമ്പത്തെ കാക്ക പുരയ്‌ക്കു മുകളിലേയ്‌ക്കു പറന്നിരുന്ന് വീണ്ടും വിരുന്നു വിളിച്ചു.
Generated from archived content: choonda5.html Author: sree-vijayan