ഒരാഴ്‌ചയായി പണിസ്ഥലത്ത് ചെല്ലാത്ത ഗോപി വർക്ക് സൂപ്രണ്ട് ഗോവിന്ദൻനായരുടെ മുറിയിൽ മനംനൊന്തു കഴിയുകയായിരുന്നു. പോലീസിനെ ഭയന്ന് ഒളിച്ചിരിക്കുന്ന കുറ്റവാളിയെപ്പോലെയായിരുന്നു അവന്റെ നില. പ്രശ്‌നം ഗുരുതരമാണ്.
ഗോപി ടെന്റർ വിളിച്ച് ഏറ്റെടുത്തിരുന്ന പണി-പാലത്തിന്റെ ബീമും കോൺക്രീറ്റും വാർക്കുന്ന പണി- പൂർത്തിയായതായിരുന്നു.
മാനസികമായി അവൻ വല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന ദിവസങ്ങളിലാണ് അതിന്റെ ജോലി നടന്നത്. പണിയിൽ കാര്യമായ ശ്രദ്ധ ചെലുത്താൻ ഗോപിക്ക് സാധിച്ചില്ല. ജോലിക്കാർ എന്തെല്ലാമോ ചെയ്‌തു വച്ചു. ഗോപിയുടെ ചുമതലയിൽ വിശ്വാസമുളളതിനാൽ മറ്റുദ്യോഗസ്ഥന്മാരും പണിയിൽ അത്രകണ്ട് ശ്രദ്ധിച്ചിരുന്നില്ല.
ഓർക്കാപ്പുറത്ത് ഒരുദിവസം ബീമുകൾ ഇടിഞ്ഞു വീണു. ആളുകൾ ഓടിക്കൂടി. കണ്ടവർ കണ്ടവർ മൂക്കത്തു വിരൽ വച്ചു. വിവരമറിഞ്ഞ ഗോപിക്ക് ശബ്‌ദിക്കാനായില്ല. കോൺട്രാക്‌ടർ മേത്തരും, എൻജിനീയറും ഗോപിയെ തിരക്കിയപ്പോഴേക്കും അവൻ മുങ്ങിക്കളഞ്ഞു. അതുകൊണ്ട് പ്രയോജനമില്ല. ഒന്നുകിൽ തന്റെ ചിലവിൽ ജോലി പൂർത്തിയാക്കി കൊടുക്കണം. അഥവാ നഷ്‌ടപരിഹാരം. അല്ലെങ്കിൽ ജയിലിൽ പോകേണ്ടിവരും. മുപ്പതിനായിരത്തോളം രൂപയുണ്ടാക്കാൻ മാർഗ്ഗമെന്ത്? ആലോചിച്ചിട്ട് ഒരു പിടിയുമില്ല. എൻജിനീയർ സ്വാമി കടുംപിടുത്തക്കാരനാണ്. കരഞ്ഞാലും കാലുപിടിച്ചാലും ഒരു രക്ഷയുമില്ല.
ആധിയുടെ കയങ്ങളിൽ മുങ്ങി വീർപ്പുമുട്ടി ഗോപി അവശനായി. പല മാർഗ്ഗങ്ങളും തലച്ചോറിൽ ഉദിച്ച് നിഷ്‌ഫലമായി പൊലിഞ്ഞു. നെടുവീർപ്പിടുന്ന ഗോപിയെ ആശ്വസിപ്പിക്കാൻ വർക്ക് സൂപ്രണ്ട് ഗോവിന്ദൻ നായരും പലവഴിക്കും ചിന്തിച്ചു. ഒരാഴ്‌ചക്കുളളിൽ പണമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഗോപി ജയിലിലാകും. അവശതയിൽ ആരും സഹായത്തിനെത്തിയെന്നു വരില്ല.
സ്വന്തമായി കാലണപോലും സമ്പാദ്യമില്ല. ഭാര്യാഗൃഹത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങളെല്ലാം ഇതിനകം പലപ്പോഴായി താൻ തന്നെ നശിപ്പിച്ചു കളഞ്ഞു. അല്ലെങ്കിലും ഇത്രയും വലിയൊരു തുക സഹായിക്കാൻ അവർക്കെങ്ങിനെ സാധിക്കും? തറവാടു വിറ്റാൽപോലും പറ്റിയെന്നു വരില്ല.
ചുഴിഞ്ഞിറങ്ങുന്ന ചിന്തയിൽ നിന്നുണർത്തിയത് വർക്ക് സൂപ്രണ്ട് ഗോവിന്ദൻ നായരാണ്. ഗോവിന്ദൻനായർ പറഞ്ഞു.
“രക്ഷപ്പെടാൻ ഒരൊറ്റ മാർഗ്ഗമേയുളളു…”
ആശയോടെ ഗോപി തിരക്കി.
“എന്താണ്?”
“പറഞ്ഞാൽ നിനക്ക് ബുദ്ധിമുട്ടു തോന്നും. പക്ഷേ, പറയാതിരിക്കാൻ വയ്യാ.”
“പറയൂ.”
“നീയെന്നെ തെറ്റിദ്ധരിക്കരുത്. ഊണു വാങ്ങിത്തരാൻ പറ്റിയില്ലെങ്കിലും ഊട്ടുപുര കാണിച്ചു തരേണ്ടത് എന്റെ ചുമതലയാണെന്ന് കരുതി പറയുന്നതാണ്.”
ഗോവിന്ദൻ നായരുടെ സൂചനകൾ ഗോപിക്ക് പിടികിട്ടിയില്ല. അവൻ തുറന്നു ചോദിച്ചു.
“എന്താണുദ്ദേശിക്കുന്നത്?”
വർക്ക് സൂപ്രണ്ട് പറഞ്ഞു. “എൻജിനീയർ സ്വാമി മനഃപൂർവ്വം വിചാരിച്ചാലെ ആപത്തിൽ നിന്ന് രക്ഷ പ്രാപിക്കാൻ കഴിയൂ. അതിനയാളെ പ്രസാദിപ്പിക്കണം. എൻജിനീയർ മനസ്സുവെച്ചാൽ കോൺട്രാക്‌ടറും കുഴപ്പത്തിന് മുതിരുകയില്ല. പണം കൊടുത്ത് സ്വാമിയെ പാട്ടിലാക്കാനും സാധ്യമല്ല. വലിയവന്മാരെ ചൊല്പടിയ്‌ക്കു കൊണ്ടുവരാനുളള കുറുക്കുവഴി തന്നെ പ്രയോഗിക്കേണ്ടിവരും. കണ്ണും മൂക്കുമടച്ച് കാര്യം കാണാൻ ശ്രമിക്കണം. ഇന്ന് ഗോപിയ്‌ക്കതിന് കഴിവുണ്ട്.”
ഗോവിന്ദൻനായർ ആ മഹാതന്ത്രം ഗോപിയുടെ ചെവിയിൽ മന്ത്രിച്ചു.
തേള് കൊത്തിയ കണക്കേ ഗോപി നിന്ന് പുളഞ്ഞു. ഗോവിന്ദൻനായർ പറഞ്ഞവസാനിപ്പിച്ചു.
“….അല്ലാതൊരു മാർഗ്ഗവും ഞാൻ കാണുന്നില്ല ഗോപി..”
ഒറ്റനിമിഷം കൊണ്ട് ഗോപി വിയർത്ത് വിവശനായി. ആകാശം ഇടിഞ്ഞു വീഴുന്നതായും, തലയ്‌ക്കുളളിൽ വിങ്ങലനുഭവപ്പെടുന്നതായും തോന്നി. മുളക് അരച്ചു തേച്ചതുപോലെ മൂക്കും ചെവിയും പുകയുന്നു. ഉളളിൽ ആരോ ഉറക്കെ ചോദിച്ചു. “ഒടുവിൽ അതും വേണ്ടി വരുമോ?”
ശക്തിയറ്റവനെപ്പോലെ അവൻ എഴുന്നേറ്റു. മുറിക്കുളളിൽനിന്ന് പുറത്തു കടന്നാലോ? ശുദ്ധവായുവിന് വിയർപ്പ് ഒപ്പാനല്ലാതെ തനിക്ക് ആശ്വാസമരുളാൻ ആവുമോ? ഗോവിന്ദൻ നായർ ഓർമ്മിപ്പിച്ചു.
“പുറത്തേയ്‌ക്ക് പോകേണ്ട… ആരെങ്കിലും നിന്നെ കണ്ടാൽ കുഴപ്പമാകും ഗോപീ….ഇവിടെ വന്നിരിക്കൂ… ബുദ്ധിപൂർവ്വം വേണ്ടതെന്തെന്ന് ആലോചിക്കൂ…”
വീണ്ടും കസേരയിലിരുന്നു. വർക്ക് സൂപ്രണ്ട് അവന്റെ മുഖത്ത് നോക്കാതെ ജനലിലൂടെ വെളിയിലേക്ക് ദൃഷ്‌ടിയൂന്നി. പുറത്ത് തളിരിലകളിൽ തീകോരിയൊഴിച്ച് രസിക്കുന്ന ഉച്ചവെയിലിന്റെ ക്രൂരത വർദ്ധിച്ചു കൊണ്ടേയിരുന്നു.
*************************************************************************
അന്തരംഗത്തിൽ ആവശ്യവും ദുഷ്‌പ്രേരണയും തമ്മിൽ ഉഗ്രസംഘട്ടനം നടന്നു. എൻജിനീയർ സ്വാമിയെ ഗോപിക്കറിയാം. സദാസമയവും വായ് നിറച്ച് ‘വെത്തിലപ്പാക്കും’ ചവച്ച് കാമം കത്തിജ്വലിക്കുന്ന ചെറിയ ചോരക്കണ്ണുകൾ കൊണ്ട് തൊഴിലാളിപ്പെണ്ണുങ്ങളുടെ മാറും നിതംബവുമുഴിഞ്ഞ് നടക്കുന്ന പാലക്കാട്ടുകാരൻ സ്വാമിയെ കണ്ടനാൾ മുതൽക്കേ ഗോപിക്ക് വെറുപ്പാണ്.
തമിഴ്, മലയാളം കലർന്ന വെങ്കില ഭാഷയിൽ ഫലിതം പറഞ്ഞ് തേഞ്ഞപല്ലും കാട്ടി ആ ഹിപ്പോപ്പൊട്ടാമസ് പൊട്ടിച്ചിരിക്കുമ്പോൾ മുമ്പിൽ നിൽക്കുന്നവരുടെ ദേഹത്ത് തുപ്പൽതുളളികൾ ‘ചോരമഴ’ പെയ്യിക്കുക സാധാരണയാണ്. അത് കാൺകെ ആ പിളുന്തക്കവിളിൽ ഒരടിവെച്ച് കൊടുക്കാൻ തോന്നാറുണ്ട്.
പക്ഷേ, അയാളുടെ നില, സ്ഥാനമാനങ്ങൾ, ജോലിക്കാര്യത്തിലുളള വിട്ടുവീഴ്‌ചയില്ലായ്‌മ..
സ്വാമിയുടെ പേനത്തുമ്പിൽ എത്ര പാലങ്ങൾ വേണമെങ്കിലും ആടിക്കളിച്ചെന്നുവരും. ഉന്നതങ്ങളിൽ അദ്ദേഹത്തിന് അത്രയ്‌ക്ക് പിടിപാടുണ്ട്. എസ്‌റ്റേറ്റുകളും നെൽപ്പാടങ്ങളുമുളള സ്വാമി കാലണപോലും കൈക്കൂലി വാങ്ങുകയില്ല. അതുകൊണ്ട് കോൺട്രാക്‌ടർമാരെ ഉപദ്രവിക്കുമെന്നല്ല അർത്ഥം.
സ്വാമിയെ സ്വാധീനിക്കാൻ രണ്ടു മാർഗ്ഗമേ ഉളളൂ. കോൺട്രാക്‌ടർമാർ അത് കൃത്യമായി പാലിക്കാറുണ്ട്. കാര്യസാധ്യത നേടാറുമുണ്ട്.
മദ്യം കൈകൊണ്ടു തൊടുകപോലുമില്ല സ്വാമി. മദ്യപിക്കുന്നവരെ വെറുപ്പുമാണ്. പക്ഷേ, തന്റെ കഴിവുകളെ വാനോളം പുകഴ്‌ത്തിപ്പറയുന്നവരിൽ അദ്ദേഹം പ്രസാദിക്കുന്നു.
സ്‌തുതിഗീതങ്ങൾ കേൾക്കുമ്പോൾ ഉന്മാദലഹരിയിൽ മയങ്ങി, തേഞ്ഞപ്പല്ലും കാട്ടി സ്വാമി പൊട്ടിച്ചിരിക്കും. തുപ്പൽതുളളികൾ കുങ്കുമമഴ പെയ്യിക്കും.
പ്രശംസകൊണ്ട് മാത്രമായില്ല, കാര്യം നേടാൻ മറ്റൊരു ഇരകൂടി വേണം. അതും കോൺട്രാക്‌ടർമാർ ഒരുക്കി കൊടുക്കാറുണ്ട്.
ചോരക്കൊഴുപ്പുളള യുവസുന്ദരികളെ അവർ കടുവാക്കൂട്ടിലേയ്‌ക്ക് തളളിവിടുന്നു. സ്വാമി എന്ന മുരടൻ കടുവ മുരണ്ടുകൊണ്ട് ഇരയുടെമേൽ ചാടിവീഴുന്നു. തമിഴ്, മലയാളം കലർന്ന വെങ്കിലഭാഷയിൽ അശ്ലീല ‘കുറളുകൾ’ ഉരുവിട്ട് മാരകേളിയുടെ അടവുകൾ പയറ്റി അപേക്ഷകരിൽ സ്വാമി പ്രസാദിക്കുന്നു.
വർക്ക് സൂപ്രണ്ട് ഗോവിന്ദൻ നായരുടെ ശബ്‌ദം വീണ്ടുമുയർന്നു.
“സമയം കളഞ്ഞിട്ട് കാര്യമില്ല. ഒന്നു ചീഞ്ഞാൽ ഒന്നിന് വളമെന്നാ കരുതേണ്ടത്. നീയും ശാന്തയും കൂടി ഇന്നുതന്നെ സ്വാമിയെ കാണാൻ നോക്കൂ.”
ഗോവിന്ദൻ നായർ പുറത്തേയ്‌ക്ക് ഇറങ്ങിപ്പോയി. പ്രജ്ഞയറ്റപോലെ ഗോപി കസേരയിൽ തളർന്നു കിടന്നു.
Generated from archived content: choonda49.html Author: sree-vijayan
Click this button or press Ctrl+G to toggle between Malayalam and English