ദൃഢമായ ചില തീരുമാനങ്ങളോടെയാണ് പ്രൊഫസർ കൃഷ്‌ണപിളള കല്യാണിയമ്മയുടെ വീട്ടിലെത്തിയത്.
മുടിഞ്ഞ ഒരു ക്ഷേത്രവളപ്പിലേക്ക് കാലുവച്ചതുപോലെ തോന്നി. ഒച്ചയോ അനക്കമോ ഇല്ല. ആൾപ്പാർപ്പുളള വീടാണെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം.
ഉമ്മറത്തേക്ക് കയറിയപ്പോഴേക്കും പിന്നാമ്പുറത്തുനിന്ന് കല്യാണിയമ്മ എത്തി. കസേരയിലെ പൊടി തട്ടിക്കളഞ്ഞ് പ്രൊഫസറോടിരിക്കാൻ പറഞ്ഞു. അദ്ദേഹം ഇരുന്നു.
എണ്ണതേയ്‌ക്കാതെ ചെമ്പിച്ച മുടിയും, തടം കുഴിഞ്ഞ കണ്ണുകളും…നാലഞ്ചുമാസക്കാലം കൊണ്ട് കല്യാണിയമ്മയിൽ എന്തുമാറ്റം വന്നിരിക്കുന്നു.
കൃഷ്‌ണപിളളസാർ വന്ന വിവരമറിഞ്ഞ് മുത്തച്ഛനും വരാന്തയിലേക്ക് വന്നു. അസ്ഥികളിൽ അയഞ്ഞുതൂങ്ങുന്ന തൊലിയാകെ ചുക്കിചുളിഞ്ഞിരിക്കുന്നു.
ശാന്ത കുളിക്കാൻ പോയിരിക്കുകയാണെന്ന് അന്വേഷണത്തിൽ നിന്നറിഞ്ഞു.
ഗദ്‌ഗദസ്വരത്തിൽ കല്യാണിയമ്മ നടന്ന സംഭവങ്ങൾ വിസ്‌തരിച്ചു പറഞ്ഞുകേൾപ്പിച്ചു. കേൾക്കുന്തോറും നൊമ്പരമുണ്ടാക്കുന്ന കാര്യങ്ങൾ…
കെട്ടുപിണഞ്ഞ കുരുക്കുകൾ…ബോധപൂർവ്വം അഴിച്ചില്ലെങ്കിൽ ജീവിതങ്ങൾ തന്നെ തകർന്നെന്നു വരും.
ബുദ്ധി മരവിച്ചുപോകുന്ന പ്രശ്‌നങ്ങളാണ്. നിശ്വാസത്തോടെ കല്യാണിയമ്മ പറഞ്ഞവസാനിപ്പിച്ചു.
“ശാന്ത സമ്മതിക്കാഞ്ഞിട്ടാണ് സാറേ. അല്ലെങ്കിൽ സാറിനെ നേരത്തെത്തന്നെ അറിയിക്കുമായിരുന്നു.”
പ്രൊഫസർ ഗൗരവം പൂണ്ടു.
“മനുഷ്യനെപ്പോലെ ജീവിക്കാൻ ഒരുക്കമില്ലെങ്കിൽ ഈ ബന്ധം അവസാനിപ്പിക്കുന്നതാണ് ഭംഗി.”
“ഞാനും അതാണ് സാറെ പറയുന്നത്. അവൻ നന്നാകുകയെന്നു വച്ചാൽ അന്ന് കാക്ക മലർന്ന് പറക്കുമെന്നാ അർത്ഥം. ഈശ്വരാധീനം കൊണ്ട് എന്റെ മോൾക്ക് മറ്റൊരു പ്രാരാബ്‌ധം ആയിട്ടുമില്ല. ഒരു വിനാഴികയ്‌ക്കുമുമ്പ് ഈ ബന്ധം ഒഴിവാക്കണം.”
പ്രൊഫസർ ആലോചിച്ചു.
“ഗോപി വരട്ടെ. ഞാൻ സംസാരിക്കാം.”
കല്യാണിയമ്മ നെടുവീർപ്പിട്ടു.
“ഒരാഴ്‌ചയായി അവനിവിടെ കയറിവന്നിട്ട്. ജോലി സ്ഥലത്തും ചെല്ലുന്നില്ലെന്നാണ് കേട്ടത്.”
മുത്തച്ഛന്റെ ശാപവാക്കുയർന്നു.
“എവിടെ പോയാലും ഗുണം പിടിക്കുകേലാ..അസുര വിത്താണവൻ… അസുരവിത്ത്!”
ഈറൻ വേഷത്തിൽ പടികടന്നുവന്ന ശാന്ത ഉമ്മറത്തിരിക്കുന്ന പ്രൊഫസറെ കണ്ട് കുരുത്തോലപോലെ വിളറി. സമചിത്തത വീണ്ടെടുക്കാൻ നന്നേ പാടുപെട്ടു. മരിച്ച മന്ദഹാസത്തോടെ അവൾ അടുത്തുവന്നു.
“സാറെപ്പോ വന്നു?”
“കുറച്ചുനേരമായി…”
തുടർന്ന് എന്തു ചോദിക്കണമെന്നറിയാതെ ശാന്തയും, എന്തു പറയണമെന്ന് നിശ്ചയമില്ലാതെ പ്രൊഫസറും വിഷമിച്ചു. കരളിൽ വല്ലാത്ത കടച്ചിലനുഭവപ്പെട്ടപ്പോൾ പ്രൊഫസർ പറഞ്ഞു.
“അകത്തുപോയി നനഞ്ഞ വസ്‌ത്രങ്ങൾ മാറ്റിയിട്ടു വരൂ. കുറച്ചു സംസാരിക്കാനുണ്ട്.”
ശാന്ത അകത്തേയ്‌ക്ക് നടന്നു.
കവലയിൽ ആരോ പറഞ്ഞറിഞ്ഞ് പരീതും ഓടിയെത്തി. കുശലങ്ങൾക്കുശേഷം ഗോപിയെക്കുറിച്ച് പ്രൊഫസർ തിരക്കി. ഒരാഴ്‌ചയ്‌ക്കുശേഷം ഇന്ന് സ്ഥലത്തു വന്നിട്ടുണ്ടെന്നും ആരോ കണ്ടെന്നുമുളള വിവരം പരീത് പറഞ്ഞു.
“അങ്ങിനെയെങ്കിൽ ചാരായത്തിൽ മുങ്ങി പാതിരായ്‌ക്ക് കയറിവരും.‘ കല്യാണിയമ്മ പറഞ്ഞു.
പരീത് അമർഷം കൊണ്ടു. ”ഈ കുടുംബത്തെ ഓർത്തിട്ടാണ്. അല്ലേല് പിച്ചാത്തിപ്പിടിക്കിടാൻ ഒരു കശണം എല്ല് അവന്റെ ദേഹത്ത് ഒണ്ടാവൂല്ലാർന്ന് സാറെ.“
വാതിൽക്കൽ ശാന്ത വന്നു. പ്രൊഫസർ അവളോടു സംസാരിച്ചു. ബന്ധം ഒഴിവാക്കുന്നതേക്കുറിച്ചു സൂചിപ്പിച്ചപ്പോൾ ശാന്ത പറഞ്ഞു.
”എനിക്ക് എന്റെ അച്‌ഛനെപ്പോലെയാണ് സാറ്. ഈ കുടുംബത്തെ പരിചയപ്പെട്ടതു മുതൽ സാറനുഭവിക്കുന്ന ക്ലേശങ്ങൾ എനിക്കറിയാം. ഞങ്ങൾമൂലം ഇനിയും അങ്ങ് വേദനിക്കരുത്.“
പ്രൊഫസർ മന്ദഹസിച്ചു.
”വേദന എനിക്ക് ആനന്ദമാണ് കുട്ടീ. നീ രക്ഷപ്പെടണം. ഞാൻ അത്രയേ ആഗ്രഹിക്കുന്നൊളളൂ.“
കൈലേസുകൊണ്ട് മുഖം തുടച്ചിട്ട് അദ്ദേഹം തുടർന്നു.
”നിന്നെ സ്‌നേഹിക്കുന്നവരെ അങ്ങേയറ്റം ഞാൻ സ്‌നേഹിക്കും. ദ്രോഹിക്കുന്നവരെ അതേ അളവിൽ വെറുക്കുകയും ചെയ്യും. ദുശ്ശാഠ്യം കളഞ്ഞ് ഞങ്ങൾ പറയുന്നത് നീ അനുസരിക്കണം. ഈ ബന്ധം ഒഴിവാക്കി കോളേജിൽ ചേരണം. കഴിഞ്ഞ കാര്യങ്ങളെല്ലാം ഒരു സ്വപ്‌നംപോലെ മറന്ന് ഈ കുടുംബം നീ രക്ഷിക്കണം.“
ആറ്റിക്കുറുക്കിയ വാക്കുകൾ കേട്ട് മരപ്പാവപോലെ ശാന്ത നിന്നു. അനുകൂലമോ പ്രതികൂലമോ ആയ ഒരു മറുപടിയും അവളിൽ നിന്നുയർന്നില്ല.
മുറ്റത്തു പരന്ന മഞ്ഞവെയിലിൽ വാലു ചുമന്ന പൂക്കിലത്തുമ്പികൾ ഉത്സാഹത്തിമിർപ്പോടെ തുളളിക്കളിച്ചുകൊണ്ടിരുന്നു. തുമ്പികൾക്കറിയില്ലല്ലോ ആ കുടുംബത്തിലെ ക്ഷതം പറ്റിയ ആത്മാക്കളുടെ ഉളളുനോവുന്ന കഥകൾ.
Generated from archived content: choonda48.html Author: sree-vijayan