ഇന്നലെവരെ പരിചയപ്പെട്ടിട്ടുളള വ്യത്യസ്‌ത സ്വഭാവക്കാരായ പലരേയും കുറിച്ച് പ്രൊഫസർ കൃഷ്‌ണപിളള സുദീർഘമായി ചിന്തിച്ചു. മനസ്സിന്റെ അന്വേഷണദൃഷ്‌ടികൾ മുഖഛായകൾ തേടി എവിടെയെല്ലാമോ അലഞ്ഞു. വിധി നിമിഷം തോറും വേദനയുടെ അഗാധതയിലേക്ക് ഇങ്ങിനെ ചവുട്ടിത്താഴ്‌ത്തുന്ന മറ്റൊരു കഥാപാത്രമെവിടെ? ചൂളയിൽ നീറുന്ന നീറ്റുകക്കപോലും ഒടുവിൽ സ്‌ഫുടംവന്ന് ശോഭിക്കാറുണ്ടല്ലോ? പക്ഷേ, ഈ പെൺകുട്ടിയോട് പ്രകൃതി എന്തിനിത്ര ക്രൂരത കാണിക്കുന്നു?
യുക്തിചിന്തകൾക്ക് ഉത്തരം മെനയാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം നെടുതായി നിശ്വസിച്ചു.
പ്രൊഫസറിൽ നിന്നുയരുന്ന മറുപടി കേൾക്കാൻ വേണ്ടി പരീത് കാത്തിരിക്കുകയാണ്. നടന്ന എല്ലാസംഭവങ്ങളും വിസ്‌തരിച്ചു പറഞ്ഞു കഴിഞ്ഞു.
ഇതിനുളള നിവാരണമെന്ത്? പ്രൊഫസറുടെ വിദഗ്‌ദ്ധാഭിപ്രായമറിയണം. അതിനാണ് പരീത് വന്നത്.
കാര്യങ്ങൾ കൃഷ്‌ണപിളളസാറിനെ അറിയിക്കുന്നതിൽ ശാന്ത എതിരായിരുന്നു. താൻ മൂലം ആ നല്ല മനുഷ്യനെ ഇനിയും വേദനിപ്പിക്കരുതെന്ന് അവൾ വാശിപിടിച്ചു. വിധിക്ക് തന്നോടെന്തോ പകയുണ്ട്. അത് എതിർപ്പില്ലാതെ അനുഭവിച്ചേ പറ്റൂ. ആ നിഗമനത്തിൽ അവൾ എത്തിച്ചേർന്നിരുന്നു. കരിങ്കല്ലുപോലെ വികാരശൂന്യയായി അവൾ മാറിക്കഴിഞ്ഞിരുന്നു.
പക്ഷേ, കല്യാണിയമ്മ വേദനയോടെ പരീതിനെ ഓർമ്മിപ്പിച്ചു. “ഈ പോക്ക് അപകടത്തിലേയ്‌ക്കാണ്. ആ ദുഷ്‌ടൻ എന്റെ കുഞ്ഞിനെ കൊല്ലുന്നതിനുമുമ്പ് കൃഷ്‌ണപിളളസാറിനെ വിവരമറിയിക്കണം. അങ്ങോട്ടു പോകുന്ന വിവരം തൽക്കാലം ശാന്തപോലും അറിയണ്ട.”
അതനുസരിച്ചാണ് പരീത് വന്നിട്ടുളളത്. ദീർഘമായ ചിന്തയ്‌ക്കുശേഷം പ്രൊഫസർ പറഞ്ഞു.
“വിവാഹബന്ധം വേർപ്പെടുത്തുകയെന്ന അഭിപ്രായത്തോട് ഞാനും യോജിക്കുകയാണ് പരീതേ. ആവുന്നത്ര വേഗം അത് നടത്തുന്നതാണ് നല്ലത്.”
“പശ്ശേ, ശാന്ത അതിനും സമ്മതിക്കണില്ലല്ലോ സാറെ….ആരും എന്റെ തലേലെയ്‌ത്ത് തിരുത്താൻ നോക്കേണ്ടെന്നും പറഞ്ഞ് ഒറ്റകെടപ്പാണ്.”
“ആട്ടെ, പരീത് പൊയ്‌ക്കൊളളൂ. രണ്ടുദിവസത്തിനകം ഞാൻ വരാം. ശാന്തയോട് ഞാൻ സംസാരിക്കാം.”
പരീതിനെ യാത്രയാക്കിയിട്ട് മനോവിഷമത്തോടെ പ്രൊഫസർ മുറ്റത്ത് ഉലാത്തിക്കൊണ്ടിരുന്നു.
മനസ്സ് ഒരു ലക്ഷ്യത്തിലും നിൽക്കാതെ വഴുതിപ്പോകുന്നു. ശാന്തി കിട്ടാൻ എന്തുമാർഗ്ഗം?അലമാര തുറന്ന് രാഹുൽസാം കൃത്യായന്റെ ‘വോൾഗാടു ഗംഗ’ കയ്യിലെടുത്ത് ചാരുകസേരയിലേയ്‌ക്കു ചാഞ്ഞു.
പലവുരു വായിച്ചിട്ടുളളതാണ്. പ്രാകൃതജീവിതത്തിൽ നിന്നുളള മനുഷ്യ പുരോഗതിയുടെ നഗ്‌നചരിത്രം എത്ര മിഴിവോടെയാണ് രാഹുൽജി ആലേഖനം ചെയ്തിട്ടുളളത്. പ്രൊഫസർ ചിന്തിച്ചു. മനുഷ്യൻ പ്രാകൃത ജീവിതത്തിലേയ്‌ക്ക് വീണ്ടും മടങ്ങി പോവുകയാണോ?
*************************************************************************
ഒറ്റക്കിരുന്നപ്പോൾ ശാന്തയ്‌ക്ക് പേടി തോന്നി. ഇരുട്ടിൽ നിന്നാണാശബ്‌ദം കേൾക്കുന്നത്. ഒരു ജീവിതം ഒടുങ്ങുന്നതിന്റെ ദയനീയ സ്വരം. മറ്റൊരു ജീവിയുടെ ആഹാരത്തിന് ഓർക്കാപ്പുറത്ത് ഇരയായിത്തീരുക. എന്തൊരു ക്രൂരമായ ശിക്ഷയാണത്! മുറ്റത്തിന്റെ അതിരിൽ ചപ്പും ചവറും നിറഞ്ഞ എവിടെയോ പാമ്പ് തവളയെ പിടികൂടിയിരിക്കുകയാണ്. പകൽ സമയമായിരുന്നെങ്കിൽ കല്ലെറിഞ്ഞോ, ഒച്ചവെച്ചോ ‘നാലുകാലുളേളാരു നങ്ങേലിപെണ്ണി’നെ രക്ഷിക്കാമായിരുന്നു. ഇപ്പോൾ എങ്ങിനെ സാധിക്കും?
പുറത്ത് കുറ്റാക്കുറ്റിരുട്ട്. പുഴയ്‌ക്ക് അക്കരെ നിന്നും ഓട്ടുകമ്പനിയിലെ പാതിരാസൈറൺ കേട്ടിട്ട് നേരമെത്രയായി? നാടുതന്നെ ഉറങ്ങിക്കഴിഞ്ഞു. അടുത്ത മുറിയിൽനിന്നും മുത്തച്ഛന്റെ കൂർക്കംവലി കേൾക്കാം.
അമ്മയും തളർന്നുകിടന്ന് ഉറങ്ങിയിട്ടുണ്ടാവണം. തളരാതിരിക്കുന്നതെങ്ങിനെ?
മകൾക്കു വന്ന ദുര്യോഗമോർത്ത് സദാസമയവും കരഞ്ഞുകൊണ്ടാണ് നടപ്പുതന്നെ. ചിലപ്പോൾ സ്വന്തം ദുഃഖത്തെ മനസ്സുകൊണ്ട് ലാഘവപ്പെടുത്തി, അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കാറുണ്ട്. അപ്പോഴൊക്കെ നിയന്ത്രണം വിട്ടപോലെ തേങ്ങിക്കരഞ്ഞുകൊണ്ട് അമ്മ മുഖം തിരിക്കും.
തന്നെക്കുറിച്ച് എത്രയെത്ര മോഹമാളികകൾ അമ്മ മെനഞ്ഞുയർത്തിയിട്ടുണ്ടാവും? അതെല്ലാം തകർന്ന് തരിപ്പണമായില്ലേ?
നെടുവീർപ്പിന്റെ ആശ്വാസം കൂടിയില്ലായിരുന്നെങ്കിൽ തനിക്കും ഭ്രാന്തുപിടിച്ചേനെ.
ശാന്ത കട്ടിലിൽ കിടന്ന് മേശപ്പുറത്തിരിക്കുന്ന ഹരിക്കെയിൻ വിളക്കിനുചുറ്റും, കഥയറിയാതെ നൃത്തം വെയ്‌ക്കുന്ന പ്രാണികളെ ശ്രദ്ധിച്ചു. പെട്ടെന്ന് ഇരുട്ടിൽനിന്ന് തവളകളുടെ ദീനരോദനം ഒരിക്കൽകൂടി ഉയർന്നു. അതൊരു ഞരക്കത്തിൽ അവസാനിച്ചു.
ഇനിയും കേൾക്കുമോ? നെഞ്ചിടിപ്പോടെ ശാന്ത കാതുകൂർപ്പിച്ചു.
ഇല്ല….ദീർഘനേരം ചെവിയോർത്തിട്ടും ഒരനക്കവുമില്ല. രക്ഷയ്‌ക്കുവേണ്ടി വാവിട്ടുകരഞ്ഞ ആ സാധുജന്തു കഠിനമായ വേദനയോടെ ജീവൻ വെടിഞ്ഞു കാണും. പച്ചമാംസത്തിന്റെ സ്വാദിൽ സ്വയംമറന്ന് ക്രൂരനായ പാമ്പ് ഹർഷോന്മാദം പൂണ്ട് പുളഞ്ഞ് വാലാട്ടുകയായിരിക്കും.
തനിക്കും ആ തവളയുടെ വിധി തന്നെയായിരിക്കുമോ?
കഴുത്തിൽ കിടക്കുന്ന താലിച്ചരടിന് പാമ്പിനോട് സാദൃശ്യമില്ലേ? പത്തി നിവർത്തിയ പാമ്പിന്റെ ശിരസ്സുപോലത്തെ താലി….ശാന്ത സ്വയമൊന്നു ഞെട്ടി. വലിച്ചുപൊട്ടിച്ചാലോ? തന്നെ ക്രൂരമായി കുരുക്കിയിട്ടിരിക്കുന്ന ബന്ധനത്തിൽനിന്ന് മോചനം നേടിയാലോ? അമ്മയും മുത്തച്ഛനും ഗുണകാംക്ഷികളും പറയുന്നത് അതുതന്നെയല്ലേ? ഈ ബന്ധം അവസാനിപ്പിക്കുക. പുകഞ്ഞ തീകൊളളി പുറത്ത് എന്നു കരുതുക.
പക്ഷേ, ഉളളിന്റെ ഉളളിൽനിന്ന് ഒരു ചോദ്യം ഉയരുന്നില്ലേ?
തന്റെ സ്‌ത്രീത്വത്തെ തൊട്ടുണർത്തിയ, തന്നെ പരിപൂർണ്ണയാക്കിയ ആ ബന്ധം എങ്ങിനെ അറുത്തെറിയാൻ പറ്റും? ആത്മാവിനോട് ഇഴുകിച്ചേർന്ന അജ്ഞാത സൗരഭം എങ്ങിനെ തുടച്ചുമാറ്റാൻ കഴിയും?
ആലസ്യത്തിന്റെ സ്നിഗ്‌ദ്ധതയിലേക്ക് നിനവുകൾ തലചായ്‌ക്കാൻ തുടങ്ങവെ, വാതിൽക്കൽ മുട്ടുകേട്ടു.
പിടഞ്ഞെഴുന്നേറ്റു ചെന്ന് അവൾ വാതിൽ തുറന്നു.
രൂക്ഷമായ മദ്യത്തിന്റെ ഗന്ധമാണ് ആദ്യം മുറിയിലേക്ക് പ്രവേശിച്ചത്. പിന്നാലെ, ഇടറുന്ന പാദങ്ങളോടെ ഗോപിയും. ആകെ വിയർത്തുകുളിച്ചിരുന്നു. നെറ്റി പൊട്ടി രക്തമൊലിക്കുന്നുണ്ട്. എവിടെയെങ്കിലും വീണതാവണം. എന്തു സംഭവിച്ചുവെന്ന് അന്വേഷിച്ചാൽ പുളിച്ച തെറി കേൾക്കേണ്ടിവരും.
കയ്യിൽ കടലാസ്സിൽ പൊതിഞ്ഞ ബ്രാണ്ടിക്കുപ്പിയുണ്ട്.
സൂക്ഷ്‌മമായ കാൽവെപ്പോടെ നടന്നുചെന്ന് മേശപ്പുറത്ത് കുപ്പിവച്ചു. ചോറും കറികളും വിളമ്പി വച്ചിരിക്കുന്നത് ദൃഷ്‌ടിയിൽ പെട്ടപ്പോൾ അലസമായി ചിരിച്ചു. ആത്മഗതം ചെയ്‌തു.
“സദ്യയൊരുക്കി വച്ചിട്ടുണ്ടല്ലോ!”
“അതെന്റെ കടമയല്ലേ?”
ഗോപി ഒന്നിരുത്തി മൂളി. ബാലൻസിൽ നിന്നിട്ട് വിയർപ്പിൽ കുതിർന്ന ഷർട്ടൂരി നിലത്തേയ്‌ക്കിട്ടു. ശാന്ത അതെടുത്ത് അയയിൽ തൂക്കി.
ആടിയാടി കട്ടിലിൽ ചെന്നിരുന്നിട്ട് നെറ്റി തടവി. വിരലുകളിൽ രക്തം പുരണ്ടു. നിസ്സാരഭാവത്തിൽ ബെഡ്‌ഷീറ്റിൽ കൈതുടച്ചു.
“എങ്ങാണ്ടൊന്ന് വീണു. ഉടനെ നെറ്റിയും പൊട്ടി.”
ശാന്ത മിണ്ടിയില്ല. ഒരുതവണകൂടി നെറ്റി തടവി. ചോരപുരണ്ട വിരലുകളിൽ ദൃഷ്‌ടിയൂന്നി വീണ്ടും പറഞ്ഞു.
“അതുകൊണ്ട് ഒരുകാര്യം ബോധ്യമായി. ശരീരത്തിൽ രക്തമുണ്ട്.”
അവൻ മെല്ലെ ചിരിച്ചു.
അപ്പോഴും ശാന്ത മൗനം പാലിച്ചു. മങ്ങിയ മിഴികൾ അവളെ അടിമുടി വീക്ഷിച്ചു.
“നീയെന്താ ഒരു പരിചയവുമില്ലാത്ത രീതിയിൽ നിൽക്കുന്നത്?”
നിർവ്വികാരഭാവത്തിൽ ശാന്ത പറഞ്ഞു.
“പരിചയപ്പെടുകയാണ്. ദിവസം ചെല്ലുന്തോറും തനിരൂപം മനസ്സിലാക്കുകയാണ്.”
ഗോപി വികൃതമായി വീണ്ടും ചിരിച്ചു.
“അല്ലെങ്കിലും നീ സാമർത്ഥ്യക്കുട്ടിയല്ലേ! ഒരു കാര്യം ചെയ്യ്, പോയി കുറച്ചുവെളളവും രണ്ടുഗ്ലാസ്സും കൊണ്ടുവാ. കുപ്പിയിൽ കുറച്ച് ബാക്കിയിരിപ്പുണ്ട്. അതും തീർത്തേക്കാം.”
ശാന്ത അമർഷത്തോടെ ചിരിച്ചു.
“ആവശ്യത്തിന് വലിച്ചു കയറ്റിയിട്ടുണ്ടല്ലോ. അതുപോരെ?”
“പോരാ… നീ കാരണം ഞാൻ കുടിക്കുന്നു. ഞാൻ മൂലം നീയും കുടിക്കണം. രണ്ടുഗ്ലാസ്സും വെളളവും കൊണ്ടുവരൂ. ഇന്നു ഞാൻ ഭാഗ്യവാനാണ്. എന്റെ മുമ്പിൽ മദ്യവും മദിരാക്ഷിയുമുണ്ട്.”
ഗോപി ചിരിച്ചു. ക്രൂദ്ധഭാവത്തിൽ ശാന്ത ഭർത്താവിനെ തറപ്പിച്ചു നോക്കി.
“നോക്കണ്ട…ഇന്ന് എന്റെ ഭാര്യയെ ഞാൻ കുടിപ്പിക്കും.”
“കുടിക്കാം. പക്ഷേ ഇതല്ലാ എനിക്കു വേണ്ടത്.”
ഗോപി കട്ടിലിൽ നിന്നെഴുന്നേറ്റു.
“പിന്നെ എന്തുവേണം? എന്താണെങ്കിലും പറഞ്ഞോ. ഈ രാത്രി ഞാൻ പോയി കൊണ്ടുവരും. പറ. ഏതു ബ്രാന്റ് വേണം?”
“കുറച്ചു വിഷം കൊണ്ടുവന്നു തരൂ…സന്തോഷത്തോടെ ഞാൻ കുടിച്ചുകൊളളാം.?
അവൾ പൊട്ടിക്കരഞ്ഞു. ഗോപി ഉറക്കെ ചിരിച്ചു.
”അമ്പടി തമാശക്കാരി…നീയെന്നെ തോല്പിച്ചു കളഞ്ഞല്ലോ! പക്ഷേ, അങ്ങിനെയൊന്നും ഞാൻ തോല്‌ക്കുകയില്ല മോളേ…“
ഗോപി മേശയ്‌ക്കരികിലേക്ക് ചെന്ന് കുപ്പി കയ്യിലെടുത്തു. മൂടി തുറന്ന് ബ്രാണ്ടി വായിലേയ്‌ക്കൊഴിച്ച് ‘മടാമടാ’ കുടിച്ചു. ഞെട്ടലോടെ ശാന്ത അതുനോക്കി നിന്നു. വികൃതമായ ഭാവത്തോടെ ഗോപി നിന്ന് മുരടനക്കി. വീണ്ടും കുടിക്കാനായി ആഞ്ഞപ്പോൾ ഓടിച്ചെന്ന് കൈയ്‌ക്കുപിടിച്ചു കൊണ്ട് അവൾ കരഞ്ഞപേക്ഷിച്ചു.
”ഈശ്വരനെ വിചാരിച്ച് ഇനി കുടിക്കല്ലേ….ഞാൻ വിളമ്പിത്തരാം…വന്നിരുന്ന് ഊണു കഴിക്കൂ…“
”ഊണ്!…നിന്റമ്മേടെ ഊണ്!“
മേശപ്പുറത്തെ ചോറിൻപാത്രം ഗോപി തട്ടിത്തെറിപ്പിച്ചു. പ്ലേറ്റുകൾ നിലത്തുവീണ് തകർന്നു.
ഒച്ചകേട്ട് അടുത്ത മുറിയിൽനിന്നും മുത്തച്ഛന്റെ പരിഭ്രാന്തിയോലുന്ന ശബ്‌ദമുയർന്നു.
”എന്താ ആ കേൾക്കുന്നത്?“
പായിൽനിന്നു പിടഞ്ഞെണീറ്റ കല്യാണിയമ്മ വിളിച്ചുചോദിച്ചു.
”ശാന്തേ… എന്താടീ അവടെ?“
വേദനയോടെ ശാന്ത പറഞ്ഞു.
”ഒന്നുമില്ലമ്മേ.“
കല്യാണിയമ്മയുടെ ഒച്ചകേട്ട ഭാഗത്തേയ്‌ക്ക് നോക്കി ഗോപി ശബ്‌ദിച്ചു.
”ഉണ്ട്. ഒരു ഭാര്യയും ഭർത്താവുമുണ്ടിവിടെ. എന്തുവേണം?“
കല്യാണിയമ്മ വാതിൽക്കൽ മുട്ടി.
”ശാന്തേ വാതിൽ തുറക്കെടീ..“
ഗോപി വിളിച്ചുപറഞ്ഞു.
”ഞങ്ങളിപ്പോൾ വാതിൽ തുറക്കാവുന്ന പരുവത്തിലല്ല നില്‌ക്കുന്നത്.“
രൂക്ഷമായി അയാളെ നോക്കിയതിനുശേഷം, ശാന്ത ഓടിച്ചെന്ന് കതകു തുറക്കാനാഞ്ഞു. ഗോപിയുടെ ഗർജ്ജനമുയർന്നു.
”തുറക്കരുത്.“
ശാന്ത മലച്ചുനിന്നു.
കല്യാണിയമ്മ തെരുതെരെ വാതിലിൽ മുട്ടി.
”എടീ കതകുതുറക്കാൻ.“
ഗോപിയുടെ പുച്ഛസ്വരമുയർന്നു.
”ഒന്ന് കിടന്നുറങ്ങ് തളേള ഞങ്ങൾക്കല്പം ജോലിയുണ്ടിവിടെ.“
അമർഷത്തോടെ ശാന്ത പറഞ്ഞു.
”ഞാൻ വാതിൽ തുറക്കും.“
”തുറക്കുമോ?“
”തുറക്കും.“
അവൾ സാക്ഷ നീക്കാൻ ആഞ്ഞു. പെട്ടെന്ന് ഒറ്റകുതി. ഗോപിയുടെ കനത്ത കൈത്തലം അവളുടെ കരണത്ത് പതിച്ചു. ഒരു ഞരക്കത്തോടെ ശാന്ത കുഴഞ്ഞുവീണു. തിരിഞ്ഞു നോക്കുകകൂടി ചെയ്യാതെ ധൃതിയിൽ പുറംവാതിൽ തുറന്ന് ഗോപി ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി. മുറ്റത്തുകൂടി ഇറങ്ങി കല്യാണിയമ്മ ഓടിവന്നപ്പോൾ കണ്ടത്, തറയിൽ ബോധമില്ലാതെ കിടക്കുന്ന മകളെയാണ്. അവർ നെഞ്ചത്തടിച്ചു കരഞ്ഞു. ശാന്തയുടെ തുടിക്കുന്ന തൊണ്ടക്കുഴിയിൽ പത്തി വിടർത്തിയ സ്വർണ്ണസർപ്പത്തിന്റെ ശിരസ്സുപോലെ ചരടിൽ കോർത്ത താലി ചലിച്ചുകൊണ്ടിരുന്നു.
Generated from archived content: choonda47.html Author: sree-vijayan